വി.ഡി. സതീശൻ്റെ പ്രസ്താവന മുനമ്പത്തിന് ഗുണകരമോ? ഭരണത്തിലെത്തിയാൽ വഖഫ് നിയമ ഭേദഗതി കടലിലെറിയും എന്നു ഭീഷണി മുഴക്കുന്നവർ ഒരിക്കലും ഭരണത്തിലെത്താതിരിക്കാൻ ജാഗ്രത പുലർത്തിയേ തീരൂ- ഫാ. ജോഷി മയ്യാറ്റിൽ
 

 
33

വഖഫ് നിയമ ഭേദഗതി ശരിവച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ വളച്ചൊടിച്ച്, ഭേദഗതി പൂർണമായും പിൻവലിക്കുകയാണ് വേണ്ടത് എന്നു പറഞ്ഞ പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെ തള്ളിപ്പറയാൻ മുനമ്പം ഭൂസംരക്ഷണ സമിതിയോ സമരസമിതിയോ കെഎൽസിഎയോ കെആർഎൽസിസിയോ കെആർഎൽസിബിസിയോ കെസിബിസിയോ മുന്നോട്ടു വന്നതായി കണ്ടില്ല. എന്തുകൊണ്ട്? വഖഫ് നിയമം ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഔദ്യോഗികമായി കത്തെഴുതിയവരല്ലേ നിങ്ങൾ?

പാസായ നിയമഭേദഗതിയിൽ പരിഹാരം ഉണ്ടോ ഇല്ലയോ?

സെക്ഷൻ 2Aയിൽ പരിഹാരം ഉണ്ട് എന്ന് ഇതിനകം ലത്തീൻസഭാ വക്താക്കളും ഭൂസംരക്ഷണ സമിതിയും പലവട്ടം പറഞ്ഞിട്ടുണ്ട്. എങ്കിൽ പിന്നെ, ഭേദഗതിക്കെതിരായ പ്രതിപക്ഷനേതാവിൻ്റെ പ്രസ്താവനയെ തള്ളിപ്പറയാൻ നിങ്ങൾ മുന്നോട്ടു വരേണ്ടതല്ലേ? അതിനു തയ്യാറാകുന്നില്ലെങ്കിൽ മറ്റേതെങ്കിലും പരിഹാരം നിങ്ങൾ കാണുന്നുണ്ട് എന്നല്ലേ അർത്ഥം? എങ്കിൽ അത് എന്താണ് എന്നു വിശദമാക്കാൻ നിങ്ങൾക്കു ബാധ്യതയുണ്ട്.

സംസ്ഥാനസർക്കാരിന് ഇക്കാര്യത്തിൽ ഉടനെ ഒന്നും ചെയ്യാനില്ല എന്ന് സർക്കാരും അന്വേഷണകമ്മീഷനും വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെ, രണ്ടു സാധ്യതകളേ ഊഹിക്കാൻ കഴിയൂ: 

1) വഖഫ് ട്രൈബ്യൂണലിലൂടെ അനുകൂല വിധി സമ്പാദിക്കാൻ കഴിയുക. പക്ഷേ, അതിന് രണ്ടു പ്രശ്നങ്ങളുണ്ട്: അതിശക്തമായ വാദഗതികൾ സമ്പൂർണമായും സമഗ്രമായും അവതരിപ്പിക്കണം; അന്തിമവിധിക്കായി അനേക വർഷങ്ങൾ കാത്തിരിക്കണം! 

2) "ഞങ്ങൾ ഭരണത്തിലെത്തിയാൽ ഉടൻ ഈ പ്രശ്നം പരിഹരിക്കും" എന്ന വി.ഡി. സതീശൻ്റെ വാക്ക്! പക്ഷേ, മുനമ്പത്തിനും വഖഫ് നിയമത്തിനും തമ്മിൽ ബന്ധമില്ല എന്ന തട്ടിപ്പു പ്രസ്താവന നടത്തിയതും മുസ്ലീം ലീഗും മുസ്ലീം സംഘടനകളുമെല്ലാം മുനമ്പം വഖഫല്ല എന്ന നിലപാടുകാരാണെന്ന പച്ചക്കള്ളം പറഞ്ഞതും ഇദ്ദേഹം തന്നെയായിരുന്നില്ലേ?

