അമ്മ,കനിവിന്റെ പുണ്യ സ്പർശം...
മദർ തെരേസായെ സംവിധായകനും , നടനുമായ ജോയ് കെ മാത്യു ഓർമ്മിക്കുന്നു...
''ഇന്ന് സെപ്റ്റംബർ 5… വിശുദ്ധ മദർ തെരേസ നാകസൗഭാഗ്യം പുൽകിയിട്ട് 29 സംവത്സരങ്ങൾ !
കാലം മായ്ക്കാത്ത പുണ്യസ്പർശം : കനിവിന്റെ ഉറവകൾ തേടിയുള്ള സ്നേഹസാമ്രാജ്യത്തിലെ അവിസ്മരണീയ ദിനങ്ങളും
അന്തിമദിനങ്ങളിലെ ആ അപൂർവ്വ കൂടിക്കാഴ്ചയും !
കൊൽക്കത്തയിലെ ചേരികളിൽ വിറയ്ക്കുന്ന കൈകളും പഴുത്ത വ്രണങ്ങളുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യ ജന്മങ്ങൾക്ക്, ഒരു തുള്ളി സ്നേഹം അമൃതായി പകർന്നുനൽകിയ കാരുണ്യത്തിന്റെ മാലാഖ, മദർ തെരേസ നമ്മോട് വിടപറഞ്ഞിട്ട് 29 വർഷം തികയുകയാണ്.
കാലം എത്ര മുന്നോട്ട് സഞ്ചരിച്ചാലും, ലോകചരിത്രത്തിൽ സ്നേഹത്തിന്റെ പരമോന്നത പ്രതീകമായി ആ വെളുത്ത സാരിയും നീലക്കരയും ഇന്നും തിളങ്ങിനിൽക്കുന്നു. തന്റെ സന്യാസ ജീവിതത്തിന്റെ സുരക്ഷിതത്വം നിറഞ്ഞ നാലുചുവരുകൾ ഉപേക്ഷിച്ച്, അഗതികൾക്കും അനാഥർക്കുമായി മദർ തെരേസ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ, ദൈവം അവർക്കായി തുറന്നുകൊടുത്തത് ഒരു മതത്തിന്റെയും അതിർവരമ്പുകളില്ലാത്ത വിശാലമായ വാതിലുകളായിരുന്നു.
വിശ്വാസങ്ങളെ ആദരിച്ച 'നിർമ്മൽ ഹൃദയ്' കാളീഘട്ടിലെ കാളീക്ഷേത്രത്തിന്റെ പരിസരത്തുള്ള, ഉപേക്ഷിക്കപ്പെട്ട ഒരു ധർമ്മശാല രോഗികളെ ശുശ്രൂഷിക്കാനായി കൊൽക്കത്ത കോർപ്പറേഷൻ മദർ തെരേസയ്ക്ക് വിട്ടുനൽകിയപ്പോൾ അതിനുള്ളിൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ പവിത്രമായ ശില്പങ്ങളും മനോഹരമായ കൊത്തുപണികളും ഉണ്ടായിരുന്നു. ആ മണ്ണിൽ കാരുണ്യത്തിന്റെ ശുശ്രൂഷ ആരംഭിക്കുമ്പോഴും, ഒരു പുതിയ പ്രസ്ഥാനത്തിന്റെ അധിപയായി മാറി നിൽക്കുമ്പോഴും, അവിടെയുണ്ടായിരുന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഒരു അടയാളവും മാറ്റാനോ അനാദരിക്കാനോ മദർ സമ്മതിച്ചില്ല. അവിടുത്തെ നിർമ്മിതികളും കൊത്തുപണികളും അതേപടി നിലനിർത്തിക്കൊണ്ട്, ആ മന്ദിരത്തിന് 'നിർമ്മൽ ഹൃദയ്' (Home of the Pure Heart) എന്ന് മദർ നാമകരണം ചെയ്തു. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ പൂർണ്ണമായും മാനിച്ചുകൊണ്ട് മദർ അവിടെ ചെയ്തത്, തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് സ്വന്തം അമ്മയെപ്പോലെ അഭയം നൽകുക മാത്രമായിരുന്നു.
