മുനമ്പം കേസു നടത്തിപ്പ്, തെറ്റായ നിയമോപദേശത്തിൻ്റെ ഉത്തമദൃഷ്ടാന്തം, അജ്ഞരോ ചതിയന്മാരോ ആയ വക്കീലന്മാരുടെ നിയമോപദേശം കണ്ണും പൂട്ടി സ്വീകരിച്ചു- ഫാ. ജോഷി മയ്യാറ്റിൽ
തെറ്റായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂസംരക്ഷണ സമിതി കേസുകൾ നടത്തിയതെന്ന് പറയുന്നതിന്റെ കാരണം ഞാൻ പലതവണ നേരിട്ടും അല്ലാതെയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മുഖ്യ കേസു നടത്തിപ്പുകാരനു മാത്രം അതു മനസ്സിലാകുന്നില്ല!
വീണ്ടും അത് അദ്ദേഹത്തോടു പറയേണ്ട ആവശ്യം എനിക്കില്ലെങ്കിലും അദ്ദേഹം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന 610 കുടുംബങ്ങൾക്കു വേണ്ടി മാത്രമാണ് ഞാൻ, പരസ്യസംവാദത്തിൻ്റെ ഭാഗമായി, ഇതെഴുതുന്നത്.
അദ്ദേഹം ചറപറ കേസു നടത്തിയെന്നതിൽ ആർക്കും സംശയമില്ല. പണം തരാൻ ആളുണ്ടെങ്കിൽ ആർക്കും കേസു നടത്താം. പക്ഷേ, എങ്ങനെ ഉത്തരവാദിത്വത്തോടെ കേസു നടത്തുന്നു എന്നതാണ് സുപ്രധാനം. കേസുമായി ബന്ധപ്പെട്ട നിയമങ്ങൾ സ്വയം പഠിച്ചില്ലെങ്കിൽ വക്കീലന്മാരുടെ വാക്കു കേട്ട് അങ്ങോട്ടുമിങ്ങോട്ടും ഒരു ഗുണവുമില്ലാതെ ഓടേണ്ടി വരും. അതു തന്നെയാണ് മുനമ്പംകാരുടെ കേസു നടത്തിപ്പിൽ ഇതുവരെ സംഭവിച്ചിട്ടുള്ളതും.
അജ്ഞരോ ചതിയന്മാരോ ആയ വക്കീലന്മാരുടെ നിയമോപദേശം കണ്ണും പൂട്ടി സ്വീകരിക്കാൻ നിങ്ങൾക്കിടയായി. അങ്ങനെ, ട്രൈബ്യൂണലിൽ പോകേണ്ടതിനു പകരം ഹൈക്കോടതിയിൽ പോയി; ഒറിജിനൽ ആപ്ലിക്കേഷൻ നല്കുന്നതിനുപകരം വെറും കക്ഷിചേരൽ നടത്തി!
എന്താണ് നിയമം എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഒരു നിയമോപദേശം തെറ്റും ശരിയും ആകുന്നത്.
പ്രസക്ത നിയമങ്ങൾ
1. ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തർക്കത്തിൽ ഹൈക്കോടതിക്ക് റിട്ട് പെറ്റീഷനടിയിൽ തീർപ്പുകൽപ്പിക്കാൻ കഴിയില്ല.
2. വഖഫുമായി ബന്ധപ്പെട്ട ഉടമസ്ഥതാതർക്കം പരിഹരിക്കേണ്ടത് വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിൽ വഖഫ് ട്രൈബൂണലിലൂടെ മാത്രം ആയിരിക്കണം.
3. വഖഫ് തർക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദ്യം സമീപിക്കേണ്ടത് വഖഫ് ട്രൈബ്യൂണലിനെയാണ്. ആ വിഷയം റിട്ട് പെറ്റീഷനടിയിൽ ഹൈക്കോടതി പരിഗണിക്കാൻ പാടില്ല.(Ref. സുപ്രീം കോടതിയുടെ 2010 നവംബർ 23-ലെ Board of Waqf, West Bengal Vs. Anis Fatma Begum എന്ന കേസ്സിലെ വിധി).
4. വഖഫ് Act 1995 ലെ Sec.83 (2) പ്രകാരം വഖഫ് ബോർഡിന്റെ ഉത്തരവിനെതിരേ സമയബന്ധിതമായി സമീപിക്കേണ്ടത് വഖഫ് ട്രൈബ്യൂണലിനെയാണ്. കൂടാതെ അതിന്റെ തീരുമാനം അന്തിമവും ആയിരുന്നു. അതിനെതിരേ അപ്പീൽ പോലും സാധ്യമായിരുന്നില്ല എന്ന് സാരം.
