വിശ്വാസത്തിന്റെ മറവിലെ കൊള്ള, അയോധ്യ ക്ഷേത്രത്തിലെയും പ്രമുഖ ക്ഷേത്രങ്ങളിലെയും സാമ്പത്തിക ക്രമക്കേടുകൾ വിശ്വസികളെ ഞെട്ടിക്കുന്നു; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം-ജോർജ് കള്ളിവയലിൽ എഴുതുന്നു
ദൈവത്തിന്റെയോ ക്ഷേത്രത്തിന്റെയോ പണമോ സ്വത്തോ മോഷ്ടിക്കുന്നതു ഏറ്റവും കഠിന പാപങ്ങളിലൊന്നായാണു ഹിന്ദു വിശ്വാസത്തിലും കണക്കാക്കപ്പെടുന്നത്. എളുപ്പത്തില്‍ ശുദ്ധീകരിക്കാന്‍ കഴിയാത്ത അധര്‍മം. ഭക്തരുടെ വിശ്വാസം, ശുദ്ധമായ ഭക്തി, കഠിനാധ്വാനം, ത്യാഗം എന്നിവയുടെ ഫലമാണ് ദേവധനം എന്നു വിശേഷിപ്പിക്കുന്ന ക്ഷേത്ര വഴിപാടുകള്‍. ദേവനില്നിന്നോ ബ്രാഹ്മണനില്നിന്നോ മോഷ്ടിക്കുന്നതു മഹാപാപമാണെന്നു മനുസ്മൃതിയും പുരാണങ്ങളും പറയുന്നു.
ക്ഷേത്രങ്ങളോ വഴിപാടുകളോ കൊള്ളയടിക്കുന്ന പാപികള്‍ കടുത്ത അന്ധകാരത്തിന്റെ നരകത്തില്‍ പ്രവേശിക്കുമെന്നു ഗരുഡപുരാണം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബൈബിളും ഖുറാനും അടക്കമുള്ള മതഗ്രന്ഥങ്ങളിലും മോഷണം ഗുരുതരപാപമാണ്. കാണിക്കപ്പണത്തിന്റെ മോഷണം അതിതീവ്ര പാപമാകും. മോഷണത്തിനു മതവ്യത്യാസങ്ങളില്ല. മോഷ്ടിക്കരുതെന്നതു ബൈബിളിലെ പത്തു കല്പനകളില് പ്രധാനമാണ്. ദൈവത്തെയും പണത്തെയും (മാമോനെയും) ഒരുമിച്ചു സേവിക്കാന്‍ കഴിയില്ലെന്ന് മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിലെ 24-ാം വാക്യം ഓര്‍മിപ്പിക്കുന്നു.
സ്റ്റീലിംഗ് ഫ്രം ഗോഡ്
"സ്റ്റീലിംഗ് ഫ്രം ഗോഡ്' എന്ന പേരില്‍ നിരീശ്വരവാദിയായ അമേരിക്കന്‍ എഴുത്തുകാരന് ഫ്രാങ്ക് ട്യൂറക് ഒരു പുസ്തകം തന്നെയെഴുതി. അക്ഷരാര്‍ഥത്തിലും ദൈവശാസ്ത്ര വീക്ഷണത്തിലും ദാര്‍ശനിക കാഴ്ചപ്പാടിലും സാഹിത്യ ഉദ്ധരണികളിലും വിശ്വാസികളുടെ ചിന്തയിലുമെല്ലാം ദൈവത്തിനായി നല്കിയ പണം കക്കുന്നതു പൊറുക്കാനാകാത്ത തിന്മയാണ്. വിശ്വാസികള്‍ പൊറുക്കാത്ത കുറ്റം.
എന്നിട്ടും കോടിക്കണക്കിനു ഹിന്ദുമത വിശ്വാസികളുടെ പുണ്യക്ഷേത്രമായ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ വന്‍കൊള്ള നടന്നു. സ്വര്‍ണവും വെള്ളിയും പണവുമെല്ലാം കണക്കില്ലാതെ കൊള്ളയടിച്ചു. എത്ര കോടി രൂപ കട്ടുവെന്നു കൃത്യമായി ആര്‍ക്കുമറിയില്ല. മോഷ്ടിക്കപ്പെട്ട 80 ലക്ഷത്തിലധികം രൂപ, സ്വര്‍ണം, വെള്ളി, വിദേശ കറന്‍സി എന്നിവ അറസ്റ്റിലായ എട്ടു പേരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ മോഷണം നടന്നതായി യുപി സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. രാമക്ഷേത്രത്തിനായുളള ഭൂമി വാങ്ങലും നിര്‍മാണവും മുതല്‍ ഭക്തരുടെ സംഭാവനകള്വരെ കോടികളുടെ പണമാണ് ആസൂത്രിതമായി തട്ടിയെടുത്തത്.
