കുട്ടികളിൽ വർധിക്കുന്ന ആത്മഹത്യാ പ്രവണത: തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ

ആലപ്പുഴ മെഡിക്കൽ കോളേജിൽ മോർച്ചറി അറ്റൻഡർ ആയി സേവനം ചെയ്യുന്ന വിമൽ എന്ന വ്യക്തിയുടെ ശ്രദ്ധേയമായ ഒരു ഫേസ്‌ബുക്ക് കുറിപ്പ് ഏതാനും ആഴ്ചകൾക്കു മുമ്പ് ചില മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ആത്മഹത്യ ചെയ്ത കുരുന്നുകളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഒരുക്കുമ്പോൾ തനിക്കുണ്ടാകുന്ന വിങ്ങലിനെക്കുറിച്ചാണ് അദ്ദേഹം ആ കുറിപ്പിൽ വിവരിക്കുന്നത്.
ഈ കാലഘട്ടത്തിൽ കൊച്ചുകുട്ടികളുടെ ആത്മഹത്യ വളരെയധികമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് അദ്ദേഹം അപേക്ഷിക്കുകയും ചെയ്യുന്നു. ദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ടു മനസ് മുരടിച്ചുപോകുന്ന തങ്ങളേപ്പോലുള്ളവർ സാധാരണ കരയാറില്ലെങ്കിലും ഇത്തരത്തിൽ നിസ്സാരകാരണങ്ങളാൽ സ്വയം ജീവിതം അവസാനിപ്പിക്കുന്ന കൊച്ചുകുട്ടികളുടെ ചേതനയറ്റ ശരീരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൺമുന്നിലെത്തുമ്പോൾ കരഞ്ഞുപോകാറുണ്ടെന്ന് വിമൽ വേദനയോടെ പറയുന്നു.
വർഷം ശരാശരി പതിനായിരം പേർ കേരളത്തിൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകൾ. അതിൽ കൊച്ചുകുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ്. ഇത് ഇക്കാലഘട്ടത്തിൽ വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്നുള്ളത് നിസ്തർക്കമാണ്. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ മാത്രം ഒമ്പതുവയസ് മുതലുള്ള, വിദ്യാർത്ഥികളായ ഒട്ടേറെ കുട്ടികൾ കേരളത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് മുപ്പതിന് ഇടുക്കി വണ്ടിപ്പെരിയാറിൽ ഒമ്പതാംക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വാർത്തയാണ് ഏറ്റവും ഒടുവിൽ ശ്രദ്ധയിൽപെട്ടത്. ഇത്തരം വാർത്തകൾ പലപ്പോഴും പത്രങ്ങളുടെ അതത് എഡീഷനുകളിൽ ഒതുങ്ങിപ്പോകുന്നതിനാൽ കൃത്യമായ കണക്കുകളിൽ അവ്യക്തതയുണ്ട്. വണ്ടാനം മെഡിക്കൽകോളേജിലെ ജീവനക്കാരനായ വിമലിന്റെ ജൂലൈ ഒമ്പതിലെ ഫേസ്‌ബുക്ക് കുറിപ്പിന് ആധാരം അന്നേദിവസം ആത്മഹത്യ ചെയ്ത പതിമൂന്ന് വയസുള്ള ഒരു കുട്ടിയുടെ പോസ്റ്റ്‌മോർട്ടമാണ്. പിറ്റേന്ന് ജൂലൈ പത്തിന് ആലപ്പുഴ ജില്ലയിൽ തന്നെയുള്ള ജവഹർ നവോദയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തതായുള്ള വാർത്തയും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ ചില ആഴ്ചകൾക്കുള്ളിൽ കേരളത്തിൽ ആത്‍മഹത്യ ചെയ്ത കുട്ടികളിൽ ഹരിപ്പാട് സ്വദേശിയായ അഞ്ചാം ക്‌ളാസുകാരൻ മുതൽ അനവധി സ്‌കൂൾ കോളേജ് വിദ്യാർഥികൾ വരെ ഉൾപ്പെടുന്നു. തിരുവനന്തപുരം ശാന്തിവിളയിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഒമ്പതുവയസുകാരി ആത്മഹത്യ ചെയ്തത് ജൂൺമാസമാണ്. പാലക്കാട് ശ്രീകൃഷ്ണപുരത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ഒമ്പതാം ക്‌ളാസുകാരിയുടെ ആത്മഹത്യ ജൂൺ 23 ന് ആയിരുന്നു.
അതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ശ്രീകൃഷ്ണപുരത്തെ തന്നെ മറ്റൊരു സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു. വയനാട് നടവയലിൽ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് ആഗസ്റ്റ് പതിനാറിനാണ്. കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതും തിരുവനന്തപുരം ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. കണക്കുകളും വാർത്തകളും അപൂർണ്ണമാണ്!
ആത്മഹത്യാ കാരണങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾ
കുട്ടികളുടെ ആത്മഹത്യകൾ ഇത്രയേറെ നമുക്കിടയിൽ നടക്കുന്നെങ്കിലും വളരെ അപൂർവ്വമായി മാത്രമാണ് അതിന്റെ കാരണത്തെക്കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുകയും വിവാദങ്ങൾ രൂപപ്പെടുകയും ചെയ്യാറുള്ളത്. അതിലൊന്നായിരുന്നു ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ. സ്‌കൂളിൽ ഡിവിഷൻ മാറ്റി ഇരുത്തിയതും അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റവുമാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണം ഉയരുകയും അത് സ്‌കൂൾ മാനേജ്‌മെന്റിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. സമാനമായ മറ്റൊരു സംഭവമായിരുന്നു രണ്ടു വർഷം മുമ്പ് കാഞ്ഞിരപ്പള്ളിയിൽ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. അന്ന് മൊബൈൽ ഫോൺ ഉപയോഗം ചോദ്യം ചെയ്തതും ഫോൺ പിടിച്ചുവച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ കോളേജിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്നു.
മേൽപ്പറഞ്ഞ രണ്ടവസരങ്ങളിലൊഴികെ ആത്മഹത്യാ കാരണം സംബന്ധിച്ച ആരോപണങ്ങളെ തുടർന്നുള്ള ചർച്ചകളോ കോലാഹലങ്ങളോ സമീപകാലത്ത് ഉണ്ടായിട്ടില്ല. ആത്മഹത്യകൾ കുട്ടികൾക്കിടയിൽ ഇത്രമാത്രം വർധിക്കുന്ന പശ്ചാത്തലത്തിലും ഗൗരവപൂർണമായ വിശകലനങ്ങളോ പഠനങ്ങളോ ഇടപെടലുകളോ സർക്കാരിന്റെയോ മാധ്യമങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളതാണ് വാസ്തവം.
യഥാർത്ഥ കാരണങ്ങളെ മറച്ചു വച്ചുകൊണ്ടോ തമസ്കരിച്ചുകൊണ്ടോ മുതലെടുപ്പുകൾക്ക് ശ്രമിക്കുന്ന ചില തൽപരകക്ഷികളുടെ നീക്കങ്ങളും സെൻസേഷണൽ വാർത്തകളെ കച്ചവടച്ചരക്കാക്കാനുള്ള ചില മാധ്യമങ്ങളുടെ അമിതാവേശവും അനാരോഗ്യകരവും ദോഷകരവുമാണ്. മേൽപ്പറഞ്ഞ രണ്ടു സംഭവങ്ങളെ തുടർന്ന് സർക്കാരും വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും ചില കോണുകളിൽനിന്നുള്ള ആരോപണങ്ങളെ മുഖവിലയ്ക്ക് എടുത്തുകൊണ്ടുള്ള ഇടപെടലുകൾ നടത്തുകയും ചില പ്രസ്താവനകൾ അതുസംബന്ധിച്ച് പുറത്തുവരികയും ചെയ്തിരുന്നു. എങ്കിൽപ്പോലും ഗൗരവപൂർണമായ തുടർനീക്കങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതായി വ്യക്തതയില്ല.
