വനിതാ പൗരോഹിത്യം എന്തുകൊണ്ട് അപ്പോസ്തൊലിക സഭകളിൽ ഇല്ല ?

ബിഷപ് സാറാ മുള്ളാലി (Dame Sarah Mullally) ആംഗ്ലിക്കൻ സഭയുടെ ആർച്ച് ബിഷപ്പായി (കാന്റർബറി ആർച്ച് ബിഷപ്) നിയമിതയായി. ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ബിഷപ് സാറാ മുള്ളാലി. ഇനി ലോകമെമ്പാടുമുള്ള 85 ദശലക്ഷം അംഗങ്ങളുള്ള ആംഗ്ലിക്കൻ കൂട്ടായ്മയുടെ ആത്മീയ നേതാവായിരിക്കും അവർ.
ആംഗ്ലിക്കൻ സഭയിലെ ലൈംഗികാതിക്രമക്കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചകളെ തുടർന്ന് നിലവിൽ കാൻ്റർബറി ആർച്ച് ബിഷപ്പായിരുന്ന റവ. ജസ്റ്റിൻ വെൽബി രാജി വെച്ച ഒഴിവിലേക്കാണ് 63 വയസ്സുകാരിയായ ബിഷപ് സാറാ തെരഞ്ഞെടുക്കപ്പെട്ടിരിക്കന്നത്.
ആംഗ്ലിക്കൻ സഭയുടെ ഉന്നത സ്ഥാനത്ത് ഒരു വനിത വന്നതോടെ കത്തോലിക്കാ സഭയിലും വനിതാ പൗരോഹിത്യം ആയിക്കൂടേ എന്ന ചോദ്യം സഭയ്ക്കുള്ളിലും പുറത്തും ഉയരുന്നുണ്ട്. ഈ വിഷയത്തോട് എപ്രകാരമാണ് പ്രതികരിക്കേണ്ടത് എന്നു വിശ്വാസികൾ പലർക്കും അറിയില്ല. അതിനാൽ “കത്തോലിക്കാ പൗരോഹിത്യം എന്തുകൊണ്ട് പുരുഷകേന്ദ്രീകൃതമായി നിലനിൽക്കുന്നു” എന്ന വിഷയമാണ് ഇവിടെ വിശദീകരിക്കാൻ ശ്രമിക്കുന്നത്.
പൗരോഹിത്യത്തെ സംബന്ധിച്ച്
കത്തോലിക്കാ സഭ മനസ്സിലാക്കുന്നത്…
വൈദികപട്ടം സ്ത്രീകൾക്ക് നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യം ആധുനിക സമൂഹത്തിൽ ഇടയ്ക്കിടെ ഉയർന്നുവരുന്ന ഒന്നാണ്. എന്നാൽ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഇത് കാലികമായി പരിഷ്കരിക്കേണ്ടതോ സാംസ്കാരികമായി ഉൾക്കൊള്ളേണ്ടതോ ഭരണപരമായി അംഗീകരിക്കേണ്ടതോ നയപരമായി നടപ്പാക്കേണ്ടതോ ആയൊരു വിഷയമല്ല; അത് വിശുദ്ധ ലിഖിതങ്ങളിലും, അചഞ്ചലമായ സഭാ പാരമ്പര്യത്തിലും, പൗരോഹിത്യമെന്ന കൂദാശയുടെ സ്വഭാവത്തിലും വേരൂന്നിയ ഒരു അന്തിമ പ്രബോധനമാണ്. “ക്രിസ്തുവിന്റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ തനിക്ക് യാതൊരു അധികാരവുമില്ലാത്തതിനാൽ, സഭയ്ക്ക് ഒരു വനിതാ പുരോഹിതന്റെ ആവശ്യമില്ലെ”ന്നതാണ് സഭയുടെ എക്കാലത്തേയും നിലപാട്.