സ്നേഹത്തിന്റെ പ്രതീകമായ ആഗോളതലത്തിൽ അറിയപ്പെടുന്ന കൊൽക്കത്തയിലെ മദർ ഹൗസ് സ്വന്തമായി ഒരു തലചായ്ക്കാൻ ഇടമില്ലാതെ മദറും കൂട്ടരും അലഞ്ഞപ്പോൾ, ആ യാത്രയിൽ അവർക്കൊപ്പം ചേർന്നത് സഹോദരതുല്യനായ ഒരു മുസ്ലീം വ്യാപാരിയായിരുന്നു - ഡോ. ഇസ്ലാം. ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന്റെ കാലത്ത് കൊൽക്കത്ത വിട്ടുപോകാൻ ഒരുങ്ങിയ ആ മുസ്ലീം സഹോദരൻ, അനാഥരെ നെഞ്ചിലേറ്റുന്ന കന്യാസ്ത്രീകളുടെ നന്മ തിരിച്ചറിഞ്ഞ് തന്റെ വലിയ കെട്ടിടം വളരെ കുറഞ്ഞ തുകയ്ക്ക് വിട്ടുനൽകാൻ തയ്യാറായി. കൊൽക്കത്ത ആർച്ച്ബിഷപ്പ് ഫെർഡിനാൻഡ് പെരിയറുടെ ഇടപെടലിൽ സഭ വാങ്ങിയ ആ കെട്ടിടമാണ് ഇന്ന് ലോകമെമ്പാടുമുള്ള കാരുണ്യത്തിന്റെ കേന്ദ്രബിന്ദുവായ 'മദർ ഹൗസ്'. ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ധർമ്മശാലയിൽ നിന്ന് തുടങ്ങിയ പരിചരണം, ഒരു മുസ്ലീം സഹോദരൻ സമ്മാനിച്ച കെട്ടിടത്തിലേക്ക് വളർന്ന്, കത്തോലിക്കാ സഭയുടെ തണലിൽ ലോകം മുഴുവൻ പടർന്നുപന്തലിച്ചപ്പോൾ അവിടെ തെളിഞ്ഞു കണ്ടത് ഏതെങ്കിലും ഒരു മതത്തിന്റെ ജയമായിരുന്നില്ല; മറിച്ച് മനുഷ്യത്വം എന്ന ഒറ്റ വികാരമായിരുന്നു.
ആരോപണങ്ങൾക്കും മേലെ ഉയർന്ന സ്നേഹസാമ്രാജ്യം മനുഷ്യന്റെ ഏറ്റവും വലിയ ദാരിദ്ര്യം വിശപ്പല്ല, മറിച്ച് തങ്ങളെ സ്നേഹിക്കാൻ ആരുമില്ലെന്ന അപകർഷതാബോധവും തങ്ങൾ ഉപേക്ഷിക്കപ്പെട്ടവരാണെന്ന തോന്നലുമാണെന്ന് മദർ തിരിച്ചറിഞ്ഞു. മരിക്കുന്ന മനുഷ്യന്റെ കണ്ണുകളിൽ ദൈവത്തെ കണ്ട മദർ, അവരെ അവരുടെ സ്വന്തം വിശ്വാസപ്രകാരം ആശ്വസിപ്പിച്ചു. മരണത്തിലേക്ക് നടന്നു നീങ്ങിയ ഓരോ മനുഷ്യന്റെയും ആത്മാവിന് ശാന്തി നൽകിയത് അവരുടെ സ്വന്തം ആചാരപ്രകാരമായിരുന്നു.
എന്നിട്ടും, കുറ്റപ്പെടുത്താൻ മാത്രം കണ്ണുകളുള്ള ചിലർ മദറിന് മേൽ 'മതപരിവർത്തനം' എന്ന ആരോപണത്തിന്റെ നിഴൽ വീഴ്ത്താൻ ശ്രമിച്ചു. "ഞാൻ മതപരിവർത്തനം നടത്തുന്നുണ്ട് - ഒരു നല്ല ഹിന്ദുവിനെ അതിനേക്കാൾ നല്ല ഹിന്ദുവായും, ഒരു നല്ല മുസ്ലീമിനെ അതിനേക്കാൾ നല്ല മുസ്ലീമായും, ഒരു നല്ല ക്രിസ്ത്യാനിയെ അതിനേക്കാൾ നല്ല ക്രിസ്ത്യാനിയായും ഞാൻ മാറ്റുന്നു," എന്ന് പുഞ്ചിരിയോടെ മദർ മറുപടി നൽകി.
വാക്കുകളിലല്ല, പ്രവൃത്തിയിലാണ് ധർമ്മം എന്ന് തെളിയിച്ച ആ തപസ്വിനി ആരോപണങ്ങളുടെ കല്ലെറിയലുകളെ സ്നേഹം കൊണ്ട് നേരിട്ടു. ഇന്ന്, മദർ തെരേസ നമ്മോട് വിടപറഞ്ഞിട്ട് 29 വർഷം പൂർത്തിയാകുമ്പോഴും, ആ ഓർമ്മകൾ ലോകത്തിന് നൽകുന്ന സന്ദേശം വ്യക്തമാണ്: മതങ്ങൾ മനുഷ്യനെ വേർതിരിക്കാനുള്ളതല്ല, മറിച്ച് സ്നേഹത്തിന്റെ നൂലിഴകളാൽ കോർത്തണയ്ക്കാനുള്ളതാണ്.
