.ഉറങ്ങും മുൻപ്........."ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു." സങ്കീർത്തനങ്ങൾ 34 : 18
ഞങ്ങളുടെ രക്ഷകനും സംരക്ഷകനുമായ യേശുനാഥാ... തകർന്ന ഹൃദയത്തോടെയും ഭാരപ്പെട്ട മനസ്സോടെയുമാണ് ഞങ്ങൾ ഈ പ്രാർത്ഥനയിൽ ആയിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളും, രോഗങ്ങളും, തകർച്ചകളും കണ്ട് ഞങ്ങൾ തളർന്നുപോകാതിരിക്കാൻ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ. അങ്ങ് ഞങ്ങളുടെ അരികിലുണ്ടെന്ന ഉറപ്പ് ഞങ്ങൾക്ക് തരണമേ. ഞങ്ങളെ അലട്ടുന്ന എല്ലാ നിരാശകളെയും, ഭയങ്ങളെയും, അനാവശ്യ ചിന്തകളെയും ഈ നിമിഷം യേശുവിന്റെ നാമത്തിൽ ഞങ്ങൾ വിട്ടകറ്റുന്നു.
അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ ശരീരത്തെയും ആത്മാവിനെയും കഴുകി വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ സങ്കടങ്ങളെ സന്തോഷമാക്കി മാറ്റാൻ അങ്ങേക്ക് സാധിക്കുമെന്ന് ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു. മനമുരുകി കരയുന്ന ഞങ്ങളുടെ കണ്ണീരൊപ്പി, ഞങ്ങൾക്ക് പൂർണ്ണമായ രക്ഷയും രോഗശാന്തിയും വിടുതലും നൽകണമേ.
ഈ രാത്രിയിൽ അങ്ങയുടെ സ്വർഗ്ഗീയ മാലാഖമാരുടെ കാവൽ ഞങ്ങളുടെ കുടുംബത്തിന് ചുറ്റും കോട്ടയായി തീർക്കണമേ. സകല തിന്മകളുടെ ശക്തികളിൽ നിന്നും അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. നാളത്തെ പുലരിയിലേക്ക് പ്രത്യാശയോടെയും പുതിയ ശക്തിയോടെയും ഉണരുവാൻ അങ്ങയുടെ കൃപ തരണമേ.
ഞങ്ങളുടെ സകല പ്രാർത്ഥനകളും യാചനകളും മാതാവിന്റെ മധ്യസ്ഥതയാൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ആമേൻ