ഭൂസംരക്ഷണ സമിതി ചെയ്തതെന്ത്?
മേൽപ്പറഞ്ഞ നിയമങ്ങളുടെ വെളിച്ചത്തിൽ ഭൂസംരക്ഷണ സമിതിയുടെ കേസ്സ് നടത്തിപ്പ് വിലയിരുത്താം.
വഖഫ് ബോർഡ് 20.5.2019 ൽ മുനമ്പത്തെ വഖഫായി പ്രഖ്യാപിച്ചു. തുടർന്ന് 25.9.2019-ൽ വഖഫ് ആസ്തി രജിസ്റ്ററിൽ എഴുതി ചേർക്കുകയും ചെയ്തു. അതിനു ശേഷം 13.1.2022-ൽ വഖഫ് ബോർഡ് CEO തൻ്റെ EC-130/2020 നമ്പർ കത്ത് പ്രകാരം കുഴിപ്പിള്ളി വില്ലേജ് ഓഫീസർക്ക് നിങ്ങളുടെ ടാക്സ് അടക്കാനുള്ള അവകാശം മാത്രമല്ല മറിച്ച് വസ്തുവിന്റെ ഉടമസ്ഥത തന്നെ നഷ്ടമായതായി അറിയിച്ചു.
തുടർന്ന്, റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ 20.07.2022-ൽ കൂടിയ യോഗം കരം അടക്കുന്നതിലൂടെ ഉടമസ്ഥാവകാശം ലഭിക്കുന്നില്ല എന്ന കാര്യം എടുത്ത് പറഞ്ഞു കൊണ്ട് മുനമ്പത്തുകാർ വെറുതെ കരമടച്ചോട്ടെ എന്ന ധാരണയിൽ എത്തി. അതിന്റെ അടിസ്ഥാനത്തിലാണ് 4.10.2022-ലെ DCEK M 9381/2022 - L11 നമ്പർ കത്ത് പ്രകാരം ജില്ലാ കളക്ടർ തഹസിൽദാർക്ക് കരം സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. ആ കത്തിലും കരമടക്കുന്നതിലൂടെ ഉടമസ്ഥാവകാശം ലഭിക്കുന്നതല്ല എന്ന് എടുത്തുപറഞ്ഞിരുന്നു.
ജോസ് പോൾ കാച്ചപ്പിള്ളി ഫയൽ ചെയ്ത WP(c) 12121/22 എന്ന കേസിലെ 12.12.2022-ലെ വിധിയിൽ താങ്കൾ അവകാശപ്പെടുന്നതു പോലെ റവന്യൂ അവകാശങ്ങൾ (ഉടമസ്ഥത) സ്ഥാപിച്ചു നൽകിയില്ല. മറിച്ച്, പള്ളിപ്പുറം വില്ലേജിലെ Sy. 26/44 (Re. Sy.18/1/4) ജോസ് പോളിന്റെ മാത്രം വസ്തുവിൽ താൽക്കാലികമായി Mutation നടത്താനും കരം സ്വീകരിക്കാനുമുള്ള നിർദ്ദേശമാണ് നൽകിയത്. അത് താൽക്കാലികം മാത്രമാണെന്നും അതിലൂടെ ജോസ് പോളിന് ഉടമസ്ഥത ലഭിക്കുന്നതല്ല എന്നും കോടതി പ്രത്യേകം പറഞ്ഞിരുന്നു.