കാളീഘട്ടിലെ ഭക്തർക്കും, വീടുവിട്ടിറങ്ങിയ ഡോ. ഇസ്ലാമിനും, തെരുവിൽ ചോരയൊലിപ്പിച്ചു കിടന്ന അഗതിക്കും ഒരുപോലെ 'അമ്മ'യായി മാറാൻ മദറിന് കഴിഞ്ഞത് അവർ ദൈവത്തെ അമ്പലങ്ങളിലോ പള്ളികളിലോ അല്ല, മറിച്ച് സഹ ജീവികളുടെ കണ്ണീരിലാണ് കണ്ടത് എന്നത് കൊണ്ടാണ്. ആ വിശുദ്ധ സ്മരണയ്ക്ക് മുന്നിൽ പ്രണാമം!
മദർ തെരേസയുടെ ജീവിതം അങ്ങനെ നോക്കുമ്പോൾ, അത് ഒരു വ്യക്തിയുടെ വിശുദ്ധജീവിതത്തിന്റെ മാത്രം കഥയല്ല; മനുഷ്യനിൽ മനുഷ്യനെ കാണാനും, മനുഷ്യന്റെ വേദനയിൽ ദൈവികതയെ തിരിച്ചറിയാനും പഠിപ്പിച്ച ഒരു മഹത്തായ പാഠപുസ്തകമാണ്. ആ പാഠപുസ്തകത്തിലെ ചില വരികൾ വായിച്ചറിഞ്ഞതല്ല, ജീവിതത്തിൽ നേരിട്ടനുഭവിച്ചറിയാൻ കഴിഞ്ഞ അപൂർവ്വ ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്. കാളീഘട്ടിലെ തെരുവുകളിൽ നിന്ന് മദർ ഹൗസിന്റെ വിശുദ്ധ പടിവാതിൽവരെ പടർന്ന ആ കാരുണ്യത്തിന്റെ ലോകത്ത്, ഒരിക്കൽ എനിക്കും ഒരു ചെറിയ ഇടം ലഭിച്ചു. ആ അനുഭവം വർഷങ്ങൾക്കിപ്പുറം ഒരു ഡോക്യുമെന്ററിയായി പുനർജനിച്ചു — മദർ തെരേസയുടെ ജീവിതത്തെയും, അവരുമായി നേരിൽ പങ്കുവെക്കാൻ കഴിഞ്ഞ ആ അപൂർവ്വ നിമിഷങ്ങളെയും ഓർമ്മകളെയും ചേർത്തൊരുക്കിയ The Angel of Tenderness എന്ന ഡോക്യുമെന്ററിയായി.
എന്നാൽ ആ ചിത്രത്തിന് പിന്നിലെ യഥാർത്ഥ കഥ ഒരു സിനിമയുടെ കഥയല്ല; മദറിനെ കാണണമെന്ന ആഗ്രഹത്തോടെ കൊൽക്കത്തയിലെത്തിയ ഒരു മനുഷ്യൻ, അവളുടെ കാരുണ്യത്തിന്റെ ലോകത്തേക്ക് പതുക്കെ കടന്നുചെന്നതിന്റെ കഥയാണ്. ആ അനുഭവത്തിന്റെ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അത് ഒരു കൂടിക്കാഴ്ച മാത്രമായിരുന്നില്ലെന്ന് ഇന്നും മനസ്സിലാകുന്നു; ഒരു മനുഷ്യനെ വിശുദ്ധിയിലേക്ക് ഉയർത്തുന്നത് എന്താണെന്ന് നേരിൽ കണ്ടറിഞ്ഞ ഒരു പുണ്യനിമിഷമായിരുന്നു അത്.
ജീവിതത്തിലെ ഏറ്റവും വലിയ സാഫല്യം യാദൃച്ഛികമായി തേടിയെത്തുന്ന ചില പുണ്യനിമിഷങ്ങളാണ്. അത്തരമൊരു അപൂർവ്വാനുഭവത്തിന്റെ പവിത്രമായ ഓർമ്മകളിലേക്കാണ് ഈ കുറിപ്പ് വാതിൽ തുറക്കുന്നത്. അനാഥരുടെയും ആരുമില്ലാത്തവരുടെയും അത്താണി ആയിരുന്ന മദർ തെരേസയെ നേരിൽ കാണുക എന്ന ആഗ്രഹത്തോടെ 1997 ജൂലൈ മാസം കൊച്ചിയിൽ നിന്നും കൽക്കട്ടയിലേക്കുള്ള തീവണ്ടി കയറുമ്പോൾ, എന്റെ നെഞ്ചിടിപ്പുകൾക്ക് ഒരേയൊരു താളമേ ഉണ്ടായിരുന്നുള്ളൂ - മദർ തെരേസ.
ജീവിക്കുന്ന ഒരു വിശുദ്ധയായി ലോകം നെഞ്ചേറ്റിയ ആ കാരുണ്യത്തിന്റെ മാലാഖയെ ഒരുനോക്ക് കാണാൻ, ആ വിശുദ്ധകരങ്ങളാൽ അനുഗ്രഹിക്കപ്പെടാൻ എന്റെ ആത്മാവ് അത്രമേൽ ദാഹിച്ചിരുന്നു.