സ്‌കൂളിൽ ഡിവിഷൻ മാറ്റി ഇരുത്തിയതോ, അധ്യാപകർ വഴക്കുപറഞ്ഞതോ, അനുവാദമില്ലാതിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്യുകയോ വാങ്ങിവയ്ക്കുകയോ ചെയ്തതോ യഥാർത്ഥത്തിൽ ഒരു കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമാകുമോ?
മാതാപിതാക്കൾ വഴക്കുപറഞ്ഞത്, ബൈക്ക്/ മൊബൈൽ ഫോൺ വാങ്ങി നൽകാതിരുന്നത്, വീട്ടിൽ മൊബൈൽ ഉപയോഗിക്കാൻ സമ്മതിക്കാതിരുന്നത് തുടങ്ങിയവയാണ് ഇക്കാലയളവിൽ നടന്ന മറ്റ് ചില ആത്മഹത്യകൾക്ക് കാരണങ്ങളായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ബഹുഭൂരിപക്ഷം ആത്മഹത്യകളും കാരണങ്ങളെകുറിച്ചുള്ള അന്വേഷണങ്ങളോ വിശകലനങ്ങളോ ഇല്ലാതെ അടഞ്ഞ അധ്യായങ്ങളായി മാറുന്നു.
ആത്മഹത്യാ കാരണങ്ങളും യാഥാർഥ്യങ്ങളും
മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ ഭാഗത്തുനിന്നോ അധ്യാപകരുടെ ഭാഗത്തുനിന്നോ തങ്ങൾ ആഗ്രഹിക്കുന്ന പെരുമാറ്റവും സമീപനവും മാത്രം ലഭിച്ച് വളർന്നു വന്നിട്ടുള്ളവരാവില്ല മലയാളികളാരുംതന്നെ. സ്‌കൂളിലും വീട്ടിലും ശാസനകളും ശിക്ഷകളും അനുഭവിക്കാത്തവരായും ആരുമുണ്ടാവില്ല. ആഗ്രഹിക്കുന്നതെല്ലാം അപ്പപ്പോൾ ലഭിച്ചിട്ടുള്ളവരായി ആരുണ്ട്? താരതമ്യേന ഇക്കാര്യങ്ങളിലെല്ലാം മുൻകാലങ്ങളിൽ ജനിച്ചുവളർന്നിട്ടുള്ളവരേക്കാൾ വളരെ മുന്നിലാണ് ഇക്കാലഘട്ടത്തിലെ കുട്ടികളെന്ന് സംശയലേശമന്യേ പറയാം.
മാതാപിതാക്കളുടെയും അധ്യാപകരുടെയും ശിക്ഷണത്തിന്റെയും ശാസനകളുടെയും ഗ്രാവിറ്റി വളരെയേറെ കുറഞ്ഞു; ആഗ്രഹിക്കുന്ന കാര്യങ്ങളിൽ പലതും അപ്പപ്പോൾ ലഭ്യമാകുന്ന സാഹചര്യങ്ങൾ ഉടലെടുത്തു; കുട്ടികൾക്ക് അവരാഗ്രഹിക്കുന്ന രീതിയിലുള്ള ജീവിത പശ്ചാത്തലങ്ങൾ ഒരുക്കി കിട്ടാനുള്ള സാധ്യതകൾ വർധിച്ചു; തങ്ങൾ അനുഭവിച്ച കഷ്ടപ്പാടും വേദനകളും ദുരിതങ്ങളുമൊന്നും മക്കൾക്കുണ്ടാകരുതെന്ന് ഭൂരിഭാഗം മാതാപിതാക്കളും ചിന്തിച്ചു തുടങ്ങി.
