ഉറങ്ങും മുൻപ്.......ഇതാ, ദൈവമാണ് എന്റെ സഹായകന്‍,കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങി നിര്‍ത്തുന്നവന്‍. സങ്കീര്‍ത്തനങ്ങള്‍ 54 : 4
ഞങ്ങളുടെ രക്ഷകനും പരിപാലകനുമായ നല്ല ദൈവമേ...
"ഈശോയെ, ഉള്ളിൽ നിന്നും ഉയരാത്ത ഒരു പ്രാർത്ഥനയും ദൈവ സന്നിധിയിൽ എത്തി ചേരുന്നില്ലല്ലോ. നാഥാ, അവിടുന്ന് ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമേ. ഈശോയെ എളിമപ്പെട്ടു കൊണ്ട് പ്രാർത്ഥിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവ നാമത്തെ ഭയപ്പെടുവാനും ആ നാമത്തെ പ്രതി നന്മ ചെയ്യുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഓരോ ദിനത്തിലും ദൈവ രാജ്യത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ എന്ന് മറന്നു പോകുവാൻ ഇടവരുത്തരുതേ. പിതാവേ, അവിടുത്തെ സാന്നിധ്യം സ്വർഗ്ഗത്തിലെ പോലെ തന്നെ ഈ ഭൂമിയിലും ഉണ്ടാകട്ടെ. തിന്മ നിറഞ്ഞ ഭൂമിയെ അങ്ങ് വിശുദ്ധീകരിക്കണമേ. നീതിമാന്മാരുടെ കണ്ണ് നീരിനാൽ ഈ ഭൂമി ഇനിയും നനയുവാൻ ഇടവരുത്തരുതേ. അന്നന്നത്തേയ്ക്ക് വേണ്ട ആഹാരത്തിനു വേണ്ടി അദ്ധ്വാനിക്കുവാനും, ആർത്തി കൂടാതെ സമ്പാദിക്കുവാനും ഞങ്ങൾക്ക് കഴിയട്ടെ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരെ സ്നേഹത്തോടെ തിരുത്തുവാനും അവരുടെ തെറ്റുകൾ പൊറുത്തു കൊണ്ട് അവരെ ചേർത്ത് നിർത്തുവാനും പിതാവേ കൃപ നൽകണമേ. ഏതെങ്കിലും കാരണ വശാൽ ഞങ്ങൾ അവിടുത്തെ സന്നിധിയിൽ നിന്നും അകന്നു പോകുകയും പാപപ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ഞങ്ങളുടെ പരിഹാര പ്രവർത്തികളെയും, നന്മപ്രവർത്തികളെയും കണക്കിലെടുത്തു അവിടുത്തെ സന്നിധിയിലേക്ക് തിരികെ കൊണ്ടുവരണമേ. സാത്താന്റെ സകല പ്രലോഭനങ്ങളിൽ നിന്നും അവിടുന്ന് ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ. ഞങ്ങളുടെ പാദങ്ങൾ ദുഷ്ടന്റെ കെണിയിൽ വീഴാതെ കാത്തു സൂക്ഷിക്കുവാൻ മാലഖമാരോട് അവിടുന്ന് കല്പിക്കണമേ... ആമേൻ