കത്തോലിക്കാ സഭയിലെ ആരാധനാ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവർക്ക് ആരാധനാ ഭാഷയെയും വിലമതിക്കാൻ സാധിക്കില്ല
 

 
21222

*ആരാധനാഭാഷയെ വിലമതിക്കണമെങ്കിൽ……..?*

ദൈവാരാധനയുമായി ബന്ധപ്പെട്ട ആരാധനാഭാഷയെ ഇകഴ്ത്തിക്കാണിക്കുക എന്നത് ഈ കാലഘട്ടത്തിൽ പലരും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഡോ. സൂരജ് പിട്ടാപ്പിള്ളിൽ ഈയിടെ ആരാധനാഭാഷയെ വിശകലനം ചെയ്തുകൊണ്ട് ‘സത്യദീപം’ എന്ന ക്രിസ്തീയ പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു ലേഖനം. പ്രസ്തുത ലേഖനത്തിൽ ഭാഷയുടെ സ്വാധീനത്തെയും വളർച്ചയെയും കുറിച്ച് അദ്ദേഹം വാചാലനാകുന്നുണ്ട്. ഭാഷയുടെ വിഗ്രഹവൽക്കരണത്തെപ്പറ്റി പറയുന്ന അദ്ദേഹം പ്രത്യേകമായി സുറിയാനി ഭാഷയെയാണ് ഉന്നം വെയ്ക്കുന്നത്.

സുറിയാനി ആരാധനാഭാഷയോ?

കത്തോലിക്കാസഭയിലെ ആരാധനാ വൈവിധ്യങ്ങളെ അംഗീകരിക്കുന്നവർക്ക് മാത്രമേ സുറിയാനിയെ ഒരു ആരാധനാ ഭാഷയായി സ്വീകരിക്കാനും ഉൾക്കൊള്ളാനും സാധിക്കുകയുള്ളൂ എന്നത് ഒരു യാഥാർത്ഥ്യമാണ്. സഭയിലെ വൈവിധ്യങ്ങളെ സ്വീകരിക്കാൻ സാധിക്കാത്തവർക്ക് എല്ലാം “കൽദായം”ആയിരിക്കും.

അത്തരക്കാർക്ക് കത്തോലിക്കാ പാരമ്പര്യത്തിലെ ലത്തീൻ ,സുറിയാനി, ഗ്രീക്ക് ആരാധനാഭാഷകളെ അംഗീകരിക്കാൻ സാധിക്കില്ല.രണ്ടാം വത്തിക്കാൻ കൗൺസിലും കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥവും ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്ന വിവിധ സഭകളുടെ വൈവിധ്യങ്ങളെയും സമ്പന്നതയെയും ആദരിക്കാൻ സാധിക്കാത്തവർക്ക് സഭയിലെ ആരാധനാ ഭാഷകൾ എന്ന യാഥാർത്ഥ്യവും ഒരു മരീചിക മാത്രമായി അവശേഷിക്കും!

ആരാധനാഭാഷയെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ

ആരാധനാ ഭാഷയെക്കുറിച്ച് ഏറ്റവും അധികം വാചാലമാകുന്നത് രണ്ടാം വത്തിക്കാൻ കൗൺസിൽ തന്നെയാണ്. കൗൺസിൽ ആരാധനക്രമത്തെക്കുറിച്ച് നൽകിയ കോൺസ്റ്റിറ്റ്യൂഷനിൽ പല സ്ഥലത്തും ആവർത്തിച്ച് പറയുന്ന കാര്യം ദൈവാരാധന പരികർമ്മം ചെയ്യുമ്പോൾ ആരാധനാഭാഷയുടെ ഉപയോഗം വിശേഷ അവസരങ്ങളിലെങ്കിലും നിലനിർത്തണമെന്നാണ്.

മാതൃഭാഷയുടെ പ്രാധാന്യം പറയുന്നതോടൊപ്പം കൗൺസിൽ ആരാധനാഭാഷയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: “ജനങ്ങൾ സംബന്ധിക്കുന്ന കുർബാനയിൽ മാതൃഭാഷയ്ക്ക് സമുചിതമായ സ്ഥാനം നൽകാവുന്നതാണ്… എങ്കിലും കുർബാനക്രമത്തിൽ വിശ്വാസികളുടേതായ പൊതു ഭാഗങ്ങൾ ലത്തീനിൽ ഒരുമിച്ചു ചൊല്ലുന്നതിനോ പാടുന്നതിനോ സാധിക്കുന്ന ക്രമീകരണവും ഉണ്ടായിരിക്കണം”(No.54).

മാതൃഭാഷയെക്കുറിച്ച് പറയുമ്പോഴും ആരാധനാഭാഷയുടെ പ്രാധാന്യം ഒരിക്കലും തള്ളിക്കളയാത്ത കൗൺസിലിനെയാണ് നാമിവിടെ കാണുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പു തന്നെ പൗരസ്ത്യ സഭകൾ തങ്ങളുടെ കുർബാന ടെക്സ്റ്റുകൾ മാതൃഭാഷയിലാക്കിയിരുന്നു എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. സീറോ മലബാർ സഭയിലും ഇപ്രകാരം രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പുതന്നെ മലയാളത്തിൽ വി. കുർബാനയുടെ ടെക്സ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.

