ധൈര്യമായിരിക്കുക. നിനക്കു പേരിട്ടവൻ തന്നെ നിനക്ക് ആശ്വാസമരുളും. പ്രഭാത പ്രാർത്ഥന

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിൽ അവിടുന്ന് ദാനമായി നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നതിനോടൊപ്പം അനുകമ്പാർദ്രമായ അവിടുത്തെ സന്നിധിയിലേക്ക് ഞങ്ങളിതാ അഭയം തേടി വരുന്നു.
ജീവിതത്തിൽ പലപ്പോഴും കഴിവില്ലാത്തവർ എന്ന വിലയിരുത്തൽ നൽകി അത്രത്തോളം ആഗ്രഹിച്ചതും പരിശ്രമിച്ചതുമായ സ്ഥാനങ്ങളും അവസരങ്ങളും ഞങ്ങൾക്കു നിഷേധിക്കുമ്പോഴും.
രൂപത്തിലും സൗന്ദര്യത്തിലുമുള്ള കുറവുകളുടെ പേരിൽ ആഘോഷങ്ങളിലും അനുസ്മരണങ്ങളിലും പരിഹാസങ്ങളും അപമാനങ്ങളും ഏൽക്കേണ്ടി വരുമ്പോഴും ഞങ്ങൾ വിലകെട്ടവരും ഒന്നിനും കൊള്ളാത്തവരുമാണെന്ന ചിന്തയാൽ പലപ്പോഴും സ്വയം വെറുത്തു പോയിട്ടുണ്ട്. കർത്താവേ... ഞങ്ങളുടെ സൃഷ്ടാവും ദൈവവുമായവനേ... ഞങ്ങളിൽ കനിയണമേ.
അവിടുത്തെ സ്നേഹവും സമാശ്വാസവും നിറച്ച് ഞങ്ങളുടെ സങ്കടങ്ങളിൽ ഞങ്ങളെ താങ്ങുകയും. കുറവുകളിൽ ശക്തിപ്പെടുത്തുകയും ചെയ്യണമേ. അവിടുത്തെ ഹിതത്തിന് വിരുദ്ധമായതൊന്നും ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ.
ഞങ്ങളുടെ ദുർബലതകളിൽ പരിതപിക്കാതെയും കഴിവുകളിൽ ആശ്രയിക്കാതെയും അങ്ങയിൽ കൂടുതൽ വിശ്വാസവും പ്രത്യാശയുമർപ്പിച്ചു ജീവിക്കാനുള്ള കരുത്തും കൃപയുമേകി ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കണമേ...
വിശുദ്ധ അൽഫോൺസാമ്മേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കണമേ... ആമേൻ