സെക്ഷൻ 97 പ്രയോഗിച്ചാൽ മതി എന്ന അദ്ദേഹത്തിൻ്റെ മൂന്നു മിനിറ്റ് സൊലൂഷനും തട്ടിപ്പാണെന്ന് 96 - 97 സെക്ഷനുകൾ ശ്രദ്ധാപൂർവം വായിക്കുന്ന ആർക്കും മനസ്സിലാകും. കൂടുതൽ അറിയാൻ വായിച്ചുനോക്കുക: https://www.facebook.com/share/p/19vD8Y2MC1/ 

ഇപ്പോൾ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ വളച്ചൊടിക്കുന്നതും മുനമ്പംകാർക്ക് സത്വര പരിഹാരമാകുന്ന വഖഫ് ഭേദഗതിക്ക് തുരങ്കം വയ്ക്കണമെന്നും ആരെയൊക്കെയോ പ്രീണിപ്പിക്കണമെന്നും ഉള്ള ഉദ്ദേശ്യങ്ങളോടെ ഭേദഗതി സമ്പൂർണമായി പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്നതും ശ്രീ. വി.ഡി. സതീശൻ തന്നെ! എങ്കിൽ, അദ്ദേഹം പറഞ്ഞ മേൽസൂചിപ്പിച്ച പ്രസ്താവനയെ നിങ്ങൾ എങ്ങനെ വിശ്വസിക്കും?

രാഷ്ട്രീയപ്പാർട്ടികളോട് സമദൂര സിദ്ധാന്തം പുലർത്തുന്നു എന്നവകാശപ്പെടുന്ന നിങ്ങൾ പക്ഷപാതപരമായ ഈ നിശ്ശബ്ദത അവസാനിപ്പിക്കണം. മുനമ്പംവിഷയത്തിൽ നിങ്ങൾക്ക് ശരിയായ രാഷ്ട്രീയം മുറുകെപ്പിടിക്കാൻ രാഷ്ട്രബോധവും സമുദായബോധവും ധാർമികബോധവും ധാരാളം മതി...

അവസാനത്തെ വണ്ടി

മുനമ്പം ജനതയുടെയും ഇന്ത്യയിൽ ഇതുപോലെ പീഡിതരായ ലക്ഷക്കണക്കിനു മനുഷ്യരുടെയും വലിയ പ്രതീക്ഷയാണ് പാർലിമെൻ്റിൽ പാസായ ഭേദഗതി. നിലവിലുണ്ടായിരുന്ന വർഗീയവും ഭരണഘടനാവിരുദ്ധവുമായ വഖഫ് നിയമത്തിന് ആവശ്യകമായ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ മതേതരത്വത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ഈ നിയമനിർമാണത്തിനു കഴിഞ്ഞു എന്ന വസ്തുതയും ഓർമിക്കണം. 

മുനമ്പംകാർക്ക് സത്വരപ്രശ്നപരിഹാരത്തിനുള്ള അവസാന വണ്ടിയാണ് വഖഫ് ഭേദഗതി നിയമം. അതിന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പച്ചക്കൊടി വീശിയിരിക്കുന്നു എന്നത് ഏറെ ആശ്വാസകരമാണ്. വഖഫ് നിയമ ഭേദഗതി ശരിവച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലെ 209-ാം ഖണ്ഡിക തുടങ്ങുന്നത് ഇപ്രകാരമാണ്: "മുഴുവൻ നിയമത്തിലെയും വ്യവസ്ഥകൾ സ്റ്റേ ചെയ്യാൻ ഉതകുന്ന ഒരു വിഷയവും ഉന്നയിക്കപ്പെട്ടതായി ഞങ്ങൾ കാണുന്നില്ല.

അതിനാൽ, ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിക്കപ്പെട്ടിരിക്കുന്നു". ഭരണഘടനയുടെ 14, 15, 19, 21, 25, 26, 29, 30, 300A എന്നീ ആർട്ടിക്കിളുകൾക്ക് വിരുദ്ധമാണ് വഖഫ് നിയമ ഭേദഗതി എന്നും അതു പൂർണമായും അസാധുവായി പ്രഖ്യാപിക്കണം എന്നുമുള്ള ഹർജിക്കാരുടെ വാദങ്ങളെല്ലാം തന്നെ ദുർബലമായിപ്പോകുന്ന കാഴ്ചയാണ് സുപ്രീം കോടതിയിൽ കണ്ടത്. ഉത്തരവിൻ്റെ ഉള്ളടക്കം മനസ്സിലാക്കാൻ വായിക്കുക: https://www.facebook.com/share/p/1F3bzpTzHH/