അന്നേ ദിവസം തന്നെ നാസിർ മനയിൽ ഫയൽ ചെയ്ത 36063/2022 എന്ന കേസിലും ഒരു ഇടക്കാല വിധി ഉണ്ടായിരുന്നു. അത് കേസു നടത്തിപ്പുകാരൻ സൂചിപ്പിച്ചതുപോലെ, തൽസ്ഥിതി (മുനമ്പം വഖഫാണെന്ന സ്ഥിതി) തുടരാമെന്നും എന്നാൽ റവന്യൂ അധികാരികൾക്ക് റവന്യൂ സർട്ടിഫിക്കറ്റുകൾ, Mutation, കരം സ്വീകരിക്കൽ എന്നിവ തൽക്കാലം അനുവദിക്കാം എന്നുമാണ് പറഞ്ഞിരുന്നത് (ഇടക്കാല വിധി താൽക്കാലികമാണെന്ന് എല്ലാവർക്കും അറിയാമല്ലോ). എന്നാൽ അതുപോലും തള്ളിക്കളഞ്ഞ് കേസിൽ അന്തിമവാദം കേൾക്കാൻ സിംഗിൾ ബഞ്ചിനോട് ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടു. ഇതിനെയാണ് റവന്യൂ അവകാശങ്ങൾ Justice T.R. രവിഅനുവദിച്ചു നൽകി എന്ന് ചിലർ വീമ്പു പറയുന്നത്! Pending ആയ കേസിൽ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചതിനു ശേഷം, 'നിങ്ങൾ വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ട്രൈബ്യൂണലിൽ പോകേണ്ടിവരും' എന്ന് ഏതെങ്കിലും ജഡ്ജി പറയുമോ? വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിലൂടെ ഉടമസ്ഥൻ ആരാണെന്നല്ലേ തീരുമാനിക്കുന്നത്? ഉടമസ്ഥൻ ആരെന്ന് ആദ്യം തീരുമാനിക്കാതെ എങ്ങനെയാണ് റവന്യൂ അവകാശം പുന:സ്ഥാപിക്കുന്നത്? നിങ്ങൾ 'റവന്യൂ അവകാശം' എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? കരം അടക്കാനുള്ള അവകാശം എന്നാണോ? ഒരു വസ്തുവിൽ ഉടമസ്ഥനുള്ള അവകാശമല്ലേ റവന്യൂ അവകാശം?
ഹൈക്കോടതി സിംഗിൾ ബഞ്ച് പരിഗണിച്ചു എന്നും വാദം കേട്ടു എന്നും പറയുന്ന കേസുകളിൽ എന്ത് സംഭവിച്ചു? മേൽപ്പറഞ്ഞ നിയമങ്ങളുടെ അടിസ്ഥാനത്തിൽ എന്നെങ്കിലും എന്തെങ്കിലും സംഭവിക്കുമോ? ഒന്നും സംഭവിക്കാൻ പോകുന്നില്ല!
4035/2023 നമ്പർ കേസിൽ 2025 ഫെബ്രുവരി 27-ന് ഡിവിഷൻ ബഞ്ച് (ജസ്റ്റിസ് അമിത് റാവൽ & ഹരിശങ്കർ ബി. മേനോൻ) വസ്തുവിന്റെ ഉടമസ്ഥൻ ആരെന്നുള്ള തർക്കം റിട്ട് പെറ്റീഷനിൽ തീരുമാനിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും തെളിവെടുപ്പ് നടത്തി ട്രൈബ്യൂണൽ തീരുമാനിക്കേണ്ട ഒന്നാണതെന്നും പറഞ്ഞതിനെ തുടർന്നല്ലേ ഭരതൻ വക്കീലിന് കേസു പിൻവലിക്കേണ്ടി വന്നത്? അതു തന്നെ തെറ്റായ നിയമോപദേശത്തിൻ്റെ മറ്റൊരു തെളിവല്ലേ?
ഇനി കേസു നടത്തിപ്പുകാരൻ പറഞ്ഞ WP(c) 20086/2024-ലേക്ക് വരാം. 1995-ലെ വഖഫ് നിയമത്തിനും 2013-ലെ ഭേദഗതി നിയമത്തിനും എതിരേ അനവധി കേസുകൾ സുപ്രീം കോടതിയിൽ അതതു കാലത്ത് ഫയൽ ചെയ്തിരുന്നു. അതൊക്കെ ഹൈക്കോടതികളിലേക്ക് ട്രാൻസ്ഫർ ചെയ്തു. അതിലൊന്നിൽപ്പോലും ഇതുവരെ വിധിയുണ്ടായില്ല. അതൊക്കെ ഇപ്പോൾ സുപ്രീം കോടതി തിരിച്ചു വിളിച്ചിരിക്കുന്നു. 2025-ലെ ഭേദഗതി നിയമത്തിനെതിരേ ഫയൽ ചെയ്ത കേസ്സുകൾക്കൊപ്പം മാത്രമേ അവയെയും പരിഗണിക്കൂ എന്നിരിക്കെ, എന്തടിസ്ഥാനത്തിലാണ് ആ കേസുകളുടെയും തൻ്റെ മിടുക്കിൻ്റെയും അടിസ്ഥാനത്തിലാണ് 2024 ആഗസ്റ്റ് 8-ാം തീയതി കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി ബിൽ കൊണ്ടുവന്നത് എന്ന് നടത്തിപ്പുകാരൻ അവകാശപ്പെടുന്നത്? അദ്ദേഹം നൽകിയ ആ ഹർജി ഹൈക്കോടതി ഡിസ്മിസ് ചെയ്തത് എന്തുകൊണ്ടാണ്?
