എന്റെ മക്കളെ ധൈ ര്യമായിയിരിക്കുവിൻ. നിയമത്തിൽ ഉറച്ചു നിൽക്കുവിൻ- പ്രഭാത പ്രാർത്ഥന

പരിശുദ്ധ അമ്മേ ദൈവമാതാവേ... പരമ പരിശുദ്ധമായ ജപമണി മുത്തുകളിൽ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം കോർത്തിണക്കി ഞങ്ങൾ പ്രാർത്ഥിക്കുമ്പോഴെല്ലാം അമ്മയോടൊപ്പം ഈശോയും ഞങ്ങളെ ചേർത്തു പിടിക്കുന്നുണ്ടെന്ന ഏറ്റവും വലിയ ആശ്വാസത്തോടെയാണ് ഓരോ ദിവസവും ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണയുന്നത്. ജീവിതത്തിൽ ദുഃഖങ്ങളും. പ്രയാസങ്ങളും. കഷ്ടതകളും. രോഗങ്ങളും. തകർച്ചകളുമുണ്ടായപ്പോഴെല്ലാം ഞങ്ങളുടെ പ്രാർത്ഥനകളിൽ കണ്ണുനീരു കലർന്നിരുന്നുവെങ്കിലും. എന്തിനു അങ്ങു ഞങ്ങളെ കൈവിട്ടു ചോദ്യത്തിന്റെ ആശങ്കയുണ്ടായിരുന്നുവെങ്കിലും മനോധൈര്യം നഷ്ടപ്പെട്ട് ജീവിതത്തിൽ ഞങ്ങൾ തോറ്റുപോകാതിരുന്നത് ഞങ്ങളുടെ മാതാപിതാക്കൾ ചൊല്ലി പഠിപ്പിച്ചു തന്ന പ്രാർത്ഥനയിലും.
പകർന്നു തന്ന വിശ്വാസവെളിച്ചത്തിലും അത്രമാത്രം മനോശരണത്തോടെ ഞങ്ങൾ മുറുകെ പിടിച്ചതു കൊണ്ടാണ്. പരിശുദ്ധ അമ്മേ... ഞങ്ങളുടെ ആശ്രയമേ. കണ്ണുനീരിലും പുഞ്ചിരിയിലും ഞങ്ങൾക്കു കൂട്ടു വരുന്ന അവിടുത്തെ സാനിധ്യത്തിലും സഹായത്തിലും എന്നും ഞങ്ങളെ നിലനിർത്താൻ കനിയണമേ.
കൂടുതൽ തീഷ്ണതയോടെ പ്രാർത്ഥനയിലും പ്രത്യാശയിലും സജീവമാകാനും. അവിടുത്തെ കൃപയാൽ ഞങ്ങളുടെയും ഞങ്ങളുടെ ചുറ്റുമുള്ളവരുടെയും ജീവിതങ്ങളെ ഒരനുഗ്രഹമാക്കുവാനും അവിടുന്ന് സഹായമരുളുകയും ചെയ്യണമേ...
വണക്കത്തിന് ഏറ്റവും യോഗ്യയായ മാതാവേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ... ആമേൻ