എനിക്ക് ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. പ്രഭാത പ്രാർത്ഥന

ലോകരക്ഷകനായ ഞങ്ങളുടെ നല്ല ദൈവമേ...
ഇരുളിനെ അകറ്റുകയും, ഞങ്ങൾക്കു മുന്നിൽ അതിരുകളില്ലാത്ത സ്നേഹത്തോടെ വീണ്ടും പുതിയൊരു പ്രഭാതത്തിന്റെ ദീപം കൊളുത്തുകയും ചെയ്ത അങ്ങയുടെ കാരുണ്യത്തിന് ഹൃദയം നിറഞ്ഞർപ്പിക്കുന്ന ആരാധനയും സ്തുതിയും.
പലപ്പോഴും ജീവിതത്തിൽ ഞങ്ങളെ തളർത്തുന്ന ദുരനുഭവങ്ങളെയും, വേദനിപ്പിക്കുന്ന കുറവുകളെയും അത്യധികം വെറുപ്പോടെയും മടുപ്പോടെയുമാണ് ഞങ്ങൾ സമീപിക്കാറുള്ളത്.
ഇനിയൊരിക്കലും ഞങ്ങളുടെ ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിക്കരുതേ എന്നു പരിതപിച്ചു കൊണ്ട് ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെ ഞങ്ങളവിടുത്തെ മുൻപിൽ എണ്ണിപ്പെറുക്കുമ്പോൾ പ്രാർത്ഥനയെക്കാളുപരി.
ഈ സഹനങ്ങളിലൂടെ അവിടുന്ന് ഞങ്ങളോടെന്തോ പറയുവാൻ ആഗ്രഹിക്കുന്നില്ലേ എന്ന ദൈവീക ചിന്തയ്ക്ക് പോലും ഞങ്ങളിൽ ഒരു സ്ഥാനവുമില്ലാതായി പോകുന്നു.
ഈശോയേ... ജീവിതത്തിലെ സഹനവഴികളെ വേർതിരിച്ചറിയാനുള്ള ജ്ഞാനവരത്താൽ ഞങ്ങളെ നിറയ്ക്കണമേ. അപ്പോൾ എരിയുന്ന നോവിന്റെ മുൾപ്പടർപ്പിൻ നടുവിലും അവിടുത്തെ ഹിതം തിരയുവാനുള്ള കൃപ ഞങ്ങളിലും ഫലദായകമായി വർത്തിക്കുക തന്നെ ചെയ്യും...
അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