കുഞ്ഞുപാദങ്ങളിൽ ചുംബിക്കുമ്പോൾ: ദൈവരാജ്യത്തിന്റെ ലാളിത്യത്തിലേക്കൊരു തീർത്ഥയാത്ര
 

 
222222

കൊച്ചുകുഞ്ഞിന്റെ പാദങ്ങളിൽ അനുഗ്രഹം ❤️

ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞിന്റെ ചെറുപാദങ്ങൾ
സ്നേഹത്തോടെ, ആദരവോടെ ചുംബിക്കുക

അത് ഒരു വികാരപ്രകടനം മാത്രമല്ല
ഒരു ആത്മീയ അനുഭവമാണ്

കാരണം കുഞ്ഞ് നമ്മുടേതു മാത്രം അല്ല
ദൈവത്തിന്റെ വിശ്വാസം നമുക്ക് ഏല്പിച്ച ജീവൻ ആണ്

കുഞ്ഞിന്റെ പാദങ്ങളെ ആദരിക്കുന്നത്
ജീവിതത്തിന്റെ തുടക്കത്തെ ആദരിക്കലാണ്


എന്തുകൊണ്ട് അനുഗ്രഹം?

നാം വലിയവരെ ആദരിക്കും
പുണ്യസ്ഥലങ്ങളെ ആദരിക്കും
തിരുവസ്തുക്കളെ ആദരിക്കും

പക്ഷേ
ദൈവം ഏറ്റവും അടുത്ത് നിൽക്കുന്നത്
നിർമലതയുള്ളിടത്താണ്

> “കുട്ടികളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുവിൻ; അവരെ തടയരുത്; ദൈവരാജ്യം ഇത്തരക്കാരുടേതാണ്.”
(മർക്കോസ് 10:14)

കുഞ്ഞിന്റെ പാദങ്ങളെ സ്നേഹത്തോടെ സ്പർശിക്കുമ്പോൾ
നാം ദൈവരാജ്യത്തിന്റെ ലാളിത്യത്തെ സ്പർശിക്കുന്നു


വിനയത്തിന്റെ പാഠം

മനുഷ്യൻ വലുതാകുമ്പോൾ
അഹങ്കാരം വളരും

പക്ഷേ കുഞ്ഞിന്റെ മുമ്പിൽ
നാം സ്വാഭാവികമായി വിനയമുള്ളവരാകും

കുഞ്ഞിന്റെ പാദങ്ങൾ ചുംബിക്കുന്നത്
മനുഷ്യന്റെ അഹങ്കാരം താഴ്ത്തുന്ന
ഒരു മൗനപ്രാർത്ഥനയാണ്

> “ഈ കുഞ്ഞിനെപ്പോലെ തന്നെ താഴ്ചപ്പെടുന്നവനാണ് സ്വർഗരാജ്യത്തിൽ വലിയത്.”
(മത്തായി 18:4)


ദൈവത്തിന്റെ സാന്നിധ്യം

കുഞ്ഞ് ഭാവിയെ കുറിച്ച് ആശങ്കപ്പെടില്ല
അവൻ /അവൾ പൂർണ്ണ വിശ്വാസത്തിലാണ് ജീവിക്കുന്നത്

അതുകൊണ്ട് അവന്റെ/ അവളുടെ അടുത്ത് നിൽക്കുമ്പോൾ
ഹൃദയം ശാന്തമാകും

> “ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ സ്തുതി ഒരുക്കിയിരിക്കുന്നു.”
(സങ്കീർത്തനങ്ങൾ 8:2)


ദൈവത്തെ സ്പർശിക്കുന്ന നിമിഷം

കുഞ്ഞിന്റെ ചെറുപാദങ്ങളെ സ്നേഹത്തോടെ ചുംബിക്കുമ്പോൾ
ഒരു നിമിഷം മനസ്സിൽ ചിന്തിക്കുക:

“ഞാൻ ദൈവത്തിന്റെ സമ്മാനം സ്പർശിക്കുന്നു. ഇപ്പോൾ ദൈവത്തിന്റെ അടുത്തുനിന്നും എന്നെ അനുഗ്രഹിക്കുവാൻ എത്തിയിരിക്കുന്നു. നന്ദി ദൈവമേ "

കാരണം ഓരോ ജീവനും
ദൈവത്തിന്റെ കൈയിൽ നിന്നാണ് വരുന്നത്

> “നീ എന്റെ അന്തഃകരണം സൃഷ്ടിച്ചു; എന്റെ അമ്മയുടെ ഗർഭത്തിൽ നീ എന്നെ നെയ്തെടുത്തു.”
(സങ്കീർത്തനങ്ങൾ 139:13)

അപ്പോൾ ആ ചുംബനം
വികാരമാത്രമാകില്ല
ഒരു മൗനപ്രാർത്ഥനയാകും


അനുഗ്രഹം പങ്കിടുക

കുഞ്ഞിനെ ചുംബിച്ച ശേഷം
അവന്റെ മാതാപിതാക്കളെ അനുഗ്രഹിക്കുക

“ദൈവം നിങ്ങളെ ശക്തരാക്കട്ടെ
ഈ കുഞ്ഞിനെ സ്നേഹത്തോടെ വളർത്താൻ കൃപ നൽകട്ടെ”

