മറ്റുള്ളവർ ബഹുമാനിക്കാൻ തക്കതായ നല്ല വ്യക്തിത്വം നേടിയെടുക്കാനുള്ള ലളിതമായ വഴികൾ
ബഹുമാനം നേടിയെടുക്കുക എന്നത് ഒരു കലയാണ്. മറ്റുള്ളവരിൽ നിന്ന് ബഹുമാനം പിടിച്ചുവാങ്ങാൻ കഴിയില്ല, മറിച്ച് നമ്മുടെ പെരുമാറ്റത്തിലൂടെയും പ്രവർത്തികളിലൂടെയും അത് നേടിയെടുക്കുകയാണ് വേണ്ടത്. ജീവിതത്തിൽ ബഹുമാന്യനായ വ്യക്തിയായി മാറാൻ സഹായിക്കുന്ന ചില പ്രായോഗികവഴികൾ എന്തൊക്കെയാണെന്നു നോക്കാം.
1. സ്വയം ബഹുമാനിക്കുക
നിങ്ങൾ നിങ്ങളെത്തന്നെ ബഹുമാനിച്ചാൽ മാത്രമേ മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കൂ. സ്വന്തം കഴിവുകളിൽ വിശ്വസിക്കുകയും ശരീരത്തെയും മനസ്സിനെയും ഒരുപോലെ പരിപാലിക്കുകയും ചെയ്യുക. ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള വസ്ത്രധാരണവും സംസാരശൈലിയും വളർത്തിയെടുക്കുക.
2. നല്ലൊരു കേൾവിക്കാരനാവുക
സംസാരിക്കുന്നതിനേക്കാൾ പ്രധാനം മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക എന്നതാണ്. ഒരാൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി സംസാരിക്കാതിരിക്കുകയും അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്നത് നിങ്ങൾ അവർക്ക് നൽകുന്ന വലിയൊരു ബഹുമാനമാണ്.
3. വാക്ക് പാലിക്കുക
പറഞ്ഞ കാര്യം കൃത്യസമയത്ത് ചെയ്തുതീർക്കുക എന്നത് ഒരാളുടെ വിശ്വാസ്യത വർധിപ്പിക്കുന്നു. ചെറിയ കാര്യമാണെങ്കിൽ പോലും വാക്ക് പാലിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.
4. വിനയത്തോടെയുള്ള പെരുമാറ്റം
അറിവുണ്ടാവുക എന്നത് നല്ലതാണ്. എന്നാൽ അത് മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കരുത്. എപ്പോഴും പഠിക്കാനുള്ള മനസ്സ് കാണിക്കുകയും വിനയത്തോടെ പെരുമാറുകയും ചെയ്യുക. പ്രശ്നങ്ങളുണ്ടാകുമ്പോൾ ദേഷ്യപ്പെടാതെ സമാധാനപരമായി പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത് നിങ്ങളുടെ മൂല്യം വർധിപ്പിക്കും.
5. വൈകാരികബുദ്ധി
സമ്മർദഘട്ടങ്ങളിൽ തളരാതെ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുക. മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും അവരോട് സഹാനുഭൂതിയോടെ പെരുമാറാനും ശ്രമിക്കുന്നത് ബന്ധങ്ങൾ ദൃഢമാക്കാൻ സഹായിക്കും.
ബഹുമാനം എന്നത് ഒറ്റ ദിവസംകൊണ്ടു ലഭിക്കുന്ന ഒന്നല്ല. അത് നമ്മുടെ നിരന്തരമായ നല്ല പ്രവർത്തികളുടെ ഫലമാണ്. സത്യസന്ധത, കൃത്യനിഷ്ഠ, മറ്റുള്ളവരോടുള്ള ആദരവ് എന്നിവ ശീലമാക്കിയാൽ സ്വാഭാവികമായും ബഹുമാനം നിങ്ങളെ തേടിയെത്തും.
സീനിയ എൽസ ഇഗ്‌നേഷ്യസ്