ബദ്രിനാഥിലും
വിഖ്യാത ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥിലെ വഴിപാടുകളിലെ വെട്ടിപ്പിന്റെ വാര്‍ത്തയും വന്നു. ക്ഷേത്ര സംഭാവനകള്‍ അപഹരിച്ചതിനെക്കുറിച്ച് ബദ്രിനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ പ്രചരിക്കുന്നതിനാലാണ് അന്വേഷണമെന്നു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.
പുതിയ വിവാദങ്ങള്‍ക്കിടയിലും ആയോധ്യ രാമക്ഷേത്രത്തിലെ പ്രതിദിന സംഭാവന ഇരട്ടിയോളമായി. ദിവസം 20 ലക്ഷം രൂപയാണിപ്പോള്‍ ശരാശരി വരവ്. അതാണു വിശ്വാസത്തിന്റെ ശക്തി. അയോധ്യയിലും ബദ്രിനാഥിലും ശബരിമലയിലും മറ്റും കൊള്ള നടത്തിയവരോടു വിശ്വാസികള്‍ പൊറുക്കാനിടയില്ല. എന്നാല്‍ സുതാര്യമായും സത്യസന്ധമായും സ്വത്തു കൈകാര്യം ചെയ്യുന്ന ആരാധനാലയങ്ങളും വിവിധ മത, ധര്‍മ, സാമൂഹ്യക്ഷേമ സ്ഥാപനങ്ങളും ഉണ്ടെന്നതും വിസ്മരിക്കാനാകില്ല.
പിശുക്കില്ലാത്ത സംഭാവനകള്‍
ഹൈന്ദവ, ക്രൈസ്തവ, മുസ്ലിം ആരാധനാലയങ്ങളില്‍ എവിടെയൊക്കെ വലിയ കൊള്ള നടന്നിട്ടുണ്ടെന്നു കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണ്ടിവന്നേക്കും. ഏറ്റവും സമ്പത്തുള്ള തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണശേഖരം മോഷ്ടിക്കാതെ സൂക്ഷിക്കുകയെന്നതു സര്‍ക്കാരിനും സുപ്രീംകോടതിക്കും വെല്ലുവിളിയാണ്. ഇന്ത്യയില്‍ വഴിപാടായി ഏറ്റവുമധികം പണം ലഭിക്കുന്ന ശബരിമല, ഗുരുവായൂര്‍, തിരുപ്പതി, പുരി ജഗന്നാഥ്, വൈഷ്ണോ ദേവി, മഹാരാഷ്ട്രയിലെ ഷിര്‍ദിസായി ബാബ, സിദ്ധിവിനായക, മധുര മീനാക്ഷി തുടങ്ങിയ ക്ഷേത്രങ്ങളിലെ ശതകോടികളുടെ സംഭാവനയും സ്വത്തും മോഷ്ടിക്കപ്പെടുന്നില്ലെന്നത് ഒരു വിശ്വാസം മാത്രമാകും.
തിരുപ്പതിയില്‍ ആയിരം കോടിയോളം രൂപയാണു (2024-25ല്‍ 918.6 കോടി) ഓരോ വര്‍ഷവും ലഭിക്കുന്നത്. ശബരിമല മണ്ഡലപൂജ സീസണില്‍ 430 കോടിയാണു വരുമാനം. ഗുരുവായൂരില്‍ വര്‍ഷം 400-500 കോടി വരുമാനമുണ്ട്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ വര്‍ഷം 500 കോടി രൂപ വരുമാനമുണ്ട്. ക്രൈസ്തവ, ബുദ്ധ, ജൈന മതവിശ്വാസികളും സംഭാവന നല്കുന്നതില് പിശുക്കാറില്ല. മുസ്ലിംകള് സക്കാത്തായും റംസാന് കാലത്തും മറ്റും നല്കുന്ന സംഭാവനകള്‍ അനേക കോടികളാണ്.
ആര്‍എസ്എസും വിഎച്ച്പിയും
കേന്ദ്രസര്‍ക്കാര്‍ നിയമിച്ച അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ വന്വീഴ്ചയുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാനായി പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെയാണു കേന്ദ്രം നിയമിച്ചത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ അടക്കം നടത്തിയതും പ്രധാനമന്ത്രി തന്നെ. ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചതില്‍ രാമക്ഷേത്രത്തിനുള്ള പങ്കിനെ ആര്‍ക്കും തള്ളിപ്പറയാനാകില്ല. സാങ്കേതികമായി ശ്രീരാമ തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സ്വയംഭരണാകവകാശമുള്ള സംവിധാനമാണെങ്കിലും ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതാക്കളാണു ഫലത്തില്‍ നായകര്‍.
കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ക്ഷേത്ര ട്രസ്റ്റിലും അതിന്റെ ദൈനംദിന നടത്തിപ്പിലും ആര്‍എസ്എസിനും വിഎച്ച്പിക്കും ആഴത്തിലുള്ള പങ്കുണ്ട്. ക്ഷേത്ര നിര്‍മാണം മുതല്‍ തീര്‍ഥാടകരുടെ വരവും കോടികളുടെ കാണിക്കയും കൈകാര്യം ചെയ്യുന്നവരെല്ലാം ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരാണ്. എന്നിട്ടും ആര്‍എസ്എസിന്റെ പ്രസ്താവന പോലും വൈകി. ""മുഴുവന്‍ സമൂഹത്തിന്റെയും ലക്ഷക്കണക്കിന് ശ്രീരാമ ഭക്തരുടെയും വികാരങ്ങളെയും വിശ്വാസത്തെയും ആഴത്തില്‍ മുറിപ്പെടുത്തിയിരിക്കുന്നു. ഈ സംഭവത്തില്‍ ഞങ്ങളെല്ലാം അതീവ ദുഃഖിതരും അസ്വസ്ഥരുമാണ്.'' ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പ്രസ്താവനയില്‍ പറഞ്ഞു.
പ്രബലരെ തൊടാതെ കാക്കുന്നു
ദൈവത്തിനുള്ള പണം കക്കാന്‍ മടിക്കാത്തവര്‍ എവിടെയുമുണ്ടാകും. പക്ഷേ അയോധ്യയിലെ വന്‍ വെട്ടിപ്പു ഞെട്ടിച്ചു. പക്ഷേ, ക്ഷേത്ര നടത്തിപ്പിന്റെ ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിലെ പ്രബലരോ അവരെ നിയമിച്ചവരോ അറസ്റ്റിലായില്ല. ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ ചമ്പത് റായിയും ട്രസ്റ്റി അനില്‍ മിശ്രയും പദവികള്‍ രാജിവച്ചു. ചുമതലയൊഴിഞ്ഞെങ്കിലും സാങ്കേതികത്വം പറഞ്ഞ് ഇരുവരും ട്രസ്റ്റില്‍ തുടരുകയാണ്. കഴിഞ്ഞ ജൂണ്‍ 13ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടി ഇരുവരെയും ചോദ്യം ചെയ്തെങ്കിലും അറസ്റ്റു ചെയ്യാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ധൈര്യമുണ്ടാകില്ല. ഹൈന്ദവര്‍ക്കെതിരായ ഗൂഢാലോചനയെന്നു യോഗി പറയുന്നതു പോലും തടിതപ്പാനാകും. പണം എണ്ണുന്ന നിരവധി തൊഴിലാളികളെ അനില്‍ മിശ്രയുടെ ശിപാര്‍ശയില്‍ നിയമിച്ചിട്ടുണ്ടെന്നു കണ്ടെത്തിയെങ്കിലും അദ്ദേഹവും സ്വതന്ത്രമായി വിലസുന്നു. സഹോദരീഭര്ത്താക്കന്മാരായ ലവ്കുശ് മിശ്രയും അനുകല്പ് മിശ്രയും ഉള്‍പ്പെടെ ആകെ എട്ടു പേരെയാണു പോലീസ് അറസ്റ്റു ചെയ്തത്. അവിനാഷ് ശുക്ല, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കര്‍ എന്ന ടിന്നു യാദവ് എന്നിവരാണു മറ്റുള്ളവര്‍.
സ്വയം മായുന്ന സിസിടിവികള്‍
നോട്ടെണ്ണുന്ന കേന്ദ്രത്തിനുള്ളില്‍ പ്രതികളായ സഹോദരീഭര്‍ത്താക്കന്മാര്‍ ഒരുമിച്ചിരിക്കുന്ന സിസിടിവി ദൃശ്യം ആണ് വലിയ തെളിവായി കൊട്ടിഘോഷിച്ചത്. ഇത്രയധികം പണം കൈകാര്യം ചെയ്യുമ്പോള്‍ തെളിവാകേണ്ട സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കഴിയുമ്പോള്‍ സ്വയം മായ്ക്കപ്പെടുന്നു.
