കുഞ്ഞുങ്ങളുടെ വിൽപ്പനയും വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും : സമഗ്ര അന്വേഷണം അനിവാര്യം:പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ്
കൊച്ചി:സോഷ്യൽ മീഡിയയിലൂടെ നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.
ഒരു കുഞ്ഞും വിൽക്കപ്പെടാനുള്ള വസ്തുവല്ല; ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യ ദാനവും അന്തസ്സുള്ള മനുഷ്യജീവനുമാണ്. കുഞ്ഞുങ്ങളുടെ വിൽപ്പന, മനുഷ്യക്കടത്ത്, സ്ത്രീകളുടെ ചൂഷണം എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശൃംഖലകളെ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിലൂടെ കുഞ്ഞുങ്ങളെ വിൽക്കാൻ ശ്രമിച്ച സംഭവത്തെ ഒറ്റപ്പെട്ട കുറ്റകൃത്യമായി മാത്രം കാണാതെ, അതിന് പിന്നിൽ സംഘടിത ശൃംഖലകളുണ്ടോ എന്നത് ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതോടൊപ്പം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ എത്തിച്ച് വാടക ഗർഭധാരണത്തിന് (Surrogacy) അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളും സമീപകാലത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലും സമഗ്ര അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് സാബു ജോസ് പറഞ്ഞു.
ദത്തെടുക്കലിന് നിയമപരമായി ലഭ്യമായ കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട വാണിജ്യവൽക്കരണത്തിനും അനുബന്ധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സാധ്യത വർധിക്കുമെന്ന ആശങ്ക അവഗണിക്കാനാവില്ല എന്ന് അദ്ദേഹം വിലയിരുത്തി.
അതുപോലെ, സ്വാഭാവിക ഗർഭധാരണമല്ലാത്ത പ്രത്യുത്പാദന ചികിത്സകൾ (ART) നൽകുന്ന സ്ഥാപനങ്ങൾ നിയമപരമായ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്നും, മനുഷ്യജീവനെ വാണിജ്യവൽക്കരിക്കുന്നതിലേക്കോ സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതികളിലേക്കോ കുഞ്ഞുങ്ങളുടെ അനധികൃത കൈമാറ്റത്തിലേക്കോ നയിക്കുന്ന ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നും ബന്ധപ്പെട്ട അധികാരികൾ സമഗ്രമായി പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമം പാലിച്ച് പ്രവർത്തിക്കുന്ന ആശുപത്രികളെയും ചികിത്സാകേന്ദ്രങ്ങളെയും സംരക്ഷിക്കുമ്പോൾ, നിയമം ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സ്ത്രീകളുടെ ദാരിദ്ര്യവും നിസ്സഹായാവസ്ഥയും ചൂഷണം ചെയ്ത് മനുഷ്യശരീരത്തെയും കുഞ്ഞുങ്ങളെയും വാണിജ്യവൽക്കരിക്കുന്ന ഏതൊരു പ്രവണതയും ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമാനുസൃത ദത്തെടുക്കൽ സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കണമെന്നും, പ്രതിസന്ധിയിലായ ഗർഭിണികൾക്കും അവിവാഹിതരായ അമ്മമാർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും സർക്കാർ, സന്നദ്ധസംഘടനകൾ, മതസ്ഥാപനങ്ങൾ എന്നിവയുടെ സഹായം എളുപ്പത്തിൽ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഓരോ കുഞ്ഞിനും സുരക്ഷിതമായി ജനിക്കാനും സ്നേഹത്തോടെ വളരാനും അവകാശമുണ്ട്. ഓരോ സ്ത്രീക്കും ചൂഷണത്തിൽ നിന്ന് സംരക്ഷണം ലഭിക്കണം. മനുഷ്യജീവനെ വാണിജ്യവൽക്കരിക്കുന്ന എല്ലാ പ്രവണതകൾക്കും എതിരെ സമൂഹവും സർക്കാരും നിയമസംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം," എന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.
✍️ സാബു ജോസ്
ചെയർമാൻ
പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ്
📞 9446329343