കുടുംബത്തെയും അനുഗ്രഹിക്കുക

കാരണം ഒരു കുഞ്ഞ്
ഒരു വ്യക്തിയുടെ മാത്രം അല്ല
ഒരു കുടുംബത്തിന്റെ വിളിയാണ്

> “കുട്ടികൾ കർത്താവിന്റെ ദാനമാണ്; ഗർഭഫലം അവന്റെ പ്രതിഫലമാണ്.”
(സങ്കീർത്തനങ്ങൾ 127:3)


പരീക്ഷിച്ചു നോക്കൂ

ഒരു ദിവസം
ഒരു കുഞ്ഞിന്റെ ചെറുപാദങ്ങളെ
സ്നേഹത്തോടെ ചുംബിക്കുക. ശേഷം വിശുദ്ധ മനോഭാവത്തോടെ പ്രാർത്ഥനയോടെ ആ കുഞ്ഞിന്റെ നെറ്റിയിൽ വിശുദ്ധ കുരിശിന്റെ അടയാളം വരയ്ക്കുക.

മനസ്സിൽ സമാധാനം വരും
ഹൃദയം മൃദുവാകും
പ്രാർത്ഥന സ്വാഭാവികമാകും

അത് അന്ധവിശ്വാസമല്ല
ഹൃദയം ദൈവത്തോട് തുറക്കുന്ന നിമിഷമാണ്


ജീവിതത്തിന്റെ തുടക്കം ആദരിക്കുന്നവന്
ജീവിതത്തിന്റെ അനുഗ്രഹം ലഭിക്കും

കൊച്ചുകുഞ്ഞിന്റെ പാദങ്ങളിൽ
നാളെയുടെ അനുഗ്രഹം ഒളിഞ്ഞിരിക്കുന്നു.രോഗികൾക്ക് സൗഖ്യം, പ്രതി സന്ധികളിൽ പ്രത്യാശ, ഹൃദയത്തിൽ സന്തോഷം ലഭിക്കും.
ഉദരത്തിൽ കുഞ്ഞിനെ സ്വീകരിച്ച അമ്മയെ ആദരിക്കുക. പിതാവിനെ ബഹുമാനിക്കുക. അവർക്ക് ഏതെങ്കിലും സഹായം ആവശ്യമെങ്കിൽ അത് നൽകുക. പലവിധത്തിൽ വിഷമിക്കുന്നവർ ഉണ്ട്.
കുഞ്ഞുങ്ങളെ വളർത്തുവാൻ വിഷമിക്കുന്നവരെയും സഹായിക്കണം. കുഞ്ഞുങ്ങളെ ഹൃദയത്തിൽ ഏറ്റെടുക്കുക. അവർ മതാപിതാക്കൾക്ക് ഒപ്പം വളരട്ടെ. നിങ്ങളുടെ രഹസ്യ സാമ്പത്തിക സഹായം ആ കുടുംബത്തിന് വലിയ അനുഗ്രഹം ആയിരിക്കും.
സ്ഥാപനങ്ങൾ, വിവിധ സന്യാസ സഭകൾ,അൽമായ പ്രസ്ഥാനങ്ങൾ,ആശുപത്രികൾ, രൂപത, ഇടവക, കുടുംബങ്ങൾ.. എല്ലാം ഈ രീതിയിൽ ചിന്തിച്ചു പ്രവർത്തിച്ചാൽ നന്നായി. "ഓരോ കുഞ്ഞും അനുഗ്രഹം. അനുഗ്രഹത്തിന്റെ വഴിയിൽ ഞങ്ങളും "- എന്ന് പറയട്ടെ.

ദൈവം അനുഗ്രഹിക്കട്ടെ.


ലോകത്തിനുള്ള തുടർധ്യാനം

ഒരു കുഞ്ഞിന്റെ ചെറുപാദങ്ങളെ ആദരിക്കാൻ പഠിക്കുന്ന മനുഷ്യൻ
ഭൂമിയെ നശിപ്പിക്കില്ല

ജീവിതത്തിന്റെ തുടക്കത്തെ ബഹുമാനിക്കുന്ന ഹൃദയം
ജീവിതത്തിന്റെ അവസാനത്തെയും ബഹുമാനിക്കും

ഇന്ന് ലോകം ശക്തിയാൽ മുന്നേറുന്നു
പക്ഷേ കരുണകൊണ്ട് പിന്നോട്ട് പോകുന്നു

ഒരു കുഞ്ഞിനെ കരുതലോടെ കൈയിൽ എടുക്കുന്ന കൈകൾ
ഹിംസയ്ക്ക് തയ്യാറാകില്ല

ഒരു കുഞ്ഞ് ജനിക്കുമ്പോൾ
അവൻ ആരെയും ശത്രുവായി അറിയുന്നില്ല

കുഞ്ഞിനെ അനുഗ്രഹമായി കാണുന്ന മനോഭാവം
ഹൃദയം മാറ്റും
ഹൃദയം മാറുമ്പോൾ സമൂഹം മാറും
സമൂഹം മാറുമ്പോൾ ചരിത്രം മാറും


 സാബു ജോസ് 
എറണാകുളം
9446329343

Tags

Share this story

From Around the Web