ഇരുപത് വയസ്സിൽ ആരംഭിക്കുന്ന ഈ രോഗം പുരുഷന്മാരേക്കാൾ കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിൽ, അമിത ഉത്കണ്ഠയും ചികിത്സയും
 

 
q11

സമൂഹത്തിലെ മൂന്നു ശതമാനത്തിലേറെ പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും വരാൻ സാധ്യതയുള്ള അവസ്ഥയാണ് ജനറലൈസ്ഡ് ആങ്സൈറ്റി ഡിസോർഡർ. ശരാശരി ഇരുപത് വയസ്സിൽ ആരംഭിക്കുന്ന ഈ രോഗം പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഗവേഷണ ഫലങ്ങൾ പറയുന്നത് മുപ്പത് ശതമാനം പേരിൽ ജനിതകപാരമ്പര്യ ഘടകങ്ങൾ സുപ്രധാന പങ്കുവഹിക്കുന്നുവെന്നാണ്.

ചില ശാരീരിക ലക്ഷണങ്ങൾ കുറഞ്ഞരീതിയിൽ കുട്ടികളിലും ഇത്തരം അവസ്ഥ കാണുന്നു. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ സദാസമയം മനസിൽ കഠിനമായ ഉത്കണ്ഠ മിക്ക ദിവസങ്ങളിലും അനുഭവപ്പെടുന്ന അവസ്ഥ, അനുബന്ധ ശാരീരിക ലക്ഷണങ്ങളും കൂടി ആറ് മാസത്തിലധികം നിലനിൽക്കുമ്പോൾ അത് ജനറലൈസ്ഡ് ആങ്ങ്സൈറ്റി ഡിസോർഡർ ആണെന്ന നിഗമനത്തിലെത്താം.

ലക്ഷണങ്ങൾ

ശ്രദ്ധക്കുറവ്, ഒരിടത്ത് സമാധാനപരമായി ഇരിക്കാൻ പറ്റാത്ത തരത്തിലുള്ള അസ്വസ്ഥത, പേശികൾ വലിഞ്ഞുമുറുക്കുന്നതു പോലെയുള്ള അനുഭവം, ഉറക്കക്കുറവ്, ദേഷ്യം, തലചുറ്റൽ, മനസ് ശൂന്യമാകുന്നതുപോലെയുള്ള തോന്നൽ, ശ്വാസതടസം, എല്ലാറ്റിനോടുമുള്ള അമ്പരപ്പ്, നന്നായി വിയർക്കൽ, ഇടയ്ക്കിടെ ഓക്കാനം വരിക, വയറ് സംബന്ധമായ അസ്വസ്ഥതകൾ (Irritable Bowel Syndrome) എന്നിവയെല്ലാം ഉൾപ്പെടുന്നു.

കാരണങ്ങൾ

ജനിതകപരമായ കാരണങ്ങൾ ഇതിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്. തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ വ്യതിയാനം, മോശവും സമ്മർദ്ദവും നിറഞ്ഞ ജീവിതസാഹചര്യങ്ങൾ, ശരീരത്തിലെ ഓട്ടോണോമിക് നാഡീവ്യൂഹങ്ങളുടെ പ്രവർത്തനതകരാർ, തലച്ചോറിലെ ഉത്കണ്ഠയെ നിയന്ത്രിക്കുന്ന മേഖലകളിലെ പ്രവർത്തന വ്യതിയാനങ്ങൾ എന്നിവയെല്ലാം കാരണമാകുന്നു. ഇവിടെ വിഷാദരോഗം, മറ്റ് ഉത്കണ്ഠാരോഗങ്ങൾ, ലഹരി വസ്തുക്കളുടെ ദുരുപയോഗം എന്നിവ ജനറലൈസ്ഡ് ആങ്ങ്സൈറ്റി ഡിസോർഡറിൽ സഹരോഗാവസ്ഥയായി (Comorbidity) കാണപ്പെടാം.

ചികിത്സാസമീപനങ്ങൾ

മരുന്നുകളും മനഃശാസ്ത്രചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് ഫലപ്രദമായി കാണുന്നത്. കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി കൊണ്ട് വ്യക്തികളിലെ തെറ്റായ ചിന്താരീതികളെ (Faulty Cognition) മാറ്റുന്നതിലൂടെ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ജീവിതശൈലിയിലുള്ള മാറ്റത്തിലൂടെ (Lifestyle Changes), ദിവസവും വ്യായാമം ചെയ്യുക, ആവശ്യത്തിന് ദിവസവും ഉറങ്ങുക (Good Sleep Hygiene) എന്നിവയിലൂടെ അമിതമായ ഉത്കണ്ഠയെ നിയന്ത്രിക്കാവുന്നതാണ്.

അതുപോലെ ജെയ്ക്കബ്സൻ പ്രോഗ്രസീവ് റിലാക്സേഷൻ ടെക്നിക്സ് (PMR), കൗൺസിലിംഗ്, ബിഹേവിയർ മോഡിഫിക്കേഷൻ ടെക്നിക്സ് (Behaviour Modification Techniques) എന്നിങ്ങനെയുള്ള ഫലപ്രദമായ മനഃശാസ്ത്ര ചികിത്സാരീതികളും ഇവിടെ നിർദ്ദേശിക്കുന്നു. ജനറലൈസ്ഡ് ആങ്ങ്സൈറ്റി ഡിസോർഡറിൽ സൈക്കോതെറാപ്പിയുടെ മൂന്നാം നിലയിൽപെടുന്ന മൈൻഡ്ഫുൾ നൈസ് ബേസ്ഡ് സട്രെസ് റിഡക്ഷൻ (MBSR), ആക്സെപ്റൈ്ൻസ് ആന്റ് കമ്മിറ്റ്മെന്റ് തെറാപ്പി (ACT), ഡയലിക്റ്റിക്കൽ ബിഹേവിയർ തെറാപ്പി (DBT) എന്നിവയും പ്രയോജനപ്പെടുത്താവുന്നതാണ്. സപോർട്ടീവ് സൈക്കോ തെറാപ്പിയിലൂടെ വൈകാരികപിന്തുണ നൽകി പ്രശ്നത്തിന്റെ തീവ്രത ലഘൂകരിക്കാം.

പ്രശ്നത്തിന്റെ തീവ്രതയനുസരിച്ച് മനോരോഗവിദഗ്ധർ നിർദ്ദേശിക്കുന്ന മരുന്നുകളും വളരെ പ്രാധാന്യമർഹിക്കുന്നു. ചില വ്യക്തികളിൽ ഇത്തരം അവസ്ഥ വിഷാദരോഗത്തിലേക്കും നയിക്കാറുള്ളതിനാൽ എത്രയും പെട്ടെന്ന് മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച് ശാസ്ത്രീയമായ രോഗനിർണയവും ചികിത്സയും തേടേണ്ടതാണ്.

റവ. ഡോ. സിജോൺ കുഴിക്കാട്ടുമ്യാലിൽ

Tags

Share this story

From Around the Web