സന്തോഷകരമായ കുടുംബജീവിതത്തിന് പത്ത് വഴികൾ
ജോലിയും വീട്ടുകാര്യങ്ങളും ഒരുമിച്ചു കൊണ്ടുപോവുക എന്നത് ശ്രമകരമായ കാര്യമാണ്. എങ്കിലും നമ്മുടെ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. സന്തോഷകരമായ കുടുംബജീവിതത്തിന് ഇതാ പത്തുവഴികൾ…
1. ജോലിയും വീട്ടുകാര്യങ്ങളും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കാം
ജോലിയിലും വീട്ടിലുമുള്ള ഉത്തരവാദിത്തങ്ങൾ ഒരുപോലെ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. ഒൻപതു മുതൽ അഞ്ച് വരെയുള്ള സമയപരിധിയിൽ ഒതുങ്ങാതെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾക്കായി സമയം കണ്ടെത്തുന്നത് ആത്മാഭിമാനം (self-esteem) വർധിപ്പിക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്നു എന്ന തോന്നൽ നമുക്ക് ജീവിതത്തിൽ കൂടുതൽ നിയന്ത്രണബോധം നൽകും.
2. സ്വയം ശ്രദ്ധിക്കാം
മാതാപിതാക്കൾ പലപ്പോഴും കുടുംബാംഗങ്ങളെ പരിപാലിക്കുന്ന തിരക്കിൽ സ്വന്തം കാര്യങ്ങൾ മറന്നുപോകുന്നു. എന്നാൽ, നമ്മൾ നമ്മളെത്തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് വിഷാദത്തിനും ദേഷ്യത്തിനും കാരണമായേക്കാം. ഇത് കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ നിന്ന് നമ്മളെ തടയും. നമുക്ക് സ്വന്തമായി വികാരങ്ങളും ആവശ്യങ്ങളുമുണ്ടെന്ന് തിരിച്ചറിയുക. ദിവസവും പത്തുമിനിറ്റെങ്കിലും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കായി മാറ്റിവയ്ക്കുന്നത് വളരെ പ്രധാനമാണ്.
3. ശിക്ഷണം
ശിക്ഷണത്തെ ഒരു ശിക്ഷയായി കാണാതെ മറ്റൊരാളെ ഉപദ്രവിക്കാതെയും വേദനിപ്പിക്കാതെയും എങ്ങനെ ആവശ്യങ്ങൾ നേടാമെന്ന് കുട്ടികളെ പഠിപ്പിക്കാം. ദേഷ്യം വരുമ്പോഴും ശാന്തമായിരിക്കാൻ ശ്രമിക്കുക. തെറ്റായ സാഹചര്യങ്ങളെ എങ്ങനെ വ്യത്യസ്തമായി കൈകാര്യം ചെയ്യാമെന്നും അടുത്ത തവണ എങ്ങനെ നന്നായി ചെയ്യാമെന്നും കുട്ടികളെ പഠിപ്പിക്കുന്നതും നല്ലതാണ്.
4. പരിധികൾ നിശ്ചയിക്കുക
ദോഷകരമായ സാഹചര്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ നമ്മൾ നിയന്ത്രണങ്ങൾ വയ്ക്കാറുണ്ട്. എന്നാൽ കേവലം ഉത്തരവുകൾ നൽകുന്നതിനു പകരം എന്തിനാണ് ഈ നിയന്ത്രണങ്ങളെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുന്നത് പ്രധാനമാണ്. ഉദാഹരണത്തിന്, തീയിൽ നിന്ന് കുട്ടിയെ മാറ്റുമ്പോൾ അതിന്റെ കാരണം വിശദീകരിക്കുക. കാരണം മനസ്സിലാക്കുമ്പോൾ കുട്ടികൾക്ക് സഹകരിക്കാൻ എളുപ്പമാകും.
5. ആശയവിനിമയം
നല്ല സമയത്തും മോശം സമയത്തും കുട്ടികളുമായി ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. കുട്ടികൾക്ക് അവരുടെ വികാരങ്ങൾ വാക്കുകളായി പ്രകടിപ്പിക്കാൻ പ്രയാസമുണ്ടാവാം. മാതാപിതാക്കൾ കേൾക്കുന്നുണ്ട് എന്ന അറിവ് മാത്രം മതിയാകും അവർക്ക് ആശ്വാസമാകാൻ. പ്രശ്നങ്ങളെക്കുറിച്ചു മാത്രമല്ല, നിങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും കുട്ടികളോടു സംസാരിക്കുക. അങ്ങനെ അവർക്ക് നിങ്ങളിൽ വിശ്വാസം തോന്നുകയും അവരുടെ കാര്യങ്ങളിൽ നിങ്ങളെ ഉൾപ്പെടുത്താൻ സാധ്യതയേറുകയും ചെയ്യും.
