തൊഴുത്തിന്റെ ലാളിത്യം, ഹൃദയത്തിന്റെ ശുദ്ധി: ആഡംബരങ്ങളല്ല, ശുദ്ധമായ ഹൃദയങ്ങളാണ് ദൈവം ആഗ്രഹിക്കുന്നത്
ശുദ്ധികരിക്കുക – ശക്തികരിക്കുക
ക്രിസ്മസും പ്രൊ ലൈഫ് ദർശനവും നമ്മെ വിളിക്കുന്ന ആത്മീയ ഉത്തരവാദിത്വം ക്രിസ്മസ് ഒരു ആഘോഷമാത്രമല്ല; മനുഷ്യജീവിതത്തിന്റെ മഹത്വം ദൈവം സ്വയം വെളിപ്പെടുത്തിയ ദിനത്തിന്റെ ഓർമ്മയാണ്.
“വചനം മാംസമായി നമ്മിടയിൽ വസിച്ചു” എന്ന സത്യം, മനുഷ്യജീവിതം ഉദരത്തിൽ നിന്നുതന്നെ വിശുദ്ധമാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ലോകത്തോട് ദൈവം പ്രഖ്യാപിച്ച നിമിഷമാണ് ക്രിസ്മസ്. കഴിഞ്ഞ ദിവസം ആരോഗ്യപരമായ കാരണങ്ങളാൽ ഒരു സ്‌കാൻ ചെയ്യുവാൻ തയ്യാറെടുക്കുന്ന വേളയിൽ, പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു വന്ന രണ്ട് വാക്കുകളുണ്ട് — “ശുദ്ധികരിക്കുക – ശക്തികരിക്കുക.”
മനുഷ്യന്റെ ദുർബലതയും ജീവിതത്തിന്റെ അനിശ്ചിതത്വവും ആഴത്തിൽ അനുഭവപ്പെടുന്ന ആ നിമിഷത്തിൽ, ഈ വാക്കുകൾ ഒരു ദൈവസന്ദേശമായി ഉള്ളിൽ മുഴങ്ങി. ഇന്ന് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും, പ്രത്യേകിച്ച് ജീവന്റെ പക്ഷത്ത് നിലകൊള്ളേണ്ട പ്രൊ ലൈഫ് ദൗത്യത്തിന്റെയും, അടിസ്ഥാനവിളിയായി ഈ വാക്കുകൾ മാറുന്നു.
ബേത്ത്ലഹേമിലെ ദൈവപുത്രന്റെ ജനനം ഒരു രാജമന്ദിരത്തിലല്ല, ഒരു ലളിതമായ തൊഴുത്തിലായിരുന്നു. ഇത് ദൈവം അന്വേഷിക്കുന്നത് പുറമേയുള്ള ആഡംബരങ്ങളല്ല, മറിച്ച് ശുദ്ധമായ ഹൃദയങ്ങളാണെന്ന സത്യം നമ്മെ പഠിപ്പിക്കുന്നു.
ക്രിസ്മസിനായി വീടുകളും നഗരങ്ങളും അലങ്കരിക്കുമ്പോൾ, നമ്മുടെ മനസ്സും മനസ്സാക്ഷിയും എത്രമാത്രം ശുദ്ധീകരിക്കപ്പെടുന്നു എന്നതാണ് യഥാർത്ഥ ചോദ്യമാകേണ്ടത്. അസൂയ, വൈരാഗ്യം, സ്വാർത്ഥത, ജീവനെ അവഗണിക്കുന്ന മനോഭാവം — ഇവയെല്ലാം ഉപേക്ഷിച്ച്, ഓരോ മനുഷ്യജീവിതവും ദൈവത്തിന്റെ ദാനമാണെന്ന ബോധത്തോടെ ജീവിക്കുന്നതാണ് ഹൃദയശുദ്ധീകരണം.
ക്രിസ്മസ് നമ്മെ ശക്തീകരണത്തിലേക്കും വിളിക്കുന്നു. ക്രിസ്തു ലോകത്തിലേക്ക് വന്നത് ഒരു ദുർബല ശിശുവായി ആയിരുന്നെങ്കിലും, ആ ദൗർബല്യം ദൈവത്തിന്റെ അതിമഹത്തായ ശക്തിയായിരുന്നു ഒളിഞ്ഞിരുന്നത്. ഇതാണ് പ്രൊ ലൈഫ് സന്ദേശത്തിന്റെ കേന്ദ്രവും. ഉദരത്തിലെ കുഞ്ഞിന്റെ ജീവൻ മുതൽ, രോഗികളുടെയും വയോധികരുടെയും അവഗണിക്കപ്പെടുന്നവരുടെയും ജീവിതം വരെ — എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ക്രിസ്മസ് ഓർമ്മിപ്പിക്കുന്നു. ജീവന്റെ പക്ഷത്ത് നിലകൊള്ളാൻ ആത്മധൈര്യം ആവശ്യമുണ്ട്; ആ ധൈര്യമാണ് ക്രിസ്തു നമ്മിൽ ഉണർത്തുന്നത്.
