ഉറങ്ങും മുൻപ്.........എന്റെ എല്ലാ അതിക്രമങ്ങളിലുംനിന്ന്‌എന്നെ മോചിപ്പിക്കണമേ!എന്നെ ഭോഷന്റെ നിന്‌ദയ്‌ക്കുപാത്രമാക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 39 : 8
സ്നേഹസ്വരൂപനായ ഞങ്ങളുടെ നല്ല ഈശോയെ... നന്ദി നിറഞ്ഞ ഹൃദയവും കൂപ്പിയ കരങ്ങളുമായി ഞങ്ങൾ അങ്ങയുടെ മുൻപിൽ ആയിരിക്കുന്നു. പാപത്തിന്റെ വഴികളിൽ നിന്നും പ്രലോഭനത്തിന്റെ മായാലോകത്തുനിന്നും വേറിട്ട സ്വരമായി അവിടുന്ന് കടന്നുവരണമേ. അടിയങ്ങളുടെ ഉള്ളുനിറയെ നാളെയെക്കുറിച്ചുള്ള ആകുലതകളാണ് തമ്പുരാനേ. സ്വപ്നങ്ങൾ വലുതൊന്നുമില്ല നാഥാ. സമാധാനപൂർണ്ണമായ ഒരു ജീവിതം. ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം. പ്രിയപ്പ്പെട്ടവരുടെ ആരോഗ്യം. അന്നന്നത്തെ അപ്പത്തിനുവേണ്ട നല്ലൊരു ജോലി. സഹോദരങ്ങളെ, മിത്രങ്ങളെ അയൽക്കാരെ. കുടുംബാംഗങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുവാനും സഹായിക്കുവാനുമുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. ഇല്ലായിമയിൽ നിന്നും പങ്കുവെക്കുന്നതിന്റെ സന്തോഷം ഞങ്ങൾക്ക് നൽകണമേ. അങ്ങയുടെ മുൻപിലാല്ലാതെ മറ്റ് ആരുടെ മുന്നിലും തല താഴ്‌ത്താതെ അന്തസായി ജീവിക്കുവാൻ ഞങ്ങൾക്കിടയാകട്ടെ. പരിഹാസങ്ങൾക്കിടയിലും കുത്തുവാക്കുകൾക്കിടയിലും അങ്ങയുടെ കുരിശിലെ സ്നേഹത്തിന്റെ തലോടൽ ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. എല്ലാ ദാനങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. ഈ രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ അവിടുത്തെ ദൂതരുടെ സംരക്ഷണം ഉണ്ടാകണമേ. ഇന്നുമെന്നും ജീവിക്കുന്ന സർവേശ്വരന്റെ ശക്തിയിൽ ആശ്രയിച്ച് ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ... ആമേൻ