പെസഹാ വ്യാഴാഴ്ച വിശ്വാസികള്‍ക്ക് മനക്ലേശം കൂടാതെ കൂടുതല്‍ സമയം ദൈവാലയത്തില്‍ ചെലവഴിക്കാന്‍ കഴിയുന്നത് ഈ വലിയ മനുഷ്യന്‍ കാരണം

ഒരു പെസഹാ വ്യാഴാഴ്ച കൂടി കടന്നു വരുന്നു. പെസഹാ വ്യാഴാഴ്ച വിശ്വാസികള്‍ക്ക് മനക്ലേശം കൂടാതെ കൂടുതല്‍ സമയം ദൈവാലയത്തില്‍ ചെലവഴിക്കാന്‍ കഴിയുന്നത് ഈ വലിയ മനുഷ്യന്‍ കാരണമാണ്.
കെ. ജെ. ചാക്കോ. നാലും അഞ്ചും കേരള നിയമ സഭയില്‍ ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച എം. എല്‍. എ. കേവലം രണ്ടാഴ്ചക്കാലത്ത് മാത്രം അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ 1979 ല്‍ ആണ് ആ ദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്.
ആരും ആവശ്യപ്പെടാതെ തന്നെയുള്ളെ അദ്ദേഹത്തിന്റെ ആ നടപടിയുടെ മൂല്യം എത്ര അധികമാണ് എന്നത് ദൈവാലയത്തില്‍ നടക്കുന്ന പെസഹാ വ്യാഴാഴ്ചത്തെ തിരുക്കര്‍മ്മങ്ങളില്‍ സൗകര്യ പൂര്‍വ്വം പങ്കെടുക്കാന്‍ കഴിയുമ്പോള്‍ ഓര്‍മവരുന്നു.
എല്ലാ വിഭാഗത്തിലുപെട്ട ക്രൈസ്തവര്‍ക്ക് ദൈവാലയങ്ങളില്‍ പ്രത്യേകമായ ദൈര്‍ഘ്യമേറിയ പ്രാര്‍ത്ഥനകളും ആചാരങ്ങളും ഉള്ളതിനാല്‍ ഈ തീരുമാനം വലിയ അനുഗ്രഹമായി.
ക്രൈസ്തവ സമൂഹത്തിനു പൊതുവായി ഗുണകരമായ ഈ നടപടി സ്വീകരിച്ച ആ വലിയ മനുഷ്യനെ ആരും അതിന്റെ പേരില്‍ ആദരിച്ചതായി അറിവില്ല. അദ്ദേഹം ഇപ്രകാരം ഒരു സമുദായ സ്‌നേഹം ഉയര്‍ത്തിപ്പിടിച്ച ഒരു വ്യക്തിയാണെന്ന് പുതിയ തലമുറയോട് പറഞ്ഞു കൊടുക്കാന്‍ പോലും ഏതെങ്കിലും സഭാ നേതൃത്വം അദ്ദേഹത്തിന്റെ ജീവിതകാലത്തോ മരണാനന്തരമോ തയ്യാറായി കേട്ടിട്ടില്ല.
ഇരിയ്‌ക്കേണ്ടിടത്ത് മാത്രം ഇരിക്കുന്ന അദ്ദേഹത്തിന് മന്ദിര ബന്ധങ്ങളെ താലോലിക്കുന്ന നയമല്ലാതിരുന്നത് അദ്ദേഹത്തെ പലരും തെറ്റിധരിക്കുന്നതിനുപോലും ഇടയാക്കി എന്നതും ചരിത്രം. 13.04.2021 ല്‍ 91-ാം വയസില്‍ അദ്ദേഹം നിര്യാതനായി.