കാര്യങ്ങൾ ഇപ്രകാരമൊക്കെ മാറിമറിഞ്ഞെങ്കിലും കുട്ടികളുടെ മാനസികാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ മറ്റൊരു വിധത്തിലാണെന്നു കാണാം. താൽക്കാലികമായ പ്രതിസന്ധികളെയോ മാനസിക ബുദ്ധിമുട്ടുകളെയോ അതിജീവിക്കുന്നതിൽ ഈ കാലഘട്ടത്തിലെ കുട്ടികളും യുവതീയുവാക്കളും വളരെ പിന്നോക്കം പോയിരിക്കുന്നതായി സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു.
മാനസികമായ ദുർബ്ബലാവസ്ഥയിലേയ്ക്ക് ഒരു വലിയ വിഭാഗം കുട്ടികളും മുതിർന്നവരും എത്തിച്ചേർന്നിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യം തന്നെയാണ്. വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും നേരിടാനുള്ള ധൈര്യക്കുറവും കഴിവുകുറവും നമുക്ക് ചുറ്റുമുള്ള അനേകരിൽ പ്രകടമാണ്. അത്തരമൊരു മാനസികാവസ്ഥയുടെ സ്വാധീനം കൊച്ചുകുട്ടികളിലും കാണുന്നു. കോവിഡ് അനന്തര കാലഘട്ടത്തിൽ കുട്ടികളിലും യുവജനങ്ങളിലും സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
ഒരു സൊല്യൂഷൻ ആയിമാറുന്ന ആത്മഹത്യ
ആത്മഹത്യ എന്ന ഒരു “സൊല്യൂഷൻ” നാലാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയുടെ മനസ്സിൽ പോലും സ്ഥാനം പിടിച്ചിരിക്കുന്നു എന്ന വസ്തുത അതീവ ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ്. ജീവിതം എന്താണെന്ന് മനസിലാക്കാൻ പ്രായമാകുന്നതിന് മുമ്പുതന്നെ ജീവിതം അവസാനിപ്പിക്കാനുള്ള വഴികളെക്കുറിച്ചുള്ള അവബോധം അവരിൽ രൂപപ്പെടുന്നു. എപ്രകാരം ആത്മഹത്യ ചെയ്യണമെന്നുപോലും അവർ അറിഞ്ഞുവച്ചിരിക്കുന്നു. ഇപ്രകാരമുള്ള അറിവുകൾ അവരിലേക്ക് എത്തുന്നതിന് ചലച്ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകളും സഹായകമായിട്ടുണ്ടാകാം.
പക്വതയില്ലാത്ത പ്രായത്തിൽ അവർക്ക് യുക്തമായ ദൃശ്യങ്ങളും സിനിമകളും മാത്രം അവർ കാണുന്നു, അവർക്കാവശ്യമായ വിവരങ്ങൾ മാത്രം അവരിലേക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്താൻ കഴിയാതെ പോകുന്ന ഈ കുടുംബങ്ങൾക്കും സമൂഹത്തിനും ഇത്തരം അനിഷ്ട സംഭവങ്ങളിലെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല.
ഇത്തരം ദുരന്തങ്ങൾ അമിതാവേശത്തോടെ വാർത്തകളാക്കി പ്രചരിപ്പിക്കുന്ന നവ മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്നവരും മനസിലാക്കേണ്ട ഒന്നുള്ളത്, ഇതുപോലുള്ള സംഭവങ്ങൾ വാർത്താവതരണങ്ങളിലൂടെ സാമാന്യവൽക്കരിക്കപ്പെടുന്നത് പൊതുവെ കുട്ടികളിൽ ഒരുതരം പിയർ പ്രഷർ രൂപീകരിക്കുന്നുണ്ട് എന്നതാണ്. ആത്മഹത്യകൾ വ്യാപകമാകുന്ന സാഹചര്യങ്ങൾ രൂപപ്പെടുന്നതിന് പിന്നിൽ ആത്മഹത്യയുടെ സാമാന്യവൽക്കരണവും ഒരു പ്രധാന ഘടകമാണ്.
