വസ്ത്രധാരണത്തിലെ ദൈവശാസ്ത്രം: കത്തോലിക്കാ ഫാഷൻ വിദഗ്ധ മേരി ഹാർപ്പർ നൽകുന്ന നിർദേശങ്ങൾ
നമ്മുടെ വസ്ത്രധാരണ രീതി കേവലം ഒരു ബാഹ്യരൂപമല്ല, മറിച്ച് അത് നമ്മുടെ വിശ്വാസത്തിന്റെയും മാനുഷിക അന്തസ്സിന്റെയും പ്രകടനമാണെന്ന് കത്തോലിക്കാ എഴുത്തുകാരിയും ഫാഷൻ വിദഗ്ധയുമായ മേരി ഹാർപ്പർ വ്യക്തമാക്കുന്നു. ‘ദി ലിറ്റർജിക്കൽ സ്റ്റൈൽ ഗൈഡ്’ എന്ന തന്റെ പുസ്തകത്തിലൂടെ, വസ്ത്രധാരണത്തിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ പ്രതിപാദിക്കുന്നു. ബൈബിളിൽ നൂറിലധികം തവണ വസ്ത്രങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും, അവ പലപ്പോഴും ദൈവത്തിന്റെ കരുണയുടെയും കരുതലിന്റെയും പ്രതീകമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
കൃപയുടെ മേലങ്കികൾ
ആദിപാപത്തിന് ശേഷം ആദാമും ഹവ്വായും അത്തിയിലകൾ കൊണ്ട് നഗ്നത മറയ്ക്കാൻ ശ്രമിച്ചപ്പോൾ, ദൈവം അവർക്ക് മൃഗത്തോൽ കൊണ്ടുള്ള വസ്ത്രങ്ങൾ നൽകി സംരക്ഷിച്ചു. ഈ ബൈബിൾ ചിത്രം മനുഷ്യന്റെ മാന്യതയെയാണ് സൂചിപ്പിക്കുന്നത്. ദൈവം നമ്മെ കൃപയുടെ വസ്ത്രങ്ങൾ കൊണ്ട് മൂടാൻ ആഗ്രഹിക്കുന്നുവെന്ന് ഹാർപ്പർ പറയുന്നു. ഓരോ ദിവസവും വസ്ത്രം ധരിക്കുന്നത് നമ്മുടെ സ്നാന വസ്ത്രത്തെയും ക്രിസ്തുവിൽ നാം ആരാണെന്ന ബോധ്യത്തെയും പുതുക്കുന്നതിനുള്ള ഒരു ആത്മീയ മാർഗമായി കാണണമെന്നും അവർ ഓർമ്മിപ്പിക്കുന്നു.
വസ്ത്രം ഒരു ക്രൈസ്തവ സാക്ഷ്യം
നമ്മുടെ വസ്ത്രധാരണം നാം ഉദ്ദേശിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവരുമായി എന്തെങ്കിലും ആശയവിനിമയം നടത്തുന്നുണ്ട്. ഒരു സ്കൂൾ യൂണിഫോമോ പുരോഹിതന്റെ വസ്ത്രമോ നൽകുന്ന വ്യക്തമായ സന്ദേശം പോലെ, സാധാരണ വസ്ത്രധാരണത്തിലൂടെയും സുവിശേഷ മൂല്യങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കും. എളിമ എന്നത് ശരീരം മോശമായതുകൊണ്ട് മറച്ചുപിടിക്കുന്ന ഒന്നല്ല, മറിച്ച് മനുഷ്യശരീരത്തിന്റെ നന്മയെയും സൗന്ദര്യത്തെയും ബഹുമാനിക്കുന്നതാണെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ‘ശരീര ദൈവശാസ്ത്രത്തെ’ (Theology of the Body) ഉദ്ധരിച്ച് അവർ വിശദീകരിക്കുന്നു.
വിശുദ്ധരിൽ നിന്നുള്ള പ്രചോദനം
ദൈനംദിന ഫാഷനിൽ വിശുദ്ധരുടെ സ്വാധീനം കൊണ്ടുവരാൻ ഹാർപ്പർ ഒരു ക്രിയാത്മക മാർഗം നിർദ്ദേശിക്കുന്നു. ഇത് അവരെ അന്ധമായി അനുകരിക്കലല്ല, മറിച്ച് പ്രതീകാത്മകമായ ആംഗ്യങ്ങളാണ്. ഉദാഹരണത്തിന്, ബൂട്ടുകളോ ജീൻസോ ധരിക്കുമ്പോൾ കുതിരസവാരി ഇഷ്ടപ്പെട്ടിരുന്ന ആൻഡീസിലെ വി. തെരേസയോടു പ്രാർഥിക്കുന്നത് ഒരു മികച്ച ശീലമാണ്. വസ്ത്രധാരണം എന്നത് വിവേചനത്തോടെയും സർഗാത്മകതയോടെയും ചെയ്യേണ്ട ഒരു പ്രവർത്തനമാണ്.
പരിശുദ്ധാത്മാവും സർഗാത്മകതയും
വസ്ത്രധാരണത്തിന്റെ കാര്യത്തിൽ കത്തോലിക്കർ അനാവശ്യമായ സമ്മർദ്ദങ്ങൾക്കോ കർശനമായ നിയമങ്ങൾക്കോ അടിമപ്പെടരുത്. പകരം, ഈ മേഖലയിൽ പരിശുദ്ധാത്മാവിന്റെ സർഗാത്മകതയെ ക്ഷണിക്കണം. “പരിശുദ്ധാത്മാവേ വരൂ” എന്ന് പ്രാർഥിച്ചുകൊണ്ട് അതാത് ദിവസത്തേക്കുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നത് ആ പ്രവൃത്തിയെ കൂടുതൽ സന്തോഷകരവും അർഥവത്തുമാക്കും. വിവേചനബുദ്ധിയോടെയും സന്തോഷത്തോടെയും വസ്ത്രം ധരിക്കുന്നത് ചുറ്റുമുള്ളവർക്ക് നൽകുന്ന ഒരു സേവനം കൂടിയാണെന്ന് പറഞ്ഞുകൊണ്ട് ഹാർപ്പർ ഉപസംഹരിക്കുന്നു.