അവർ വെള്ളവസ്ത്രം ധരിക്കുന്നത് കീഴടക്കാനല്ല, മറിച്ച് പരിപാലിക്കാനാണ്, ഈ ക്രിസ്തീയ മിഷണറിമാർ തിരിച്ചുപോരുവാൻ തയ്യാറാണ് നിങ്ങൾ രാഷ്ട്രീയക്കാരും മേലാളന്മാരും അവരെ യഥാർത്ഥ മനുഷ്യരായി കരുതിയാൽ

ദൈവാലയങ്ങളിൽ മാത്രമല്ല സമൂഹം മറക്കുന്ന കോണുകളിൽ, കുഷ്ഠരോഗികളുടെ വീടുകളിൽ, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ, ചേരികളിൽ, മരിക്കുന്നവരുടെ കിടക്കയ്ക്കരികുകളിൽ – നിങ്ങൾക്ക് ഈ ക്രൈസ്തവ സഹോദരിമാരെ കാണാം.
മെഗാഫോണുകൾ കൊണ്ടല്ല, മരുന്നുകൾ കൊണ്ട്.
ലഘുലേഖകൾ കൊണ്ടല്ല, ഭക്ഷണം കൊണ്ട്, വാഗ്ദാനങ്ങൾ
കൊണ്ടല്ല മറിച്ച് വാത്സല്യം കൊണ്ട് അവർ അവരിൽ ഒരാളായി മാറുന്നു.
ഇന്ന് കന്യാസ്ത്രീകളെ കല്ലെറിയുന്നവർ ഓർക്കുക ഈ കന്യാസ്ത്രീകൾ തന്നെയാണ് ഇന്ത്യയിൽ 40000 ൽ അധികം മാനസിക രോഗികളെ നോക്കുന്നത്. ഈ മാനസിക രോഗികൾ ഇന്ത്യയുടെ പൊതു ഇടങ്ങളിലേക്ക് കടന്നു വന്നാൽ ഉള്ള അവസ്ഥ എന്താണ്. ഇന്ത്യയിൽ എത്ര സർക്കാർ, സർക്കാർ ഇതര സംവിധാനങ്ങൾ ഉണ്ട് ഈ മനുഷ്യരെ നോക്കുവാൻ.
ഈ മാനസിക രോഗികളെയും ഇവർ മതപരിവർത്തനത്തിന് വേണ്ടിയാണോ ഉപയോഗിക്കുന്നത്. 59000 ലധികം വൃദ്ധരായ മാതാപിതാക്കളെയും, പാലിയേറ്റീവ് കെയർ സെന്റർ കളിലൂടെയും മറ്റ് ഭവന ശുശ്രൂഷകളിലൂടെയും 11500ലധികം രോഗികളെ പ്രത്യേകിച്ച് കിടപ്പിലായി വരെ ശുശ്രൂഷിക്കുന്നതും ഇതേ മതപരിവർത്തനത്തിന് വേണ്ടിയാണോ.
1800 ലധികം കുഞ്ഞുങ്ങളെയും 2650ലധികം മനോ ദൗർബല്യമുള്ള കുഞ്ഞുങ്ങളെയും 700 ഓളം എയ്ഡ്സ് രോഗികളെയും അവർ ശുശ്രൂഷിക്കുന്നത് മതപരിവർത്തനത്തിന് വേണ്ടിയാണെന്ന് പറയുന്നവർ ഇതു കൂടി അറിയട്ടെ.
1320 ഓളം സഭയുടെ ഓർഫനേജുകളിൽ നിന്നും 2700 ലതികം ഹോസ്റ്റലുകളിൽ നിന്നും ഓരോ വർഷവും പഠിച്ചിറങ്ങിയവരെയും ഇപ്പോൾ പഠിക്കുന്നവരെയും മതപരിവർത്തനം ചെയ്തിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായ നിലയിലേക്ക് ക്രൈസ്തവർ വളരുമായിരുന്നു.
ഇതിനെ മതപരിവർത്തനം എന്ന് വിളിക്കുന്നവർ ഓർക്കുക അത് അനുകമ്പയിലൂടെയുള്ള ശാക്തീകരണത്തിലേക്കുള്ള പരിവർത്തനമാണ്.
അവർ വെള്ളവസ്ത്രം ധരിക്കുന്നത് കീഴടക്കാനല്ല, മറിച്ച് പരിപാലിക്കാനാണ്.
അവരുടെ ഈ വസ്ത്രം കരുണയുടെ മേലങ്കിയാണ്.
അവർ നിശബ്ദതയിൽ നടക്കുന്നു, സേവനത്തിൽ സംസാരിക്കുന്നു.
ആദിവാസികളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വേദനകൾ കേൾക്കുമ്പോൾ അവർ കണ്ണുനീര് കൊണ്ട് സ്നാനം നൽകുന്നു. ഒട്ടിയ വയറുകൾ കാണുമ്പോൾ അവർ അപ്പം കൊണ്ട് അവർക്ക് ജീവൻ നൽകുന്നു.
ഈ ക്രിസ്തീയ മിഷണറിമാർ തിരിച്ചുപോരുവാൻ തയ്യാറാണ് നിങ്ങൾ രാഷ്ട്രീയക്കാരും മേലാളന്മാരും അവരെ യഥാർത്ഥ മനുഷ്യരായി കരുതിയാൽ. ആരും പോകാൻ ആഗ്രഹിക്കാത്ത സ്ഥലങ്ങളിൽ അവർ പോകുന്നത് നിങ്ങൾക്ക് അവരെ വേണ്ടെങ്കിലും അവിടുത്തെ പാവങ്ങൾക്ക് അവരെ ആവശ്യമുണ്ട്.
Alex Thomas Neendoor