മാധ്യമങ്ങളെ മനസ്സിലാക്കണം| വാർത്ത, വിപണി, ഉത്തരവാദിത്വം
അവതാരിക: നാം കാണുന്നത് സംഭവമോ അവതരണമോ?
ഇന്നത്തെ ലോകത്ത് ഒരു സംഭവം നടന്നാൽ അത് സ്വാഭാവികമായി വാർത്തയാകുന്നില്ല.
പ്രചരിക്കാൻ യോഗ്യമാകുമ്പോഴാണ് അത് വാർത്തയാകുന്നത്.
ഒരു കാലത്ത് മാധ്യമം സംഭവത്തിന്റെ ദർശകനായിരുന്നു.
ഇന്ന് മാധ്യമം അവതരണത്തിന്റെ നിർമ്മാതാവാണ്.
അതുകൊണ്ട് നമ്മൾ കാണുന്നത് യാഥാർത്ഥ്യമോ — അതിന്റെ രൂപകൽപ്പനയോ എന്ന ചോദ്യം
ഓരോ വായനക്കാരന്റെയും മുന്നിൽ നിലകൊള്ളുന്നു.
---
വിവരം അനുഭവമായി മാറുമ്പോൾ
വാർത്ത ഇന്ന് ഒരു വിവരമല്ല — ഒരു അനുഭവമാണ്.
ചിത്രങ്ങൾ, ശബ്ദം, ആവർത്തനം, തിരഞ്ഞെടുക്കപ്പെട്ട ദൃശ്യങ്ങൾ —
ഇവ ചേർന്നാണ് വാർത്തയുടെ രൂപം നിർമ്മിക്കുന്നത്.
വിവരം ചിന്ത സൃഷ്ടിക്കും.
വികാരം പ്രതികരണം സൃഷ്ടിക്കും.
ആധുനിക മാധ്യമം പ്രതികരണത്തെ മുൻഗണന നൽകുന്നു.
---
ശ്രദ്ധയാണ് ഉൽപ്പന്നം: വ്യാപാര മാധ്യമത്തിന്റെ യാഥാർത്ഥ്യം
വായനക്കാരൻ പത്രം വാങ്ങുന്നു എന്ന് നാം കരുതുന്നു.
പക്ഷേ യാഥാർത്ഥ്യത്തിൽ വിൽക്കപ്പെടുന്നത് വായനക്കാരനാണ്.
വാർത്ത വായനക്കാരനായി തയ്യാറാക്കപ്പെടുന്നു;
പക്ഷേ സാമ്പത്തികമായി അത് പരസ്യദാതാവിനായി നിലനിൽക്കുന്നു.
വായനക്കാരൻ പണം കൊടുക്കുന്നു,
അതിനു ശേഷം സമയം ചെലവഴിച്ച് പരസ്യം കാണുന്നു.
അവസാനം വിൽക്കപ്പെടുന്നത് — വാർത്തയല്ല, ശ്രദ്ധയാണ്.
---
സാമ്പത്തിക ആശ്രിതത്വവും മാധ്യമ നയവും
ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ —
ഇവയുടെ വലിയ പരസ്യവരുമാനമാണ് പല മാധ്യമ സ്ഥാപനങ്ങളുടെയും പ്രധാന അധിഷ്ഠാനം.
ഇത് സ്വാഭാവികമായൊരു ചോദ്യം ഉയർത്തുന്നു:
പരസ്യവരുമാനം ആശ്രയിക്കുന്ന മാധ്യമം ആ മേഖലകളെക്കുറിച്ച് എത്ര സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാൻ കഴിയും?
വാർത്താ തിരഞ്ഞെടുപ്പിൽ പലപ്പോഴും കാണാത്ത സ്വയംനിയന്ത്രണം പ്രവർത്തിച്ചേക്കാം —
പരസ്യദാതാവിനെ അസ്വസ്ഥമാക്കാത്ത മുൻഗണന.
അത് തുറന്ന സെൻസർഷിപ്പ് അല്ല;
സാമ്പത്തിക ബന്ധത്തിൽ നിന്നുള്ള മൗനപരമായ പരിധിയാണ്.
---
പരസ്യവും ഉത്തരവാദിത്വവും: പഴയ പാഠങ്ങൾ
കേരളം മറക്കാൻ പാടില്ലാത്ത സാമ്പത്തിക സംഭവങ്ങൾ ഉണ്ടായിരുന്നു —
ആട് പദ്ധതി, തേക്ക് പദ്ധതി, മാഞ്ചിയം നിക്ഷേപ പദ്ധതികൾ, സ്വകാര്യ ധനസ്ഥാപന തട്ടിപ്പുകൾ.
വലിയ പരസ്യങ്ങളിലൂടെ വിശ്വാസ്യത നേടിയ സ്ഥാപനങ്ങൾ
പിന്നീട് തകർന്നപ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾ തകർന്നു.
ചില മാധ്യമങ്ങൾ പരസ്യം സ്വീകരിച്ചു.
സ്ഥാപനങ്ങൾ തകർന്നശേഷം അതിനെക്കുറിച്ച് റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചു.
