ദൈവസാന്നിധ്യത്തിൽ ജീവിക്കുന്നതിനുള്ള ഏഴു ലളിതമായ മാർഗങ്ങൾ

നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവസാന്നിധ്യ അവബോധത്തിൽ ജീവിക്കാൻ ശ്രമിക്കുക. അനുദിന ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ദൈവത്തെ കൂട്ടുപിടിച്ചുകൊണ്ട് ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? ഉറക്കമുണരുന്ന നിമിഷം മുതൽ രാത്രി കിടക്കുന്നവരെ ദൈവത്തോടൊപ്പം ആയിരിക്കാൻ നമ്മെ സഹായിക്കുന്ന ഏഴു കാര്യങ്ങൾ ഇതാ.
1. രാവിലെയും രാത്രിയും പ്രാർഥിക്കുക
ഉണരുമ്പോൾ ദൈവത്തിന് അന്നേദിനം സമർപ്പിക്കുക. അത് നമ്മുടെ ദിവസത്തിൽ ഒരു മാറ്റമുണ്ടാക്കുന്നു, അതുപോലെ തന്നെ രാത്രിയിൽ ദൈവത്തിനായി കുറച്ചു സമയം കണ്ടെത്തുക. ഇങ്ങനെ ചെയ്താൽ നമ്മൾ ഒരു ദിവസം ആദ്യം ചിന്തിക്കുന്നത് ദൈവത്തെക്കുറിച്ചാണ്, ഉറങ്ങാൻ പോകുമ്പോൾ, നമ്മൾ ചെയ്യുന്ന അവസാന കാര്യവും ദൈവത്തോടാണ് എന്നതാണ്. ഓരോ പുതിയ ദിവസത്തിലും കഴിഞ്ഞ ദിവസം ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നമുക്ക് അവനോട് നന്ദി പറയാം. ഈ രീതിയിൽ ദൈവത്തോടൊപ്പം ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും നമ്മുടെ ജീവിതത്തെ ശക്തിപ്പെടുത്തും.
2. വിശുദ്ധജലം ഉപയോഗിക്കുക
നമ്മുടെ വീടുകളിൽ വിശുദ്ധജലം അഥവാ ഹന്നാൻ വെള്ളം സൂക്ഷിക്കുന്നത് നല്ലതാണ്. നമ്മുടെ വീട്ടിൽ സന്ധ്യാപ്രാർഥന ചൊല്ലുമ്പോൾ അത് തളിക്കാം. വീട്ടിൽ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ നമുക്ക് സ്വയം തളിക്കാനും കഴിയും. ജോലിസ്ഥലത്തേക്കോ മറ്റ് യാത്രയ്‌ക്കോ പോകുമ്പോഴും വിശുദ്ധജലം നമ്മുടെ പേഴ്സിലോ കാറിലോ കൊണ്ടുപോകാനും കഴിയും. പള്ളികളിൽ പലപ്പോഴും ചെറിയ പാത്രങ്ങളിൽ വിശുദ്ധജലം ലഭ്യമാണ്. നമ്മുടെ ഇടവക വികാരിയുടെ അടുത്ത് ആശീർവാദത്തിനായി സമീപിക്കും.
3. കത്തോലിക്കാ ആഭരണങ്ങളോ മറ്റ് കൂദാശകളോ ഉപയോഗിക്കുക
മതപരമായ അർഥവും ചിഹ്നവുമുള്ള കുരിശ്, സ്കാപ്പുലർ, വിശുദ്ധ മെഡൽ, ബ്രേസ്ലെറ്റ് എന്നിവ ധരിക്കുന്നതോ കൈയിൽ കരുതുന്നതോ നല്ലതാണ്. ഈ വസ്തുക്കൾ നമ്മൾ എന്ത് ചെയ്താലും നമ്മെ സംരക്ഷിക്കുന്ന വസ്തുക്കൾ ആണ്. അവ നമ്മുടെ വിശ്വാസം, ദൈവം നമ്മോട് നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ, വിശുദ്ധരുടെ മധ്യസ്ഥത എന്നിവയെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ വിശ്വാസം സജീവമായി നിലനിർത്താനും, പ്രാർത്ഥിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കാനും, നമ്മൾ പോകുന്നിടത്തെല്ലാം നമ്മുടെ വിശ്വാസപരമായ ഐഡന്റിറ്റി പ്രകടിപ്പിക്കാനും അവ നമ്മെ സഹായിക്കും. ഒപ്പം ഒരു ജപമാല കൈയിൽ കരുതുന്നത് പ്രാർഥിക്കാനുള്ള ഒരു മികച്ച ഓർമ്മപ്പെടുത്തലാണ്. നമ്മൾ അത് ഒരു ഡ്രോയറിലോ ഷെൽഫിലോ വെച്ചാൽ ഉപയോഗിക്കാൻ മറന്നു പോകും.
