അവഗണനകൾക്ക് അറുതി വരുത്താൻ ഒരേ മനസ്സോടെ; സമുദായ ശാക്തീകരണത്തിലൂടെ പുതുചരിത്രമെഴുതാൻ കത്തോലിക്കാ സഭ
 

 
2233

സീറോമലബാര്‍സഭയില്‍ 2026 സമുദായശക്തീകരണ വര്‍ഷമായി ആചരിക്കുകയാണല്ലോ? സാമൂഹ്യസാംസ്‌കാരിക വിദ്യാഭ്യാസമേഖലകളില്‍  പലവിധകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന സീറോമലബാര്‍സഭാംഗങ്ങളുടെ ജീവിതസാഹചര്യങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്  സമുദായവര്‍ഷാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ഒരുകാലത്ത് പൊതുസമൂഹത്തിന് വിവിധ മേഖലകളില്‍ നേതൃത്വം നല്കിയിരുന്ന ക്രൈസ്തവസമൂഹം ഇന്ന്  എണ്ണത്തില്‍ കാര്യമായ കുറവ് നേരിടുന്നുണ്ട്. രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക സമവാക്യങ്ങളില്‍ പലപ്പോഴും നമ്മുടെ സമുദായം അവഗണിക്കപ്പെടുന്നു എന്നതും യാഥാര്‍ഥ്യമാണ്.

 ഈ സാഹചര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തിയശേഷം  2025 ജനുവരിയില്‍ ചേര്‍ന്ന സഭയുടെ മെത്രാന്‍ സിനഡാണ് 2026 സമുദായശക്തീകരണവര്‍ഷമായി ആചരിക്കാന്‍ തീരുമാനമെടുത്തത്. വിവിധതലങ്ങളില്‍ നടത്തിയ പഠനങ്ങളും 2024 ല്‍ നടത്തിയ മേജര്‍ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയില്‍ ഉയര്‍ന്നുവന്ന വ്യക്തമായ സൂചനകളും ഈ തീരുമാനത്തിന്റെ പിന്നിലുണ്ട്. പൊതുസമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഏകോപനത്തിനായുള്ള സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷനാണ് ഈ വര്‍ഷാചരണത്തിന്റെ പ്രധാന ഉത്തരവാദിത്വം.

കൂട്ടായ്മയില്‍ അടിയുറച്ച പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന്റെ നിലനില്പിനും അതിജീവനത്തിനും ആവശ്യമാണ് എന്നത് സമകാലികസംഭവങ്ങളിലൂടെ വ്യക്തമാകുന്ന വസ്തുതയാണ്.

ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങളെ കൃത്യമായി അവഗണിക്കുകയും ക്രൈസ്തവവിശ്വാസത്തെയും സംഭാസംവിധാനങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുകയും ചെയ്യുന്ന പ്രവണത ഭരണസംവിധാനങ്ങളില്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ കാണപ്പെടുന്നത് വേദനാജനകമാണ്.

പലസഭകളായി പിരിഞ്ഞ് വിശ്വാസവ്യത്യാസങ്ങള്‍ക്കപ്പുറം മറ്റ് കാരണങ്ങളാല്‍ അകലംപാലിക്കുന്ന സഭാവിഭാഗങ്ങളുടെ കൂട്ടായ്മയുടെ അഭാവം കൃത്യമായി മുതലെടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഓരോ സഭയിലെയും മെത്രാന്മാരും വൈദികരും അല്മായരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെയും സ്വാഭാവികമായി ഉടലെടുക്കുന്ന പ്രശ്‌നങ്ങളെയും ഊതിപ്പെരുപ്പിച്ച് സോഷ്യല്‍മീഡിയായില്‍ അത് സജീവമായി നിലനിര്‍ത്താന്‍ ഇക്കൂട്ടര്‍ കാണിക്കുന്ന താത്പര്യവും കണ്ടില്ല  എന്ന് നടിക്കാനാവില്ല.

 നമ്മുടെ സഭയും സമുദായവും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ഭാവിയിലേക്ക് നമ്മള്‍ നോക്കുമ്പോള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം ആത്മവിമര്‍ശനത്തോടെ ജീവിതശൈലികള്‍ മാറ്റാനും കൂട്ടായ്മയുടെ പിന്‍ബലത്തില്‍ മുന്നോട്ടുപോകാന്‍ വഴികള്‍വെട്ടുകയുമാണ് വേണ്ടത്. ഇന്ന് നമ്മള്‍ കാണിക്കുന്ന നിസംഗതയും പുലര്‍ത്തുന്ന സ്വാര്‍ത്ഥതയും ഭാവിക്കുന്ന താന്‍പോരിമയും വ്യക്തികളുടെ മാത്രമല്ല സമുദായത്തിന്റെ തന്നെ തകര്‍ച്ചക്ക് കാരണമായിത്തീരുമെന്നത് ഉറപ്പാണ്.

 അതിനാല്‍ ഈശോയെ നാഥനും രക്ഷകനുമായി സ്വീകരിക്കുന്ന സീറോമലബാര്‍ സഭയിലൂടെ കത്തോലിക്കാസഭയുടെ മാതൃത്വം അനുഭവിക്കുന്ന നമ്മള്‍ ഐക്യത്തിലും കൂട്ടായ്മയിലും സ്‌നേഹത്തിന്റെ മനോഭാവത്തിലും നാളെയുടെ നന്മ ലക്ഷ്യമാക്കി കൈകള്‍ കോര്‍ക്കേണ്ടത് അനിവാര്യമാണ്. സമുദായശക്തീകരണവര്‍ഷം അതിനുള്ള അവസരവും പ്രചോദനവുമായിത്തീരട്ടെ.

കടപ്പാട്- സീറോമലബാർ വിഷൻ
 

Tags

Share this story

From Around the Web