കർത്താവിന്റെ സന്നിധിയിൽ താഴ്മയുള്ളവരായിരിക്കുവിൻ..അവിടുന്ന് നിങ്ങളെ ഉയർത്തും, പ്രഭാത പ്രാർത്ഥന..

 
jesus

സ്നേഹപിതാവായ ദൈവമേ..കരുണയായും കരുതലായും ദിനവും ഞങ്ങളെ പൊതിയുന്ന സ്നേഹ നന്മയോർത്തു നന്ദി പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങളണയുന്നു..

ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ ആർക്കും അത്രമേൽ പ്രിയപ്പെട്ടവരായിരിക്കുന്നില്ലെന്നതും ഞങ്ങളുടെ മനസ്സിന്റെ നന്മയോ പ്രവൃത്തികളിലെ വിശ്വസ്ഥതയോ ആരാലും ശ്രദ്ധിക്കപ്പെടുന്നില്ലെന്നും ചുറ്റുമുള്ള ജീവിതനേട്ടങ്ങൾ വച്ചു ലോകത്തിലെ വിലകെട്ടവരായി ഞങ്ങൾ വിലയിരുത്തപ്പെടുന്നതും പല സാഹചര്യങ്ങളിലും കുറവുകളാൽ മുറിവേൽപ്പിക്കപ്പെടുന്നതും അവിടുന്നറിയുന്നുവല്ലോ..

കർത്താവേ..കരുണ തോന്നണമേ..ഞങ്ങളുടെ ജീവിതത്തിലെ നന്മ തിന്മകൾ നിർണയിക്കുന്നത് അവിടുന്നാണെന്നും ഞങ്ങൾക്ക് അപ്രാപ്യമായ അനുഗ്രഹത്തിന്റെ ഉന്നത വഴികൾ അവിടുന്നു ഞങ്ങൾക്കായി തെളിച്ചു തരുമെന്നുമുള്ള പ്രത്യാശയിൽ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങു നിലനിർത്തണമേ..

അവിടുത്തെ കാരുണ്യത്തിന്റെ തെളിച്ചത്തിലും രക്ഷയുടെ സന്തോഷത്തിലും ഞങ്ങളുടെ ജീവിതങ്ങളെ പ്രകാശിതമാക്കുകയും ചെയ്യണമേ..പരിശുദ്ധ ദൈവമാതാവേ..ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കേണമേ..ആമേൻ

Tags

Share this story

From Around the Web