പ്രത്യാശയുടെ യാത്ര: ഒരു അവലോകനം
ഫാ. എബിൻ സെബാസ്റ്റ്യൻ ചൊവല്ലൂർ
(കൊച്ചി രൂപത)
2026 സെപ്റ്റംബർ 16-ന് 'നൊസ്ത്രാ എതാത്തെ' എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയുടെ അറുപത് വർഷങ്ങൾ ആഘോഷിച്ചുകൊണ്ട് കത്തോലിക്കാസഭയുടെ തനിമയും മതാന്തര സൗഹാർദ്ദവും സമന്വയിപ്പിച്ച് വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററി ഒരു പ്രബോധനരേഖ പുറത്തിറക്കി. ലിയോ പതിനാലാമൻ പാപ്പ അംഗീകരിച്ച 8,600 വാക്കുകളുള്ള ഈ രേഖ, വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മതങ്ങൾ തമ്മിലുള്ള ഇടപെടലുകൾക്കുള്ള സമകാലിക വഴികാട്ടിയാണ്. വിശ്വാസപരമായ വിശ്വസ്തതയും സാർവത്രിക സാഹോദര്യവും തമ്മിലുള്ള സംഘർഷത്തെ കൈകാര്യം ചെയ്യുന്നതിലൂടെ, ഈ രേഖ മതാന്തര സംവാദത്തെ വെറുമൊരു ആഡംബരമായിട്ടല്ല, മറിച്ച് ആധുനിക സുവിശേഷ സാക്ഷ്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത വഴിയായിട്ടാണ് സ്ഥാപിക്കുന്നത്.
ഈ കുറിപ്പ് "നമ്മുടെ കാലഘട്ടത്തിൽ" എന്ന് അർത്ഥം വരുന്ന നൊസ്ത്രാ എതാത്തെ (Nostra Aetate) എന്ന പ്രബോധനരേഖ വ്യക്തമാക്കുന്ന ക്രൈസ്തവേതര മതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു. മറ്റു മതങ്ങളിലുള്ള സത്യവും വിശുദ്ധവുമായ ഒന്നിനെയും സഭ നിരസിക്കുന്നില്ലെന്ന് അത് ഓർമപ്പെടുത്തുന്നു. മറ്റ് മതസ്ഥരുമായി വിവേകത്തോടും സ്നേഹത്തോടും കൂടി സംവാദങ്ങളിലും സഹകരണത്തിലും ഏർപ്പെടാനും അവർക്കിടയിലുള്ള ആത്മീയവും ധാർമ്മികവുമായ നന്മകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാ കത്തോലിക്കരോടും ആഹ്വാനം ചെയ്യുന്നു.
സെക്യുലർ ചിന്താസരണികളെയും മതമൗലികവാദത്തെയും നേരിടുവാനായി സാംസ്കാരിക വസ്തുതകൾ പരിശോധിക്കുവാനും (Cultural Diagnostics) അതുവഴി, മതവിശ്വാസത്തെ വികലമാക്കുന്നവയ്ക്കെതിരേ സാംസ്കാരികവും ആത്മീയവുമായ പ്രതിരോധം തീർക്കാനുമുള്ള ഉപാധിയായിട്ടാണ് വത്തിക്കാൻ ആധുനിക മതാന്തര സംവാദത്തെ കാണുന്നത്. സെക്യുലർ ചിന്താസരണികളുടെ വളർച്ച അമിതമായ വ്യക്തികേന്ദ്രീകൃതത്വവും വിനാശകരമായ 'ഞാൻ-എൻ്റെ' എന്ന ആരാധന നിറഞ്ഞ ആധുനിക ലൗകിക സംസ്കാരവും വളർത്തി മതപരമായ ചർച്ചകളെ പാർശ്വവത്കരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഇവ ആഴത്തിലുള്ള വിശ്വാസ പാരമ്പര്യങ്ങളെ വെറും നാടോടിക്കഥകളോ വ്യക്തിപരമായ അഭിപ്രായങ്ങളോ മാത്രമായി അവതരിപ്പിക്കാനും വ്യവസ്ഥാപിതമായി ദൈവത്തെ സമൂഹബോധത്തിൽ നിന്നു പുറന്തള്ളാനും പൊതുനന്മയോടുള്ള ഉദാസീനതയും ഒറ്റപ്പെടലും കൊണ്ട് സമൂഹത്തിൽ ഒരു ശൂന്യത സൃഷ്ടിക്കാനും കിണഞ്ഞു പരിശ്രമിക്കുന്നു.