സഭയുടെ പ്രബോധനാധികാരമായ മജിസ്‌റ്റീരിയം (The Magisterium) ഈ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 1994-ൽ പുറത്തിറക്കിയ തന്റെ അപ്പസ്തോലിക ലേഖനമായ “ഓർഡിനാറ്റിയോ സാസർദോത്താലിസി”ൽ (Ordinatio Sacerdotalis) ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിച്ചു: “സ്ത്രീകൾക്ക് പൗരോഹിത്യ പട്ടം നൽകാൻ സഭയ്ക്ക് യാതൊരു അധികാരവുമില്ലെന്ന് ഞാൻ പ്രഖ്യാപിക്കുന്നു, ഈ വിധി സഭയിലെ എല്ലാ വിശ്വാസികളും അന്തിമമായി അംഗീകരിക്കേണ്ടതാണ്.” (“Wherefore, in order that all doubt may be removed regarding a matter of great importance, a matter which pertains to the Church’s divine constitution itself, in virtue of my ministry of confirming the brethren (cf. Lk 22:32), I declare that the Church has no authority whatsoever to confer priestly ordination on women and that this judgment is to be definitively held by all the Church’s faithful.”)
മാർപാപ്പായുടെ ഈ കൽപ്പന, മൂന്ന് പ്രധാന ദൈവശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു.
1. ക്രിസ്തുവിന്റെ മാതൃകയും അപ്പസ്തോലിക പാരമ്പര്യവും
ഏറ്റവും പ്രാഥമികവും നേരിട്ടുള്ളതുമായ കാരണം യേശുക്രിസ്തുവിന്റെ മാതൃകയാണ്. അവിടുന്ന് പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ഗണത്തെ രൂപീകരിക്കുകയും അവരിലൂടെ തിരുപ്പട്ടം എന്ന കൂദാശ സ്ഥാപിക്കുകയും
ചെയ്തപ്പോൾ പുരുഷന്മാരെ മാത്രമാണ് തിരഞ്ഞെടുത്തത്. പൗരോഹിത്യ, അപ്പസ്തോലിക ശുശ്രൂഷയ്ക്കായി പുരുഷന്മാരെ മാത്രം തിരഞ്ഞെടുത്തത് യേശുക്രിസ്തുവിൻ്റെ ബോധപൂർവവും സ്വതന്ത്രവുമായ ഒരു നടപടിയായിരുന്നു; അത് പൗരോഹിത്യത്തിന്റെ സ്വഭാവത്തെത്തന്നെ ആശ്രയിച്ചുള്ളതായിരുന്നു.
ക്രിസ്തുവിനെ അടുത്തറിയുകയും അവന്റെ ഇഷ്ടം മനസ്സിലാക്കുകയും ചെയ്ത അപ്പസ്തോലന്മാർ ഈ മാതൃകയോട് വിശ്വസ്തത പുലർത്തി. ശുശ്രൂഷയ്ക്കായി തങ്ങളുടെ പിൻഗാമികളെയും സഹപ്രവർത്തകരെയും തിരഞ്ഞെടുത്തപ്പോഴും അവർ പുരുഷന്മാരെ മാത്രമാണ് നിയോഗിച്ചത്. നൂറ്റാണ്ടുകളായി നിലനിർത്തിപ്പോരുന്നതും പൗരസ്ത്യ പാശ്ചാത്യ സഭകൾ ഒരുപോലെ പാലിക്കുന്നതുമായ സഭയുടെ ഈ അചഞ്ചലമായ ആചാരം ജീവിക്കുന്നതും ശാശ്വതവുമായ ദൈവിക വ്യവസ്ഥിതിയെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്.
2. പുരോഹിതൻ എന്ന
കൗദാശികമായ അടയാളം
കത്തോലിക്കാ സഭയിൽ പൗരോഹിത്യമെന്നത് കേവലം ഒരു ധർമ്മമോ നേതൃസ്ഥാനമോ അല്ല; അത് പുരോഹിതൻ in persona Christi Capitis (ശിരസ്സായ ക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ) പ്രവർത്തിക്കേണ്ട ഒരു കൂദാശാപരമായ അടയാളമാണ്. വിശുദ്ധ കുർബാനയുടെയും മറ്റ് കൂദാശകളുടെയും ആഘോഷവേളയിലാണ് ഇത് ഏറ്റവും പ്രകടമാകുന്നത്.