4. ഭക്ഷണത്തിന് മുമ്പ് പ്രാർഥിക്കുക
ഭക്ഷണത്തിന് മുമ്പ്, നാം ഒരു ചെറിയ പ്രാർത്ഥന നടത്തുകയും ദൈവം നമുക്ക് നൽകിയിരിക്കുന്ന ഭക്ഷണത്തിന് നന്ദി പറയുകയും വേണം. ഇത് കൃതജ്ഞതയുടെ ഗുണം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുകയും നമ്മുടെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഭക്ഷണം പങ്കിടുമ്പോൾ ഉദാരമതികളായിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
5. ഒരു ദൈവാലയം കടന്നുപോകുമ്പോൾ കുരിശടയാളം വരയ്ക്കുക
ഒരു പള്ളിയുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ, കുരിശടയാളം വരയ്ക്കുക. ദൈവസാന്നിധ്യ അവബോധം അനുസ്മരിക്കുക.
6. ഇടയ്ക്കിടെ ദിവ്യകാരുണ്യ സന്ദർശനം നടത്തുക
നമ്മുടെ അനുദിന ജീവിതം വളരെ തിരക്കേറിയതും ഉത്തരവാദിത്തങ്ങൾ നിറഞ്ഞതുമാണെന്ന് നമുക്കറിയാം. എങ്കിലും, ഇടയ്ക്കിടെ ദിവ്യകാരുണ്യ സന്ദർശനം നടത്തുക. ദിവ്യകാരുണ്യ സന്ദർശനത്തിനായി കുറച്ച് നിമിഷങ്ങൾ നീക്കിവയ്ക്കുന്നത് മുൻഗണനയിൽ ഉണ്ടായിരിക്കണം.
നമ്മുടെ ഒഴിവു സമയം പ്രയോജനപ്പെടുത്തി, യേശുവിനെ സന്ദർശിക്കാൻ നമുക്ക് ഒരു നിമിഷം നീക്കിവയ്ക്കാം. നമ്മുടെ ജോലിസ്ഥലത്തിനടുത്ത് (അല്ലെങ്കിൽ യാത്രാമധ്യേ) ഒരു പള്ളി ഉണ്ടെങ്കിൽ, ഉച്ചഭക്ഷണ ഇടവേളയിലോ ജോലിസ്ഥലത്തേക്കോ തിരിച്ചുവരവിലോ നമുക്ക് അവിടെ നിർത്താം.
ഒരു പള്ളിയിലോ ചാപ്പലിലോ യേശുവിനെ സന്ദർശിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം, പോകാൻ നാം മടിക്കരുത്! ദൈവം എപ്പോഴും തുറന്ന വാതിലുകളോടെ നമുക്കുവേണ്ടി കാത്തിരിക്കുന്നു. പല സ്ഥലങ്ങളിലും 24 മണിക്കൂറും തുറന്നിരിക്കുന്ന നിത്യ ആരാധനാ ചാപ്പലുകൾ ഉണ്ട്.
7. യാത്ര ചെയ്യുമ്പോൾ പ്രാർഥിക്കുക
കാറിൽ കയറുമ്പോൾ, യാത്ര ചെയ്യുമ്പോൾ നമുക്ക് പ്രാർഥിക്കാം. അങ്ങനെ നമ്മുടെ യാത്രയിൽ ഈശോയുടെയും മാതാവിന്റെയും സംരക്ഷണം തേടാം. നമ്മൾ ഒറ്റയ്ക്കോ മറ്റുള്ളവരോടൊപ്പമോ യാത്ര ചെയ്യുകയാണെങ്കിലും, കാറിലോ പൊതുഗതാഗതത്തിലോ ആകട്ടെ, ഏറ്റവും തിരക്കേറിയ യാത്രകളിൽ ദൈവിക സംരക്ഷണത്തിനും സമാധാനത്തിനും സമത്വത്തിനും വേണ്ടി യാചിക്കാനുള്ള ഒരു മികച്ച മാർഗമാണ്.
നമ്മുടെ ദൈനംദിന ദിനചര്യകൾക്കിടയിലും, നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനും ദൈവം നമുക്കായി കരുതിവച്ചിരിക്കുന്ന നിരവധി അനുഗ്രഹങ്ങൾ തിരിച്ചറിയാനും ഈ അർത്ഥവത്തായതും ലളിതവുമായ മാർഗങ്ങൾ നമ്മെ സഹായിക്കും.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ
കടപ്പാട് ലൈഫ് ഡേ