കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് 'സാമൂഹിക ഓഡിറ്റിംഗ്' അനിവാര്യം; നെടുമങ്ങാട് പ്രതികൾക്ക് ആറുമാസത്തിനകം കഠിനശിക്ഷ ഉറപ്പാക്കണം: |സാബു ജോസ്
കൊച്ചി: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് എന്ന പിഞ്ചുകുഞ്ഞ് സ്വന്തം അമ്മയുടെയും പങ്കാളിയുടെയും ക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവം കേരളീയ സമൂഹത്തിന് ആകെ നാണക്കേടാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്.
ഓരോ കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുമ്പോഴും സോഷ്യൽ മീഡിയയിൽ വെറും അനുശോചന പ്രകടനങ്ങളും 'മാപ്പ്' അപേക്ഷകളും നടത്തി കൈകഴുകുന്ന പതിവ് രീതി കൊണ്ട് ഇനിയൊരു കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് പ്രൊ ലൈഫ് പ്രസ്ഥാനങ്ങൾ ഓർമ്മിപ്പിച്ചു.
കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പ്രായോഗികവും കർശനവുമായ നിയമനിർമ്മാണങ്ങൾ നടത്താൻ ഭരണകൂടം അടിയന്തരമായി തയ്യാറാകണമെന്ന് പി ജി എഫ് ആവശ്യപ്പെട്ടു.
നെടുമങ്ങാട് സംഭവം നമ്മുടെ പ്രാദേശിക നിരീക്ഷണ സംവിധാനങ്ങളുടെയും അയൽപക്ക ജാഗ്രതയുടെയും സമ്പൂർണ്ണ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പ്രസ്താവനയിൽ പറഞ്ഞു.
സ്വന്തമല്ലാത്ത വീടുകളിൽ (Stepparents ഉള്ള കുടുംബങ്ങളിൽ) കഴിയുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്.
ഓരോ വാർഡിലും മാതാപിതാക്കളിൽ ഒരാളെങ്കിലും സ്വന്തമല്ലാത്ത കുടുംബങ്ങളിലെ കുട്ടികളുടെ കൃത്യമായ ഡാറ്റ ശേഖരിക്കാൻ പഞ്ചായത്ത് അംഗങ്ങൾ, മുൻസിപ്പൽ കൗൺസിലർമാർ, ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ എന്നിവരെ നിയമപരമായി ചുമതലപ്പെടുത്തണം.
ഇവർ മാസത്തിലൊരിക്കലെങ്കിലും ഇത്തരം വീടുകൾ സന്ദർശിച്ച് കുട്ടികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കണം. ഈ പരിശോധനകളോട് സഹകരിക്കാത്ത വീടുകളുടെ വിവരങ്ങൾ ഉടനടി ചൈൽഡ് ലൈനിലോ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) മുൻപാകെയോ റിപ്പോർട്ട് ചെയ്യാനുള്ള കൃത്യമായ സംവിധാനം ഉണ്ടാകണം.
മറ്റു സ്ഥലങ്ങളിൽ നിന്നോ മറുനാടുകളിൽ നിന്നോ വന്ന് വാടകയ്ക്ക് താമസിക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലും പോലീസിലും അറിയിക്കേണ്ടത് കെട്ടിട ഉടമസ്ഥന്റെ നിയമപരമായ ബാധ്യതയാക്കി മാറ്റണം.
കുട്ടികൾ ദുരിതമനുഭവിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത അയൽപക്ക സംസ്കാരവും മാറേണ്ടതുണ്ട്. അയൽപക്കത്തെ കുട്ടികൾ പീഡനം അനുഭവിക്കുന്നുണ്ടെന്ന് ശ്രദ്ധയിൽ പെട്ടാൽ അത് ചൈൽഡ് ലൈനിൽ അറിയിക്കാൻ അയൽവാസികൾക്കും നിയമപരമായ കടമയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അർഷിദിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് ഫാസ്റ്റ് ട്രാക്ക് കോടതിയിലൂടെ ആറുമാസത്തിനകം സമൂഹത്തിന് മാതൃകയാകുന്ന കഠിനശിക്ഷ ഉറപ്പാക്കണം. കുട്ടികളുടെ അവകാശങ്ങളും ജീവനും സംരക്ഷിക്കാൻ വെറുമൊരു നിയമത്തിനപ്പുറം ശക്തമായ 'സാമൂഹിക ഓഡിറ്റിംഗ്' (Social Auditing) അനിവാര്യമാണ്. പല ക്രൂരതകൾക്കും പിന്നിൽ ലഹരി വസ്തുക്കളുടെ അമിത ഉപയോഗമുള്ളതിനാൽ പ്രാദേശിക ലഹരിവിരുദ്ധ സമിതികളും ജാഗ്രതാ സമിതികളും അടിയന്തരമായി പുനസംഘടിപ്പിക്കണമെന്നും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു.
*സാബു ജോസ്*
ചെയർമാൻ, പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്
ഫോൺ: 9446329343
01-06-26