6. ഗുണമേന്മയുള്ള സമയം
ആഴ്ചയിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഇത് പ്രധാനപ്പെട്ട വിഷയങ്ങളും രസകരമായ കാര്യങ്ങളുമൊക്കെ സംസാരിക്കാനുള്ള അവസരം നൽകും. കൂടാതെ, കുട്ടികളോട് ജോലികളിൽ സഹായിക്കാൻ ആവശ്യപ്പെടാം. അവർക്ക് വലിയ താൽപര്യമില്ലെങ്കിൽപ്പോലും ഇത് അവരെ കുടുംബത്തിൽ വിലപ്പെട്ടവരായി തോന്നിപ്പിക്കും.
7. ഒന്നിച്ചുള്ള തീരുമാനങ്ങൾ
കുട്ടികൾ വളരുന്നതിനനുസരിച്ച് കുടുംബങ്ങളിൽ എടുക്കുന്ന തീരുമാനങ്ങളിലും അവരെ ഉൾപ്പെടുത്താം. എപ്പോഴും നിയന്ത്രണങ്ങൾ വയ്ക്കാതെ അവർക്കും കുടുംബത്തിൽ പ്രാധാന്യം ഉണ്ടെന്ന് കുട്ടികളുടെ മനസ്സിൽ തോന്നൽ ഉണ്ടാകണം. ഒന്നിച്ചുള്ള തീരുമാനങ്ങൾ മക്കൾക്കും കുടുംബത്തിൽ സ്ഥാനമുണ്ടെന്ന ചിന്തയിലേക്ക് നയിക്കും.
8. ആശ്വാസവും പിന്തുണയും
കുടുംബത്തിലെ നല്ല സമയത്തും മോശം സമയത്തും പരസ്പരം താങ്ങും തണലുമാകേണ്ടത് പ്രധാനമാണ്. എന്തെങ്കിലും ദുരന്തമോ, പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ഒന്നിച്ചുനിൽക്കാൻ ശ്രമിക്കണം. ഈ സമയത്ത് കുട്ടികൾക്ക് ആശ്വാസവും വിശദീകരണവും നൽകേണ്ടത് ആവശ്യമാണ്. അവരുടെ പ്രായമനുസരിച്ച് പ്രതികരണങ്ങൾ വ്യത്യസ്തമായിരിക്കും.
9. ഇളവ് കാണിക്കുക
എല്ലാറ്റിനുമുപരിയായി കുട്ടികൾ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. മുൻകൂട്ടി പ്ലാൻ ചെയ്യാത്ത ഒരു വിനോദത്തിലോ, ഒരു യാത്രയ്ക്കായോ സമയം കണ്ടെത്തുന്നത് നിങ്ങൾക്കും കുട്ടികൾക്കും മനോഹരമായ ഓർമ്മകൾ നൽകും. ദിനചര്യകൾ നല്ലതാണ്. എങ്കിലും പെട്ടെന്നുള്ള സന്തോഷത്തിനായി അതിൽ മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല.
10. പങ്കാളിയുമായി സമയം ചെലവഴിക്കുക
കുട്ടികളുണ്ടായ ശേഷം പങ്കാളിക്കായി സമയം കണ്ടെത്തുന്നത് പ്രയാസകരമാണ്. എങ്കിലും അതിനായി സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്. കാരണം കുട്ടികൾ മാതാപിതാക്കളിൽ നിന്നാണ് ബന്ധങ്ങളെക്കുറിച്ചു പഠിക്കുന്നത്. ദൈനംദിന കാര്യങ്ങളെക്കുറിച്ചും സന്തോഷമുള്ള കാര്യങ്ങളെക്കുറിച്ചും ഇടയ്ക്കിടെ സംസാരിക്കുക. പുറത്തുപോയി ഭക്ഷണം കഴിക്കാനോ ഒരുമിച്ച് വിനോദങ്ങളിൽ ഏർപ്പെടാനോ സമയം കണ്ടെത്തുക.
സീനിയ എൽസ ഇഗ്‌നേഷ്യസ്
കടപ്പാട് ലൈഫ് ഡേ