കുടുംബജീവിതത്തിലും ഈ സന്ദേശം അതീവ പ്രസക്തമാണ്. കുടുംബം ജീവനെ സ്വാഗതം ചെയ്യുന്ന ആദ്യ ഇടമാണ്. എന്നാൽ ഇന്ന് സൗകര്യവും സ്വാർത്ഥതയും ജീവിതത്തിന്റെ മൂല്യത്തെ മറികടക്കുന്ന സാഹചര്യങ്ങൾ വർധിച്ചുവരുന്നു. ക്രിസ്മസ് കുടുംബങ്ങളെ വിളിക്കുന്നത്, ജീവനെ സ്വീകരിക്കുവാനും സംരക്ഷിക്കുവാനും, പരസ്പരം ക്ഷമയോടെയും സ്നേഹത്തോടെയും ഒന്നിച്ചു നിൽക്കുവാനുമാണ്.
ശുദ്ധമായ ബന്ധങ്ങളും ശക്തമായ ഐക്യവും ഉള്ള കുടുംബങ്ങളിലൂടെയാണ് പ്രൊ ലൈഫ് സംസ്കാരം വളരുന്നത്. സമൂഹതലത്തിൽ ക്രിസ്മസ് ഒരു വെല്ലുവിളിയാണ്. ജീവൻ ഉപേക്ഷിക്കാവുന്ന ഒന്നായി മാറുന്ന ലോകത്ത്, സ്നേഹത്തിലൂടെയും സത്യത്തിലൂടെയും ജീവനെ സംരക്ഷിക്കുന്ന ശബ്ദമാകുവാൻ ക്രിസ്തു നമ്മെ വിളിക്കുന്നു.
സമൂഹത്തെ ശുദ്ധീകരിക്കുക എന്നത്, ജീവനെതിരായ ഏതു നിലപാടിനെയും മനസ്സാക്ഷിയോടെ നിഷേധിക്കുന്നതാണ്. സമൂഹത്തെ ശക്തീകരിക്കുക എന്നത്, ജീവന്റെ പക്ഷത്ത് നിലകൊള്ളാൻ ഭയപ്പെടാത്ത ധൈര്യമാണ്. ഈ ക്രിസ്മസിൽ, ദൈവപുത്രന് നമ്മുടെ വീടുകളിൽ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളിലും പ്രവർത്തനങ്ങളിലും ജനിക്കുവാൻ ഇടം നല്കാം. ശുദ്ധമായ മനസ്സാക്ഷിയും ശക്തമായ വിശ്വാസവും ചേർന്നിടത്താണ് പ്രൊ ലൈഫ് ജീവിതസാക്ഷ്യം വളരുന്നത്.
ശുദ്ധികരിക്കുക – ശക്തികരിക്കുക. വ്യക്തിയിൽ – ശുദ്ധീകരണവും ശക്തീകരണവും കുടുംബത്തിൽ – ശുദ്ധമായ ബന്ധങ്ങളും ശക്തമായ ഐക്യവും സമൂഹത്തിൽ – ശുദ്ധമായ മനസ്സാക്ഷിയും ശക്തമായ മൂല്യങ്ങളും ഇന്നത്തെ സമൂഹം വലിയൊരു ശുദ്ധീകരണത്തിലൂടെ കടന്നുപോകേണ്ട സമയത്താണ്.
ജീവന്റെ മൂല്യം ചോദ്യം ചെയ്യപ്പെടുന്നു, നീതിയും സത്യവും പലപ്പോഴും സൗകര്യങ്ങൾക്ക് കീഴടങ്ങുന്നു. സമൂഹത്തിൽ ശുദ്ധികരിക്കുക എന്നത്:
അഴിമതിയും അനീതിയും നിഷേധിക്കുക ദുർബലരുടെ പക്ഷത്ത് നിലകൊള്ളുക ജീവന്റെ വിശുദ്ധത സംരക്ഷിക്കുക ശക്തികരിക്കുക എന്നത്:
സത്യത്തിനുവേണ്ടി ശബ്ദമുയർത്താനുള്ള ധൈര്യം വിശ്വാസമൂല്യങ്ങൾ ജീവിതത്തിൽ നടപ്പാക്കാനുള്ള കരുത്ത് നന്മയിലൂടെ സമൂഹത്തെ മാറ്റുന്ന സാക്ഷ്യം ഒരു ശുദ്ധമായ മനസ്സാക്ഷിയുള്ള സമൂഹം മാത്രമാണ് യഥാർത്ഥത്തിൽ ശക്തമാകുന്നത്.
“ശുദ്ധികരിക്കുക – ശക്തികരിക്കുക” എന്ന വാക്കുകൾ, വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതദിശ മാറ്റുന്ന ദൈവവിളിയായി മാറുന്നു. ഈ കാലഘട്ടം നമ്മെ വിളിക്കുന്നു: ആദ്യം ഉള്ളിൽ ശുദ്ധീകരിക്കുവാൻതുടർന്ന് ദൈവത്തിൽ ശക്തരാകുവാൻ
അപ്പോൾ മാത്രമേ നമ്മുടെ ജീവിതവും, നമ്മുടെ കുടുംബങ്ങളും, നമ്മുടെ സമൂഹവുംസത്യമായ അർത്ഥത്തിൽ സുഖപ്പെടുകയുള്ളൂ.ഇതാണ് ക്രിസ്മസും പ്രൊ ലൈഫ് ദർശനവും ഒരുമിച്ച് നമ്മോട് പറയുന്ന ദൈവസന്ദേശം.
സാബു ജോസ്
9446329343