സിമിത്തേരികള്‍ നമുക്ക് നല്‍കുന്ന സന്ദേശം എന്താണ്?

 
CEMETRY

മഞ്ഞിന്‍ യവനിക നീക്കി തെളിയുന്ന പോലെ ഓരോരോ മുഖങ്ങള്‍ സ്മൃതിയുടെ ഏതോ അടരുകളില്‍ നിന്നും എത്തിനോക്കുന്നു. പുഞ്ചരികള്‍, പരിഭവങ്ങള്‍, നേര്‍ത്ത നനവു പടര്‍ന്ന മിഴികള്‍… സ്‌നേഹം, വാത്സല്യം, സൗഹൃദം… മഹാകാലത്തില്‍ മുങ്ങിപ്പോയ ആയുസ്സിന്റെ വര്‍ഷങ്ങളില്‍ നിന്നും വിടചൊല്ലിപ്പോയവരുടെ മുഖങ്ങള്‍… മനസ്സിപ്പോള്‍ ഒരു വേദികയാകുന്നു.

തുഷാര നദിയില്‍ സ്‌നാനം കഴിഞ്ഞിട്ടെന്നതു പോലെ കയറി വന്ന് പുഞ്ചരി തൂകി കടന്നു പോകുന്ന ഓരോരുത്തരും ഉണര്‍ത്തുന്നത് എത്രയെത്ര വികാരങ്ങളാണ്! വിടര്‍ത്തുന്നത് എത്ര ഓര്‍മപ്പൂക്കളാണ്!

ചിലരുടെ മുന്നില്‍ ഞാന്‍ വീണ്ടും കുഞ്ഞാകുന്നു. വാത്സല്യത്തിന്റെ താമരപ്പൊയ്കയില്‍ ആത്മാവിന്റെ ആന്ദോളനം. കവിള്‍ത്തടങ്ങളില്‍ തലോടി പഴയ ചെല്ലപ്പേര് വിളിക്കുന്ന പതുപതുത്ത മുത്തശ്ശിക്കരങ്ങള്‍…! പൂര്‍ണിമ നുകരാതെ വിട ചൊല്ലിപ്പോയ കാരണവന്‍മാരുടെയും പാതിവഴിയില്‍ പാട്ടുനിര്‍ത്തിയവരുടെയും മുഖങ്ങള്‍ കാലത്തിന്റെ കുഴിമാടങ്ങളില്‍ നിന്ന് ഏതൊക്കെയോ ഭൂതകാലാനുഭവങ്ങളെ കൈപിടിച്ചുയര്‍ത്തുന്നു… തണുത്തും തരിപ്പും ചൂടും ആഹ്ലാദവും സ്‌നേഹവും…

ഓരോ കുഴിമാടവും ഓരോ ജീവിതമാണ്. കാലത്തിന്റെ പടവില്‍ രണ്ടു ചുവട് പിന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും പൂക്കുന്ന ജീവിതങ്ങള്‍. വീണ്ടും കൊണ്ടാടാവുന്ന ജീവിതോത്സവങ്ങള്‍… ഓര്‍മ ജീവിതമാണെങ്കില്‍, സ്മൃതിയുടെ വേദികയില്‍ വീണ്ടും വന്നു നിറയുന്ന സൗഹൃദോത്സവങ്ങള്‍!

~ അഭിലാഷ് ഫ്രേസര്‍ ~

കടപ്പാട്- മരിയൻ ടൈംസ്

Tags

Share this story

From Around the Web