ഇവരിലാരും ക്രിസ്ത്യാനിയല്ല. ക്രിസ്ത്യാനിയായിട്ടുമില്ല, നിങ്ങൾ കൂട്ടമായി വാളും വടിയുമായി  ഓടിവന്ന്  സ്കൂളും അനാഥാലങ്ങളും അടപ്പിക്കുമ്പോൾ ഞങ്ങൾക്ക് കയ്യിൽ കൊന്തയും ഉളളിൽ ഈശോയും മാത്രം

 
2222

എൻ്റെ സഹോദരരായ ബജ്റംഗദൾ അംഗങ്ങളെ, ഇതാ കഴിഞ്ഞ മൂന്ന് - നാല് പതിറ്റാണ്ടുകളായി നിങ്ങൾ വിളിക്കുന്ന "മതപരിവർത്തനത്തിന്" വേണ്ടി ഞങ്ങൾ അതിരാവിലെ പല്ല് തേച്ച് കുളിപ്പിച്ച് രാത്രിയിൽ ഉറങ്ങും വരെ പരിപാലിക്കുന്നവരുടെ ചില ഫോട്ടോകൾ എൻ്റെ ക്യാമറയിൽ ഞാൻ പകർത്തിയവയാണ്. 

ഇവർ "എല്ലാവരും'' ഞങ്ങൾക്ക് അനിയത്തിമാരും, ചേച്ചിമാരും, അമ്മമാരും ആണ് എന്നാൽ നിങ്ങളുടെ ഭാഷയിൽ " ഹിന്ദു മതത്തിൽ പെട്ടവരാണ്".  ഇവരിലാരും ക്രിസ്ത്യാനിയല്ല. ക്രിസ്ത്യാനിയായിട്ടുമില്ല. 

ഒറ്റ ദിവസം, ഒരേ ഒരു ദിവസം ഒന്നു വന്ന്, ഞങ്ങൾ ചെയ്യുന്നത് പോലെ അവരെ പരിപാലിച്ച് ഒന്ന് മതം മാറ്റാൻ ശ്രമിക്കാമോ? അവർക്ക്  ബുദ്ധിയില്ല, ആരോഗ്യം ഇത്തിരി കുറവാണ്, പിന്നെ അറിയാവുന്ന ഒറ്റ ഭാഷ സ്നേഹമാണ്. ചലഞ്ച് ആണ്. പിന്നെ, നിങ്ങൾക്ക് ഞങ്ങളുടെ ഏത് ആശുപത്രിയിൽ നിന്നുമാണ് മതപരിവർത്തന ഗുളികകളും, ഓപ്പറേഷനും കിട്ടിയിട്ടുള്ളത്? ഏതു സ്കൂളിൽ ആണ് കത്തോലിക്കാ സഭാ വിശ്വാസം പാഠ്യവിഷയമായി ഉള്ളത്? ഉത്തരം കാത്തിരിക്കുന്നു. 

കഴിഞ്ഞ 55 വർഷമായി സേവനം ചെയ്യുന്ന ഉത്തരേന്ത്യയിലെ ഞങ്ങളുടെ ഒരു ആശുപത്രിയിൽ ഞാൻ പതിനഞ്ചു വർഷങ്ങൾ മുന്നേ സഹായിക്കാനായി പോയി. അന്ന് അവിടെ വന്നവരിൽ പലരും എഡ്സ് രോഗികളും ക്ഷയ രോഗികളും ആരുന്നു. അവരിൽ 99. 9 ശതമാനവും നിങ്ങളുടെ മതക്കാരും, പാർട്ടിക്കാരും ആരുന്നു. അവരിൽ ആർക്കേലും മതപരിവർത്തന ഗുളിക ഡോട്ട് ഗുളികക്ക് പകരം കിട്ടിയെങ്കിൽ അറിയിക്കണേ. 

 നിങ്ങൾ കൂട്ടമായി വാളും വടിയുമായി  ഓടിവന്ന്  " സ്കൂളും അനാഥാലങ്ങളും " അടപ്പിക്കുമ്പോൾ, ഞങ്ങൾക്ക് കയ്യിൽ കൊന്തയും ഉളളിൽ ഈശോയും മാത്രം. അതു മാത്രം മതി. എന്നാലും,അഭിമാനത്തോടെ  ഒന്ന് പറയാനുള്ളത് കേൾക്കൂ.  ഈ രാജ്യത്തിൻ്റെ മുൻനിരയിലുള്ള ഉന്നതരിൽ ഭൂരിപക്ഷം ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ "പരിവർത്തനം " ചെയ്യപ്പെട്ടവരാണ്.

നിങ്ങൾ ചലഞ്ച് ഏറ്റു വരുന്നത് കാത്തിരിക്കുന്നു. ഒരു കാര്യം കൂടി...2%ത്തെ എന്തിനാണ് 70% പേടിക്കുന്നത്? വരുന്ന തലമുറ ഈ കാടത്തരത്തിനെ ചോദ്യം ചെയ്യുമ്പോൾ ഉത്തരം പറഞ്ഞേ മതിയാവൂ... ഒന്ന് ഓർത്തോളൂ... കൊന്നവരും, കൊലവിളി നടത്തിയവരും അവസാനം പശ്ചാത്തപിച്ച് കുരിശിനെ കെട്ടിപ്പിടിക്കുന്നതാണിപ്പോൾ ... പരിവർത്തന ചരിത്രം. 

ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേതഗദി നിലനില്ക്കുന്നിടത്തോളം കാലം എൻ്റെ സന്യാസസഭാ വസ്ത്രത്തിൽ ഞാൻ ജീവിക്കും, ഞങ്ങൾ ജീവിക്കും, പ്രഘോഷിക്കും കത്തോലിക്ക സന്യാസിനിയായി ഓർത്തോളൂ...

എത്ര വലിയ തടങ്കലിൽ അടച്ചാലും മാഞ്ഞു പോവുന്നതല്ല ഞങ്ങളുടെ വിശ്വാസം. എത്ര തടഞ്ഞാലും, കൊന്നാലും ഞങ്ങൾ ജീവിക്കും - മരണം വരെ യേശു ക്രിസ്തുവിന് വേണ്ടി.ജയ് ജയ് ക്രിസ്തുരാജാ !

NB: (ഞങ്ങൾ 12 വർഷം സ്കൂൾ അസംബ്ലിയിൽ ആവർത്തിച്ച പ്രതിജ്ഞ മനസ്സിൽ ഉള്ളതിനാലും, ഈശോ മത്തായിയുടെ സുവിശേഷം 25: 40 - ൽ വിളിക്കുന്നതിനാലും ആണ് നേരിൽ കാണാത്ത നിങ്ങളെ സഹോദരർ എന്ന് അഭിസംബോധന ചെയ്തത് ) -

Sr Soniya K Chacko DC 


 

Tags

Share this story

From Around the Web