ഈ രേഖ മതമൗലികവാദത്തിന്റെ ഭീഷണിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് മതപരമായ ബന്ധങ്ങളെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്നതിനെയും ദൈവനാമത്തിൽ അക്രമങ്ങൾ നടത്തുന്നതിനെയും അതിശക്തമായി അപലപിക്കുന്നു. മതമൗലികവാദപരമായ പിടിവാശികൾ സംവാദത്തിന്റെ അടിത്തറയെത്തന്നെ തകർക്കുകയും സ്രഷ്ടാവിന്റെ യഥാർത്ഥവും സമാധാനപരവുമായ സ്വഭാവത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് ഈ രേഖ സമർത്ഥിക്കുന്നു. ആധുനിക സാംസ്കാരിക ആശങ്കകൾ പരിഹരിക്കാൻ ഒറ്റപ്പെടലിനെയോ അക്രമത്തെയോ ആശ്രയിക്കുന്നതിന് പകരം, വ്യത്യാസങ്ങളെ ഭയപ്പെടാതെ വിശ്വാസികൾ ആധികാരികമായ സൗഹൃദത്തിലൂടെ അവയെ ബഹുമാനിക്കുന്ന ഒരു സാംസ്കാരമാണ് ഈ രേഖ ഉയർത്തിപ്പിടിക്കുന്നത്.
പ്രത്യാശയുടെ യാത്രയിലെ നാലു തത്വങ്ങൾ
കത്തോലിക്കാ വ്യക്തിത്വം കൃത്യമായി നിലനിർത്തുന്നതോടൊപ്പം മറ്റു മതസ്ഥരോട് എങ്ങനെ തുറന്ന സമീപനം പുലർത്തും എന്ന പ്രഹേളികയ്ക്ക് പരിഹാരം കാണുന്നു എന്നതാണ് ഈ രേഖയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. നാല് തത്വങ്ങളിലൂടെയാണ് 'പ്രത്യാശയുടെ യാത്ര' ഇത് സാധ്യമാക്കുന്നത്:
ഒന്നാമതായി, ഈ രേഖ എല്ലാവിധ മതസമന്വയവാദങ്ങളെയും (Syncretism) ആപേക്ഷികവാദങ്ങളെയും (Relativism) പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് കത്തോലിക്കാ തനിമയെ ഉയത്തിക്കാണിക്കുന്നു. വിവിധ മതങ്ങളുടെ ഘടകങ്ങൾ കൂട്ടിച്ചേർക്കാനോ ഒരൊറ്റ ലോകമതം കെട്ടിപ്പടുക്കാനോ ശ്രമിക്കുന്നതിനെതിരേ അത് മുന്നറിയിപ്പ് നൽകുന്നു. യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകൻ എന്ന് രേഖ ഉറപ്പിച്ചുപറയുന്നു (No.13). ആത്മാർത്ഥമായ സംവാദത്തിന് സ്വന്തം വിശ്വാസത്തെക്കുറിച്ച് വ്യക്തമായ ബോധ്യം ആവശ്യമാണ്. തന്റെ അടിസ്ഥാന വിശ്വാസങ്ങൾ മറച്ചുവെച്ചുകൊണ്ടോ ദുർബലപ്പെടുത്തിയോ ഒരാൾക്ക് സത്യസന്ധമായ സംവാദത്തിൽ ഏർപ്പെടാൻ കഴിയില്ല.
രണ്ടാമതായി, ഈ സമീപനം പരിശുദ്ധാത്മാവിന്റെ സാർവത്രിക രക്ഷയുടെ പ്രവർത്തനമാണ് എന്ന് രേഖ പ്രതിപാദിക്കുന്നു. പരിശുദ്ധാത്മാവ് മനുഷ്യചരിത്രത്തിലും വൈവിധ്യമാർന്ന സംസ്കാരങ്ങളിലും നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ അത് കത്തോലിക്കരെ പഠിപ്പിക്കുന്നു. മറ്റ് മതങ്ങളിൽ കത്തോലിക്കർ കാണുന്ന സത്യവും വിശുദ്ധവുമായ കാര്യങ്ങൾ പരിശുദ്ധാത്മാവ് മനുഷ്യരാശിയിൽ വിതറിയ "സത്യത്തിന്റെ കിരണങ്ങളായിട്ടാണ്" കാണേണ്ടത്. ഈ മൂല്യങ്ങളെ വിലമതിക്കുന്നതും ബഹുമാനിക്കുന്നതും ദൈവത്തിന്റെ വിവേചനരഹിതമായ പ്രവർത്തനത്തെ ബഹുമാനിക്കുന്നതായി രേഖ വ്യക്തമാക്കുന്നു.