ഒരു പുരോഹിതൻ വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും അപ്പവും വീഞ്ഞും വാഴ്ത്തുമ്പോഴും പാപമോചനം പ്രഖ്യാപിക്കുമ്പോഴും അതൊന്നും അദ്ദേഹം സ്വന്തം അധികാരത്തിലല്ല, മറിച്ച് ക്രിസ്തുവിന്റെ വ്യക്തിത്വത്തിലാണ് പ്രവർത്തിക്കുന്നത്. കൂദാശ ഫലപ്രദമായ ഒരു അടയാളമായിരിക്കണമെങ്കിൽ, കർത്താവായ ക്രിസ്തു പുരുഷനായിരുന്നതുപോലെ ശുശ്രൂഷിയും ഒരു പുരുഷനായിരിക്കണമല്ലോ.
ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം തിരുവെഴുത്തുകളിൽ മണവാളനും മണവാട്ടിയും തമ്മിലുള്ള ബന്ധമായിട്ടാണ് പലപ്പോഴും വിവരിക്കുന്നത്. സഭയുടെ ശിരസ്സും മണവാളനുമായ ക്രിസ്തുവിനെ ബലിവേദിയിൽ പ്രതിനിധാനം ചെയ്യുന്ന പുരോഹിതൻ പുരുഷനായിരിക്കുമ്പോൾ മാത്രമാണ് ഈ അടയാളം പൂർണ്ണമാകുന്നത്. ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട പദ്ധതിയുടെ ഭാഗമായ ഈ പ്രതീകാത്മകത, പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ എന്തെങ്കിലും ശ്രേഷ്ഠതയുണ്ടെന്ന് അർത്ഥമാക്കുന്നില്ല.
3. വൈദിക പൗരോഹിത്യവും പൊതു പൗരോഹിത്യവും തമ്മിലുള്ള വ്യത്യാസം
വൈദിക പൗരോഹിത്യം പുരുഷന്മാർക്ക് മാത്രമായി നീക്കിവെക്കുന്നത് സഭയിൽ സ്ത്രീകളുടെ മഹത്വത്തെ ഒരു തരത്തിലും കുറയ്ക്കുന്നില്ല. സ്‌നാനമേറ്റ എല്ലാ ക്രൈസ്തവരും—പുരുഷന്മാരും സ്ത്രീകളും— ഒരു പോലെ വിശ്വാസികളുടെ പൊതു പൗരോഹിത്യത്തിൽ പങ്കുചേരുന്നു ( 1 പത്രോസ് 2:9). ഇതിലൂടെ അവർ അൾത്താരയിൽ നിൽക്കുന്ന പുരോഹിതനോടൊത്ത് ബലിയർപ്പിക്കുകയും വിശുദ്ധിയിലേക്കുള്ള തങ്ങളുടെ സാർവത്രിക വിളിയിൽ പങ്കാളികളാവുകയും ചെയ്യുന്നു.
അപ്പോസ്തൊലിക സഭകളിൽ
വനിതകൾക്കുള്ള സ്ഥാനം
വൈദിക പൗരോഹിത്യം (The ministerial priesthood) പൊതു പൗരോഹിത്യത്തെ (Common Priesthood) ശുശ്രൂഷിക്കാൻ വേണ്ടിയുള്ളതാണ്. പൗരോഹിത്യപട്ടം ഒരു പ്രത്യേക കൃപയും സേവനവുമാണെന്നും, അത് ഒരു മനുഷ്യാവകാശമോ ഉയർന്ന പദവിയോ അല്ലെന്നും സഭ ഊന്നിപ്പറയുന്നു. ദൈവമാതാവും സകല വിശുദ്ധരിലും വെച്ച് ഏറ്റവും ശ്രേഷ്ഠയുമായ പരിശുദ്ധ കന്യകാമറിയത്തിന് “അപ്പസ്തോലന്മാരുടേതായ ദൗത്യമോ വൈദിക പൗരോഹിത്യമോ” ലഭിച്ചില്ല. എന്നാലിത് സഭയിൽ പരിശുദ്ധ അമ്മയുടെ ക്രിസ്തുവിലുള്ള മഹത്വത്തിനും പദവിക്കും യാതൊരു കുറവും വരുത്തിയിട്ടില്ല.
