പുതുഞായറും ദൈവ കരുണയുടെ ഞായറും !

 
2333333

ഫാ.ഡോ. ജയിംസ് ചവറപ്പുഴ 
നസ്രാണി റിസേർച്ച് സെന്റർ 
നല്ലതണ്ണി  

ശ്ലൈഹിക സഭകൾ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാൾ ദിനമാണ് ഉയിർപ്പു ഞായർ കഴിഞ്ഞു വരുന്ന ഞായറാഴ്ച.  പുതുഞായർ എന്ന് പൊതുവേ അറിയപെടുന്ന ഈ ദിവസം"മാർത്തോമ്മാ ശ്ലീഹായുടെ  
വിശ്വാസ പ്രഖ്യാപനത്തിന്റെ ഞായർ" എന്നും  അറിയപ്പെടുന്നു. അതിശ്രേഷ്‌ഠമായി ആചരിക്കപ്പെടുന്ന ഈ തിരുനാൾ  അടുത്ത കാലത്ത് അവഗണിക്കപ്പെടുന്നുണ്ടോ എന്ന് ഒരു സംശയം. കഴിഞ്ഞ കുറെ വർഷങ്ങളിലെ പുതു ഞായർ ആചരണങ്ങൾ കണ്ടപ്പോഴും ഇനി വരുന്ന പുതുഞായറാഴ്ചയെക്കുറിച്ചുള്ള ചില സോഷ്യൽ മീഡിയാ വിവരണങ്ങൾ കാണുമ്പോഴും അങ്ങിനെ തോന്നുന്നു.

👉 വിശുദ്ധ ജോൺ പോൾ  രണ്ടാമൻ മാർപാപ്പാ രണ്ടായിരാമാണ്ട് ഏപ്രിൽ 30 നു ഫൗസ്റ്റീന കൊവാൾസ്കയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. അന്ന് ഉയിർപ്പു തിരുനാൾ കഴിഞ്ഞുള്ള ഞായർ ആയിരുന്നു. 
( വി. ഫൗസ്റ്റീനായാണ് പാശ്ചാത്യ സഭയിൽ 
ദൈവ കരുണയുടെ പ്രേഷിതയായി അറിയപ്പെടുന്നതും ഈ ഭക്തി പ്രചരിപ്പിച്ചതും. )  അന്ന് മുതൽ റോമൻ കത്തോലിക്കാ സഭയുടെ അഥവാ ലത്തീൻ സഭയുടെ ആരാധനാക്രമ കലണ്ടറിൽ ഉയിർപ്പു ഞായർ കഴിഞ്ഞു വരുന്ന ഞായർ ദൈവകരുണയുടെ ഞായർ ആയി ജോൺ പോൾ രണ്ടാമൻ പാപ്പാ കൂട്ടിചേർക്കുകയും ചെയ്തു. അത് ലത്തീൻ സഭയുടെ ആരാധനക്രമ കലണ്ടറിൽ മാത്രം വരുത്തിയ ഒരു കൂട്ടിചേർക്കലായിരുന്നു.

അതുവരെ ഈ ദിവസം ലത്തീൻ സഭയിൽ White Sunday (Dominica in Albis) എന്നും അറിയപ്പെട്ടിരുന്നു.

ബൈസന്റൈൻ  പാരമ്പര്യത്തിൽ "തോമ്മാ ഞായർ " എന്ന പേര് കാണാം. 

ഉയിർപ്പു ഞായർ രാത്രി മാമ്മോദീസാ സ്വികരിച്ചവർ തങ്ങൾക്ക് ലഭിച്ച വെള്ള വസ്ത്രം ധരിച്ച് പള്ളിയിൽ വരുന്ന ദിവസമായതിനാലാവാം ഈ ഞായറിനെ വെളുത്ത ഞായർ, പുതുഞായർ എന്നൊക്കെ വിളിച്ചിരുന്നത്. 