എന്നാൽ കൽക്കട്ടയുടെ മണ്ണിൽ ഞാൻ കാലുകുത്തുമ്പോൾ എന്നെ കാത്തിരുന്നത് കടുത്ത നിരാശയായിരുന്നു. മദർ ഗുരുതരമായ രോഗബാധയിലായിരുന്നു. സന്ദർശകർക്ക് പൂർണ്ണ വിലക്ക്! എനിക്ക് മദറുമായി ഒരു കൂടിക്കാഴ്ച ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന പ്രമുഖ വ്യക്തി പോലും ആ വിലക്കിന്റെ വിവരമറിഞ്ഞ് അപ്രത്യക്ഷനായി.
പിന്നീടങ്ങോട്ട് എന്റെ രാപ്പകലുകൾ പ്രാർത്ഥനകളാൽ അലിഞ്ഞു തീരുകയായിരുന്നു. കൽക്കട്ടയിലെ ഏത് ചെറിയ ദേവാലയത്തിന്റെ പടിവാതിൽ കണ്ടാലും ഞാൻ ഓടിക്കയറി. എന്റെ ഏക ലക്ഷ്യം മദറിന്റെ സൗഖ്യമായിരുന്നു. അത്രമേൽ തീക്ഷ്ണമായ പ്രാർത്ഥനകളിൽ ഞാൻ എന്നെത്തന്നെ മറന്നു.
തിരിഞ്ഞുനോക്കുമ്പോൾ, ആ നാളുകളിലെ പ്രാർത്ഥനകൾ പോലും എന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തിയ ദിവ്യാനുഗ്രഹങ്ങളായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു.
ശിശുഭവനിലേക്ക് ഞാൻ നടത്തിയ ആ യാദൃച്ഛിക യാത്രയിലാണ് വഴിത്തിരിവുണ്ടാകുന്നത്. അവിടെ പരിചയപ്പെട്ട സന്നദ്ധപ്രവർത്തകരോടും സിസ്റ്റർമാരോടും മദറിനെ കാണാൻ മാത്രം ദിനരാത്രങ്ങളോളം കൽക്കട്ടയിൽ കഴിയുന്ന എന്റെ ആകുലത ഞാൻ പങ്കുവെച്ചു. എന്റെ ഹൃദയനൊമ്പരം കണ്ടിട്ടാകണം സിസ്റ്റർമാർക്ക് എന്നോട് അനുകമ്പ തോന്നി. നേരിൽ കാണുക അസാധ്യമാണെങ്കിലും, മദറിന്റെ ആരോഗ്യവിവരങ്ങൾ ദിവസവും അറിയാൻ അവർ എന്നെ അനുവദിച്ചു.
ദിവസവും രാവിലെ ഞാൻ അവിടെയെത്തി. വെറുതെയിരിക്കാൻ എൻറെ മനസ്സ് അനുവദിച്ചില്ല. സിസ്റ്റർ ഷെൽവിനയുടെയും സിസ്റ്റർ ഷീലയുടെയും ഒപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയായി.
മദർ സ്ഥാപിച്ച ജീവകാരുണ്യ സാമ്രാജ്യത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് ഞാൻ അറിഞ്ഞുകൊണ്ട് ഇറങ്ങിച്ചെല്ലുകയായിരുന്നു. കൽക്കട്ടയിലെ വിവിധ നഴ്സിംഗ്, ദുരിതാശ്വാസ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം ഞാൻ സന്ദർശനം നടത്തി. മരണത്തിന്റെ വക്കിലുള്ള നിരാലംബരായ മനുഷ്യരെ പരിചരിക്കുന്ന കേന്ദ്രങ്ങൾ, കുഷ്ഠരോഗികൾക്കായുള്ള സങ്കേതങ്ങൾ, ചേരി സ്കൂളുകൾ, അനാഥാലയങ്ങൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പുനരധിവാസ കേന്ദ്രങ്ങൾ, കുട്ടികളുടെ പോഷകാഹാര ക്ലിനിക്കുകൾ, അവിവാഹിതരായ അമ്മമാർക്കുള്ള കരുതൽ വീടുകൾ, തയ്യൽ-ടൈപ്പ് റൈറ്റിംഗ് തൊഴിൽപരിശീലന കേന്ദ്രങ്ങൾ... അവിടെയെല്ലാം ഞാൻ കാരുണ്യത്തിന്റെ ദിവ്യവെളിച്ചം കണ്ടു. ഏകദേശം ഒന്നരമാസത്തോളം സിസ്റ്റർമാരോടൊപ്പം ഞാൻ ആ ശുശ്രൂഷാസേവനങ്ങളിൽ പങ്കാളിയായി.
"അവരുടെ നാളെയെക്കുറിച്ച് നിങ്ങൾ ആകുലപ്പെടൂ, അവരുടെ ഇന്നിനെ ഞാൻ നോക്കിക്കൊള്ളാം..."