കർഷക ആത്മഹത്യകൾ വ്യാപകമാകുന്നതായി പലപ്പോഴും മാധ്യമ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ആത്മഹത്യയോടെ കടബാധ്യതയെന്ന വലിയ പ്രതിസന്ധിയെ “തരണം ചെയ്ത” അനേകരുടെ മാതൃകകൾ കണ്മുന്നിലില്ലായിരുന്നെകിൽ ഒരുപക്ഷെ ആത്മഹത്യ ചെയ്തേക്കാനിടയില്ലാത്തവരായിരുന്നു അവരിൽ പലരും എന്നതാണ് വാസ്തവം. എന്തെങ്കിലും പ്രതിസന്ധിയോ, മനസിക പ്രയാസമോ രൂപപ്പെട്ടാൽ മുതിർന്നവരായാലും കുട്ടികളായാലും ഉടനടി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന പ്രത്യേക അവസ്ഥ നമുക്കിടയിൽ രൂപപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം.
കാലഘട്ടത്തിന്റെ മാറ്റം
കുട്ടികൾക്കിടയിൽ ആത്മഹത്യകളുടെ എണ്ണം ഭയാനകമായി വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നാം മനസിലാക്കേണ്ട ചിലതുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി തങ്ങളിലേയ്ക്ക് തന്നെയും തങ്ങളുടേതായ ലോകത്തേയ്ക്കും കുട്ടികൾ ചുരുങ്ങിക്കൊണ്ടിരിക്കുന്ന കുടുംബ സാമൂഹിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. സമപ്രായക്കാരുമായുള്ള ആരോഗ്യകരമായ സൗഹൃദങ്ങളെക്കാൾ ഗാഡ്ജറ്റുകളിലേയ്ക്ക് കുട്ടികൾ ഒതുങ്ങിക്കൂടുന്നു.
സഹോദരങ്ങൾ ഇല്ലാതെയോ ഉണ്ടായിട്ടും ഇല്ലാത്തതിന് സമാനമായോ ഒറ്റപ്പെട്ടു വളരുന്ന അവസ്ഥ ഒട്ടേറെ കുട്ടികൾക്കുണ്ട്. മാതാപിതാക്കളുടെ ജോലിത്തിരക്കുകൾ ഒറ്റപ്പെടലിന്റെ ആഴം വർധിപ്പിക്കുന്നു. ഒറ്റപ്പെട്ടുള്ള ജീവിത ശൈലിയെ മാനസികമായി ഉൾക്കൊള്ളാൻ നമ്മെ നിർബ്ബന്ധിതരാക്കിയ കൊവിഡ് കാലം ഒട്ടേറെ കുട്ടികളുടെ മനസികാവസ്ഥകളെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ആ കാലഘട്ടത്തിൽ വളർച്ചയുടെ നിർണ്ണായക കാലഘട്ടത്തിലൂടെ കടന്നുപോയ കുട്ടികളുടെ കാര്യത്തിൽ.
മുൻകാലങ്ങളിൽ വളർന്നുവന്നിട്ടുള്ളവരെ അപേക്ഷിച്ച് വായന എന്ന സദ്ഗുണം അപ്രത്യക്ഷമായതും കാഴ്ചയ്ക്ക് കൗതുകമുള്ളതും ആകർഷകമായതും മാത്രം തേടിപ്പോകുന്ന സോഷ്യൽമീഡിയ കൾച്ചർ രൂപപ്പെട്ടതും കുട്ടികളുടെ ചിന്താശേഷിയെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികളിൽ അകപ്പെട്ടുപോകുന്നതും ദുരുപയോഗങ്ങൾക്കും ലഹരി അടിമത്തത്തിനും വശംവദരാകുന്നതും മാനസിക തകർച്ചയ്ക്കും ആത്മഹത്യയ്‌ക്കും കാരണമായി മാറുന്നുണ്ട്.