സുറിയാനി അതിപ്രസരമോ?

ഇന്ന് സ്ഥാനത്തും അസ്ഥാനത്തും സുറിയാനി വാക്കുകൾ ഉപയോഗിക്കുന്ന പ്രവണത നമ്മുടെ സഭയിൽ വർദ്ധിച്ചു വരുന്നു എന്ന് ആക്ഷേപിക്കുന്ന ലേഖന കർത്താവ് പക്ഷേ അദ്ദേഹത്തിൻ്റെ ലേഖനത്തിൽ കുർബാന എന്ന വാക്ക് ആവർത്തിച്ചുപയോഗിക്കുന്നുണ്ട്. കുർബാന എന്നത് ഒരു സുറിയാനി വാക്കാണ്. അദ്ദേഹത്തിന് വേണമെങ്കിൽ മറ്റു വാക്കുകൾ കുർബാന എന്ന വാക്കിന് പകരമായി ഉപയോഗിക്കാമായിരുന്നു.

പക്ഷേ സ്വാഭാവികമായും കുർബാന എന്ന വാക്കാണ് അദ്ദേഹത്തിൻ്റെ വിരൽത്തുമ്പിൽ വന്നത്. അതു വളരെ സ്വാഭാവികമാണ്. കാരണം, കേരള ക്രൈസ്തവരുടെയിടയിൽ രൂഢമൂലമായ വാക്കുകളാണ് കുർബാന, കൂദാശ, മാമോദീസ, ഹല്ലേലുയ്യ തുടങ്ങിയ സുറിയാനി വാക്കുകൾ. ഇത്തരം വാക്കുകളെ സുറിയാനി ഭാഷയുടെ അധീശത്വം എന്നോ മലയാള ഭാഷയെ അടിച്ചമർത്തലെന്നോ ആയി ആരെങ്കിലും വിശേഷിപ്പിക്കുമോ എന്നറിയില്ല!

സുറിയാനി ഭാഷയിൽ അല്ല, അരമായ ഭാഷയിലാണ് ഈശോ സംസാരിച്ചതെന്ന് വാചാലനാകുന്ന ലേഖന കർത്താവ് ക്രൈസ്തവ ലോകത്തിൽ വികസിതരൂപം പ്രാപിച്ച അരമായയാണ് സുറിയാനി എന്ന് അംഗീകരിക്കാൻ തയ്യാറാണോ? ഈശോയുടെ കാലഘട്ടത്തിനുശേഷം ലോകമെങ്ങും സഭകൾ വളർച്ച പ്രാപിച്ചു. ആ വളർച്ചയുടെ ഭാഗമെന്നോണം ഭാഷകളും വളർന്നു.

ഇപ്രകാരം ദൈവിക വെളിപാടുമായി ബന്ധപ്പെട്ട ഒട്ടേറെ സാഹിത്യസൃഷ്ടികൾ സുറിയാനി ഭാഷയിൽ രൂപപ്പെട്ടു. ഇന്ന് ലോകപ്രസിദ്ധമായ ഓക്സ്ഫോർഡ് മുതലായ സർവ്വകലാശാലകളിൽ ഇപ്രകാരമുള്ള സാഹിത്യ സൃഷ്ടികൾ പ്രധാനപ്പെട്ട ഗവേഷണഗ്രന്ഥങ്ങളായി നിലകൊള്ളുന്നു എന്നത് ഒരു അധ്യാപകൻ കൂടിയായ ലേഖന കർത്താവ് അംഗീകരിക്കുമോ?

അന്ധമായ ഭാഷാവിരോധമോ?

കുരിശിൽ എഴുതപ്പെട്ട മൂന്ന് ഭാഷകളായ ഹീബ്രു ,ലത്തീൻ, ഗ്രീക്ക് എന്നിവയെപ്പറ്റി ലേഖനകർത്താവ് പറയുന്നുണ്ട്. ഇവ മൂന്ന് ഭാഷകൾ മാത്രമല്ലെന്നും മറിച്ച് സകല ഭാഷകളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്ന സാർവത്രിക അടയാളമാണെന്നും അദ്ദേഹം പറയുന്നു. വാസ്തവത്തിൽ, ഇന്ന് ഈ മൂന്ന് ഭാഷകളും സെമിനാരികളിൽ പഠിപ്പിക്കുന്നുണ്ട്. എങ്കിൽ എന്തു കൊണ്ടാണ് സുറിയാനി മാത്രം പാടില്ല എന്ന് പറയുന്നത്? ചില വ്യക്തികളുടെ ഇത്തരം സമീപനങ്ങൾ വളരെ വിചിത്രമായി തോന്നുന്നു.