വിമർശകർക്ക് മദർ നൽകിയ ശാന്തമായ ആ മറുപടി എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ചീഞ്ഞളിഞ്ഞ മനുഷ്യശരീരങ്ങളുടെ അസഹ്യമായ ഗന്ധം നിറഞ്ഞുനിന്ന ആശുപത്രി വാർഡുകളിൽ, തെരുവിൽ ഉപേക്ഷിക്കപ്പെട്ട ജീവനുകളുടെ ശ്വാസച്ചൂടിൽ, ഞാൻ ആ വാക്കുകളുടെ മാഹാത്മ്യം അനുഭവിചറിഞ്ഞു. സ്വന്തം സുഖസൗകര്യങ്ങളും ഭക്ഷണവും ഉറക്കവും മറന്ന് രോഗികളുടെ നാഡിമിടിപ്പുകൾ തൊട്ടറിയുന്ന സിസ്റ്റർമാരെ കണ്ടപ്പോൾ, എന്റെ സങ്കുചിതമായ ഭയങ്ങൾ എന്നെ വീണ്ടും വീണ്ടും അസ്വസ്ഥനാക്കി.
സകല സ്ഥാപനങ്ങളും സന്ദർശിച്ചപ്പോഴും ഭയം കൊണ്ട് ഞാൻ മനഃപൂർവ്വം മാറിനിന്ന ഒരിടമുണ്ടായിരുന്നു - നിർമ്മൽ ഹൃദയ് .
1952-ൽ കാളിക്ഷേത്രത്തിന് സമീപമുള്ള ഒരു പഴയ ധർമ്മശാലയിൽ മദർ തുടക്കമിട്ട, മരിക്കാറായ അനാഥരുടെ ആ സങ്കേതം... ഒരു ദിവസം വൈകുന്നേരം സേവനപ്രവർത്തനങ്ങളൊക്കെ കഴിഞ്ഞ് സിസ്റ്റർമാരോടൊപ്പം ശിശുഭവനിൽ തിരിച്ചെത്തിയപ്പോൾ അവർ എന്നോട് പറഞ്ഞു:
"നാളെ ജോയ് വരണമെന്നില്ല..."
കാരണം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു: "നാളെ ഞങ്ങൾ പോകുന്നത് നിർമ്മൽ ഹൃദയിലാണ്, അവിടെ എയ്ഡ്സ് ബാധിതരടക്കമുള്ള രോഗികളുണ്ട്."
"ശരി, അപ്പോൾ മറ്റെന്നാൾ കാണാം," എന്ന് പറഞ്ഞ് ഞാൻ എന്റെ മുറിയിലേക്ക് മടങ്ങി.
അവിടെ എയ്ഡ്സ് ബാധിതരും മാരകരോഗികളും ഉണ്ടെന്നറിഞ്ഞ എന്റെ ഉള്ളിലെ ഭയം, എന്റെ ആദർശങ്ങളെ തളർത്തിക്കളഞ്ഞു. എന്നാൽ, മരണത്തെ പോലും പുഞ്ചിരിയോടെ ചുംബിക്കുന്ന മദറിന്റെ രൂപവും സ്നേഹമസൃണമായ ചോദ്യങ്ങളും മനസ്സിൽ തെളിഞ്ഞു വന്നു. എയ്ഡ്സ് രോഗികളെയും മറ്റ് മാറാരോഗികളെയും പുഴുവരിച്ച വ്രണങ്ങളുള്ള മനുഷ്യരെയും സ്നേഹപൂർവ്വം ചുംബിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആ അമ്മയുടെ ചിത്രം ഉള്ളിൽ അലയടിച്ചപ്പോൾ, ആ സന്നിധിയിലെത്താനുള്ള യോഗ്യത തനിക്കില്ലെന്ന് എന്റെ മനസ്സാക്ഷി എന്നെ വിചാരണ ചെയ്തു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥനായി കഴിയുമ്പോൾ എന്റെ ഉള്ളിൽ ഒരു ഉറച്ച തീരുമാനമുണ്ടായി - മദർ തെരേസയെ കാണണമെങ്കിൽ ആ എയ്ഡ്സ് രോഗികളെയും മാറാരോഗികളെയും കണ്ടതിന് ശേഷം മാത്രം!
ഒടുവിൽ, ധൈര്യപൂർവ്വം ആ തീരുമാനമെടുത്ത് പതിവുപോലെ ഞാൻ ശിശുഭവന്റെ വാതിൽ തുറന്ന് സിസ്റ്റർമാരുടെ അടുത്തെത്തി. അവർ വാഹനത്തിൽ കയറി നിർമ്മൽ ഹൃദയിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നെ കണ്ടപ്പോൾ അവർ അത്ഭുതത്തോടെ ചോദിച്ചു: "ഇന്നലെ പറഞ്ഞത് മറന്നുപോയോ? ഞങ്ങൾ നിർമ്മൽ ഹൃദയിലാണ് ഇന്ന് പോകുന്നത്."