എന്തായാലും ഏതാണ്ട് എല്ലാ ആരാധനാക്രമ പാരമ്പര്യങ്ങളിലും ഈ ദിവസത്തെ സുവിശേഷ വായന മാർത്തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം തന്നെയാണ്. (യോഹ: 20: 19- 29)

❣️ സീറോ മലബാർ സഭാ പാരമ്പര്യത്തിൽ ഉയിർപ്പു കഴിഞ്ഞുള്ള ഞായർ തോമ്മാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന ദിവസമാണ്. ദുക്റാന തിരുനാൾ പോലെ പ്രാധാന്യത്തോടെ തോമ്മാശ്ലീഹായെ ഓർമ്മിക്കുന്ന ദിവസം. ഈ  ഓർമ്മ കേവലം ഒരു വിശുദ്ധനെ അനുസ്മരിക്കുന്നത് പോലെയല്ല, പ്രത്യുത ഈ സഭയുടെ വിശ്വാസത്തിന്റെ ആഘോഷമാണ്. യോഹന്നാൻ ശ്ലീഹായുടെ  സുവിശേഷമനുസരിച്ച് ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനം നടത്തുന്നത് തോമ്മാശ്ലീഹായാണ്. അതാണ് "മാർവാലാഹ്:  എന്റെ കർത്താവും എന്റെ ദൈവവും" (യോഹ 20: 28).

 ❣️ കേപ്പാ ശ്ലീഹാ  ഈശോയെ ദൈവപുത്രൻ എന്നു  വിളിക്കുമ്പോൾ  
( മത്താ: 16: 16 ) തോമ്മാശ്ലീഹാ ഈശോയെ കർത്താവും ദൈവവുമായി ഏറ്റുപറയുന്നു. പഴയ നിയമത്തിൽ യഹോവയ്‌ക്ക്   കൊടുത്തിരുന്ന അതേ വിശേഷണങ്ങൾ "കർത്താവും ദൈവവും" എന്നത് ഈശോയ്ക്ക് നൽകി വെളിപാടിനെ  ഊട്ടിയുറപ്പിക്കുകയാണ് തോമ്മാശ്ലീഹാ ചെയ്തത്.

❣️ ഈ വിശ്വാസ പ്രഖ്യാപനത്തിന്റെ അടിത്തറയിലാണ് മാർത്തോമ്മാ  നസ്രാണി സഭ പണിതുയർത്തപ്പെട്ടിരിക്കുന്നത്. ഈ സഭയുടെ പരി. കുർബാനയിലെയും 
യാമശുശ്രൂകളിലേയും കൂദാശകളിലെയുമൊക്കെ ഒട്ടുമിക്ക പ്രാർത്ഥനകളും  ആരംഭിക്കുന്നത് തോമ്മാശ്ലീഹായുടെ ഈ വിശ്വാസ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ്. "മാർവാലാഹ്" ജപം അത്രമാത്രം ഈ സഭയുടെ ഹൃദയത്തുടിപ്പായി നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ് 
പുതു ഞായറാഴ്ചയെ "മാർവാലാഹ് ഞായർ"  എന്നു കൂടി സഭയിൽ വിളിക്കുന്നത്.

🤔 ഇത്രയും പ്രാധാന്യമുള്ള ദിവസത്തിന്റെ ആചരണവും  ആഘോഷവും സഹോദരീ സഭയായ ലത്തീൻ സഭയിലെ ഒരു ആചരണവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതുണ്ടോ? 
തന്നെയുമല്ല, ലത്തീൻ  ആരാധനക്രമ കലണ്ടറിൽ മാർപാപ്പാ വരുത്തുന്ന മാറ്റങ്ങൾ പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ മലബാർ സഭയ്ക്ക് എങ്ങിനെയാണ് ബാധകമാവുക?

 🤔 കേരളത്തിൽ  ധ്യാനകേന്ദ്രങ്ങളും ധ്യാന ഗുരുക്കന്മാരും ഇത്തരം ഭക്താനുഷ്ഠാനങ്ങൾക്ക് 
പ്രചുര പ്രചാരം നൽകുന്നുണ്ട് എന്നതും ആശ്ചര്യപ്പെടുത്തുന്നതാണ്. പാശ്ചാത്യ സഭയിൽ രൂപം കൊള്ളുന്ന പല ഭക്താനുഷ്ഠാനങ്ങളും ഈ സഭയുടെ ചൈതന്യത്തോട് ചേരുന്നുണ്ടോ എന്നു പോലും നോക്കാതെ ഏറ്റെടുക്കുന്നവരാണ്‌  അവർ. കത്തോലിക്കാസഭ സഭകളുടെ കൂട്ടായ്മയാണ് എന്നും ഓരോ വ്യക്തി സഭയ്ക്കും അതിൻ്റേതായ പൈതൃകവും പാരമ്പര്യവും ആരാധനക്രമവും ഉണ്ട് എന്നുമുള്ള അടിസ്ഥാന വിശ്വാസപരിശീലനം ഓരോ ധ്യാനകേന്ദ്രങ്ങൾക്കും ധ്യാനഗുരുക്കന്മാർക്കും ലഭിക്കാൻ ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും ? 