സഭയിൽ സ്ത്രീകൾക്കുള്ള സ്ഥാനം മഹനീയവും അതുല്യവുമാണ്. ചരിത്രത്തിലുടനീളമുള്ള അസംഖ്യം വിശുദ്ധകൾ, ദൈവശാസ്ത്രജ്ഞർ, സന്യാസിനികൾ, അൽമായ നേതാക്കൾ എന്നിവർ സ്ത്രീകളാണ്. നേതൃത്വത്തിനും, പ്രബോധനത്തിനും, മറ്റനവധി സേവനങ്ങൾ നിർവഹിക്കാനുമായി അവർ വിളിക്കപ്പെട്ടിരിക്കുന്നു. അവരുടെ ഒഴിച്ചുകൂടാനാവാത്ത സേവനങ്ങളും ആത്മീയ വരങ്ങളും തിരുപ്പട്ട ശുശ്രൂഷയിൽ നിന്ന് സ്വതന്ത്രമായി സഭയുടെ ദൗത്യത്തെ മുന്നോട്ടു നയിക്കാൻ ഏറെ വിലപ്പെട്ടതായി സഭ കണക്കാക്കുന്നു.
സ്ത്രീകളുമായി ബന്ധപ്പെട്ട അന്നത്തെ സാംസ്കാരിക നിയമങ്ങളെ ലംഘിച്ചുകൊണ്ട് യേശു സ്ത്രീകളെ തൻ്റെ ശിഷ്യഗണത്തിൽ ഉൾപ്പെടുത്തി; പാപിനിയായ സ്ത്രീ തന്നെ സ്പർശിക്കാൻ അനുവദിച്ചു (ലൂക്കാ 7:36-50); സമരിയാക്കാരി സ്ത്രീയുമായി കിണറ്റിനരികിൽ സംസാരിച്ചപ്പോൾ, ഒരു പുരുഷൻ പരസ്യമായി ഒരു സ്ത്രീയുമായി സംസാരിക്കുന്നതു കണ്ട് ശിഷ്യന്മാർ അമ്പരന്നതായി സുവിശേഷത്തിൽ കാണാം (യോഹന്നാൻ 4:27). ഉയിർത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് ആദ്യത്തെ മാർപാപ്പയായ വിശുദ്ധ പത്രോസിനല്ല, മഗ്ദലന മറിയത്തിനായിരുന്നു. അക്കാലത്തെ നിയമത്തിൽ സ്ത്രീകളുടെ സാക്ഷ്യം സ്വീകാര്യമായിരുന്നില്ലെങ്കിൽ പോലും, യേശു അവളെ തിരഞ്ഞെടുത്തു. ശ്രദ്ധേയമായ ഈ തിരഞ്ഞെടുപ്പിൽ നിന്നാണ് തോമസ് അക്വിനാസ്, മഗ്ദലന മറിയത്തിന് ‘അപ്പസ്തോലന്മാരുടെ അപ്പസ്തോല’ The Apostle of the Apostles) എന്ന ബഹുമതി നൽകിയത്.
ഇവയെല്ലാം കാണിക്കുന്നത്, യേശുവിന് താൻ ആഗ്രഹിച്ചത് എന്തും ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്. അതുകൊണ്ട്, പൗരോഹിത്യത്തിനായി പുരുഷന്മാരെ മാത്രം തിരഞ്ഞെടുത്തപ്പോൾ, അത് സാംസ്കാരികമായ കാരണങ്ങളാലല്ല, മറിച്ച് ഈ ശുശ്രൂഷയുടെ വ്യതിരക്തതയെ അടിസ്ഥാനമാക്കിയാണ് കർത്താവ് അപ്രകാരം ചെയ്തതെന്നു സഭ മനസ്സിലാക്കിയത്.
ചുരുക്കത്തിൽ, കത്തോലിക്കാസഭയിൽ പുരുഷ പുരോഹിതർ മാത്രമേയുള്ളൂ എന്നതുകൊണ്ട് സഭയ്ക്കു യാതൊരു “കുറവും” സംഭവിക്കില്ല, കാരണം പൗരോഹിത്യ പട്ടം പുരുഷന്മാർക്കായി മാത്രം നീക്കിവെക്കുന്നത് യേശുക്രിസ്തു സ്ഥാപിച്ച കൂദാശാപരമായ ഘടനയുടെ അവിഭാജ്യമായ, വിശ്വാസത്തിന്റെ മാറ്റമില്ലാത്ത സത്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അത് കർത്താവിനോടുള്ള വിശ്വസ്തതയുടെയും, അചഞ്ചലമായ സഭാ പാരമ്പര്യത്തോടുള്ള അനുസരണത്തിന്റെയും, വൈദിക പൗരോഹിത്യത്തിന്റെ ആഴത്തിലുള്ള ദൈവശാസ്ത്രപരമായ അർത്ഥത്തിന്റെ സംരക്ഷണത്തിന്റെയും ഭാഗമായി കണ്ടുകൊണ്ട് സഭയതിനെ മുറുകെ പിടിക്കുന്നു.
