ഞങ്ങൾ ക്രൈസ്തവ സന്യസ്തർ എങ്ങനെ നിങ്ങളുടെ ശത്രുക്കളും പേടിസ്വപ്നങ്ങളുമായി മാറി ബജ്‌റംഗ്ദൾ പ്രവർത്തകരെ...?

ഞങ്ങൾ ക്രൈസ്തവ സന്യസ്തർ എങ്ങനെ നിങ്ങളുടെ ശത്രുക്കളും പേടിസ്വപ്നങ്ങളുമായി മാറി ബജ്‌റംഗ്ദൾ പ്രവർത്തകരെ...? നൂറ്റാണ്ടിലേറെയായി ക്രൈസ്തവ സന്യസ്തർ ഇന്ത്യൻമഹാരാജ്യത്തിൻ്റെ ഓരോ മുക്കിലും മൂലയിലുമായുണ്ട്. തീവ്ര ഹിന്ദുത്വ പ്രവർത്തകർ പ്രചരിപ്പിക്കുന്ന ഇതര മതവിദ്വേഷ പ്രചാരകരോ, വിഭാഗീയതയുടെ വക്താക്കളോ അല്ല ഞങ്ങൾ, മറിച്ച് ഐക്യത്തിലേക്കും ജീവിതങ്ങളിലേക്കും പാലങ്ങൾ പണിയുന്നവരാണ്. കയ്യിലുള്ളത് മാരകായുധങ്ങൾ അല്ല, കൊന്തയും ബൈബിളുമാണ്. വിശ്വാസത്തിൻ്റെ ഭാഗമായ ദൈവിക നാമം ആക്രോശമാക്കി അപരനെ ആക്രമിക്കാനും കൊല്ലാനുമായി ഞങ്ങൾ ഒരിയ്ക്കലും തുനിഞ്ഞിറങ്ങാറില്ല. ഞങ്ങളുടെ ദൈവമായ യേശുക്രിസ്തു പഠിപ്പിച്ച, അല്ലെങ്കിൽ പകർന്നു തന്ന ദൈവീക വചനങ്ങൾ ക്ലേശങ്ങളിലും കഷ്ടതകളിലും ശക്തരായി തീരാൻ മനസ്സിൽ മന്ത്രിക്കുക മാത്രമാണ് പതിവ്.
വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതും, ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നതും, വസ്ത്രമില്ലാത്തവർക്ക് വസ്ത്രം കൊടുക്കുന്നതും, പാർപ്പിടം ഇല്ലാത്തവർക്ക് പാർപ്പിടം കൊടുക്കുക്കുന്നതും, രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നതും, അവശരെ സഹായിക്കുന്നതും, മരിച്ചവരെ അടക്കുന്നതും തെറ്റായി ഞങ്ങൾക്ക് തോന്നുന്നില്ല.
ഇന്ത്യാ ഗവൺമെന്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 28 ദശലക്ഷം അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 2.3% മാത്രം ക്രിസ്ത്യനികളാണുള്ളത്. അതായത് 143.81 കോടി ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ മഹാരാജ്യത്ത് 28 ദശലക്ഷം വരുന്ന ക്രിസ്ത്യാനികളിൽ ഏകദേശം ഒരു ലക്ഷത്തിന് അടുത്ത് വരുന്ന ക്രൈസ്തവ സന്യസ്തരെ കണ്ട് നിങ്ങൾ എന്തിന് ഇങ്ങനെ പരിഭ്രാന്തരാകുന്നു?
ഞങ്ങളുടെ ലക്ഷ്യം ജനങ്ങളെ മതം മാറ്റാനായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയുടെ ഭൂരിപക്ഷമായി മാറുമായിരുന്നു ക്രൈസ്തവർ എന്ന സത്യം നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാണോ! ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാനോ, ആസ്വദിക്കുവാൻ കഴിയാത്ത അനേകായിരങ്ങൾക്ക് ഞങ്ങൾ നൽകുന്ന സ്വാന്തനങ്ങളും അക്ഷര വെളിച്ചവും നിങ്ങളിൽ ആശങ്ക പരത്തുന്നതിനാൽ ആണോ ഞങ്ങളുടെ വസ്ത്രം നിങ്ങളെ ഭയപ്പെടുത്തുന്നത്..?
അതോ ഇത്രയും നാൾ അടിമത്വത്തിൻ്റെ നുകം ചുമലിൽ പേറിയവർക്ക്, മുഖമില്ലാത്തവരുടെ മുഖമായും ശബ്ദമില്ലാത്തവരുടെ ശബ്ദമായും (Face of the faceless and Sound of the soundless) ഞങ്ങൾ മാറുന്നത് നിങ്ങൾക്ക് അരോചകമായി മാറുന്നുണ്ടോ?
