താന്‍ ദൈവഭക്‌തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്‌താല്‍ അവന്റെ ഭക്‌തി വ്യര്‍ഥമത്രേ. പ്രഭാത പ്രാർത്ഥന
ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ...
ഈ പ്രഭാതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഉന്നതത്തിലേക്കു കരങ്ങളുയർത്തി ഞങ്ങൾ സ്തുതിച്ചു പ്രാർത്ഥിക്കുന്നു. ജീവിതത്തിൽ എല്ലാവരാലും പരിത്യജിക്കപ്പെട്ട ഞങ്ങളുടെ കാൽവരിയിലെ കനൽവഴികളിൽ. ചങ്കോടു ചേർത്തു പിടിച്ച പ്രിയപ്പെട്ടവരാൽ വിചാരണ ചെയ്യപ്പെട്ടപ്പോൾ. അന്യായമായ ആരോപണങ്ങളാൽ കുറ്റാരോപിതരായപ്പോൾ.
ആത്മാർത്ഥമായി ചെയ്ത നന്മപ്രവൃത്തികൾക്കു പകരമായി തിന്മകൾ മാത്രം തിരികെ കിട്ടിയപ്പോൾ. വിശുദ്ധമായ സന്തോഷങ്ങളെ ആഗ്രഹിച്ചിട്ടും അശുദ്ധമായ സഹനങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും വഴിനടത്തപ്പെട്ടപ്പോൾ.
ദൈവം പോലും ഞങ്ങളെ സഹായിക്കാനില്ല എന്നു പലരും ഞങ്ങളെക്കുറിച്ച് പറഞ്ഞു നടന്നപ്പോൾ. ഞങ്ങളുടെ വിശ്വാസം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുകയാണ് എന്ന ബോധ്യമുണ്ടായിരുന്നിട്ടും.
സമയത്തിന്റെ തികവിൽ ഞങ്ങളെ അനുഗ്രഹിച്ചുയർത്തുന്ന ഒരു ദൈവം കൂടെയുണ്ട് എന്ന സത്യം എപ്പോഴോ ഞങ്ങളും മറന്നു തുടങ്ങിയിരുന്നു.
ഞങ്ങളുടെ നല്ല ഈശോയേ... വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നു പോകുവോളം അങ്ങയുടെ ചിറകിൻ കീഴിൽ അഭയം പ്രാപിക്കാനും. മടുക്കാതെ,മറക്കാതെ അവിടുത്തെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ കാത്തിരിക്കാനും ഞങ്ങളെ സഹായിച്ചരുളേണമേ.
അപ്പോൾ അങ്ങയുടെ നീതി നിമിത്തം സന്തോഷിക്കാനും. ഉണർന്നു പ്രവർത്തിക്കുമ്പോഴൊക്കെയും പ്രകാശമരുളുന്ന അങ്ങയുടെ മുഖം കണ്ടു തൃപ്തിയടയുവാനുമുള്ള കൃപാവരം ഈ ജീവിതത്തിൽ തന്നെ ഞങ്ങൾക്കും സ്വന്തമാവുകയും ചെയ്യും...
നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