നീ അമിതമായി ദുഃഖിക്കുകയോ. നിന്നെത്തന്നെ മനഃപൂർവം പീഡിപ്പിക്കുകയോ അരുത്. പ്രഭാത പ്രാർത്ഥന

നല്ലിടയനായ ഞങ്ങളുടെ നല്ല ഈശോയെ...
നിത്യരക്ഷയിലേക്കുള്ള ഞങ്ങളുടെ വഴിയും, ഞങ്ങളെ സ്വതന്ത്രമാക്കുന്ന സത്യവും. ഞങ്ങളുടെ ജീവനുമായവനെ.
ഈ പ്രഭാതത്തിലും ഞങ്ങളങ്ങയിൽ ആശ്രയിക്കുന്നു. എപ്പോഴും സന്തോഷമായിരിക്കണം എന്ന തിരുവചനം ഞങ്ങൾക്ക് ഹൃദിസ്ഥമാണെങ്കിലും പലപ്പോഴും അകാരണമായ മനപ്രയാസങ്ങളും ആകുലതകളും ഞങ്ങളുടെ ഉന്മേഷത്തെ നശിപ്പിക്കുകയും. ദിവസം മുഴുവൻ പ്രവർത്തനരഹിതമാക്കുകയും ചെയ്യാറുണ്ട്.
അനിഷ്ടകരമായതെന്തോ ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നുന്നുവെന്ന ഉൾഭയത്താൽ ഞങ്ങൾ ഞങ്ങളിൽ തന്നെ ഞെരുക്കപ്പെടുകയും അനാവശ്യമായ ഉത്കണ്ഠകളാൽ സ്വയം പീഡിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്.
നല്ല ദൈവമേ... അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങളെ സംതൃപ്തരാക്കേണമേ. അങ്ങയുടെ പൈതൃകപരിപാലനയിൽ ആശ്രയിക്കാനും. ഞങ്ങളുടെ ഉള്ളവും.
ഞങ്ങൾക്കുള്ളതും അവിടുത്തെ പാദാന്തികത്തിൽ സമർപ്പിക്കാനും ഞങ്ങളിൽ കൃപ ചൊരിയണമേ. ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ അങ്ങിൽ സന്തോഷിച്ചുല്ലസിക്കാനുള്ള അനുഗ്രഹം ഞങ്ങളിൽ പ്രദാനം ചെയ്യുകയും ചെയ്യേണമേ...
അത്ഭുത പ്രവർതകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്ക് പ്രാർത്ഥിക്കേണമേ... ആമേൻ