ഞങ്ങളുടെ വിശ്വാസത്തിൻ്റെയും വസ്ത്രധാരണത്തിൻ്റെയും സത്പ്രവർത്തികളുടെയും പേരിൽ ശത്രുക്കളെപ്പോലെ പെരുമാറാൻ ഞങ്ങൾ ആരും ശത്രുരാജ്യങ്ങളിൽ നിന്ന് അന്യായമായി വലിഞ്ഞു കയറിവന്ന തീവ്രവാദികളല്ല, ഞങ്ങളുടെ ഓരോരുത്തരുടെയും മാതാപിതാക്കളും അവർക്ക് മുമ്പുള്ള പൂർവ്വപിതാക്കളും നൂറ്റാണ്ടുകളായി ഇന്ത്യാ രാജ്യത്തിൻ്റെ മക്കൾ തന്നെയാണ്. അതായത് വിശ്വാസം കൊണ്ട് വ്യത്യസ്തരാണെങ്കിലും ഞങ്ങളും ഈ രാജ്യത്തെ പൗരൻമാർ തന്നെയാണ്.
ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്തിൻ്റെ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ആർട്ടിക്കിൾ (Article 25) പൗരന്മാർക്ക് അവരുടെ മനഃസാക്ഷിയുടെ സ്വാതന്ത്ര്യമനുസരിച്ച്, ഇഷ്ടമുള്ള മതം സ്വീകരിക്കാനും, ആചരിക്കാനും, പ്രചരിപ്പിക്കാനും ഉള്ള അവകാശം ഉറപ്പ് നൽകുന്നുണ്ട്. ആ അവകാശത്തിൻ്റെ മേൽ കൈകൾ വയ്ക്കാൻ നിങ്ങൾക്കാർക്കും യാതൊരവകാശവും ഇല്ല.
അതുപോലെ തന്നെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്ത് ധരിക്കണം എവിടെ താമസിക്കണം, എന്ത് ജോലി ചെയ്യണം എന്ന് ഒക്കെ തീരുമാനിക്കുന്നത് ഭരണഘടന അനുസരിച്ച് അവനവൻ തന്നെ ആണ്, അല്ലാതെ ഇന്നലെ മുളച്ചുപൊങ്ങിയ തീവ്രവാദ സംഘടനകളല്ല. വിശ്വാസ സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും, പ്രവർത്തന സ്വാതന്ത്ര്യവും ഞങ്ങളുടെ അവകാശമാണ്, അത് ആരുടേയും ഔദാര്യമല്ല.
ഇനിയും എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ പേജുകൾ ഒന്ന് പിന്നോട്ട് മറിച്ച് നോക്കിയാൽ 19-ാം ആർട്ടിക്കിൾ ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ കുറിച്ച് കോറിയിട്ടിരിക്കുന്ന തങ്കലിപികൾ കണ്ണുനിറയെ ഒന്ന് കാണുന്നതും മനഃപാഠമാക്കുന്നതും നല്ലതാണ്.
കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ക്രൈസ്തവ സന്യസ്തർക്ക് എതിരെ നടന്ന നിരവധി അക്രമണങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഢിൽ കഴിഞ്ഞ വെള്ളിയാഴ്ച മലയാളികളായ രണ്ട് സന്യസ്തരെ മനുഷ്യക്കടത്തും മതംമാറ്റവും ആരോപിച്ച്, ബജരംഗദൾ പ്രവർത്തകർ തടഞ്ഞു വയ്ക്കുകയും പോലീസ് അറസ്റ്റ് ചെയ്ത്, കസ്റ്റഡിയിൽ വച്ചിരിക്കുന്നതും.
റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ചോ, പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽവച്ചോ, കണ്ണുരുട്ടി കാണിച്ച് പേടിപ്പിച്ചാൽ അടിയറവ് വെക്കുന്ന വിശ്വാസമല്ല ഞങ്ങളുടേത്..! നെഞ്ചിന്റെ നെരിപ്പോടിൽ പന്തം കണക്കെ ആളിക്കത്തുന്ന വിശ്വാസമാണത്... തകർക്കാനാവില്ലൊരിക്കലും ഞങ്ങളിൽ ജീവനുള്ളിടത്തോളം കാലം...
ഞങ്ങൾ ധരിക്കുന്ന ഈ സന്യാസ വസ്ത്രം ദൈവത്തോടുള്ള ഞങ്ങളുടെ ജീവിത സമർപ്പണത്തിൻ്റെ അടയാളമാണ്. അത് പിച്ചി ചീന്തുവാൻ നിങ്ങൾ എന്തിന് പരിശ്രമിക്കുന്നു.? സ്വപ്നത്തിൽ പോലും സങ്കല്പിക്കാൻ കഴിയാത്ത ആരോപണങ്ങൾ ഞങ്ങൾക്കുമേൽ നിങ്ങൾ ആരോപിച്ചാലും ക്രൂരതയുടെ സംഹാരതാണ്ഡവം തുറന്നുവിട്ടാലും
നിങ്ങൾ ഉൾപ്പെടെയുള്ള അനേകായിരങ്ങളുടെ മുറിവുകളിൽ മരുന്ന് പുരട്ടിയും കുരുന്നുകൾക്ക് വിദ്യ പകർന്നു നൽകിയും അനാഥർക്ക് അമ്മയും സഹോദരിയും മകളും കൂട്ടുകാരിയും ഒക്കെയായി ഇനിയും ഞങ്ങൾ നിങ്ങളുടെ ഇടയിൽ തന്നെയുണ്ടാവും...
സ്നേഹപൂർവ്വം, സി. സോണിയ തെരേസ് ഡി. എസ്. ജെ.