അന്ന് ആ അധ്യാപകൻ കണ്ണടച്ചു പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്നൊരു കള്ളനാകുമായിരുന്നു; ഹൃദയം നിറയ്ക്കും ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ കഥ
 

 
333

ജീവിതം മാറ്റുന്ന മാതൃകകൾ : അധ്യാപകരും ആത്മീയ വഴികാട്ടികളും 


*നമ്മുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച  അധ്യാപകരെ ഓർക്കാം; അവർക്കുവേണ്ടി പ്രാർത്ഥിക്കാം.*


അധ്യാപകരും ആത്മീയ വഴികാട്ടികളും നൽകുന്ന ചെറിയൊരു പരിഗണന പോലും കുട്ടികളുടെയും വളർന്നുവരുന്ന തലമുറകളുടെയും മനസ്സിനെ എത്രമാത്രം ആഴത്തിൽ സ്വാധീനിക്കുമെന്ന് നമുക്കറിയാം.

 ജീവിതത്തിന്റെ വഴിത്താരകളിൽ ധാർമ്മിക അടിത്തറ പാകാനും, പ്രതിസന്ധികളിൽ ഒരു നല്ല കേൾവിക്കാരനായിരുന്ന് നമ്മെ നന്മയിലേക്ക് നയിക്കാനും തങ്ങളുടെ ജീവിതം മാറ്റിവെച്ചവരാണ് നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ.


ഒരാളെ തിരുത്താൻ അയാളെ പരസ്യമായി അപമാനിക്കേണ്ടതില്ലെന്നും, കാരുണ്യത്തോടെയുള്ള ഒരു ചെറിയ ഇടപെടൽ ഒരു മനുഷ്യന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുമെന്നും വ്യക്തമാക്കുന്ന ഒരു മനോഹരമായ സംഭവം നമുക്കിവിടെ ഓർക്കാം:


*താങ്കൾക്ക് എന്നെ ഓർമ്മയുണ്ടോ?*

 വഴിയരികിൽ കണ്ട വൃദ്ധനായ മനുഷ്യനോട് ഒരു യുവാവ് ചോദിച്ചു.
"അറിയില്ലല്ലോ," വൃദ്ധൻ മറുപടി നൽകി.


അപ്പോൾ യുവാവ് ആ വൃദ്ധനോട് താൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്നു എന്നു പറഞ്ഞു. ഇതു കേട്ട വൃദ്ധന് സന്തോഷമായി. അദ്ദേഹം യുവാവിനോട് ചോദിച്ചു: "താങ്കൾ ജീവിതത്തിൽ എന്താണ് ചെയ്യുന്നത്?"
യുവാവ് ഉത്തരം നൽകി: "ഇന്ന് ഞാൻ ഒരു അധ്യാപകനാണ്."

"കൊള്ളാമല്ലോ; എത്ര നല്ല ജോലിയാണ് ഒരു അധ്യാപകനാവുക എന്നത് അല്ലേ?" വൃദ്ധൻ യുവാവിനോട് ചോദിച്ചു.
"അതെ," എന്ന് സന്തോഷത്തോടെ മറുപടി നൽകി യുവാവ് തുടർന്നു: "സത്യത്തിൽ, അങ്ങാണ് ഞാൻ അധ്യാപകനാകാൻ പ്രചോദനം."

അതുകേട്ട വൃദ്ധനായ അധ്യാപകൻ കൗതുകത്തോടെ ചോദിച്ചു: "ഏത് സമയത്താണ് ഞാൻ അധ്യാപകനാകാൻ നിന്നെ പ്രചോദിപ്പിച്ചത്?"
യുവാവ് വൃദ്ധനോട് വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കഥ പറയാൻ തുടങ്ങി:


“ഒരു ദിവസം, എന്റെ കൂട്ടുകാരൻ ഒരു നല്ല പുതിയ വാച്ചുമായി ക്ലാസ്സിൽ വന്നു. എനിക്ക് അത് അത്രയ്ക്ക് ഇഷ്ടമായി; അത് സ്വന്തമാക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചു. അവസാനം കൂട്ടുകാരന്റെ ബാഗിൽ നിന്ന് ഞാൻ അത് മോഷ്ടിച്ച് പോക്കറ്റിലാക്കി. കുറച്ച് കഴിഞ്ഞ് വാച്ച് നഷ്ടപ്പെട്ടതായി എന്റെ കൂട്ടുകാരൻ ശ്രദ്ധിച്ചു. ഉടൻ തന്നെ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ അങ്ങയോട് പരാതിപ്പെട്ടു.


'നിങ്ങളിൽ ആരെങ്കിലും വാച്ച് മോഷ്ടിച്ചോ? ആർക്കെങ്കിലും അബദ്ധം പറ്റിയതാണെങ്കിൽ തിരികെ കൊടുത്തേരൂ, തെറ്റ് സംഭവിക്കുക സ്വാഭാവികമല്ലേ, അത് തിരുത്തുമ്പോൾ നമ്മൾ ഉത്തമ പൗരന്മാരാകും'—അങ്ങയുടെ ഈ വാക്കുകൾ കേട്ടിട്ടും ആ വാച്ച് അത്ര ഇഷ്ടമായതിനാൽ ഞാൻ തിരിച്ചു നൽകിയില്ല.