"ഞാൻ മറന്നതല്ല, എന്റെ മനസ്സിനെ അലട്ടുന്ന വിചാരണകളെ മറികടക്കാനാണ് ഞാൻ വന്നത്," എന്ന് ഞാൻ അവരോട് തുറന്നുപറഞ്ഞു. അങ്ങനെ, ആ അനുഗ്രഹീത യാത്രയിൽ ഞാൻ അവരോടൊപ്പം പങ്കുചേർന്നു.
നിർമ്മൽ ഹൃദയിന്റെ വാതിലുകൾ തുറന്ന് ഞങ്ങൾ അകത്തുകയറി. എന്നെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് അവിടെ സേവനം ചെയ്തിരുന്ന സിസ്റ്റർ എന്നോടൊപ്പമുണ്ടായിരുന്ന സിസ്റ്റർമാരോട് ചോദിച്ചു: "ഇയാൾ എന്തിന് വന്നു? ഇവിടുത്തെ കാര്യങ്ങൾ പറഞ്ഞില്ലേ?"
ഞാനാണ് അതിന് മറുപടി നൽകിയത് : "അവരെല്ലാം പറഞ്ഞിരുന്നു, ഞാൻ ഇവരെയൊക്കെ കാണാൻ വേണ്ടിത്തന്നെ വന്നതാണ്!"
അവർ വളരെ അത്ഭുതത്തോടും സന്തോഷത്തോടും എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.
മരണം കാത്തുകിടക്കുന്ന രോഗികളെയൊക്കെ അവർ എനിക്ക് പരിചയപ്പെടുത്തിത്തന്നു. അപ്പോഴാണ് ഒരു കാഴ്ച എന്റെ കണ്ണിൽപ്പെട്ടത് - ഒരു സിസ്റ്റർ കുറുക്ക് പോലെയുള്ള ഭക്ഷണം ബൗളിലെടുത്ത്, സ്പൂണിൽ കോരി ഒരു രോഗിക്ക് നൽകുന്നു. അതിനിടയിൽ സിസ്റ്റർക്ക് ഒരു ഫോൺ കോൾ വന്നപ്പോൾ ആ ബൗൾ അവിടുത്തെ സ്റ്റൂളിൽ വെച്ച് അവർ ഫോൺ അറ്റൻഡ് ചെയ്യാൻ പോയി. കിടക്കയിൽ കിടന്നിരുന്ന രോഗി ആർത്തിയോടെ തലചരിച്ച് ആ സ്റ്റൂളിലിരിക്കുന്ന ഭക്ഷണത്തിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. വിശന്നിട്ടാകാം എന്ന് കരുതി ഞാൻ അയാളുടെ കിടക്കയ്ക്കരികിലേക്ക് ചെന്നു. ആ ബൗളിൽ നിന്ന് സ്പൂണിൽ ഭക്ഷണം കോരി, മരണത്തിന്റെ താഴ്‌വരയിൽ കിടക്കുന്ന ആ മനുഷ്യരൂപത്തിന്റെ വായിലേക്ക് നൽകി.
അപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു. കറുത്ത് മെലിഞ്ഞ്, അസ്ഥികൂടം പോലെ കിടക്കയോട് ചേർന്നു കിടക്കുന്ന ആ മനുഷ്യനോട് ഞാൻ ചോദിച്ചു: "കരയുന്നത് എന്തിനാണ്?"
എന്റെ കൈകളിൽ തൊട്ട്, നിറകണ്ണുകളോടെ അയാൾ പറഞ്ഞു:
"ഞാൻ സന്തോഷം കൊണ്ടാണ് കരയുന്നത്...!"
അയാളുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു! ഒട്ടിയ വയറും വിശപ്പും പേറി, ശരിയായി ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ മരണം കാത്തുകഴിയുന്ന ഇയാൾക്ക് സന്തോഷമോ? സംശയത്തോടെ ഞാൻ വീണ്ടും ചോദിച്ചു: "കരയുന്നത് സന്തോഷം കൊണ്ടാണെന്നോ?"
"അതെ," എന്ന് പറഞ്ഞ് സിസ്റ്റർമാരെ ചൂണ്ടിക്കൊണ്ട് അയാൾ തുടർന്നു: "അവർ ദൈവങ്ങളാണ്! എല്ലാവരും വെറുത്തുതള്ളിയ ഞങ്ങളെ ഇത്രയധികം സ്നേഹിക്കാനും ഇങ്ങനെയൊക്കെ ശുശ്രൂഷിക്കാനും വേറെ ആർക്കാണ് കഴിയുക? ഞങ്ങൾ ഇപ്പോൾ സ്വർഗ്ഗത്തിലാണ്... ജീവിതത്തിലെ യഥാർത്ഥ സന്തോഷവും സ്നേഹവും ഞങ്ങൾ അനുഭവിച്ചത് ഇവിടെ വന്നതിന് ശേഷമാണ്! ഞങ്ങൾ പാപികളാണ്, പക്ഷേ, ഭാഗ്യമുള്ള പാപികൾ! ദൈവസ്നേഹം അനുഭവിച്ചുകൊണ്ട് മരണം കാത്തുകിടക്കുന്ന ഭാഗ്യവാന്മാർ!"
