വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്?

 
2222

“വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്?

പ്രായപൂർത്തിയായ യുവതീ യുവാക്കൾക്കിടയിൽ

ഇങ്ങനെ ഒരു പ്രതിഭാസം വളരുന്നത് ഈ അടുത്തകാലത്താണെന്നു തോന്നുന്നു!

എത്രയെത്ര പരാതികളാണ് പോലീസിലും കോടതിയിലും എത്തുന്നത്!

നമ്മുടെ യുവതീ യുവാക്കൾ തീരെ വിശ്വസിക്കാൻ കൊള്ളാത്തവരായി മാറിയോ?

വിവാഹ വാഗ്ദാനം നൽകിയാൽ വിവാഹമല്ലേ നടക്കേണ്ടത്? പീഡനമല്ലല്ലോ?

വിവാഹ വാഗ്ദാനം ഒരു നിസ്സാര കാര്യമല്ല!

കത്തോലിക്കർ “വിവാഹ വാഗ്ദാനം” നടത്തുന്നത് പള്ളിയിൽ വച്ചാണ്.

വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ സ്വന്തം കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയുമൊക്കെ അക്കാര്യം അറിയിക്കും. അതിനു ശേഷം,

പള്ളിയിൽവച്ചു പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ, വിവാഹിതരാകാൻ ഉദ്ദേശിക്കുന്ന സ്ത്രീയോടും പുരുഷനോടും,

പരസ്പരം വിവാഹം കഴിക്കാൻ സമ്മതമാണോ എന്നു വികാരിയച്ചൻ പരസ്യമായി ചോദിക്കും.

“സമ്മതമാണ്” എന്നു രണ്ടു പേരും പറഞ്ഞാൽ, ഇരുഭാഗത്തുനിന്നും ഉള്ള “സാക്ഷി”കളോട് “നിങ്ങൾ കേട്ടല്ലോ” എന്നു ചോദിക്കും.

അവർ “കേട്ടു” എന്ന് പരസ്യമായി മറുപടി പറയും!

പരസ്പരം വിവാഹ വാഗ്ദാനം നടത്തി സമ്മതം അറിയിച്ചവരുടെമേൽ ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് വൈദികൻ പ്രാർത്ഥിച്ച് അവരെ ആശീർവദിക്കും.

കൂടാതെ, പള്ളിയിലെ വിവാഹ വാഗ്ദാന റെജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തും. തുടർന്നു വിശദമായ അന്വേഷണം നടത്തി, ഇരുവർക്കും പരസ്പരം വിവാഹിതരാകുന്നതിനു സിവിൽ നിയമപ്രകാരമോ, സഭയുടെ നിയമപ്രകാരമോ (കാനോനികമായോ) തടസ്സങ്ങളില്ല എന്നുറപ്പുവരുത്തും. വിവാഹിതരാകാൻ ഉദ്ദേശിക്കുന്ന

സ്ത്രീ – പുരുഷന്മാരായ രണ്ടു വ്യക്തികളുടെയും ഇടവക പള്ളികളിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപനം ചെയ്യും. പ്രസ്തുത വിവാഹത്തിന് നിയമപരമായ “തടസ്സങ്ങൾ ” ഉണ്ട്‌ എന്നറിയുന്നവർ വികാരിയെ അക്കാര്യം അറിയിക്കാൻ “കടപ്പെട്ടിരിക്കുന്നു” എന്നു കൂടി അറിയിപ്പിൽ ചേർത്തിരിക്കും.

സാധാരണയായി, വിവാഹ വാഗ്ദാനത്തിനും വിവാഹത്തിനും ഇടയിൽ മൂന്നു ഞായറാഴ്ചകളെങ്കിലും സമയ ദൈർഘ്യം ഉണ്ടായിരിക്കും. ഇതൊക്കെ പഴഞ്ചൻ സമ്പ്രദായങ്ങളായി കരുതുന്നവർ ഇന്നു വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതും കാണാതിരുന്നു കൂടാ.

