കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിക്കുന്ന തമ്പുരാനു സ്തുതി! വഖഫ് വിഷയത്തിൽ ഫാ. ജോഷി മയ്യാറ്റിൽ

ഇന്ന് മുനമ്പത്തിൻ്റെ സത്യം പച്ചയായി വെളിപ്പെട്ട ദിനമാണ്. ജസ്റ്റിസ് സുഷ്രുത് അർവിന്ദ് ധർമാധികാരിയും ജസ്റ്റിസ് ശ്യാംകുമാറും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ അന്തിമവിധിയിലുള്ള നിരീക്ഷണങ്ങൾ നീതിബോധമുള്ള ആർക്കും ആനന്ദം നല്കുന്നതാണ്. മുനമ്പം വിഷയത്തിൽ കേരള സർക്കാർ രാമചന്ദ്രൻ നായർ കമ്മീഷനെ നിയമിച്ചതിനെതിരേ കേരള വഖഫ് സംരക്ഷണ വേദി നല്കിയ കേസിൽ 17.03.2025ൽ ഹൈക്കോടതി ഏകാംഗ ബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരേ സർക്കാർ കൊടുത്ത അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
വഖഫ് സംരക്ഷണ വേദിക്കു നന്ദി!
വഖഫ് സംരക്ഷണ വേദി ഫയൽ ചെയ്ത കേസിലൂടെയാണ് വഖഫ് ബോർഡിൻ്റെ പൊയ്മുഖം അഴിഞ്ഞു വീഴാൻ ദൈവം ഇടയാക്കിയത്. മുനമ്പത്തെ വഖഫാക്കി പ്രഖ്യാപിച്ചുള്ള ബോർഡിൻ്റെ 2019ലെ വിജ്ഞാപനത്തെ 'ഭൂമി കൊള്ളയ്ക്കുള്ള തന്ത്രം' എന്നാണ് വിധിന്യായം വിശേഷിപ്പിക്കുന്നത് (പേജ് 6). മുനമ്പത്തെ വഖഫായി പ്രഖ്യാപിച്ച ബോർഡിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ഇരുപത്തിയഞ്ചാം പേജിൽ ന്യായാധിപന്മാർ പ്രസ്താവിക്കുന്നു: "മുഴുവൻ നീക്കവും ഒരു തട്ടിപ്പായിരുന്നു; വാണിജ്യപരമായ സംഭവവികാസങ്ങൾ കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉയർന്ന വാണിജ്യ മൂല്യം കൈവരിച്ച ഈ വസ്തുവിൽ കണ്ണുവയ്ക്കുന്ന വെറും ഒരു ഭൂമികൊള്ളക്കാരനെപ്പോലെയാണ് കേരള വഖഫ് ബോർഡ് പ്രവർത്തിച്ചത്."
കേരള സർക്കാരിനു നന്ദി!
മുനമ്പംകാരുടെയും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കേരളജനതയുടെയും അതിശക്തമായ സമരമുറകളാൽ നിർബന്ധിതമായി കേരള സർക്കാർ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനെക്കുറിച്ചുള്ള വിധിയിലാണ്, മുനമ്പം ഒരു കാരണവശാലും വഖഫ് അല്ല എന്ന അതിശക്തമായ നിരീക്ഷണങ്ങൾ കാര്യകാരണ സഹിതം കോടതി നടത്തിയിരിക്കുന്നത്.
മുപ്പത്താറു വർഷം മുമ്പ് നിയമപരമായ രേഖകളോടെ വാങ്ങി ആധാരം ചെയ്ത് കരം അടച്ച് ഉപയോഗിച്ചു വന്നിരുന്ന ഭൂമി അവരുടേതല്ല എന്നു പറഞ്ഞ് അവരെ റവന്യൂ തടങ്കലിൽ ആക്കിയത് ഇതേ സർക്കാരിൻ്റെ റവന്യൂ ഡിപ്പാർട്ടുമെൻ്റാണ്. അവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസമോ വിവാഹ ജീവിതമോ നിഷേധിക്കപ്പെടും വിധം വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് അവരെ തള്ളിയിട്ടതും അവർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകളും അനുവാദങ്ങളും നിഷേധിച്ചതും പിണറായി സർക്കാരിൻ്റെ റവന്യൂ ഡിപ്പാർട്ടുമെൻ്റാണ്.
ഇതിൽ മുഖ്യ പങ്കു വഹിച്ചത് റവന്യൂ അധികാരിയായിരുന്ന അന്നത്തെ എറണാകുളം കളക്ടറായിരുന്നു. ശ്രീ. ജാഫർ മാലിക്കിൻ്റെ നിയമനത്തിൻ്റെ ഏകലക്ഷ്യം മുനമ്പത്തെ ജനത്തെ ദുരിതത്തിലാഴ്ത്താൻ വഖഫ് ബോർഡിനെ സഹായിക്കുക എന്നതായിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു! 2021 ജൂലൈ 13-ാം തീയതി ചാർജെടുത്ത അദ്ദേഹം കൃത്യം ആറു മാസം പൂർത്തിയാക്കിയ 2022 ജനുവരി 13-ാം തീയതിയാണ് വഖഫ് ബോർഡ് CEO മുനമ്പം വിഷയത്തിൽ റവന്യൂ ഡിപ്പാർട്ട്മെൻ്റിന് നോട്ടീസ് അയച്ചത്. ശ്രദ്ധേയമായ കാര്യം, കേരളം കോവിഡു ദുരന്തത്തിലൂടെ കടന്നുപോകുന്ന കാലമായിരുന്നു അത് എന്നതാണ്! ജാഫർ മാലിക്കാകട്ടെ, ജൂലൈ 22ന് സ്ഥലം മാറിപ്പോവുകയും ചെയ്തു!!
ഉടനടി റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കണം
സിവിൽ കോടതിയിലൂടെ നടത്തേണ്ടിയിരുന്ന നീക്കങ്ങൾ ഒഴിവാക്കി ഏറാൻമൂളികളായ റവന്യൂ ഉദ്യോഗസ്ഥരിലൂടെ വഖഫ് ബോർഡ് നടത്തിയ അധിനിവേശത്തിനും തത്ഫലമായി ഒരു ജനത കടന്നുപോകുന്ന ദുരിതപർവത്തിനും ബാധ്യതയേറ്റെടുത്ത് 'ഞാൻ പിഴയാളി' പറയേണ്ട ഉത്തരവാദിത്വം പിണറായി സർക്കാരിനുണ്ട്. ഏറ്റവും ചുരുങ്ങിയത്, ഉടനടി മുനമ്പംകാരുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണം. അത് അല്പം പോലും നീട്ടുന്നതിൽ ഒരു ന്യായീകരണവും സർക്കാരിന് ഉണ്ടാവുകയില്ല.