മൂന്നാമതായി, മതാന്തര സംവാദത്തെ സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിന്റെ (Evangelization) ഒരു പ്രധാന വശമായിട്ടാണ് വത്തിക്കാൻ നിർവചിക്കുന്നത്. സാമ്പത്തികമോ സാമൂഹികമോ ആയ സ്വാധീനം ഉപയോഗിച്ച് ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്ന പ്രവണതകളെ (Proselytism) ശക്തമായി നിരുത്സാഹപ്പെടുത്തുമ്പോൾ തന്നെ, ക്രൈസ്തവ സാക്ഷ്യത്തിന്റെ ഏറ്റവും ഉയർന്ന രൂപം ദൈവസ്നേഹത്തിന്റെ പ്രതിഫലനമായി ജീവിക്കുക എന്നതാണെന്ന് രേഖ വാദിക്കുന്നു. വിനയത്തോടെ മറ്റുള്ളവരെ കേൾക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെ കത്തോലിക്കർ സുവിശേഷം പ്രഘോഷിക്കുകയാണ് ചെയ്യുന്നത്.
നാലാമതായി, ഈ രേഖ മനുഷ്യ സാഹോദര്യത്തെ ദൈവത്തിന്റെ സാദൃശ്യത്തിലും ഛായയിലുമുള്ള സൃഷ്ടിക്കപ്പെട്ടവനാണ് എന്ന ചിന്തയിൽ (Imago Dei) ഉറപ്പിച്ചുനിർത്തുന്നതാണ്. എല്ലാ മനുഷ്യരും ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ, ആ ദൈവസാദൃശ്യം പങ്കിടുന്ന മറ്റുള്ളവരോട് സാഹോദര്യത്തോടെ പെരുമാറാൻ കഴിഞ്ഞില്ലെങ്കിൽ ദൈവത്തെ എല്ലാവരുടെയും പിതാവായി വിളിക്കാൻ സഭയ്ക്ക് കഴിയില്ലെന്ന് രേഖ വ്യക്തമാക്കുന്നു. ഇത് മതാന്തര ബന്ധങ്ങളെ വെറുമൊരു സാമൂഹിക നയതന്ത്രത്തിൽ നിന്ന് ദൈവശാസ്ത്രപരമായ കടമയാക്കിമാറ്റുന്നു.
പരമ്പരാഗതമായ മതപരിവർത്തന ചിന്താഗതികളുടെ പുനർവ്യാഖ്യാനം
ചരിത്രപരമായ ദൈവശാസ്ത്ര പശ്ചാത്തലങ്ങളിൽ, മതപരിവർത്തനം എന്നത് മറ്റൊരു മതവിശ്വാസിയെ ഔദ്യോഗികമായി ആ മതം ഉപേക്ഷിപ്പിച്ച് കത്തോലിക്കാ സഭയിൽ ചേർക്കുന്ന ഒന്നായിട്ടാണ് പലരും തെറ്റിദ്ധരിച്ചിട്ടുള്ളത്. ഇവിടെയാണ് "പ്രൊസെലിറ്റിസം" എന്ന ആശയത്തെ രേഖ ശക്തമായി അപലപിക്കുന്നത്. ആധുനിക ദൈവശാസ്ത്രത്തിൽ പ്രൊസെലിറ്റിസം എന്നാൽ സാമ്പത്തികമായ സമ്മർദ്ദങ്ങളോ, സാമൂഹികമായ സാഹചര്യങ്ങളോ, മാനസികമായ ചൂഷണമോ ഉപയോഗിച്ച് ഒരാളുടെ സ്വതന്ത്രമായ ഇച്ഛാശക്തിയെ ഹനിച്ച് നടത്തുന്ന നിർബന്ധിത മതപരിവർത്തന ശ്രമങ്ങളാണ്. ഇത് ക്രിസ്തീയ മൂല്യങ്ങളെ വികലമാക്കുന്നതാണെന്നും മനുഷ്യാന്തസ്സിന് വിരുദ്ധമാണെന്നും വത്തിക്കാൻ പ്രഖ്യാപിക്കുന്നു. പ്രൊസെലിറ്റിസവും യഥാർത്ഥ സുവിശേഷവത്കരണവും തമ്മിൽ വ്യക്തമായ അതിർവരമ്പ് നിശ്ചയിക്കുന്നതിലൂടെ, ഒരു മതാന്തര കൂടിക്കാഴ്ചയുടെ പെട്ടെന്നുള്ള ലക്ഷ്യം അന്യമതസ്ഥനെ സഭയിൽ ചേർക്കുക എന്നതല്ലെന്ന് രേഖ വ്യക്തമാക്കുന്നു. ഇവിടെ മതപരിവർത്തനം എന്നത് ദൈവത്തിന്റെ സത്യത്തിലേക്കും സ്നേഹത്തിലേക്കും സ്വയം തിരിയുന്ന ആന്തരികമായ മാറ്റമായിട്ടാണ് നിർവചിക്കപ്പെടുന്നത്. കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രത്തിൽ Proselytism ഉം Evangelization ഉം രണ്ടും രണ്ടാണ്. പ്രോസിലിറ്റിസത്തെ ഒഴിവാക്കുക എന്നാൽ ഭയന്ന് നിശബ്ദരാവുക എന്നുമല്ല അർത്ഥം; മറിച്ച് അധികാരമോ ആധിപത്യമോ സ്ഥാപിക്കാനുള്ള മനോഭാവം ഉപേക്ഷിച്ച്, സ്നേഹത്തിലും സത്യത്തിലും ധീരമായി ക്രിസ്തുവിനെ അറിയിക്കുക എന്നാണ് രേഖ വ്യക്തമാക്കുന്നത്. യേശുക്രിസ്തുവിലൂടെ ലഭിച്ച രക്ഷയെക്കുറിച്ച് ഭയരഹിതമായി സാക്ഷ്യം നൽകുന്നതാണ് എക്കാലത്തും യഥാർത്ഥ സുവിശേഷ പ്രഘോഷണം.
സമകാലിക സാമൂഹിക-രാഷ്ട്രീയ-മത പശ്ചാത്തലത്തിൽ ഏറെ പ്രസക്തം!
വത്തിക്കാൻ പുറത്തിറക്കിയ പ്രത്യാശയുടെ തീർത്ഥാടനം എന്ന രേഖ ആഗോളതലത്തിലുള്ള മതമൗലികവാദത്തെയും സെക്കുലർ ചിന്താസരണികളെയും കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും, സമകാലിക ഇന്ത്യയിൽ ഈ പ്രബോധനരേഖയ്ക്ക് അതീവ പ്രാധാന്യമുള്ള ഒന്നിലധികം തലങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബഹുസ്വര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികൾക്ക് ഈ രേഖ ശക്തമായ ഒരു ദൈവശാസ്ത്ര പ്രതിരോധം തീർക്കുന്നു.
