സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സുര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം. പ്രഭാത പ്രാർത്ഥന

 
jesus

പരിശുദ്ധ അമ്മേ സ്വർഗ്ഗരാജ്ഞി... ആത്മശരീരങ്ങളോടെ മഹത്വീകൃതയായി പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുമൊപ്പം സ്വർഗത്തിൽ വാണരുളുന്ന പരിശുദ്ധ ദൈവമാതാവേ... ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും അമ്മയുടെ സ്വർഗ്ഗരോപണ തിരുനാളും എല്ലാവർക്കും ഏറേ ഇഷ്ട്ടമുള്ള അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ ജന്മദിനവും ഒന്നു ചേർന്നാഘോഷിക്കുന്ന അനുഗ്രഹീതമായ ഈ ദിവസം ഭൂസ്വർഗ്ഗങ്ങളോടൊന്നു ചേർന്ന് ഞങ്ങൾ അമ്മയുടെ പരിശുദ്ധ നാമത്തെ പ്രകീർത്തിക്കുന്നു.

തന്റെ ജീവിതത്തിലെ ദൈവപദ്ധതികളെ ഏറ്റവും അനുഗ്രഹീതമായി പൂർത്തിയാക്കിക്കൊണ്ട് സ്വർഗം പുൽകിയ ഞങ്ങളുടെ അമ്മ മാതാവേ... ഞങ്ങളുടെ ജീവിതം ദൈവഹിതത്തിനു പൂർണമായി വിട്ടുകൊടുക്കുന്നിടത്താണ് സ്വർഗത്തിന്റെ സന്തോഷവും ദൈവമക്കളുടെ സ്വാതന്ത്ര്യവും പൂർണമാകുന്നതെന്ന് ഈ ഭൂമിയിലെ ജീവിതത്തിൽ ഞങ്ങളെയും അമ്മ പഠിപ്പിക്കണമേ. അനുദിന ജീവിതത്തിലെ ഏതൊരു ആലോചനകളിലും പ്രവൃത്തികളിലും സ്വർഗത്തിൽ നിക്ഷേപം കരുതി വയ്ക്കാൻ തക്കവിധമുള്ള നിർമലതയിൽ പുലരാൻ ഞങ്ങളിൽ അവിടുത്തെ കൃപ നിറയ്ക്കണമേ.

നശ്വരമായ ഈ ലോകജീവിതത്തിൽ നിരവധിയായ സഹനങ്ങളിലൂടെ ഞങ്ങൾക്കു കടന്നു പോകേണ്ടി വരുമ്പോഴും രോഗവും ദുഃഖവും ആപത്തനർത്ഥങ്ങളും നിഴലു പോലെ ഞങ്ങളെ വിടാതെ പിന്തുടരുമ്പോഴും ഇതാ കർത്താവിന്റെ ദാസി എന്ന എളിമ നിറഞ്ഞ മനോശരണത്തോടെ ഭൂമിയിൽ പാദമുറപ്പിക്കാനും. അനശ്വരമയവയിൽ പ്രത്യാശയർപ്പിച്ചു കൊണ്ട് സ്വർഗത്തിലേക്ക് മിഴിയും മനവും ഉയർത്തി ദൈവത്തിരുമനസ്സിനു വിധേയപ്പെടാനും. നിത്യതയെ ലക്ഷ്യം വച്ചു കൊണ്ട് ഞങ്ങളുടെ ജീവിത യാത്ര പൂർത്തിയാക്കാനും അമ്മയുടെ കനിവിന്റെ കരസ്പർശവും. സ്നേഹത്തിന്റെ തുണയും കരുണയുടെ മാധ്യസ്ഥവുമേകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...

സ്വർഗത്തെ അലങ്കരിക്കുന്ന ഏറ്റവും മനോഹരമായ പനിനീർ പുഷ്പമേ... സ്വർഗാരോപിതയായ മാതാവേ... ഇന്ത്യയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web