ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല

 
couple

ജീവിതപങ്കാളിയോട് ഇതുവരെയും ഒരു ശതമാനം പോലും ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാ രഹസ്യങ്ങളും എല്ലാ ചിന്തകളും പ്രവൃത്തികളും പങ്കിട്ടിട്ടുള്ള ആളാണോ നിങ്ങൾ ?

എങ്കിൽ നിങ്ങൾ ഒരു വലിയ പുരസ്കാരത്തിന് അർഹനോ അർഹയോ ആണ് !!വെറുതെ മേനിയ്ക്ക് പറഞ്ഞിട്ട് കാര്യമില്ല.

ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല എന്നാണ് എൻറെ വിശ്വാസം.

കാരണം , സ്വകാര്യത എന്നത് മനുഷ്യൻറെ അലിഖിതമായ ജൻമാവകാശമാണ് എന്നതുതന്നെ.എല്ലാം വെളിപ്പെടുത്താൻ ആർക്കും കഴിയില്ല എന്നതുതന്നെ .ഒളിച്ചുവയ്ക്കുന്ന ഒരു ചിന്തയെങ്കിലും ഉണ്ടാകും നമ്മുടെ ജീവിതത്തിൽ .നിയമപരമായ ഒരു ബന്ധത്തിലേർപ്പെട്ടു എന്നു കരുതി, നമ്മുടെ സ്വകാര്യതകൾ നമ്മുടേതല്ലാതാകുന്നില്ല.

നമ്മുടെ രഹസ്യങ്ങളും.ഇവിടെ രഹസ്യങ്ങൾ എന്ന് പറയുമ്പോൾ വിവാഹേതരബന്ധം എന്ന അർത്ഥത്തിൽ മാത്രം അതിനെ എടുക്കരുത്. രഹസ്യങ്ങൾ പലതും ഉണ്ടാകാം. നമ്മുടെ കുടുംബവുമായി നമുക്കുള്ള ചില പ്രശ്നങ്ങൾ, നമ്മുടെ സാമ്പത്തിക ഇടപാടുകൾ, നമ്മുടെ ചില ശീലങ്ങൾ….. എന്തും അതിൽ ഉൾപ്പെടാം. വേണമെങ്കിൽ ചോദിക്കാം, എല്ലാ രഹസ്യങ്ങളും തുറന്നു പറയാനല്ലെങ്കിൽ, സ്വകാര്യത ഒരു പരിധിവരെ കാത്തുസൂക്ഷിക്കാനാണെങ്കിൽ നിങ്ങൾ എന്തിനാണ് വിവാഹം കഴിച്ചത് എന്ന്?

അത് ഉത്തരമില്ലാത്ത ഒരു ചോദ്യമായി അവശേഷിക്കും!എൻറെ ജീവിതത്തിൽ ഞാനൊരു 80 ശതമാനം കാര്യം മാത്രമേ എന്റെ പ്രിയതമയോട് പങ്കുവെച്ചിട്ടുള്ളൂ. അത് ഞാൻ പറഞ്ഞിട്ടുമുണ്ട്. അത്രയും തന്നെ പങ്കുവയ്ക്കാൻ കഴിഞ്ഞത് എന്റെ പങ്കാളി അത്രത്തോളം യാഥാർത്ഥ്യബോധമുള്ള വ്യക്തിയായതുകൊണ്ടാണ് .

ഞങ്ങൾ ജീവിതത്തിൻ്റെ തുടക്കത്തിലേ , ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തിയിരുന്നു എന്നതുകൊണ്ടാണ് . ചില രഹസ്യങ്ങൾ എന്റേത് മാത്രമാണ് . ജീവിതസായന്തനത്തിൻ്റെ ഒരു ഘട്ടത്തിൽ അതിൽ ചിലത് ചിലപ്പോൾ ഞാൻ പറഞ്ഞെന്നിരിക്കാം.