ഫലത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. വസ്ത്രങ്ങളിലോ സോക്സിലോ നോട്ടുകെട്ടുകള്‍ കടത്തി. ശുചിമുറികളില്വരെ പണം ഒളിപ്പിച്ചു. ലവ്കുശ്, അനുകല്പ് മിശ്രമാര്‍ ഭൂമിയും കെട്ടിടവും അടക്കം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്ര ട്രസ്റ്റിന്റെ മുന്‍ ഡ്രൈവറായ ടിന്നു യാദവ് കൗണ്ടിംഗ് മുറിയുടെ താക്കോലുകളിലൊന്ന് അനധികൃതമായി കൈവശം വച്ചിരുന്നു. ക്ഷേത്ര ട്രസ്റ്റുമായും അറസ്റ്റിലായ എട്ട് പ്രതികളുമായും ബന്ധപ്പെട്ട ഏഴു ബാങ്കുകളില്‍നിന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍, ഇടപാടു ചരിത്രങ്ങള്‍, കെവൈസി വിശദാംശങ്ങള്‍, നിക്ഷേപ രേഖകള്‍ എന്നിവ ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തെ ബാങ്കിംഗ് രേഖകള്‍ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റിന്റെ പ്രധാന സംഭാവനകളുടെ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അയോധ്യ ധാം ബ്രാഞ്ചിലെ രേഖകള്‍ പ്രധാനമാകും.
2021 മുതൽ തുടങ്ങി
കഴിഞ്ഞ വര്‍ഷമാദ്യം നടന്ന മഹാകുംഭമേളയ്ക്കിടെയാണ് ഏറ്റവും വലിയ കൊള്ള നടന്നത്. അയോധ്യയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് 2021 മുതല്‍ കൊള്ളതുടങ്ങിയെന്നു ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറയുന്നു. രണ്ടു കോടി രൂപയ്ക്കു വാങ്ങിയ ഒരു ഭൂമി പത്തു മിനിറ്റു കഴിഞ്ഞ് 18 കോടി രൂപയ്ക്കു ക്ഷേത്ര ട്രസ്റ്റ് വാങ്ങി. ഇതേ പോലെ മൂന്നു കോടിയുടെ വസ്തു 24 കോടിക്കും ഒമ്പതു കോടിയുടേത് 55 കോടിക്കും 14 കോടി രൂപയുടേത് 95 കോടി രൂപയ്ക്കും ക്ഷേത്ര ട്രസ്റ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
വന്‍ കൊള്ള ശ്രദ്ധയില്‍ പെട്ടിട്ടും പ്രബലരെ സംരക്ഷിക്കാനാണു യുപി പോലീസിന്റെ എസ്ഐടി ശ്രമിച്ചതെന്നു സമാജ്വാദി, കോണ്‍ഗ്രസ്, എഎപി നേതാക്കള്‍ ആരോപിക്കുന്നു. കേസന്വേഷണം സിബിഐക്കു വിട്ടിട്ടില്ല. സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിരീക്ഷണത്തിലാകട്ടെ അന്വേഷണം. ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകള്‍ മൂന്നു മാസം മുമ്പ് ട്രസ്റ്റിനെയും പോലീസിനെയും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു എസ്ബിഐ അവകാശപ്പെടുന്നു.
പണം എണ്ണുന്ന ജീവനക്കാരെ മാറ്റാന്‍ ബാങ്ക് നിര്‍ദേശിച്ചെങ്കിലും ചില ട്രസ്റ്റ് ഭാരവാഹികള്‍ അതിന് അനുമതി നല്‍കിയില്ലെന്നാണു റിപ്പോര്‍ട്ട്.
മുതലെടുപ്പു വേണ്ട, തിരുത്തണം
മതത്തെയും വിശ്വാസങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചു മുതലെടുപ്പു നടത്തുന്നതു തടയാനായില്ലെങ്കില്‍ കൂടുതല്‍ വലിയ കൊള്ളകള്‍ തുടര്‍ക്കഥയാകും. അതിലേറെ ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്ത മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്കു ക്ഷതമേല്ക്കും.
അഭിപ്രായ സ്വാതന്ത്ര്യവും തുല്യാവകാശവും തുല്യനീതിയും ഇഷ്ടമുള്ള മതവും വിശ്വാസവും പിന്തുടരാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അടക്കമുള്ള പൗരന്റെ മൗലികാവശങ്ങള്‍ ചവിട്ടിമെതിക്കപ്പെടരുത്. അയോധ്യയിലെ സംഭാവനക്കൊള്ളയെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയല്ല വേണ്ടത്. മുന്നറിയിപ്പ് ഉള്‍ക്കൊണ്ട്, തിരുത്തലുകള്‍ക്കു സര്‍ക്കാരുകളും കോടതികളും മതനേതൃത്വങ്ങളും ജനങ്ങളും കൈകോര്‍ക്കണം.