പിന്നീട് ചെറിയ അക്ഷരത്തിൽ ഒരു അറിയിപ്പ്:
“പരസ്യങ്ങളുടെ വിശ്വാസ്യത വായനക്കാർ പരിശോധിക്കണം.”
നിയമപരമായി അത് മതിയായിരിക്കാം.
പക്ഷേ സാമൂഹിക ഉത്തരവാദിത്വത്തിൽ അത് മതിയല്ല.
മാധ്യമം വിശ്വാസത്തിന്റെ പേരിലാണ് വായിക്കപ്പെടുന്നത്.
അതിനാൽ പരസ്യം പോലും വിശ്വാസത്തിന്റെ ഭാഗമാകുന്നു.
---
വ്യത്യസ്ത നയം: ഒരു മാധ്യമ മാതൃക
കേരളത്തിൽ ചില മാധ്യമങ്ങൾ സംശയാസ്പദ സ്ഥാപനങ്ങളുടെ പരസ്യം സ്വീകരിക്കാതിരിക്കുകയും
അവയെക്കുറിച്ച് അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഇത് സാമ്പത്തിക തീരുമാനം മാത്രമല്ല —
ഒരു നയപരമായ നിലപാടായിരുന്നു.
അതിനാൽ മാധ്യമത്തിന്റെ നയം അറിയുക വായനക്കാരന്റെ അവകാശമാണ്.
രാഷ്ട്രീയ മാധ്യമം: വാർത്തയുടെ വ്യാഖ്യാനം
രാഷ്ട്രീയബന്ധമുള്ള മാധ്യമങ്ങളിൽ വാർത്ത വിവരമല്ല — വ്യാഖ്യാനമാണ്.
ഒരേ സംഭവത്തിന് വ്യത്യസ്ത തലക്കെട്ടുകൾ ഉണ്ടാകുന്നത് അതുകൊണ്ടാണ്.
ലക്ഷ്യം: സ്വന്തം പക്ഷം ശക്തമാക്കുക, എതിരാളിയെ ദുർബലമാക്കുക.
വായനക്കാരൻ വിവരം ലഭിച്ചതായി കരുതും;
യാഥാർത്ഥത്തിൽ അവൻ ഒരു നിലപാട് സ്വീകരിച്ചിരിക്കാം.
---
ആശയാധിഷ്ഠിത മാധ്യമങ്ങൾ
മതവും ആശയങ്ങളും അടിസ്ഥാനമാക്കിയ മാധ്യമങ്ങൾ സമൂഹബോധം നിർമ്മിക്കുന്നു.
മൂല്യങ്ങൾ മനുഷ്യസമൂഹത്തെ ഉൾക്കൊള്ളുന്നവയായാൽ സമൂഹം ശക്തമാകും;
വ്യത്യാസങ്ങളെ വളർത്തുന്നവയായാൽ സമൂഹം ദുർബലമാകും.
അതുകൊണ്ട് ഉത്തരവാദിത്വം ഇവിടെ കൂടുതൽ ആവശ്യമാണ്.
ആൽഗോരിതത്തിന്റെ കാലം
സോഷ്യൽ മീഡിയയിൽ എഡിറ്റർ മനുഷ്യനല്ല — പ്രതികരണമാണ്.
കോപം, ഭയം, ആവേശം.
ഇവയ്ക്ക് കൂടുതൽ പ്രചരണം ലഭിക്കുന്നു.
അതിനാൽ സത്യത്തെക്കാൾ ഉത്തേജനം മുൻപന്തിയിലാകും.
---
ഒറ്റവീക്ഷണത്തിന്റെ അപകടം
ഒരു മാധ്യമം മാത്രം പിന്തുടർന്നാൽ വിവരം ലഭിക്കും;
പക്ഷേ യാഥാർത്ഥ്യം ലഭിക്കണമെന്നില്ല.
താരതമ്യം — മാധ്യമബോധത്തിന്റെ അടിസ്ഥാനമാണ്.
---
പൗരന്റെ ഉത്തരവാദിത്വം
മാധ്യമ നിയന്ത്രണം സർക്കാർ മാത്രം നിർവഹിക്കേണ്ടതല്ല.
ഓരോ പൗരനും നിർവഹിക്കേണ്ടതാണ്.
എന്താണ് പറയുന്നത് എന്നതിലുപരി
എന്താണ് പറയാതിരിക്കുന്നത് എന്നും ശ്രദ്ധിക്കണം.
---
സമാപനം
ഇന്ന് വാർത്ത സംഭവത്തിൽ നിന്നല്ല ജനിക്കുന്നത് — ശ്രദ്ധയിൽ നിന്നാണ് ജനിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തോളം തന്നെ പ്രധാനമാണ് മാധ്യമബോധം.
കാണുന്നതെല്ലാം അറിവല്ല;
അറിയാൻ ചിന്ത വേണം.
മാധ്യമത്തെ ഉപയോഗിക്കുന്ന സമൂഹം ശക്തമാണ്.
മാധ്യമം ഉപയോഗിക്കുന്ന സമൂഹം ദുർബലമാണ്.
സാബു ജോസ്
എറണാകുളം
📞 9446329343