എല്ലാവര്‍ഷവും ഡിസംബര്‍ 25 ന് ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്തുകൊണ്ട്?
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ക്രിസ്തുമസും ഈസ്റ്ററും. ക്രിസ്തുമസ് എല്ലാ വര്‍ഷവും ഡിസംബര്‍ 25 നാണ് ആഘോഷിക്കുന്നത്. പക്ഷേ ഈസ്റ്ററിന് കൃത്യമായ ദിവസമില്ല. അത് മാറിക്കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ മാര്‍ച്ചുമാസത്തിലോ ഏപ്രിലിലോ ഈസ്റ്റര്‍ ആഘോഷിക്കാറുണ്ട്. പക്ഷേ ക്രിസ്തുമസ് തീയതിക്ക് ഒരിക്കലും മാറ്റമില്ല. ഇതെന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഈസ്റ്റര്‍ എല്ലാ വര്‍ഷവും ഞായറാഴ്ചയാണ്. വിശുദ്ധഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് അത്. സാബത്തിനു ശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കാന്‍ വന്നു( മത്താ 28:1) എന്ന തിരുവചനഭാഗമാണ് ഇതിന്റെ അടിസ്ഥാനം. ഇക്കാരണത്താലാണ് ഞായറാഴ്ച ദിവസം ഈസ്റ്റര്‍ ആചരിക്കുന്നത്.
ഓരോ ഞായറാഴ്ചയും ചെറിയ ഈസറ്റര്‍ ദിനമാകുന്നതും ഇതുകൊണ്ടാണ്. എന്നാല്‍ ക്രിസ്തുമസിനെക്കുറിച്ച് ബൈബിള്‍ ഒരിടത്തും കൃത്യ ദിവസം പറയുന്നില്ല. അത് തിങ്കളാഴ്ചയാവാം, ബുധനാഴ്ചയാകാം, ഞായറാഴ്ചയുമാകാം.. ഉണ്ണിയേശു ഏതു ദിവസം ജനിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും ബൈബിളില്‍ ഇല്ല. എന്നാല്‍ ആദിമക്രൈസ്തവരുടെ കാലം മുതല്‍ ഡിസംബര്‍ 25 നാണ് ക്രിസ്തുമസ് ആചരിച്ചിരുന്നത്. കാരണം അതാണ് യേശുവിന്റെ യഥാര്‍ത്ഥജനനദിവസം എന്ന് അവര്‍ വിശ്വസിച്ചിരുന്നു. ആ പാരമ്പര്യം നമ്മളും പിന്തുടരുന്നു
അതെന്തായാലും ക്രിസ്തുമസും ഈസ്റ്ററും ലിറ്റര്‍ജിക്കല്‍ ക്രമത്തിലെ രണ്ടു തൂണുകളാണ്. ആഘോഷങ്ങള്‍ വ്യത്യസ്തമായാലും വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്തുമസും ഈസ്റ്ററും ആഘോഷിച്ചാലും ഉണ്ണിയേശു നമുക്കായി ജനിച്ചുവെന്നതും ക്രിസ്തു നമുക്കായി മരിച്ചുവെന്നതും മാത്രമാണ് ഏകസത്യം.
കടപ്പാട് മരിയൻപത്രം