ഓൺലൈൻ ബാല ലൈംഗികചൂഷണം: കുട്ടികളെ ശ്രദ്ധിക്കാം, സുരക്ഷിതമാക്കാം

 
cse

‘പഠനത്തിൽ അത്ര മികവില്ല, ഒപ്പം കളിക്കാനോ, കൂട്ടുകൂടാനോ സുഹൃത്തുക്കളില്ല. കുട്ടിക്കാലത്ത് എന്നിൽ കണ്ടെത്തിയ ഡിസ്ലെക്സിയ കാരണം ഞാൻ ഓരോ ക്ലാസ്സുകളിലും പഠനത്തിൽ ബുദ്ധിമുട്ടി. സ്കൂളിലെ പഠനത്തേക്കാൾ മികച്ചത് ഇന്റർനെറ്റ് വഴിയുള്ള പഠനമാണെന്ന് മനസ്സിലാക്കിയതോടെ വീട്ടിലിരുന്നുള്ള പഠനം കൂടുതലും ഇന്റർനെറ്റിലാക്കി. എന്നാൽ പഠനം എളുപ്പമാക്കാൻ സാധിച്ചതോടെ എനിക്ക് ഇന്റർനെറ്റിനോടുള്ള വിശ്വാസ്യത വർധിച്ചു. സുഹൃത്തുക്കളില്ലെന്ന പോരായ്മ മാറ്റാൻ ഞാൻ ചാറ്റ് റൂമുകളിൽ പലരോടും ചാറ്റ് ചെയ്യാൻ ആരംഭിച്ചു…’ ഇതായിരുന്നു ഒരു പന്ത്രണ്ടു വയസ്സുകാരിയുടെ ഓൺലൈനിലെ ചതിക്കുഴിയിലേക്കുള്ള തുടക്കം.

ചാറ്റ് റൂമുകളിൽ അവളെ സ്വാ​ഗതം ചെയ്തത്, അവളെ പരിഗണിച്ചത് നിരവധി പുരുഷസുഹൃത്തുക്കൾ ആയിരുന്നു. അവളേക്കാൾ ഇരട്ടി പ്രായമുള്ളവർ. അതിൽ ഒരാളിൽ നിന്നും ലഭിച്ച സ്നേഹത്തിൽ അവൾ കീഴ്‌പ്പെട്ടു. അയാൾ വഴികാട്ടിയായി; ഉറ്റസുഹൃത്തുമായി. പിന്നീട് പരി​ഗണനയും സ്നേഹവുമെല്ലാം ലൈം​ഗികചുവയുള്ള സംസാരങ്ങളിലേക്കു കടന്നപ്പോൾ സുഹൃത്തിന്റെ സ്നേഹം വിട്ടുപോകാതിരിക്കാൻ അവൾ അതിനും സമ്മതിച്ചു. അവസാനം അത് വെബ്ക്യാം വഴിയുള്ള നഗ്നതാപ്രദർശനം വരെയെത്തി. ഇതുപോലെയാണ് പല കുട്ടികളും അവർ പോലുമറിയാതെ ബാല ലൈംഗികചൂഷണത്തിന് ഇരകളാകുന്നത്.

ടെറെ ഡെസ് ഹോംസ് നെതർലാൻഡ്‌സ് നടത്തിയ സേഫ്റ്റി ഫോർ ചിൽഡ്രൻ ആൻഡ് ദെയർ റൈറ്റ്‌സ് ഓൺലൈൻ (SCROL) ബേസ്‌ലൈൻ സർവേയിൽ, കിഴക്കൻ ആഫ്രിക്കൻ രാജ്യത്തെ കുട്ടികളിൽ പകുതിയോളം (47.7%) പേരും ലൈംഗികപീഡനം, സൈബർ ഭീഷണി, ലൈംഗിക ഉള്ളടക്കത്തിന് വിധേയരാകൽ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ ഉപദ്രവങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ഒരു രാജ്യത്തിന്റെ മാത്രമോ, പ്രദേശത്തിന്റെ മാത്രമോ ‘ഓൺലൈൻ വിപത്ത്’ അല്ല. നമുക്കു ചുറ്റുമുള്ള ഓരോ കുട്ടികളും നേരിട്ട് അനുഭവിച്ചിട്ടുള്ളതായിരിക്കാം.