സഭയുടെ അടിസ്ഥാന ദർശനങ്ങളും വിശ്വാസ ബോധ്യങ്ങളും ഓരോ കാലത്തിനും സാംസ്കാരത്തിനും ആവശ്യത്തിനും അനുസരിച്ച് മാറുന്നതല്ല. തന്നിൽ ഭരമേൽപ്പിച്ച “വിശ്വാസത്തിന്റെ നിക്ഷേപം” (The Deposit of Faith) അന്ത്യത്തോളം കാത്തുസൂക്ഷിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണ്. ഓരോ വിശ്വാസിയുടെയും വ്യക്തിപരമായ കൃപാദാനങ്ങളെ മാനിക്കുകയും അവരെ വ്യത്യസ്ത ശുശ്രൂഷകളിലേക്കു വിളിച്ചിരിക്കുന്ന ദൈവത്തിന്റെ പദ്ധതി പൂർണ്ണവും സമഗ്രവുമാണെന്നും സഭ വിശ്വസിക്കുന്നു.
ഒടുവിലായി ഒരു പ്രധാന ചോദ്യം; എല്ലാ വനിതാ പൗരോഹിത്യ വാദികൾക്കും
ഉത്തരം പറയാം
മനഃസാക്ഷിയുഗത്തിൽ നിലനിന്നിരുന്ന മൽക്കിസാദേക്കിൻ്റെ പൗരോഹിത്യത്തിൽ നിന്ന് അഹറോന്യ പൗരോഹിത്യത്തെ വേർപെടുത്തുന്നത് മോശൈക ന്യായപ്രമാണവും ഉടമ്പടികളുമാണ്. മൽക്കിസാദേക്കിൻ്റെ ക്രമപ്രകാരമുള്ള ക്രിസ്തുവിൻ്റെ പൗരോഹിത്യം അഹറോന്യ പൗരോഹിത്യത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നു ഹെബ്രായ ലേഖനം 7,8,9,10 അധ്യായങ്ങൾ വ്യക്തമാക്കുന്നു.
ക്രിസ്തുവിൻ്റെ പൗരോഹിത്യത്തെ ആസ്പദമാക്കിയാണല്ലോ ഏറ്റവും വലിയ പ്രൊട്ടസ്റ്റൻ്റ് സഭയായ ആംഗ്ലിക്കൻ സഭയുടെ പൗരോഹിത്യ ക്രമവും നിലനിൽക്കുന്നത്. എങ്കിൽ, “പൗരോഹിത്യത്തില്‍ വ്യത്യാസം വരുമ്പോള്‍ നിയമത്തിലും അവശ്യം മാറ്റം വരുന്നു” (ഹെബ്രായര്‍ 7:12) എന്ന വചനത്തെ അടിസ്ഥാനമാക്കി, വനിതാ പൗരോഹിത്യം അംഗീകരിക്കുന്ന ആംഗ്ലിക്കൻ സഭ ഇന്നുള്ള “പുതിയ നിയമത്തിൽ” (New Testament) അവശ്യം വേണ്ട തിരുത്തലുകൾ വരുത്തേണ്ടതല്ലേ ? അതിന് സഭയിലെ പണ്ഡിതർ തയ്യാറാകുമോ ? അവശ്യം വേണ്ട തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ, ബൈബിൾ അവതരിപ്പിക്കുന്ന പൗരോഹിത്യ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വനിതാ പൗരോഹിത്യത്തിനു എന്ത് പ്രസക്തിയാണുള്ളത് ?
കത്തോലിക്ക, ആംഗ്ലിക്കൻ സഭകൾക്ക് ഉള്ളിലും പുറത്തുമുള്ള വനിതാ പൗരോഹിത്യ വാദികൾക്കു ഉത്തരം വ്യക്തമാക്കാം ?
മാത്യൂ ചെമ്പുകണ്ടത്തിൽ