അനാരോഗ്യകരമായ കുടുംബാന്തരീക്ഷങ്ങൾ, പഠന സമ്മർദ്ദങ്ങൾ, സുഹൃത്തുക്കളിൽനിന്നോ കുടുംബാംഗങ്ങളിൽനിന്നോ ഉള്ള അവഗണനകൾ, തെറ്റായ സൗഹൃദങ്ങൾ തുടങ്ങി ഒട്ടേറെ സാഹചര്യങ്ങൾ തുടങ്ങി അനുബന്ധ സാഹചര്യങ്ങൾ പലതുമുണ്ടാകാം. ഇത്തരത്തിൽ സങ്കീർണ്ണമായ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ച് പെട്ടെന്നൊരു നിമിഷം ആത്മഹത്യയെക്കുറിച്ച് അവൻ/ അവൾ ചിന്തിക്കാൻ എന്തെങ്കിലുമൊരു പ്രത്യേക കാരണം ചൂണ്ടിക്കാണിക്കാൻ ഉണ്ടായേക്കാമെങ്കിലും മേൽപ്പറഞ്ഞ പല അനുബന്ധ സാഹചര്യങ്ങളും പിൻബലമായി ഉണ്ടായേക്കാം.
ബന്ധങ്ങൾ സുദൃഢമാകണം
മാതാപിതാക്കൾ വഴക്കു പറഞ്ഞു, ബൈക്ക് വാങ്ങി നൽകിയില്ല, ഉറ്റ സുഹൃത്ത് പിണങ്ങി, ഡിവിഷൻ മാറ്റിയിരുത്തി, അദ്ധ്യാപിക വഴക്കുപറഞ്ഞു, മൊബൈൽ ഫോൺ പിടിച്ചു വച്ചു എന്നിങ്ങനെ പെട്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന സാധ്യതകളെല്ലാം കേവലം ഉപരിപ്ലവമായ കാരണങ്ങൾ മാത്രമായിരിക്കാം. നാളുകളായി ആത്മഹത്യ എന്ന ചിന്ത ബോധ മനസിലോ ഉപബോധ മനസിലോ സൂക്ഷിച്ചിരിക്കുന്ന ഒരാളായിരിക്കാം ഒരു ദിവസം പെട്ടെന്ന് ആത്മഹത്യയെന്ന തീരുമാനത്തിലേക്കെത്തുന്നത്.
മേൽപ്പറഞ്ഞ രീതിയിൽ പെട്ടെന്ന് ചൂണ്ടിക്കാണിക്കാനാവുന്ന ഒരു കാരണത്താൽ ഒരു കുട്ടി ആത്മഹത്യയ്ക്ക് മുതിർന്നു എന്നുവന്നാൽപോലും അവളുടെ/ അവന്റെ ചുറ്റുവട്ടത്തുള്ള എല്ലാ സ്വാധീനവലയങ്ങളും ഒന്നുപോലെ പരാജയപ്പെടുന്നു എന്നുള്ളതും ഒരു യാഥാർഥ്യമാണ്. സ്‌കൂളിൽനിന്ന് മനസ് വിഷമിപ്പിക്കുന്ന ഒരു അനുഭവം ഒരു കുട്ടിക്ക് ഉണ്ടായി എന്നെയിരിക്കട്ടെ, അക്കാര്യം തുറന്നു പറയാൻ കഴിയുന്ന ആരോഗ്യകരമായ ഒരു ബന്ധം മാതാപിതാക്കളോ സഹോദരങ്ങളോ ആയി ആ കുട്ടിക്ക് ഉണ്ടെങ്കിൽ ഒരേയൊരു സൊല്യൂഷൻ ആത്മഹത്യയായി ആ കുട്ടി പരിഗണിക്കുമോ?
ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഓരോ കുട്ടിക്കും ചുറ്റും നാം കാണാത്ത ഒരു അദൃശ്യ വലയവും ശക്തമായ ചില സ്വാധീനങ്ങളുമുണ്ട്. അവർക്ക് ആവശ്യമായ സമയവും പരിഗണനയും ലഭിക്കാതെ പോകുന്നെങ്കിൽ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും സുഹൃത്തുക്കളിൽനിന്നും അകന്ന് ഒറ്റപ്പെട്ട ഏതോ ഒരു തുരുത്തിൽ അവർ അഭയം പ്രാപിച്ചേക്കാം.
അവിടെ അവരുടെ മനസിനെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത് മറ്റേതോ ശക്തികളായിരിക്കാം. ആത്മഹത്യയിലോ അഡിക്ഷനുകളിലോ മാനസിക തകർച്ചകളിലോ അവർ എത്തിച്ചേരുന്ന സാഹചര്യം ഉടലെടുത്താൽ അവിടെ പരസ്പരം പഴിക്കുന്നതിൽ യുക്തിയില്ല. അപ്രകാരമുള്ള സാഹചര്യങ്ങൾ ഉടലെടുക്കാതിരിക്കാനാണ് നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത്. സമൂഹവും മാതാപിതാക്കളും സർക്കാരും ഈ കാലഘട്ടത്തിന്റെ സങ്കീർണ്ണതയെ ഉൾക്കൊണ്ടുകൊണ്ടുള്ള സമീപനങ്ങൾ സ്വീകരിക്കുകയാണ് ആവശ്യം. പ്രധാനമായി, പഠന സമ്മർദ്ദം കുട്ടികളുടെ മാനസിക നിലയെ ഏതുവിധത്തിൽ ബാധിക്കുന്നു എന്ന് സൂക്ഷ്മമായി വിലയിരുത്തി അവരെ കൈകാര്യം ചെയ്യാൻ സ്‌കൂൾ അധികൃതരും മാതാപിതാക്കളും വളരെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.
വിശദമായ പഠനം ആവശ്യം
ഒറ്റപ്പെട്ട ചില ആത്മഹത്യകളെ തുടർന്നുണ്ടാകുന്ന കോലാഹലങ്ങളും പെട്ടെന്നുള്ളതും താൽക്കാലികവുമായ സർക്കാർ ഇടപെടലുകളും ഈ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. ഈ കാലഘട്ടത്തിൽ പൊതുവെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, കുട്ടികളുടെ മാനസികാവസ്ഥ, വിദ്യാഭ്യാസ – കുടുംബ – സാമൂഹിക സാഹചര്യങ്ങൾ തുടങ്ങിയവ വിശദവും സമഗ്രവുമായ ഒരു പഠനത്തിന് വിധേയമാക്കപ്പെടേണ്ടതുണ്ട്.
വ്യക്തമായ ആത്മഹത്യാ പ്രേരണ എന്നൊന്നില്ലാത്ത പക്ഷം, ഒരു കുട്ടി ആത്മഹത്യ ചെയ്‌താൽ മാതാപിതാക്കളെയോ, സ്‌കൂൾ അധികൃതരെയോ, പെട്ടെന്നു വിരൽചൂണ്ടാൻ കഴിയുന്ന മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തി കേസ് ക്ലോസ് ചെയ്യുന്ന പ്രവണത ഗുണകരമല്ല. അപ്രകാരം ഒന്ന് സംഭവിക്കാതിരിക്കാൻ എന്ത് മുൻകരുതലുകളാണ് ഇനിയുള്ള കാലത്ത് നാം സ്വീകരിക്കേണ്ടത് എന്ന് കണ്ടെത്താനും അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സർക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്. നിസ്സാര കാരണങ്ങളാൽ കുട്ടികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനിയുള്ള കാലത്ത് ഏവർക്കും ഒന്നുചേർന്ന് പരിശ്രമിക്കാം.
വിനോദ് നെല്ലയ്ക്കൽ