😔 വ്യക്തിപരമായ വെളിപാടുകൾക്ക് (Private Revelation ) ഇന്ന് വലിയ മാർക്കറ്റ് ആണല്ലോ...അതിൻ്റെ പേരിൽ പ്രത്യേക ശുശ്രൂഷകൾ, നൊവേനകൾ, പ്രാർത്ഥനകൾ, അനുഗ്രഹങ്ങൾ ഒക്കെ ഇന്ന് ലഭ്യമാണ്.

 ❤️ ഈശോമിശിഹായിൽ പൂർത്തിയായതും ശ്ലീഹന്മാരാൽ കൈമാറ്റം ചെയ്യപ്പെട്ടതും സഭാപിതാക്കന്മാരാൽ വ്യാഖ്യാനിക്കപ്പെട്ടതും ആരാധനക്രമങ്ങളിൽ ആഘോഷിക്കപ്പെടുന്നതുമായ വെളിപാടിനെക്കാൾ  വി. ഫൗസ്റ്റിനായ്ക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന വ്യക്തിപരമായ വെളിപാടിനാണ് ഇന്ന് സഭയിൽ പലരും പ്രാധാന്യം നൽകുന്നത് എന്നത് ഖേദകരമാണ്.

✝️ ആധുനികകാലത്തെ ദൈവകരുണ ഭക്തികൾ രൂപപെടുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സഭാപിതാക്കന്മാർ ദൈവത്തെ സ്നേഹമായും (Caritas) കരുണയായും (Misericordia) ദർശിച്ചുകൊണ്ട് ഇതിനാവശ്യമായ ദൈവശാസ്ത്രപരമായ അടിത്തറ പാകിയിരുന്നു. അവർ കരുണയെ വെറുമൊരു വികാരമായല്ല, മറിച്ച് മനുഷ്യസ്വഭാവത്തെ സുഖപ്പെടുത്തുന്ന ഒരു വീണ്ടെടുപ്പിന്റെ നീതിയായാണ് കണ്ടിരുന്നത്.

⛪ ​ദൈവകരുണയെക്കുറിച്ചുള്ള സഭാപിതാക്കന്മാരുടെ പ്രധാന കാഴ്ചപ്പാടുകൾ

❣️ ​നാം ക്ഷമ ചോദിക്കുന്നതിനേക്കാൾ എത്രയോ അധികം നമ്മോട് ക്ഷമിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് മാർ അഗസ്തീനോസ് വാദിച്ചു. 
​മനുഷ്യനീതി പരിമിതമാണെന്നും എന്നാൽ ദൈവകരുണ അനന്തമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു, കാരണം അത് നിത്യമായ ഒരു ഉറവിടത്തിൽ നിന്നാണ് ഒഴുകുന്നത്. പരിശുദ്ധ ത്രിത്വമാണ് ആ ഉറവിടം.

​❣️ മാർ യോഹന്നാൻ ക്രിസോസ്തം, ദൈവകരുണയെ ഒരു വലിയ സമുദ്രത്തോടാണ് ഉപമിച്ചത്. നമ്മുടെ പാപങ്ങളുടെ "തീ" എത്ര വലുതാണെങ്കിലും, ദൈവകരുണയാകുന്ന സമുദ്രത്തിൽ വീഴുമ്പോൾ അത് ഉടൻ തന്നെ അണഞ്ഞുപോകുമെന്ന് അദ്ദേഹം പഠിപ്പിച്ചു. ദൈവം ശിക്ഷിക്കുന്നത് കോപം കൊണ്ടല്ല, മറിച്ച് തിരുത്താനാണെന്നും ആത്മാവിനെ അതിന്റെ യഥാർത്ഥ സൗന്ദര്യത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണെന്ന് അദ്ദേഹം  പ്രസംഗിച്ചിരുന്നു.

