എന്റെ പിതാവ്‌ എനിക്കു രാജ്യം കല്‍പിച്ചു തന്നിരിക്കുന്നതു പോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു. പ്രഭാത പ്രാർത്ഥന

 
 jesus christ-66

രക്ഷകനായ ഞങ്ങളുടെ നല്ല ദൈവമേ...

അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവു മരത്തിൽ കായ്കൾ ഇല്ലാതായാലും, വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും, ആട്ടിൻ കൂട്ടം ആലയിൽ അറ്റുപോയാലും, കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞങ്ങൾ കർത്താവിൽ ആനന്ദിക്കും.

അതേ. അങ്ങിൽ മാത്രം ആനന്ദം കണ്ടെത്തുന്ന ഞങ്ങളുടെ ഹൃദയവുമായി ഞങ്ങളിതാ ഈ പ്രഭാതത്തിലും അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കാറുണ്ടെങ്കിലും വിലയേറിയ ജീവിതസമയത്തിലെ ഏറിയ പങ്കും അപഹരിച്ചെടുക്കുന്നത് സങ്കടങ്ങൾ തന്നെയാണ്.

പലപ്പോഴും നിരാശയിലേക്ക് വഴുതി വീഴാൻ തുടങ്ങുമ്പോഴൊക്കെ മനസ്സ് സ്വയം തിരയുന്ന ഒരു ചോദ്യമുണ്ട്. ഇത്രയേറെ പ്രാർത്ഥിച്ചിട്ടും, ദൈവത്തിൽ ആശ്രയിച്ചിട്ടും ഞങ്ങളുടെ സങ്കടങ്ങളുടെ തീരത്ത് എന്തുകൊണ്ട് ദൈവം ഞങ്ങളെ ഒരോരുത്തരേയും തനിച്ചു വിട്ടു. എന്തുകൊണ്ട് അങ്ങ് ഞങ്ങളെ ഓർമ്മിക്കുകയോ, സഹായിക്കുകയോ ചെയ്യാൻ തയ്യാറാവുന്നില്ല.

ഈശോയേ. അപ്പോഴൊക്കെയും ഞങ്ങളറിയാതെ പോയൊരു സാമീപ്യമായി അങ്ങ് ഞങ്ങളുടെ അരികിലുണ്ടായിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും ചോദ്യങ്ങളുടെ മുള്ളാണികളാൽ ഞങ്ങൾ അങ്ങയെ വീണ്ടും ക്രൂശിലേറ്റിയിരുന്നു.

പ്രതീക്ഷകളുടെ നേർത്ത നൂലിഴകളാൽ ചേർത്തു തുന്നിയ ഞങ്ങളുടെ വിശ്വാസവഴിയിലൂടെ കാലിടറി വീഴാതെ നീങ്ങാൻ എന്നും ഞങ്ങൾക്കു തുണയായിരുന്നവനേ. കണ്ണുണ്ടായിട്ടും കാണാതെ പോയ അങ്ങയുടെ സമീപ്യമറിയാൻ. കാതുണ്ടായിട്ടും കേൾക്കാതെ പോയ അങ്ങയുടെ സ്നേഹനിശ്വാസങ്ങൾ അറിയാൻ ഞങ്ങൾക്ക് ഉയർപ്പനുഭവത്തിന്റെ സമ്മാനകാരണമായ അങ്ങയുടെ കുരിശിലേക്ക് കണ്ണുകളുയർത്തേണ്ടി വന്നുവല്ലോ.

ഞങ്ങൾക്കായി മുറിയപ്പെട്ട അങ്ങയുടെ സ്നേഹം. ആദ്യമായി അറിയുന്ന അതേ തീക്ഷണമായ ഉൾക്കൊതിയോടെ വീണ്ടും അനുഭവിക്കാനും. അങ്ങയുടെ കുരിശിന്റെ മറുപാതിയാകാനും എന്നും ഞങ്ങളേയും അനുവദിക്കേണമേ നാഥാ...

ഈശോയുടെ നിർമ്മല ഹൃദയമേ... ഞങ്ങളുടെ ഹൃദയങ്ങളെയും നിർമ്മലമാക്കണമേ... ആമേൻ

Tags

Share this story

From Around the Web