എന്നോടൊപ്പം മണ്ണടിയുന്ന ചില രഹസ്യങ്ങളും ഉണ്ടാകാം. അതാണ് ജീവിതം. എൻറെ പങ്കാളിയ്ക്കും അതുപോലെതന്നെയാകാം. ആകണമെന്നാണ് എൻറെ നിലപാട്.

ജീവിതത്തിൽ സ്വന്തം പങ്കാളിയോടായാൽ കൂടിയും നമ്മുടെ എല്ലാ സ്വകാര്യതകളും നമ്മൾ പങ്കുവയ്ക്കേണ്ടതില്ല എന്ന് ഞാൻ കരുതുന്നു. അതല്ല ട്രസ്റ്റ് അഥവാ വിശ്വാസം എന്നത് . നമ്മൾ പലപ്പോഴും സ്വകാര്യതയെ ട്രസ്റ്റുമായി കൂട്ടിക്കലർത്താറുണ്ട്. അത് ശരിയല്ല.

നിനക്കെന്നെ ട്രസ്റ്റ് ചെയ്യാം, ഞാനത് ചെയ്യില്ല എന്നു പറയുന്നത് ഞാൻ ഉറപ്പു കൊടുക്കുന്ന ഒന്നാണ് . അവിടെ അത് പാലിക്കാൻ ഞാൻ ബാധ്യസ്ഥനായിരിക്കണം. അതാണ് ട്രസ്റ്റ് , ഞാൻ ഉറപ്പാക്കിക്കൊടുക്കുന്ന ട്രസ്റ്റ്. മറിച്ച് എൻറെ പങ്കാളി അങ്ങനെ പ്രവർത്തിക്കില്ല എന്ന വിശ്വാസം എനിക്കുണ്ട് എന്ന് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നത് ട്രസ്റ്റ് അല്ല.

അത് കേവല വിശ്വാസം മാത്രമാണ് . ട്രസ്റ്റ് എന്നത് ഒരാൾ മറ്റൊരാൾക്ക് കൊടുക്കേണ്ട ഉറപ്പാണ്. അല്ലാതെ ഒരാൾ മാത്രം ചിന്തിച്ച് ഉറപ്പാക്കേണ്ട ഒരു കാര്യമല്ല. ചുരുക്കത്തിൽ വിശ്വാസം എന്നതല്ല ട്രസ്റ്റ്. അതിന് വലിയ മാനങ്ങളുണ്ട്! എന്നാൽ ട്രസ്റ്റ് അല്ല സ്വകാര്യത.

വിവാഹത്തിന് മുമ്പ് നമ്മുടെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും ഉണ്ടാകും. അതൊക്കെ പങ്കാളിയോട് തുറന്നു പറയുന്നത് നല്ലതുതന്നെ . പക്ഷേ പേഴ്സണാലിറ്റി ഡിസോർഡറും മറ്റുമുള്ള എത്ര പേർക്കാണ് അതൊക്കെ ഉൾക്കൊള്ളാൻ കഴിയുക! ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മഹാഭാഗ്യമാണ്. പക്ഷേ അവിടെ ഒരു റിസ്ക് എടുക്കേണ്ട കാര്യമുണ്ടോ ? അതൊരു കുറ്റബോധമായി നമ്മുടെ ഉള്ളിൽ കിടക്കാതിരുന്നാൽ മാത്രം പോരേ ?

അത് നമ്മൾ ആവർത്തിക്കാതിരുന്നാൽ പോരെ?ചില എപ്പിസോഡുകൾ നമ്മൾ പാടേ മറക്കാൻ ബാധ്യസ്ഥരാണ്.പ്രത്യേകിച്ചും ചില പുതിയ ജീവിതപാതകളിൽ ചെന്നെത്തുമ്പോൾ .ഞാൻ പറയുന്നത് പ്രാക്ടിക്കൽ ആയ കാര്യമാണ്.സിദ്ധാന്തമല്ല.ഇനി വിവാഹം കഴിഞ്ഞ ശേഷമുള്ള കാര്യമോ ?അവിടെയും നമ്മുടേതായ ചില ചിന്തകളും പ്രവൃത്തികളും ബന്ധങ്ങളുമൊക്കെ നമുക്കുണ്ടായിരിക്കാം.

