ചതികൾ നിരവധി ഏറ്റുവാങ്ങിക്കഴിഞ്ഞ മുനമ്പംകാർക്ക് മറ്റൊന്നു കൂടി താങ്ങാനുള്ള ആവതില്ല, കിരൺ റിജിജു വെറുംകൈയോടെ വരേണ്ടതില്ല

ഇന്ത്യൻ നിയമകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു ചൊവ്വാഴ്ച മുനമ്പത്ത് എത്തും എന്നു കേൾക്കുന്നു. ഇന്ത്യൻ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും തുരങ്കം വച്ചുകൊണ്ട് കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന വഖഫ് ആക്ട് ഭേദഗതി ചെയ്യുന്നതിൽ നേതൃത്വം വഹിച്ചയാൾ എന്ന നിലയിൽ അദ്ദേഹം വലിയ അഭിനന്ദനം അർഹിക്കുന്നു.
ഭേദഗതിയെ സംബന്ധിച്ച് സമ്മിശ്രങ്ങളായ പ്രതികരണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതിനെതിരേ സുപ്രീം കോടതിയിൽ അനേകം കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട് എന്നു കേൾക്കുന്നു. പതിനാറാം തീയതി അവ കോടതി പരിഗണിക്കും എന്നും കേൾക്കുന്നു.
മുനമ്പംകാർക്ക് ഈ ഭേദഗതിയിൽ എങ്ങനെയാണ് പരിഹാരം എന്ന ചോദ്യമാണ് ഇപ്പോൾ കേരളമെങ്ങും ഉയരുന്നത്. ഭേദഗതിയുടെ ഫലദായകത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം ചർച്ചകൾ പല തലങ്ങളിലായി നടക്കുന്നുണ്ട്. ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും തകൃതിയാകുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ, നിയമമന്ത്രിയുടെ മുനമ്പം സന്ദർശനം വെറും രാഷ്ട്രീയ നാടകമായി മാറാതിരിക്കാനുള്ള വിവേകം ബിജെപി കാണിക്കും എന്നു പ്രതീക്ഷിക്കുന്നു. ചതികൾ നിരവധി ഏറ്റുവാങ്ങിക്കഴിഞ്ഞ മുനമ്പംകാർക്ക് മറ്റൊന്നു കൂടി താങ്ങാനുള്ള ആവതില്ല.
അതിനാൽ, മുനമ്പത്തിൻ്റെ ശാശ്വത പരിഹാരത്തിനായി ഭേദഗതിയിൽ കേന്ദ്രസർക്കാർ ഉൾക്കൊള്ളിച്ചിരിക്കുന്ന സെക്ഷനുകൾ ഏതൊക്കെയെന്നും അവയുടെ ഉള്ളടക്കം എന്തൊക്കെയെന്നും അവ പ്രദാനം ചെയ്യുന്ന പരിഹാരം എങ്ങനെയൊക്കെയെന്നും സംശയത്തിനിടയില്ലാത്ത വിധം നിയമകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനമായി നടത്താൻ ഒരുക്കവും മനസ്സും ഉണ്ടെങ്കിൽ മാത്രം കിരൺ റിജിജു മുനമ്പത്ത് വന്നാൽ മതി..