ഞാൻ മരിച്ച് പോയാൽ നീ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുമോ ? ഇല്ല, ഒരിക്കലുമില്ല,  ഒട്ടും ആലോചിക്കാതെ അവളും മറുപടി പറഞ്ഞു, അത് കേട്ട് അയാൾക്ക് ഒത്തിരി സന്തോഷമായി
 

 
couple

ഒരിക്കൽ ഒരു ഭാര്യ തൻ്റെ ഭർത്താവിനോട് ചോദിച്ചു

പെട്ടെന്നൊരു ദിവസം ഞാൻ മരിച്ച് പോയാൽ നിങ്ങൾ വേറെ വിവാഹം കഴിക്കുമോ?

ഒട്ടും ആലോചിക്കാതെ അയാൾ മറുപടി പറഞ്ഞു

തീർച്ചയായും ,അത് മറ്റൊന്നുമല്ല ,ഇത്രയും നാളും നീ, വച്ച് വിളമ്പി തന്നത് കൊണ്ട് ഞാൻ പാചകം ചെയ്യാൻ പഠിച്ചില്ല, എൻ്റെ മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ നീ അലക്കി തേച്ച് തന്നത് കൊണ്ട്, അതും ഞാൻ പഠിച്ചില്ല, മാത്രമല്ല ,ഞാൻ ദിവസവും ജോലിക്ക് പോയിരുന്നത് കൊണ്ട് ,നമ്മുടെ പിഞ്ച് മക്കളെ നീ തന്നെയല്ലേ പൊന്ന് പോലെ നോക്കിയത് ,അപ്പോൾ നീയില്ലാതായാൽ, ഇതൊക്കെ ചെയ്യാൻ, ഞാൻ പ്രാപ്തനല്ലെന്ന് നിനക്കറിയാമല്ലോ?

അത് കൊണ്ട് മാത്രം ,നിനക്ക് പകരം ,എനിക്ക് മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ചേ മതിയാവു,,,

അത് കേട്ട് അവൾ നിശബ്ദയായിരുന്നപ്പോൾ, അതേ ചോദ്യം അയാൾ അവളോട് ചോദിച്ചു.

ഞാൻ മരിച്ച് പോയാൽ നീ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുമോ ?

ഇല്ല, ഒരിക്കലുമില്ല,,

ഒട്ടും ആലോചിക്കാതെ അവളും മറുപടി പറഞ്ഞു, അത് കേട്ട് അയാൾക്ക് ഒത്തിരി സന്തോഷമായി.

നിനക്ക് എന്നോട് ഇത്രയധികം സ്നേഹമുണ്ടായിരുന്നോ?

ഹേയ്, അത് കൊണ്ടല്ല ,ഇത്രയും നാൾ ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത്, നിങ്ങൾക്ക് വെച്ച് വിളമ്പിയും, നിങ്ങളുടെ വസ്ത്രങ്ങൾ കഴുകിയും , നിങ്ങൾ വരച്ച ലക്ഷ്മണ രേഖയ്ക്കുള്ളിലാണ് ഞാൻ ജീവിച്ചത് ,മറ്റൊരാളെ വിവാഹം കഴിച്ചാലും, ഇത് തന്നെയല്ലേ എൻ്റെ അവസ്ഥ, അത് കൊണ്ട്, ഇനിയെങ്കിലും എനിയ്ക്ക് വേണ്ടി ഒന്ന് ജീവിക്കണം ,അത് കൊണ്ട് മാത്രമാണ്, ഞാൻ വേറെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത്,,

ഭാര്യയുടെ മറുപടി കേട്ട് അയാൾ വിളറിപ്പോയി.

എഴുതിയത് : സജി തൈപറമ്പ്

കടപ്പാട്

Tags

Share this story

From Around the Web