അയാളുടെ കവിളിലേക്ക് വീണ എൻറെ കണ്ണുനീർത്തുള്ളി എന്റെ അഹന്തയെ കഴുകിക്കളഞ്ഞു. മനുഷ്യനെ അഗാധമായി സ്നേഹിക്കാനുള്ള ആ സാർവലൗകിക സത്യം അവിടെവെച്ചാണ് എന്റെ ആത്മാവ് തൊട്ടറിഞ്ഞത്. മനുഷ്യന് മനുഷ്യനെ ഇത്രയധികം സ്നേഹിക്കാൻ കഴിയുമെന്ന പുതിയൊരു തിരിച്ചറിവ് എന്റെ ഉള്ളിൽ തെളിഞ്ഞു. അവിടെച്ചെന്ന് അവരെയൊക്കെ കാണാതെ പോയിരുന്നെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ ആ ദിവ്യസത്യത്തിന് സാക്ഷ്യം വഹിക്കാൻ എനിക്ക് കഴിയാതെ പോയേനേ!
അടുത്ത ദിവസം രാവിലെ ഞാൻ ശിശുഭവനിലെത്തിയപ്പോൾ എന്നെ കാത്തിരുന്നത് ആ സ്വപ്നവാർത്തയായിരുന്നു:
"മദറിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്! നാളെ നിങ്ങൾക്ക് മദറിനെ കാണാം, രാവിലെ 9 മണിക്ക് മദർ ഹൗസിലെത്തണം."
കൊൽക്കത്തയിലെ കനിവിന്റെ കൊട്ടാരമായ മദർ ഹൗസിനെക്കുറിച്ച് കേട്ടറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാളെ രാവിലെ 9 മണിക്ക് ആ പുണ്യഭൂമിയിലേക്ക് കാലെടുത്തുവെക്കാൻ കഴിയുമെന്ന സന്തോഷത്തിൽ എന്റെ മനസ്സിൽ മദറും മദർ ഹൗസും നിറഞ്ഞുനിന്നു.
ആഗോളതലത്തിൽ അറിയപ്പെടുന്ന മദർ ഹൗസിന്റെ ചരിത്രവും എൻറെ ഓർമ്മയിലൂടെ കടന്നുപോയി - സ്വന്തമായി തലചായ്ക്കാൻ ഇടമില്ലാതെ മദറും കൂട്ടരും അലഞ്ഞപ്പോൾ, ആ യാത്രയിൽ അവർക്കൊപ്പം ചേർന്നത് ഡോ. ഇസ്ലാം എന്ന സഹോദരതുല്യനായ വ്യാപാരിയായിരുന്നു. ഇന്ത്യ-പാകിസ്ഥാൻ വിഭജനകാലത്ത് കൊൽക്കത്ത വിട്ടുപോകാനൊരുങ്ങിയ ആ മുസ്ലീം സഹോദരൻ, അനാഥരെ നെഞ്ചിലേറ്റുന്ന കന്യാസ്ത്രീകളുടെ നന്മ തിരിച്ചറിഞ്ഞ്, തന്റെ വലിയ കെട്ടിടം വളരെ കുറഞ്ഞ തുകയ്ക്ക് വിട്ടുനൽകുകയായിരുന്നു. ആ നന്മയുടെ വഴികളും ഞാൻ ഓർത്തുപോയി.
പിറ്റേന്ന് രാവിലെ 8 മണി മുതൽ ഞാൻ മദർ ഹൗസിന്റെ ഗേറ്റിനു വെളിയിൽ കാത്തുനിന്നു. 9 മണിയായപ്പോൾ രണ്ട് സിസ്റ്റർമാർ വന്ന് ഗേറ്റ് തുറന്ന് എന്നെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹൃദയം നിറയെ പ്രാർത്ഥനകളോടെ നിന്ന എൻറെ മുന്നിലേക്ക്... സ്നേഹം പൂത്തുലഞ്ഞ്, ദാരിദ്ര്യം കരിഞ്ഞു കൊഴിയുമെന്ന് ലോകത്തെ പഠിപ്പിച്ച, സൗമനസ്യത്തിന്റെ സന്ദേശവുമായി ലോകമെമ്പാടും നടന്ന കാരുണ്യത്തിന്റെ മാലാഖ, വിശുദ്ധ തെരേസ, വരാന്തയിലൂടെ പതുക്കെ നടന്നു വരുന്നു!
