ദമ്പതികള്‍ തമ്മില്‍ കൂടുതല്‍ ഐക്യമുണ്ടാവണോ ഇതാണ് ഫലപ്രദമായ മാര്‍ഗ്ഗം

 
couple

ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഒരുമിച്ചുള്ള യാത്രകള്‍, ആഴ്ച തോറുമുളള ഔട്ടിംങുകള്‍, സിനിമയ്ക്കും പാര്‍ക്കിലും പോകുന്നത്, ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത്.. ഇതെല്ലാം നല്ലതാണ്.എന്നാല്‍ ഒരു ക്രൈസ്തവദമ്പതികളെ സംബന്ധിച്ച് ഇതിനൊപ്പം തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഒരുമിച്ചുളള പ്രാര്‍ത്ഥന.

പലരും മറന്നുപോകുന്ന ഒരു കാര്യമാണ് ഇത്. ഏതെങ്കിലും പ്രശ്‌നപരിഹാരത്തിന് വേണ്ടി ധ്യാനഗുരുക്കന്മാരെയോ കൗണ്‍സിലര്‍മാരെയോ സമീപിക്കുമ്പോഴാണ് അവര്‍ തിരിച്ചറിയുന്നത് തങ്ങള്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കാന്‍ മറന്നുപോയിരിക്കുന്നുവെന്ന്. ഒരുപക്ഷേ കുടുംബപ്രാര്‍ത്ഥന ചടങ്ങുപോലെ നിര്‍വഹിക്കുന്നവരായിരിക്കും പലരും.

എന്നാല്‍ അതിന് ശേഷം ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് തങ്ങളുടെ ഭാവിആവശ്യങ്ങള്‍ക്കുവേണ്ടിയും തങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായും അതാതുദിവസത്തെ ഇടപെടലുകളെ മുഴുവനായി വിലയിരുത്തിയും പ്രാര്‍ത്ഥിക്കാന്‍ കിടക്കുന്നതിന് മുമ്പ് അഞ്ചോ പത്തോ മിനിറ്റോ എങ്കിലും നീക്കിവയ്ക്കുക. തങ്ങളെ കൂട്ടിയോജിപ്പിച്ച ദൈവത്തിന് നന്ദി പറയുക. പരസ്പരം സംഭവിച്ചുപോയ തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും മുറിപ്പെടുത്തിയ സംസാരത്തിനും മാപ്പു ചോദിക്കുക.

പതിവായി ഇപ്രകാരം ചെയ്യുമ്പോള്‍ അത് പരസ്പര സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കാനും ബന്ധം ദൃഢമാക്കാനും സഹായകരമായിത്തീരും.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web