ലോകമെമ്പാടുമുള്ള കുട്ടികൾ അവരുടെ പഠനാവശ്യങ്ങൾക്കോ, സൗഹൃദത്തിനോ സർഗാത്മകതയ്ക്കോ വേണ്ടി ഇന്ന് ഓൺലൈനിലാണ്. മുതിർന്നവരേക്കാൾ കുട്ടികൾക്ക് ഓൺലൈനിനെ ഒരുപാട് അറിയാം. പക്ഷെ, അതിന്റെ ചതിക്കുഴിളെക്കുറിച്ച് അവർക്ക് യാതൊരുവിധ അറിവുമില്ല എന്നതാണ് സത്യം.

കെനിയ പോലുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിൽ, ഇത്തരത്തിലുള്ള പ്രശ്നത്തിന്റെ വ്യാപ്തി കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, കെനിയയിലെ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (NCMEC) 2023 ൽ മാത്രം 46,000 ത്തിലധികം ഓൺലൈൻ ബാല ലൈംഗികപീഡന കേസുകൾ റിപ്പോർട്ട് ചെയ്തു.

ചൂഷണത്തിന്റെ കഥ പറയുന്ന കണക്കുകൾ

ഓൺലൈൻ ചൂഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ നടത്തിയ പരിപാടിയിൽ പങ്കെടുത്ത കുട്ടികളിൽ 28% പേർ ക്കും അവരുടെ ലൈംഗികചിത്രങ്ങൾ പങ്കിടേണ്ടിവന്നിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. കൗമാരക്കാരിൽ നാലിലൊന്നു പേരും ഓൺലൈനിൽ ആദ്യമായി പരിചയപ്പെട്ട അപരിചിതരെ നേരിട്ട് കണ്ടുമുട്ടിയതായി സമ്മതിച്ചു. പെൺകുട്ടികൾ മാത്രമല്ല, പലപ്പോഴും ആൺകുട്ടികളും ഇത്തരം ചൂഷണങ്ങൾക്ക് വിധേയരായിട്ടുണ്ട്.

ഓൺലൈൻ ബാല ലൈംഗികചൂഷണം കുട്ടികളിൽ മാനസികാരോഗ്യം, പഠനം, സാമൂഹിക വികസനം എന്നിവയെ ബാധിക്കുന്ന മുറിവുകൾ അവശേഷിപ്പിക്കുന്നു. ശ്രദ്ധിക്കപ്പെടാതെ പോയാൽ, അത് നമ്മുടെ സമൂഹത്തിന്റെ ഘടനയെ തന്നെ ഭീഷണിയിലാക്കും.

ഇത്തരം സംഭവങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞാൽ ചൂഷണങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന മതിയായ ഡിജിറ്റൽ സാക്ഷരത മാതാപിതാക്കൾക്കില്ലെന്ന് 2025 ലെ SCROL (Safety for Children & Rights Online) ന്റെ കെയർഗിവേഴ്‌സ് പെർസെപ്ഷൻ പഠനം എടുത്തുകാണിച്ചു. മാത്രമല്ല, കുട്ടികൾക്ക് വ്യക്തമായ മാർഗനിർദേശം നൽകുന്നതിനു പകരം മുന്നറിയിപ്പുകളോ, ശിക്ഷയോ പോലുള്ള നിയന്ത്രണ നടപടികളെ മാത്രമേ അവർ ആശ്രയിക്കുന്നുള്ളൂ എന്നുമാണ് പഠനം പറയുന്നത്.

നമ്മുടെ കുട്ടികൾ കൈവിട്ട് പോകാതിരിക്കാനായ്, അവരുടെ കരംപിടിച്ച് ചതിക്കുഴികളിൽ നിന്ന് നേർവഴിയിലേക്കു നടത്താനായി മതാപിതാക്കൾക്കൊപ്പം സമൂഹവും ഉണർന്ന് പ്രവർത്തികണം. തങ്ങൾ വളർന്നുവരുന്ന ചുറ്റുപാടിൽ ചൂഷണത്തിന്റെ നിഴൽ പതിഞ്ഞിരിക്കുന്നുണ്ടെന്നുള്ള മുന്നറിയിപ്പ് സ്കൂളുകളിൽ നിന്നും കുട്ടികൾക്ക് ലഭിക്കണം. ഇനി വളർന്നുവരുന്ന തലമുറയ്ക്ക്, പേടിയുടെ നിഴൽ വീണ ലൈം​ഗികചൂഷണത്തിന്റെ കഥ പറയാൻ ഉണ്ടാകാതിരിക്കട്ടെ.

കടപ്പാട് ലൈഫ് ഡേ
 

Tags

Share this story

From Around the Web