വീട്ടിലെ പ്രശ്നങ്ങളിൽ മുതിർന്നവർ മധ്യസ്ഥത ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 
22222

സ്വന്തം വീട്ടിലോ വിശാല കുടുംബത്തിലോ തർക്കങ്ങളും കലഹങ്ങളുമുണ്ടാകുമ്പോൾ മുതിർന്ന പൗരന്മാരുടെ ഉപദേശം

തേടുന്നവരുണ്ട്. അനുഭവ സമ്പത്തും പാകതയും ഉള്ളത് കൊണ്ട് ഇലയ്ക്കും മുള്ളിനും കേടില്ലാതെയുള്ള പരിഹാരത്തിലേക്ക് നയിക്കുമെന്ന

വിശ്വാസത്തിലാണ് ഈ സഹായം തേടുന്നത്. ഇളമുറക്കാരുടെ ദാമ്പത്യ പിണക്കങ്ങൾ, മക്കൾ തമ്മിലെ ഈഗോ പ്രശ്നങ്ങൾ, പേരക്കുട്ടികളുടെ വഴക്കുകൾ തുടങ്ങി പലതിലും സമാധാനത്തിന്റെ വെള്ളക്കൊടി വീശാൻ മുതിർന്നവർ ഇടപെടേണ്ടി വരാം.സൂഷ്മമായി ചെയ്യേണ്ടതാണിത്. ഇല്ലെങ്കിൽ ഇരുകൂട്ടരുടെയും പഴി

കേൾക്കേണ്ടി വരും.

നല്ല മധ്യസ്ഥതയ്ക്ക് നിഷ്പക്ഷത നിർബന്ധമാണ്. അത് പാലിക്കാൻ

പറ്റാത്ത വിധത്തിലുള്ള ഇഷ്ടക്കാരുടെ സാന്നിധ്യമോ, മുൻവിധികളോ ഉണ്ടെങ്കിൽ സ്നേഹപൂർവം ഒഴിയുക.

കലഹിക്കുന്ന പ്രധാന വ്യക്തികളെ തനിയെ കേൾക്കണം. ആദ്യമേ ഒരുമിച്ചിരുത്തി സംസാരിച്ചാൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളാകും ഫലം. ഒറ്റയ്ക്ക് സംസാരിച്ചാൽ യോജിപ്പിന്റെ സാദ്ധ്യതകൾ കണ്ടെത്താൻ കഴിഞ്ഞേക്കും.ഒരുമിച്ചുള്ള ആശയവിനിമയങ്ങളെ ഈ ദിശയിലേക്ക് നയിക്കാനുള്ള മുന്നൊരുക്കം നടത്താനാകും.പോരടിക്കാതെ ആദരവോടെ പരസ്പരം മിണ്ടാനും കേൾക്കാനുമുള്ള സാഹചര്യം ഒരുക്കാനായേക്കും.

പരസ്പരം സമ്മതിക്കാവുന്ന

പരിഹാരങ്ങൾ സ്വയം തിരിച്ചറിയാൻ അപ്പോൾ കഴിഞ്ഞേക്കും .

വിഭിന്ന വീക്ഷണങ്ങളുടെ ശരി തെറ്റുകളെ അവർ നിശ്ചയിക്കട്ടെ. അതിലേക്ക്‌ നയിക്കുന്ന റോളിൽ നിന്നാൽ മതി. ജഡ്ജി ആകേണ്ടതില്ല .ഒറ്റയ്ക്കുള്ള വർത്തമാനത്തിൽ പറയുന്ന ചില കാര്യങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കേണ്ടിയും വരാം.

അനുരഞ്ജനത്തിന് ശ്രമിക്കുമ്പോൾ കോപത്തിനടിമപ്പെടാതെ ശാന്തമായി തർക്കങ്ങളെ കൈകകാര്യം ചെയ്യണം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള പഴി പറച്ചിലിലേക്ക് വഴുതി മാറുമ്പോൾ, അത് പ്രയോജനരഹിതമെന്ന് ദൃഡമായി ഓർമ്മിപ്പിക്കാം. പരിഹാരത്തിനുള്ള ആശയങ്ങളെ കുറിച്ചുള്ള സംസാരത്തിലേക്ക് വഴി തിരിച്ചു വിടാം. അത് സാധിക്കുന്നില്ലെങ്കിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് ഒരു ഇടവേള നൽകാം. തർക്കിക്കുന്നവരുടെ മനസ്സ് തണുക്കട്ടെ.

മധ്യസ്ഥതയുടെ ഒടുവിൽ എല്ലാവരും പറഞ്ഞ കാര്യങ്ങൾ ചുരുക്കി പറയാം.

തിരുത്താനുള്ളവയും വിട്ടുപോയതും അവർ കൂട്ടി ചേർക്കട്ടെ. സംഘർഷങ്ങളെ ഒഴിവാക്കാൻ യോജിച്ചെടുത്ത തീരുമാനങ്ങളും അറിയിക്കാം .ഇത് സാധ്യമായതിന് അനുമോദിക്കാം.

വീട്ടിലെ മുതിർന്ന വ്യക്തിയായത്‌ കൊണ്ട് അനുസരണയോടെ മറ്റുള്ളവർ വഴങ്ങുമെന്ന വിചാരം വേണ്ട. നിഷ്പക്ഷത ചോദ്യം ചെയ്യുന്നതായി തോന്നിയാലും, തർക്കം കീറാമുട്ടിയായി അനുഭവപ്പെട്ടാലും പരിഭവമില്ലാതെ പിൻവാങ്ങുക. പ്രൊഫെഷനലുകളുടെ ഇടപെടലുകൾ നിർദ്ദേശിക്കാം.

(ഡോ. സി. ജെ .ജോൺ)

Tags

Share this story

From Around the Web