ഇന്ത്യയിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം സാംസ്കാരിക ദേശീയതയുടെയും ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെയും (Majoritarian Politics) സ്വാധീനത്തിലാണ്. ഈ സാഹചര്യത്തിൽ, ക്രൈസ്തവ സഭകൾ നടത്തുന്ന വിദ്യാലയങ്ങൾ, ആശുപത്രികൾ, കാരുണ്യപ്രവർത്തനങ്ങൾ എന്നിവ പലപ്പോഴും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സംശയ നിഴലിലാക്കപ്പെടുന്നു. സ്നേഹവും കരുണയും മുൻനിർത്തി ചെയ്യുന്ന സാമൂഹിക സേവനങ്ങളെ നിർബന്ധിത മതപരിവർത്തനത്തിനായുള്ള ശ്രമങ്ങളായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ ഒട്ടനവധി സംസ്ഥാനങ്ങൾ കടുത്ത രീതിയിലുള്ള മതപരിവർത്തന നിരോധന നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയും, വൈദികരും സന്യസ്തരും സാധാരണക്കാരായ വിശ്വാസികളും കേവലം പ്രാർത്ഥനാ കൂട്ടായ്മകൾ നടത്തിയതിന്റെ പേരിൽ പോലും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
ഇവിടെയാണ് പ്രത്യാശയുടെ തീർത്ഥാടനം എന്ന വത്തിക്കാൻ രേഖ ഇന്ത്യൻ സഭയ്ക്ക് ഒരു വലിയ ശക്തിയാകുന്നത്. ഈ രേഖ, സ്വാധീനിച്ചും പ്രലോഭിപ്പിച്ചും അസമത്വങ്ങൾ മുതലെടുത്തും നടത്തുന്ന നിർബന്ധിത മതപരിവർത്തനത്തെ പൂർണ്ണമായും തള്ളിപ്പറയുന്നു. വത്തിക്കാൻ ഔദ്യോഗികമായിത്തന്നെ ഇത്തരം കുത്സിത ശ്രമങ്ങളെ അപലപിക്കുന്നതിലൂടെ, ഭാരത സഭയ്ക്ക് തങ്ങൾക്കെതിരേ ഉയരുന്ന വ്യാജമായ മതപരിവർത്തന ആരോപണങ്ങളെ അന്താരാഷ്ട്ര തലത്തിലും നിയമപരമായും പ്രതിരോധിക്കാൻ സാധിക്കും. കത്തോലിക്കാ സഭയുടെ ലക്ഷ്യം സംഖ്യാപരമായ വളർച്ചയല്ല, മറിച്ച് യേശുക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുക മാത്രമാണെന്ന് തെളിയിക്കാൻ ഈ ഔദ്യോഗിക നിലപാട് സഹായിക്കുന്നു. ഭരണഘടന നൽകുന്ന 'മതപ്രചാരണത്തിനുള്ള അവകാശം' (Right to Propagate Religion) എന്നാൽ മറ്റൊരാളെ മതം മാറ്റാനുള്ള അവകാശം (Right to Convert) അല്ല. ഒരാൾക്ക് സ്വന്തം മതത്തിന്റെ തത്വങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ വിശദീകരിക്കാം, എന്നാൽ അത് കേൾക്കുന്നയാളുടെ മനസ്സാക്ഷിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാകരുത് എന്ന ചിന്ത വളർത്തിയെടുത്തുകൊണ്ട് ക്രിസ്തുവിൻ്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ സഭയും സഭാമക്കളും പ്രതിജ്ഞാബദ്ധരാണ്.
അപരമത വിദ്വേഷത്തിനെതിരേ ശക്തമായ നിലപാടു പുലർത്തുമ്പോൾ തന്നെ മതമൗലികവാദത്തെയും തീവ്രവാദത്തെയും (Fundamentalism and Extremism) ചെറുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നതാണ് ഈ രേഖ. ഇതര മതസ്ഥരുടെ ജീവിതരീതികളെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആദരത്തോടെയും ബഹുമാനത്തോടെയും വേണം ക്രൈസ്തവർ വീക്ഷിക്കാനെന്നും, അവയെ പൈശാചികമെന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ക്രിസ്തുവിന്റെ ചൈതന്യത്തിന് ഒട്ടും നിരക്കാത്തതാണെന്നും രേഖ വ്യക്തമാക്കുന്നു. കാരണം, മറ്റു മതങ്ങളിലെ നന്മയുടെയും സത്യത്തിന്റെയും അംശങ്ങൾ എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ത്രിയേക ദൈവത്തിൽ നിന്ന് പുറപ്പെടുന്ന രശ്മികളാണ്. ഇതര മതസ്ഥരെ സത്യത്തിലേക്കുള്ള തീർത്ഥാടനത്തിലെ സഹയാത്രികർ ആയി കാണാൻ നമുക്ക് സാധിക്കണം. കാരണം ദൈവം എല്ലാവരുടെയും പിതാവാണ്. അതുകൊണ്ട് കടുംപിടുത്തക്കാർക്ക് എല്ലാം സഭയുടെ യഥാർത്ഥ കാരുണ്യത്തിന്റെയും സംവാദത്തിന്റെയും വഴി കാണിച്ചുതരുന്ന ഒരു വലിയ തിരുത്തൽ തന്നെയാണ് ഈ രേഖ. "നമ്മൾ പണിയേണ്ടത് ശത്രുതയുടെ മതിലുകളല്ല, സ്നേഹത്തിന്റെ പാലങ്ങളാണ്