❣️ ​മാർ അപ്രേം ​കരുണയെ ഒരു "ഉറവ"യായും "ഔഷധ"മായും വിശേഷിപ്പിക്കുന്നു. മിശിഹായുടെ മനുഷ്യാവതാരത്തെ ദൈവകരുണയുടെ പരമോന്നത പ്രവൃത്തിയായാണ് അദ്ദേഹം കണ്ടത്—മനുഷ്യന്റെ ബലഹീനതയെ ഉള്ളിൽ നിന്ന് സുഖപ്പെടുത്താൻ ദൈവം മനുഷ്യരൂപം ധരിച്ചുവെന്ന് അദ്ദേഹം പഠിപ്പിച്ചു.

⛪ കർത്താവിൻ്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായ തിരുനാളുകൾക്കാണ് ആദിമ സഭ പ്രധാന്യം കൊടുത്തിരുന്നതും ആരാധനക്രമങ്ങളിൽ ആഘോഷിച്ചിരുന്നതും. ഓരോരോ കാലഘട്ടത്തിൽ ഉണ്ടാകുന്ന വ്യക്തിപരമായ വെളിപാടുകൾക്കും അതിൽ നിന്ന് രൂപപ്പെടുന്ന ഭക്താനുഷ്ഠാനങ്ങൾക്കും അമിതപ്രാധാന്യവും പ്രചരണവും കൊടുക്കുന്നത് സഭാപിതാക്കന്മാർ വ്യാഖ്യാനിച്ചു തന്ന സത്യവിശ്വാസത്തിൽ വെള്ളം ചേർക്കുന്നതും പുരാതന ആരാധനക്രമങ്ങളെ വികലമാക്കുന്നതുമാണ് എന്ന് പറയാതെ വയ്യ.

⛪പരിശുദ്ധ കുർബാന ദൈവകരുണയുടെ ഏറ്റവും വലിയ ആഘോഷം

❣️ പരിശുദ്ധ കുർബാനയെ ദൈവകാരുണ്യത്തിന്റെ അത്യുന്നതമായ ആഘോഷമായിട്ടാണ് സഭാപിതാക്കന്മാർ ദർശിക്കുന്നത്. പിതാവായ ദൈവം തന്റെ പുത്രനിലൂടെ മനുഷ്യവർഗത്തിന് നൽകിയ ഏറ്റവും വലിയ സ്നേഹപ്രകടനമാണ് കുർബാനയെന്ന് അവർ പഠിപ്പിക്കുന്നു.

❣️ അന്ത്യോക്യായിലെ മാർ ഇഗ്നാത്തിയോസും മാർ അപ്രേമും "കുർബാനയെ അമർത്യതയുടെ ഔഷധമായി" വിശേഷിപ്പിക്കുന്നു.  ദൈവത്തിൻ്റെ കരുണ ഇന്ന് " ഔഷധ " മായി നാം അനുഭവിക്കുന്നത് കുർബാനയിലാണ്. കുർബാനയിലൂടെ വിശ്വാസികൾക്ക് പാപമോചനവും ആത്മീയമായ പുതുജീവനും ലഭിക്കുന്നു.

❣️ കുർബാനയെ ഒരു "ആത്മീയ വിരുന്നായി" മാർ യോഹന്നാൻ ക്രിസോസ്തോം കണ്ടു. യോഗ്യതയില്ലാത്തവർ പോലും ദൈവത്തിന്റെ അളവറ്റ കാരുണ്യത്താൽ ഈ വിരുന്നിലേക്ക് ക്ഷണിക്കപ്പെടുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

❣️ ​ദൈവകാരുണ്യം വഴി മനുഷ്യൻ ദൈവസ്വഭാവത്തിൽ പങ്കുകാരാകുന്നതിനെക്കുറിച്ച് മാർ അത്തനാസിയോസ് ഊന്നിപ്പറയുന്നു.
​ "ദൈവം മനുഷ്യനായത്, മനുഷ്യർ ദൈവമക്കളായിത്തീരുന്നതിനു വേണ്ടിയാണ്" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ കുർബാനയിലെ കാരുണ്യത്തിന്റെ ആഴം വ്യക്തമാക്കുന്നു.