ഒന്നാലോചിച്ച ശേഷം അങ്ങ് ക്ലാസ്സ് റൂമിന്റെ വാതിൽ അടച്ച് ഞങ്ങൾ എല്ലാവരോടും എഴുന്നേറ്റ് ഒരു വൃത്തം ഉണ്ടാക്കാൻ പറഞ്ഞു. വാച്ച് കണ്ടെത്തുന്നതുവരെ അങ്ങ് ഞങ്ങളുടെ പോക്കറ്റുകൾ ഒന്നൊന്നായി തിരയാൻ പോവുകയാണെന്നും, കുട്ടികൾ എല്ലാവരും കണ്ണുകൾ അടച്ചു നിൽക്കണമെന്നും കുട്ടികളുടെ പ്രിയ അധ്യാപകനായ താങ്കൾ പറഞ്ഞു. 

ഞങ്ങൾ എല്ലാവരും കണ്ണടച്ചാൽ മാത്രമേ അങ്ങ് വാച്ചിനായി തിരയൂ എന്നും പറഞ്ഞു.
അങ്ങ് നിർദ്ദേശിച്ചതുപോലെ ഞങ്ങൾ ചെയ്തു. താങ്കൾ എല്ലാവരുടെയോ പോക്കറ്റുകൾ പരിശോധിച്ചു. എന്റെ അടുത്തെത്തി; ഞാൻ പേടിച്ച് വിയർക്കുന്നുണ്ടായിരുന്നു. എന്റെ പോക്കറ്റ് പരിശോധിച്ച അങ്ങ് വാച്ച് കണ്ടെത്തി. എന്നിട്ടും താങ്കൾ മറ്റുള്ളവരുടെ പോക്കറ്റുകൾ തിരഞ്ഞുകൊണ്ടേയിരുന്നു. എല്ലാവരുടെയും പോക്കറ്റ് പരിശോധന പൂർത്തിയായപ്പോൾ എല്ലാവരോടുമായി പറഞ്ഞു: 'കണ്ണ് തുറക്കൂ, വാച്ച് എന്റെ പക്കലുണ്ട്.'
ആരാണ് വാച്ച് മോഷ്ടിച്ചതെന്ന് താങ്കൾ അന്ന് പറയാത്തതിനാൽ, അന്ന് അങ്ങ് എന്റെ മാനം രക്ഷിച്ചു.

 അപമാനഭാരത്താൽ ഞാൻ തളർന്നിരിക്കുമ്പോഴാണ് അങ്ങയുടെ ഇടപെടൽ എന്റെ ജീവിതത്തിന് വെളിച്ചം സമ്മാനിച്ചത്.

 എന്റെ ജീവിതത്തിലെ ഏറ്റവും നാണംകെട്ട ദിവസമായിരുന്നു അന്ന്. പക്ഷേ, കള്ളനോ തെമ്മാടിയോ ആകരുതെന്ന് ഞാൻ ഉറപ്പിച്ചു തീരുമാനിച്ച ദിവസം കൂടിയായി ആ ദിനം മാറി. അങ്ങയെപ്പോലെ തലമുറകളെ സ്വാധീനിക്കുന്ന ഒരു അധ്യാപകനാകാൻ ഞാൻ തീരുമാനിച്ചു, പരിശ്രമിച്ചു, ഇവിടെ വരെയെത്തി.
അന്ന് താങ്കൾ എന്നോട് ഒന്നും പറഞ്ഞില്ല; ശകാരിക്കുകയോ മാറ്റിനിർത്തുകയോ ചെയ്തില്ല. 

എനിക്ക് ഒരു വലിയ ധാർമ്മിക പാഠമായിരുന്നു ആ സുദിനം. പ്രിയ ഗുരുവേ നന്ദി, ഒരു യഥാർത്ഥ അധ്യാപകൻ ആരാണെന്നും എന്തു ചെയ്യണമെന്നും ഞാൻ അന്ന് മനസ്സിലാക്കി. ഈ സംഭവം ഓർമ്മയുണ്ടോ ഗുരുവേ?'' വിദ്യാർത്ഥി ചോദിച്ചു.
'ഉണ്ട്, ഞാൻ ഓർക്കുന്നു. പക്ഷേ, പോക്കറ്റിൽ ഞാൻ വാച്ച് തിരയുമ്പോൾ ആരുടെയും മുഖം കാണാതിരിക്കാൻ ഞാനും കണ്ണുകൾ അടച്ചിട്ടായിരുന്നു അത് ചെയ്തത്,' ഗുരു മറുപടി പറഞ്ഞു.
> *ഒരാളെ തിരുത്താൻ അയാളെ അപമാനിതനാക്കേണ്ടതില്ല. ചില ഒഴിവാക്കലുകൾ ചിലപ്പോൾ ജീവിതം മാറ്റിമറിച്ചേക്കാം.*

(സോഷ്യൽ മീഡിയയിൽ വായിച്ച ഒരു കഥയുടെ സ്വതന്ത്രവിഷ്കാരം)
*സാബു ജോസ്*
*ഫോൺ: 9446329343*

Tags

Share this story

From Around the Web