ഒരു വിവാഹം സിവിൽ നിയമപ്രകാരം റജിസ്റ്റർ ചെയ്യണമെങ്കിലും, അതിനു വ്യക്തമായ നിയമ പ്രക്രിയകളും നടപടികളുമുണ്ട്.

പറഞ്ഞു വന്നത്, “പീഡനം” വർദ്ധിക്കുന്ന സാഹചര്യത്തെപ്പറ്റിയാണ്.

“വിവാഹ വാഗ്ദാനം” നൽകിയോ എന്നതിന് നിയമപരമായി നിലനിൽക്കുന്ന തെളിവും അതിന്റെ സാമൂഹ്യ പ്രസക്തിയും എന്താണ്? സൗഹൃദം വിവാഹ വാഗ്ദാനമാണോ? പ്രണയം വിവാഹ വാഗ്ദാനമായി പരിഗണിക്കാമോ? പ്രണയപൂർവ്വമുള്ള സംഭാഷണങ്ങളെയോ സന്ദേശങ്ങളെയോ വിവാഹ വാഗ്ദാനമായി കണക്കാക്കാമോ?

ഇനി, പരസ്പരം വിവാഹിതരാകുന്നതിനു തടസ്സമില്ല എന്നു മനസ്സിലാക്കി, ജീവിത പങ്കാളികളാകാൻ തീരുമാനമെടുത്താൽ, വിവാഹം നടക്കാതെ തന്നെ ശാരീരിക/ലൈംഗിക ബന്ധം ആകാമോ? അത്തരം ബന്ധം സ്ഥാപിക്കപ്പെട്ടതിനു ശേഷം പുരുഷൻ മറ്റു സ്ത്രീകളുടെയോ മറ്റൊരാളുടെ ഭാര്യയുടെയോ പ്രണയത്താൽ ആകർഷിക്കപ്പെട്ട്, തീരുമാനം മാറ്റി അകന്നുപോയാൽ, അവർ തമ്മിലുണ്ടായിരുന്ന ലൈംഗിക ബന്ധം പീഡനമാകുമോ?

ഉറച്ച ഒരു ദാമ്പത്യ ബന്ധത്തിനു പുറത്തുള്ള ഏതു ലൈംഗിക ബന്ധവും ധാർമികമായി പീഡനമെന്നോ, വ്യഭിചാരമെന്നോ, ലൈംഗിക അവിശ്വസ്ഥതയെന്നോ പാപമെന്നോ പറയാമെങ്കിലും, “നിയമപരമായി” ശിക്ഷാർഹമായ കുറ്റകൃത്യമാകുമോ എന്നതു വ്യക്തമല്ല.

യുവത്വവും സ്വാതന്ത്യ ബോധവും

കൗമാരവും യുവത്വവും സ്വാതന്ത്ര്യ ബോധം വളരുന്ന കാലമാണ്. സ്വാതന്ത്ര്യം സ്നേഹം ഉത്തരവാദിത്വം എന്നീ മൂല്യങ്ങൾ ഏതുതരത്തിലാണ് വ്യക്തിയുടെ കാഴ്ചപ്പാടുകളെയും മൂല്യങ്ങളെയും രൂപപ്പെടുത്തുന്നത് എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു.

സമൂഹത്തിന്റെ ധാർമിക സങ്കൽപ്പങ്ങളെ വെല്ലുവിളിക്കാനുള്ള വ്യഗ്രത യുവാക്കൾക്കുണ്ടാവുക സ്വഭാവികമാണ്. എന്നാൽ, സ്വന്തം ജീവിതംകൊണ്ട് അങ്ങനെ ചെയ്യുമ്പോൾ,

അത്തരം പ്രവൃത്തിയുടെ പരിണതഫലത്തേക്കുറിച്ചു കൂടി

ഒരു ധാരണയുണ്ടാകണം. വിദ്യാഭ്യാസം കൊണ്ടുള്ള അറിവ് വസ്തുനിഷ്ഠമാണ്. എന്നാൽ വ്യക്തിയുടെ വളർച്ച സമൂഹത്തിന്റെ ഒരു കൂട്ടുത്തരവാദിത്വമാണ്.

പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിൽ നടക്കുന്ന ലൈംഗിക ബന്ധം”പീഡന”മാകുന്നത്, പരസ്പര സമ്മതമില്ലാതെ ഒരാൾ മറ്റൊരാളിന്റെമേൽ നടത്തുന്ന ലൈംഗിക അതിക്രമം എന്ന നിലയിൽ ആണെങ്കിൽ, പ്രായപൂർത്തി വന്ന “പ്രണയികൾ” തമ്മിലുള്ള രതിയെ എങ്ങനെ കാണണം എന്നത് ഇന്നു സമൂഹത്തിന് ഒരു പ്രഹേളികയായി മാറിയിരിയ്ക്കുന്നു!

പ്രണയവും രതിയും ഒന്നാണെന്ന അവസ്ഥയിലാണ് സാംസ്‌കാരിക കേരളം മുന്നേറിക്കൊണ്ടിരിയ്ക്കുന്നത്! രതി പ്രണയത്തിന്റെ ലക്ഷ്യമായി മാറിയിട്ടുണ്ടോ എന്നും ആലോചിക്കണം. ഇവിടെ ഒരു പ്രശ്നമുണ്ട്. പുരുഷനെ സംബന്ധിച്ചിടത്തോളം, രതി അതിന്റെ ലക്ഷ്യം കണ്ടു കഴിഞ്ഞാൽ, പിന്നെ പ്രണയത്തിനു നിറമില്ലാതായെന്നു വരാം.

അത്തരക്കാർ സമൂഹത്തിൽ വർദ്ധിക്കുമ്പോൾ, പുതിയ പുതിയ പ്രണയങ്ങളിലൂടെ പുരുഷ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയും, വിവാഹ വാഗ്ദാനം നൽകി (നൽകിയോ?), പീഡിപ്പിക്കുന്ന സംഭവങ്ങൾ ഒരു സാമൂഹ്യ പ്രശ്നമായി വളർന്നു വരികയും ചെയ്യാം. ഇതിനിടയിൽ, പല സ്ത്രീ ജീവിതങ്ങളും തകർന്നു പോകുകയോ കഠിനമായ മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകേണ്ടി വരികയോ ചെയ്യാം.

വിവാഹിതർക്കിടയിലേക്കും പ്രശ്നം വ്യാപിക്കുന്നുണ്ട്

“ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം” ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ഒതുങ്ങി നിൽക്കാതെ വരികയും, മറ്റൊരാളുടെ ജീവിത പങ്കാളിയുമായും അത്തരം ബന്ധങ്ങൾ ആകാം എന്ന നിയമ സാഹചര്യം നിലനിൽക്കുകയും ചെയ്യുമ്പോൾ,

ഇക്കാര്യത്തിൽ പരാതിയുള്ള ജീവിത പങ്കാളിക്ക് വിവാഹ മോചനം നേടാൻ സ്വാതന്ത്ര്യമുണ്ട് എന്നതു മാത്രമാണ് നിയമം മുന്നോട്ടു വയ്ക്കുന്ന പ്രതിവിധി!

ഇത്തരം ഒരു പശ്ചാത്തലത്തിൽ, ഇക്കാര്യത്തിൽ

നിയമ സംവിധാനങ്ങൾക്ക് വളരെയൊന്നും ചെയ്യാൻ കഴിയും എന്നു തോന്നുന്നില്ല.

ഒരോ വ്യക്തിയും കുടുംബവും നേടിയെടുക്കേണ്ട ഒരു മാനസിക പക്വതയും ധാർമിക നിലവാരവുമാണ് പ്രധാനം

വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യകരമായ നിലനിൽപ്പിന്, സമുദായങ്ങൾക്കും മതങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പൊതു സമൂഹത്തിനും ഒരു കൂട്ടുത്തരവാദിത്വമുണ്ട് എന്നതു പ്രാധാന്യത്തോടെ കാണണം.

ഫാ. വർഗീസ് വള്ളിക്കാട്ട്

Tags

Share this story

From Around the Web