സുറിയാനിയോടുള്ള വിരോധം കൊണ്ടാവണം സുറിയാനി കുർബാന ചൊല്ലിയിരുന്ന സമയത്ത് വിശ്വാസികൾ കൊന്ത ചൊല്ലിയിരുന്നെന്ന് ലേഖന കർത്താവ് ആരോപിക്കുന്നത്. ഇതും ചരിത്രപരമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

കൊന്ത പതിമൂന്നാം നൂറ്റാണ്ടിലാണ് പാശ്ചാത്യ സഭയിൽ പ്രചാരത്തിലായത്. പിന്നീട് ലത്തീൻ ഭരണകാലത്ത് പതിനാറാം നൂറ്റാണ്ടിന് ശേഷമാണ് കേരളത്തിലെ സഭയിൽ ഇത് പ്രചാരത്തിലാകുന്നത്. പതിനാറാം നൂറ്റാണ്ടിനു മുമ്പ് വിശ്വാസികൾ കൊന്ത ചൊല്ലിക്കൊണ്ടായിരുന്നോ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചിരുന്നത്? കൊന്ത പ്രചാരത്തിലാകുന്നതിന് മുമ്പ് വിശ്വാസികൾ ഇവിടെ ജീവിച്ചിരുന്നില്ലേ? തുടങ്ങിയ ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്.

സുറിയാനി ഗീതങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവർ നമ്മുടെ ദേശീയ ഗാനത്തെയും ദേശീയഗീതത്തെയും പറ്റി എന്ത് പറയുന്നു? ജനഗണമനയും വന്ദേമാതരവും അർത്ഥം അറിയാത്തതുകൊണ്ട് പാടുന്നില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്ന ആരെയും ഇന്നുവരെ കണ്ടിട്ടില്ല. മറിച്ച്, ആ ഗീതങ്ങൾ ഓരോ ഇന്ത്യക്കാരൻ്റെയും ഹൃദയത്തിൽ ദേശഭക്തി ഉണർത്തുകയാണ് ചെയ്യുന്നത്.

അങ്ങനെയെങ്കിൽ, തങ്ങളുടെ ആരാധനാപൈതൃകത്തെയും വിശ്വാസ വഴികളെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ എന്തുകൊണ്ട് സുറിയാനി ഗീതങ്ങളെ ഉപയോഗപ്പെടുത്താൻ സാധിക്കില്ല? മറ്റു വിദേശ ഭാഷകൾ കുട്ടികളെ പഠിപ്പിക്കാൻ ഉത്സാഹം കാണിക്കുന്നവർക്ക് എന്തുകൊണ്ട് ആരാധനാ ഭാഷയെ പഠിപ്പിക്കാൻ സാധിക്കുന്നില്ല? ഉത്തരം ഒന്നേയുള്ളൂ. അന്ധമായ സുറിയാനിവിരോധവും Utilitarian കാഴ്ചപ്പാടും.

അന്ധമായ ഭാഷാവിരോധം പ്രാദേശികവാദികളുടെ ലക്ഷണമാണ്. അവർക്കാണ് മറ്റു ഭാഷകൾ അടിച്ചേൽപ്പിക്കൽ ആയി അനുഭവപ്പെടുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ അതിനുദാഹരണമാണ്.

ആരാധനാഭാഷയും ബാബേൽ ഗോപുരവും

ആരാധനാഭാഷയെ ആദരിക്കുന്നതിനെ ലേഖന കർത്താവ് പഴയ ബാബേൽ ഗോപുരം പുനർ നിർമ്മിക്കുന്നതിനോട് ഉപമിക്കുന്നത് ഏറെ ദയനീയകരമാണ്. സുറിയാനിയെ മാത്രമല്ല ക്രിസ്തീയ പാരമ്പര്യത്തിലെ ലത്തീൻ, ഗ്രീക്ക് എന്നീ ആരാധനാഭാഷകളെയും യാഥാർത്ഥ്യ ബോധത്തോടെ വീക്ഷിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ഈ ആരാധനാ ഭാഷകളോട് ചേർന്നാണ് പ്രസിദ്ധമായ പല ആലാപനരീതികളും (chant) നിലനിൽക്കുന്നത്.

ഇപ്രകാരം, ഗ്രിഗോറിയൻ ചാന്റും ഗ്രീക്ക് -ബൈസൻ്റയിൻ ചാന്റുകളും സുറിയാനി ചാന്റും സാർവത്രിക സഭയിൽ നിലനിൽക്കുന്നു. ഇത് ഈ സഭയുടെ അതിമഹത്തായ വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. “കത്തോലിക്കാസഭയിലെ ആരാധനാ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവർക്ക് ആരാധനാ ഭാഷയെയും വിലമതിക്കാൻ സാധിക്കില്ല” എന്ന പ്രസ്താവന ഈ കാലഘട്ടത്തിൽ ഏറെ വാസ്തവമാണ്.

ഫാ.ജോസഫ് കളത്തിൽ,താമരശ്ശേരി രൂപത.

Tags

Share this story

From Around the Web