നിയമ ഭേദഗതി വരുന്നതു വരെ ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്യേണ്ടതില്ല എന്നു ഭൂസംരക്ഷണ സമിതി തീരുമാനിച്ചു പോലും! നിയമ ഭേദഗതി കൃത്യമായി എന്നു വരുമെന്ന് കേന്ദ്രമന്ത്രി റിജിജുവോ, അതുവരെ ഫറൂഖ് കോളേജ് ഫയൽ ചെയ്ത O.A 7/2023, O.A 38/2023 എന്നീ കേസുകളിൽ വിധി പറയില്ല എന്ന് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിലോ സമിതിയോടു പറഞ്ഞിരുന്നോ? O.A. പിന്നീട് ഫയൽ ചെയ്താൽ മതിയെന്ന് ഏതെങ്കിലും വക്കീൽ അവർക്ക് നിയമോപദേശം തന്നിട്ടുണ്ടെങ്കിൽ അതിൻ്റെ അർത്ഥം, അത്തരക്കാരെയാണ് അവർ എപ്പോഴും നിയമത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയോടെ സമീപിച്ചിട്ടുള്ളത് എന്നല്ലേ? അവർക്കു കിട്ടിയ നിയമോപദേശം ശരിയായിരുന്നു എങ്കിൽ എന്തിനാണ് അവർ അടിക്കടി വക്കീലിനെ മാറ്റിക്കൊണ്ടിരുന്നത്?
പ്രകടമായ രാഷ്ട്രീയ ചായ്ച്ചിലുള്ള, സർവീസ് കേസുകളിലെ വിദഗ്ധൻ വഖഫ് കേസിലും വിദഗ്ധനായിരിക്കുമെന്ന് ആരാണ് കേസു നടത്തിപ്പുകാരോടു പറഞ്ഞത്? ബെച്ചു കുര്യൻ്റെ മുന്നിൽ ബബബ... അമിത് റാവലിനു മുന്നിൽ വളിച്ച ചിരി ... ഏതെങ്കിലും ഒരു വക്കീൽ ജസ്റ്റിസിൻ്റെ വായിൽ നിന്ന് ഇത്രയ്ക്ക് രൂക്ഷമായ ശാസനവും പരിഹാസവും ഏറ്റുവാങ്ങിയിട്ടുണ്ടാവുമോ?
"താങ്കൾക്ക് കീഴ്ക്കോടതിയിൽ സിവിൽ കേസുകൾ നടത്തി പരിചയമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ" എന്ന പരാമർശവും "സ്വന്തം കക്ഷികളുടെ കാലുകൾ മുറിച്ചു മാറ്റുന്നതെന്തിന്"
എന്ന ചോദ്യവും പ്രശംസയാണോ? കക്ഷികൾക്ക് വക്കീൽ കൊടുക്കേണ്ട നിയമോപദേശം ഡിവിഷൻ ബെഞ്ച് കൊടുക്കേണ്ടി വന്നിട്ടുള്ള അവസരങ്ങൾ ഇതുപോലെ വേറെയുണ്ടാകുമോ? കേസു നടത്തിപ്പുകാർക്കു ലഭിച്ച നിയമോപദേശം തെറ്റായിരുന്നു എന്ന് 3.6.2025-ലെ ഹൈക്കോടതി വിധി തന്നെ ഉറക്കെ വിളിച്ചു പറയുമ്പോൾ, എന്തിനാണ് ഭൂസംരക്ഷണ സമിതിക്ക് ലഭിച്ച നിയമോപദേശം തെറ്റായിരുന്നു എന്നു വ്യക്തമാക്കാൻ ഇവർ എന്നോട് ആവശ്യപ്പെടുന്നത്?