സെക്ഷൻ 40 എടുത്തുകളഞ്ഞാൽ വഖഫ് തന്നെ അപ്രസക്തമായിപ്പോകുമെന്നാണ് നമ്മുടെ ഇടതുവലതു രാഷ്ട്രീയക്കാരും നിയമസഭാ സാമാജികരും പറഞ്ഞിരുന്നത് എന്നോർക്കുക. എന്നാൽ സെക്ഷൻ 40 ഇല്ലാതാക്കിയതിനെക്കുറിച്ച് കപിൽ സിബിലിനെപ്പോലുള്ള പരിണതപ്രജ്ഞരായ നിയമപണ്ഡിതർക്ക് ഒരു ആക്ഷേപം പോലും ഉന്നയിക്കാൻ കഴിഞ്ഞില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഇനിയെന്ത്?

ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ നിർമിച്ചാലേ ആക്ട് നടപ്പിലാക്കാനാകൂ... അത് എത്രയും വേഗം നടപ്പിലാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുക എന്നതു മാത്രമാണ് ഇനി കരണീയമായ കാര്യം. മുനമ്പംകാർക്ക് സത്വരവിമോചനം സാധ്യമാകുന്ന വിധത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാനുള്ള മുറവിളിയും ഉയരണം. 

മുൻകാല പ്രാബല്യത്തോടെ നിയമനിർമാണം നടത്തി മുനമ്പത്തിൻ്റെ പ്രശ്നം പരിഹരിക്കുമെന്ന് പലവട്ടം ഉറപ്പുനല്കിയ രാഷ്ട്രീയക്കാർ അതു പാലിക്കുന്നതിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്നോർക്കണം. ഒരുപക്ഷേ, 40; 107 സെക്ഷനുകൾ ഇല്ലാതാക്കുന്നതിലൂടെ പരിഹാരമുണ്ടാകും എന്ന് അവർ പ്രതീക്ഷച്ചിരുന്നിരിക്കാം.

പക്ഷേ, അത് വർഷങ്ങൾ നീളുന്ന വ്യവഹാരങ്ങളിലേക്ക് നയിക്കുന്ന പരിഹാരസാധ്യതകളല്ലേ? സെക്ഷൻ 2A അവർ മുനമ്പത്തെ മുന്നിൽ കണ്ട് നിർമിച്ചതല്ല എന്ന് ആ സെക്ഷൻ്റെ രൂപീകരണചരിത്രവും ആ സെക്ഷനെക്കുറിച്ച് ആദ്യമാദ്യം കേന്ദ്രം ഭരിക്കുന്നവർ പുലർത്തിയ നിലപാടും കേന്ദ്രമന്ത്രി കിരൺ റിജിജു എറണാകുളത്ത് വന്നു നടത്തിയ പത്രസമ്മേളനവും നന്നായി മനസ്സിലാക്കിയാൽ വ്യക്തമാകും. ബോറാ കമ്മ്യൂണിറ്റിക്കനുകൂലമായി നിയമനിർമാണം നടത്തിയപ്പോൾ, ദൈവകൃപ ഒന്നുകൊണ്ടു മാത്രം, മുനമ്പംകാർക്കുള്ള ഏക പിടിവള്ളിയായി അതു മാറുകയായിരുന്നു!

ദൈവത്തിൻ്റെ കരം

ഇവിടെ പ്രവർത്തിക്കുന്നത് ദൈവകരമാണ് എന്നു തിരിച്ചറിയാൻ ഇനിയും എന്തെങ്കിലും തെളിവു വേണോ! അതിനാൽ, തെളിച്ചു പറഞ്ഞുകൊള്ളട്ടെ: നിയമ ഭേദഗതിയുടെ ചട്ടങ്ങൾ ഉടൻ തയ്യാറാക്കാൻ നമ്മൾ മുറവിളി കൂട്ടിയേ പറ്റൂ...

നിയമഭേദഗതിക്കെതിരേ നീങ്ങുന്നവരെ തള്ളിപ്പറഞ്ഞേ പറ്റൂ... ഭരണത്തിലെത്തിയാൽ വഖഫ് നിയമ ഭേദഗതി കടലിലെറിയും എന്നു ഭീഷണി മുഴക്കുന്നവർ ഒരിക്കലും ഭരണത്തിലെത്താതിരിക്കാൻ ജാഗ്രത പുലർത്തിയേ തീരൂ...

Tags

Share this story

From Around the Web