⭐ കുർബാന ഒരേസമയം കാൽവരിയിലെ ബലിയുടെ അനുസ്മരണവും സ്വർഗ്ഗീയ വിരുന്നിന്റെ മുന്നാസ്വാദവുമാണ്.
​പരിശുദ്ധ കുർബാനയിൽ മിശിഹാ തന്നെത്തന്നെ പിതാവായ ദൈവത്തിന് സമർപ്പിക്കുന്നു. ഈ ബലി വഴി ലോകത്തിന് മുഴുവൻ കരുണയും കൃപയും ലഭിക്കുന്നു എന്ന് സഭ പഠിപ്പിക്കുന്നു.

⭐ സീറോ മലബാർ ആരാധനാക്രമമനുസരിച്ച്, കുർബാന എന്നത് കേവലം ഒരു ചടങ്ങല്ല, മറിച്ച് ദൈവത്തിന്റെ രക്ഷാകരമായ ഇടപെടലുകളുടെ ആഘോഷമാണ്.  കുർബാന മുഴുവനും ദൈവത്തിന്റെ കരുണയെയും സ്നേഹത്തെയും വാഴ്ത്തുന്ന പ്രാർത്ഥനകളാൽ സമ്പന്നമാണ്.

👇👇👇

 ❤️ മാറൻ എസ്രാഹം അലൈൻ (കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമെ).❤️

⭐ ​തന്റെ മക്കൾക്ക് നിത്യജീവൻ നൽകാനായി ദൈവം തന്റെ പുത്രനെ നൽകിയ ആ വലിയ കാരുണ്യത്തിന്റെ ജീവസ്സുറ്റ അടയാളമാണ് ഓരോ പരിശുദ്ധ കുർബാന അർപ്പണവും. കുർബാന അർപ്പിക്കാൻ കർത്താവ് സ്ഥാപിച്ച സഭ കരുണയുടെ നിക്ഷേപാലയമാണ്. 
കർത്താവിൻ്റെ കരുണയുടെ ജീവിക്കുന്ന തെളിവുകളാണ് ഓരോ കൂദാശയും. 
ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ ദൈവകരുണ എന്നത് ചില ദിവസങ്ങളിൽ മാത്രം കിട്ടുന്ന എന്തോ ആണെന്നും, അന്നാണ് എല്ലാ പാപങ്ങളും മോചിക്കപ്പെടുന്നത് എന്നും, അതിന് നൊവേന ചൊല്ലി ഒരുങ്ങണമെന്നും പഠിപ്പിക്കുന്നത് സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുന്നതാണോ എന്ന് സംശയമുണ്ട്.

✝️ ശരിയായ സഭാ പൈതൃക ബോധവും പഠനവും ഇല്ലെങ്കിൽ പാശ്ചാത്യ സഭയിലെ ഭക്താനുഷ്ഠാനങ്ങൾ കൊണ്ട് ഈ പൗരസ്ത്യ സഭ പൊറുതിമുട്ടും എന്ന് പറയാതെ വയ്യ (ഇപ്പോൾത്തന്നെ ഏറെക്കുറെ അങ്ങിനെ ആയി കഴിഞ്ഞു).
കത്തോലിക്കനാകണമെങ്കിൽ റോമൻ സഭയുടെ ഭക്താനുഷ്ഠാനങ്ങൾ അനുഷ്‌ഠിക്കണമെന്ന് ചിന്തിക്കുന്ന ഒരു കൂട്ടരുണ്ട് . മാതൃ സഭയുടെ പൈതൃകവും പാരമ്പര്യവും "സുഖകരമല്ല" എന്നു  ചിന്തിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ഇവരുടെയൊക്കെ ഇടയിൽ മാതൃ സഭയുടെ തനതായ തിരുനാൾ ആചരണങ്ങൾ വിസ്മരിക്കപ്പെട്ടു പോകുന്നതിൽ അത്ഭുതമില്ല. അതുകൊണ്ട് സഭാ സ്നേഹവും സമുദായ സ്നേഹവും വളർത്താനും പഠിപ്പിക്കാനും ജീവിക്കാനും സാധിക്കണം. അങ്ങനെ മാർത്തോമ്മാ നസ്രാണി സഭാ പൈതൃകത്തിൽ അഭിമാനവും ആനന്ദവും ഉള്ള ഒരു തലമുറ വളരുന്നു വരട്ടെ എന്ന് പ്രാർത്ഥിക്കാം.

Tags

Share this story

From Around the Web