എന്നോടു ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും. പ്രഭാത പ്രാർത്ഥന

പരമ പരിശുദ്ധനായ ദിവ്യകാരുണ്യ നാഥാ... ഈ പ്രഭാതത്തിൽ പ്രാർത്ഥനയോടെ ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണയുന്നു. ഞങ്ങളെ വിളിച്ച ദൈവം വിശ്വസ്തനായിരുന്നിട്ടും.
ക്രിസ്ത്യാനികളെന്ന് സ്വയം അഭിമാനിച്ചിരുന്നിട്ടും ഒരിക്കൽ പോലും വിശ്വസ്തനായ വിശ്വാസി എന്നു വിളിക്കപ്പെടാനുള്ള യാതൊരു മേന്മകളും ഇന്നും ഞങ്ങൾക്കവകാശപ്പെടാനില്ല എന്നുള്ളത് വേദനിപ്പിക്കുന്ന ഒരു സത്യം തന്നെയാണ്.
വിശ്വാസത്തെ പ്രതിയുള്ള പീഡകളോ അപമാനങ്ങളോ രക്തച്ചൊരിച്ചിലുകളോ ഒന്നും ഞങ്ങളുടെ ജീവിതത്തിൽ അനുവദിക്കപ്പെട്ടിട്ടില്ല.
എന്നിട്ടും ജീവിതത്തിലുണ്ടാകുന്ന ഓരോ സഹനങ്ങളെയും എണ്ണമറ്റ പരാതികളോടെ സ്വീകരിച്ചു കൊണ്ടും. പ്രാർത്ഥനകളിൽ പോലും സംശയം കലർത്തിയും ഞങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കുമ്പോഴും.
ജീവിതത്തിലെ നിസാര നേട്ടങ്ങൾക്കോ. ഞങ്ങളിൽ താല്പര്യം വച്ചിരിക്കുന്ന വ്യക്തികളുടെയോ പാപപ്രേരണകളുടെയോ പ്രീതിക്കു വേണ്ടിയോ യാതൊരു മടിയും കൂടാതെ വിശ്വാസത്തേയും തിരുസഭയെയും ഉപേക്ഷിക്കാൻ തയ്യാറാകുമ്പോഴും.
വിശ്വസ്തനായവന്റെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ ഞങ്ങൾക്കുണ്ടാകുന്ന വീഴ്ച്ചകളാൽ അവിടുത്തെ മുന്നിലും ലോകത്തിന്റെ മുന്നിലും പലപ്പോഴും ഞങ്ങൾ പരാജിതരാകുന്നു.
ഈശോയേ... കഠിനമായ പീഡകളേൽക്കേണ്ടി വന്നപ്പോഴും ജീവൻ പോലും ത്യജിക്കേണ്ടി വന്നപ്പോഴും അങ്ങയെ തള്ളിപ്പറയാതെ വിശ്വാസത്തിൽ ഉറച്ചു നിന്ന വിശുദ്ധരായവരുടെ ജീവിതമാതൃകയും വിശുദ്ധ പദവിയും ഞങ്ങൾക്ക് എന്നും പ്രചോദനമാകട്ടെ.
ഉറപ്പും സ്ഥിരതയുമുള്ള വിശ്വാസ വെളിച്ചമേകി എന്നും അങ്ങു തന്നെ ഞങ്ങളെ വഴിനടത്തണമേ. അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവൻ ഞങ്ങളെ അനുഗമിക്കട്ടെ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