ഫറൂഖ് കോളേജ് ട്രൈബ്യൂണലിന് മുന്നിൽ ഫയൽ ചെയ്ത കേസുകളിൽ നിങ്ങൾ കക്ഷി ചേർന്നിരുന്നില്ലായെന്നും ഫറൂഖ് കോളേജും വഖഫ് ബോർഡും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി മാറുമോ എന്ന ഭയം തനിക്കുണ്ടായിരുന്നു എന്നും, അതിനാലാണ് അവസാനം അതിൽ കക്ഷി ചേർന്നതെന്നും കേസു നടത്തിപ്പുകാരൻ സമ്മതിച്ചല്ലോ? എങ്കിൽ ഉത്തരം തേടുന്ന ഈ ചോദ്യങ്ങൾ കേട്ടോളൂ:
(a) എന്തുകൊണ്ട് രണ്ടു കേസുകളിൽ ഒന്നിൽ മാത്രം കക്ഷി ചേർന്നു?
(b) എന്തുകൊണ്ട് പ്രതിഭാഗത്ത് കക്ഷി ചേർന്നു?
(c) ഫറൂഖ് കോളേജ് അവരുടെ കേസുകൾ പിൻവലിച്ചിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു?
(d) പുതിയ O.A 102/2025 ഫയൽ ചെയ്യുന്നതിന് മുമ്പ് ട്രൈബൂണൽ ഫറൂഖ് കോളേജിന്റെ കേസ്സിൽ മുനമ്പത്തെ വഖഫായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ മുനമ്പം ജനത എന്ത് ചെയ്യുമായിരുന്നു എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ കേസു നടത്തിപ്പുകാർ ജനത്തിൻ്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും ശ്രമിക്കുകയാണ്!ഭേദഗതി നിയമം പാസാകുന്നതിനു മുമ്പത്തെ അവസ്ഥയിൽ അത്തരം ഒരു വിധി വന്നിരുന്നെങ്കിൽ, നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച്, പിന്നെ ആ ജനതയ്ക്ക് മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല എന്നതല്ലേ വസ്തുത. ഒരു കോടതിക്കും സർക്കാരിനും മുനമ്പംകാരെ രക്ഷിക്കാൻ കഴിയുമായിരുന്നില്ല!
ഇപ്പോൾ ഭേദഗതി നിയമം വന്നു. അതുവരെ ഭേദഗതി നിയമത്തിലൂടെ ശാശ്വത പരിഹാരം എങ്ങനെ ലഭിക്കുമെന്ന് സമിതിക്കാർ നിരീക്ഷിക്കുകയായിരുന്നത്രേ! ഇപ്പോൾ പുതിയ O.A ഫയൽ ചെയ്തു എന്ന് പ്രഗൽഭനായ അഡ്വക്കേറ്റ് പൂന്തോട്ടം കഴിഞ്ഞ 3-ാം തീയതി ഹൈക്കോടതിയിൽ പറയുകയും ചെയ്തു.
എന്താ, നിയമ ഭേദഗതിയിലൂടെ ശാശ്വത പരിഹാരം ലഭിക്കില്ല എന്ന് നിങ്ങളുടെ നിരീക്ഷണ പാടവത്തിൽ നിന്നും ബോധ്യപ്പെട്ടതിനാലാണോ സിദ്ധിഖ് സേട്ടുവിനെ പുണ്യാളനാക്കിക്കൊണ്ട് O.A. 102/2025 ഫയൽ ചെയ്തത്? എങ്കിൽ, Sec. 2A കൊണ്ട് മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കപ്പെടുമ്പോൾ നിങ്ങൾ മുനമ്പത്തെ ജനങ്ങളുടെ മുഖത്ത് എങ്ങനെ നോക്കും?
NB: ജയിക്കാനാണ് ട്രൈബ്യൂണലിൽ നിങ്ങൾ കേസു നടത്തുന്നതെങ്കിൽ 1948-ലെ തീറാധാരത്തിലെയും 1947-ലെ ഭാഗാധാരത്തിലെയും തട്ടിപ്പുകളും 1924 മേയ് മാസം 30-ാം തീയതി തിരുവനന്തപുരം ഹുസൂർ കച്ചേരിയിൽ നിന്ന് കൊച്ചി ദിവാനയച്ച കത്തിലെ 1915-ലെ 'പണ്ടാരവക വെറും പാട്ടം' ആയ മുനമ്പത്തെക്കുറിച്ചുള്ള പരാമർശങ്ങളും തമസ്കരിക്കില്ല. വിവരാവകാശ പ്രകാരം ലഭ്യമാം വിധത്തിൽ സദാ പൊതുജനത്തിനു മുന്നിലുള്ള രേഖകളെ അവഗണിക്കുന്നവർ വീണ്ടും തെറ്റായ നിയമോപദേശത്തിൻ്റെ വഴിയേ ആണ് ചരിക്കുന്നത്.