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വിറങ്ങലിച്ചു നിന്നു. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ചുംബിക്കണമോ, അവിടെത്തന്നെ നിൽക്കണമോ, അതോ കാലിൽ വീണു നമസ്കരിക്കണമോ... വാക്കുകൾക്കതീതമായ ആ മാനസികാവസ്ഥയിൽ മദർ എന്റെ അടുത്തേക്ക് എത്തിയപ്പോൾ ഞാൻ ആ പാദങ്ങളിൽ തൊട്ടുവന്ദിച്ചു. ആ വിശുദ്ധ കരങ്ങൾ എന്റെ ശിരസ്സിൽ അമർന്നു പ്രാർത്ഥിച്ചു. എന്റെ ആശയാഭിലാഷങ്ങൾ ഞാൻ മദറിനോട് പങ്കുവെച്ചു. അന്ന് വൈകുന്നേരം മദറിനോടൊപ്പം പ്രാർത്ഥിക്കാനുള്ള അപൂർവ്വ ഭാഗ്യവും എനിക്ക് ലഭിച്ചു.
വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം പിരിയുന്നതിന് മുൻപായി മദർ എന്നോട് ചോദിച്ചു:
"ആഗ്രഹങ്ങളൊക്കെ കൃത്യമായും സത്യസന്ധമായും നടത്താൻ കഴിയുമോ?"
"തീർച്ചയായും കഴിയും മദർ!" ഞാൻ മറുപടി നൽകി.

എൻറെ തലയിൽ കൈവെച്ച് പ്രാർത്ഥിച്ച മദർ തെരേസയുടെ ആ ചിത്രം മരണത്തിന് പോലും എന്റെ ഹൃദയത്തിൽ നിന്ന് തുടച്ചുനീക്കാൻ കഴിയില്ല. പ്രാർത്ഥനയ്ക്ക് ശേഷം മദർ പറഞ്ഞു:
"കാര്യം സാധ്യമാകും, ഞാനും പ്രാർത്ഥിക്കും. പക്ഷേ, എപ്പോഴും സത്യസന്ധത പുലർത്തണം. പാവപ്പെട്ടവരെ ഒരിക്കലും മറക്കരുത്. ഏത് കാര്യത്തിനും തടസ്സങ്ങൾ ഉണ്ടാകും, പ്രാർത്ഥന കൈവിടാതിരിക്കുക."
പിറ്റേന്ന് വൈകുന്നേരവും മദറിനോടൊപ്പം പ്രാർത്ഥിക്കാനും, ഫോട്ടോ എടുക്കാനുമുള്ള അനുവാദം ലഭിച്ചു. മദർ അനുഗ്രഹിച്ചു തന്ന കുരിശും മെഡലും ചിത്രങ്ങളും എന്റെ ജീവിതത്തിലെ വലിയ നിധിയായി മാറി. ഞാൻ ആഗ്രഹിച്ചതുപോലെ കാര്യങ്ങളെല്ലാം സാധ്യമായി.
ആ അമ്മയോട് പറഞ്ഞ വാക്ക് ഈ നിമിഷം വരെ പാലിക്കാൻ എനിക്ക് സാധിച്ചു എന്നത് എന്റെ ആത്മാവിന് നൽകുന്ന സംതൃപ്തി ചെറുതല്ല. അമ്മയുടെ കനിവും താലോടലും എന്റെ ജീവിതത്തിൽ എപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ബോധപൂർവ്വം എന്നെ വീഴ്ത്താനും ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും ചിലരൊക്കെ ശ്രമിച്ചപ്പോഴും, തലയുയർത്തി നിലയുറപ്പിച്ചു നിൽക്കാൻ എന്നെ പ്രാപ്തനാക്കിയത് ആ അമ്മയുടെ അനുഗ്രഹം ഒന്നുമാത്രമാണ്.ആ അനുഗ്രഹം അനേകം രൂപത്തിലും ഭാവത്തിലും നിങ്ങളെയും തേടിയെത്തും.
അഞ്ചു രൂപയും ബൈബിളും ജപമാലയും മാത്രമായി മോതിജീൽ ചേരിയിലെ ഒരു തുറസ്സായ പറമ്പിൽ, ഡെസ്കും ബോർഡുമില്ലാതെ ഒരു വിദ്യാലയം തുടങ്ങിയ മദർ തെരേസ ലോകം മുഴുവൻ പാവപ്പെട്ടവർക്കായി പണിതുയർത്തിയത് ജീവകാരുണ്യത്തിന്റെ വലിയൊരു സാമ്രാജ്യമാണ്. മിഷണറീസ് ഓഫ് ചാരിറ്റി ലോകമെമ്പാടും പടർന്നുപന്തലിക്കുമ്പോഴും, അതിന് ദിവ്യചൈതന്യവും നിസ്വാർത്ഥമായ ലക്ഷ്യബോധവും നൽകിയത് മദറിന്റെ ആ വിശുദ്ധ സാന്നിധ്യം തന്നെയായിരുന്നു!
- ജോയ് കെ.മാത്യു