അതൊക്കെ സ്വകാര്യതകൾ ആയി സൂക്ഷിക്കാൻ നമുക്ക് കഴിയണം.അതിൽ യാതൊരു തെറ്റുമില്ല.സ്വകാര്യതകൾ സ്വകാര്യതകൾ തന്നെയാണ് .ആ സ്വകാര്യതകളിൽ നമ്മുടേതായ ചില രഹസ്യങ്ങളും ഉൾപ്പെടും.നമ്മുടെ പങ്കാളിയുടെ സ്വഭാവമായിരിക്കില്ല ഒരിക്കലും നമുക്ക് .

അവിടെ ഒരു ‘പക്ഷേ’ ഉണ്ട് !സ്വകാര്യതകൾ ആയി സൂക്ഷിക്കാൻ വേണ്ടി മാത്രം ബോധപൂർവ്വം നാം ഒന്നും ചെയ്യാൻ പാടില്ല എന്നതാണത്.സ്വാഭാവികമായി സംഭവിക്കുന്ന ചിലത് ഉണ്ടാകാം.

ജീവിത വഴികളിൽ സംഭവിച്ചു പോകുന്നവ.മജ്ജയും മാംസവും ഉള്ള മനുഷ്യനായതുകൊണ്ട് സംഭവിക്കുന്നവ.അത്തരം സംഭവങ്ങൾ നമ്മുടെ പങ്കാളിയെ വേദനിപ്പിക്കുന്ന ഒന്നാകരുത് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല നമുക്കുണ്ട്.അതാണ് പ്രധാനം.

അതുകൊണ്ടാണ് അവ സ്വകാര്യത ആയിരിക്കേണ്ടത് .യന്ത്രങ്ങൾക്ക് സ്വകാര്യതയുടെ ആവശ്യമില്ല. എനിക്ക് യാതൊരു സ്വകാര്യതയും ഇല്ല എന്നു പറയുന്നവർ ഒന്നുകിൽ യന്ത്രങ്ങളോ അല്ലെങ്കിൽ ഒരാൾക്ക് ജീവിതത്തിൽ കിട്ടാവുന്ന മഹാഭാഗ്യമോ ആണ് ! അങ്ങനെ ഒരാൾ നമ്മുടെ മഹാഭാഗ്യം ആയിരിക്കുമ്പോൾ നമുക്ക് അത്തരത്തിൽ അയാളുടെ മഹാഭാഗ്യം ആകാൻ കഴിഞ്ഞാൽ അതൊരു ദിവ്യദാമ്പത്യമാണ്.

അത്തരം ദിവ്യദാമ്പത്യം എത്രപേർക്ക് കിട്ടിയിട്ടുണ്ട് എന്ന് എനിക്കറിയില്ല.സ്വകാര്യതകൾ സ്വകാര്യതകളായി കാത്തുസൂക്ഷിച്ച്, പരസ്പരം വേദനിപ്പിക്കാതെ നല്ല ജീവിതങ്ങൾ മരണം വരെ തുടരാൻ നമുക്ക് കഴിയട്ടെ.ഇത് പ്രാക്ടിക്കൽ ആയ കാര്യം മാത്രമാണ് . നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും

പ്രശാന്ത് വാസുദേവ്

മുൻ ഡപ്യൂട്ടി ഡയറക്ടർ

കേരള ടൂറിസം വകുപ്പ് &

ടൂറിസം കൺസൾട്ടന്റ്.

Tags

Share this story

From Around the Web