സാന്താക്ലോസ് എങ്ങനെയാണ് പച്ച വസ്ത്രത്തിൽ നിന്നും ചുവപ്പിലേക്ക് രൂപം മാറിയത്?

 
santa

ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചുവന്ന വസ്ത്രവും വെളുത്ത താടിയുമുള്ള ചിരിച്ചു നിൽക്കുന്ന സാന്താക്ലോസിനെയാണ്. എന്നാൽ പണ്ട് കാലത്ത് സാന്താക്ലോസ് ഇങ്ങനെയായിരുന്നില്ല എന്നത് പലർക്കും അറിയില്ല. ലോകപ്രശസ്ത പാനീയമായ കൊക്കക്കോളയുടെ പരസ്യങ്ങളിലൂടെയാണ് സാന്താക്ലോസിന് ഇന്നത്തെ ഈ മനോഹരമായ രൂപം ലഭിച്ചത്. ദശാബ്ദങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ മാറ്റം ക്രിസ്തുമസ് ആഘോഷങ്ങളെ തന്നെ എങ്ങനെ സ്വാധീനിച്ചു എന്ന് നമുക്ക് നോക്കാം.

പഴയകാലത്തെ സാന്താക്ലോസും പച്ച വസ്ത്രവും

1931-ന് മുൻപുള്ള കാലത്ത് സാന്താക്ലോസിനെ പല രൂപങ്ങളിലായിരുന്നു ആളുകൾ കണ്ടിരുന്നത്. ഉയരം കൂടിയ മെലിഞ്ഞ ഒരാളായോ അല്ലെങ്കിൽ ഒരു ചെറിയ ഇന്ദ്രജാലക്കാരനായോ ഒക്കെയാണ് സാന്തയെ അക്കാലത്ത് ചിത്രീകരിച്ചിരുന്നത്. കൗതുകകരമായ കാര്യം എന്തെന്നാൽ, ഇന്ന് നമ്മൾ കാണുന്ന ചുവപ്പ് നിറത്തിന് പകരം പച്ച നിറത്തിലുള്ള വസ്ത്രങ്ങളും മൃഗങ്ങളുടെ ചർമ്മം കൊണ്ടുള്ള കുപ്പായങ്ങളും ഒക്കെയായിരുന്നു സാന്താക്ലോസ് അന്ന് ധരിച്ചിരുന്നത്. ബിഷപ്പിന്റെ വേഷത്തിലും അല്പം ഗൗരവക്കാരനായ രൂപത്തിലും ഒക്കെ പഴയകാലത്ത് സാന്താക്ലോസിനെ വരച്ചിരുന്നു.

കൊക്കക്കോളയും ഹട്ടൻ സൺബ്ലോമും

1931-ലാണ് കൊക്കക്കോള കമ്പനി സാന്താക്ലോസിന്റെ രൂപത്തിൽ വലിയൊരു മാറ്റം വരുത്താൻ തീരുമാനിച്ചത്. ഹട്ടൻ സൺബ്ലോം എന്ന ചിത്രകാരനെയാണ് ഇതിനായി അവർ ചുമതലപ്പെടുത്തിയത്. വെറുമൊരു വേഷം കെട്ടിയ ആളെയല്ല, മറിച്ച് സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു യഥാർഥ മുത്തശ്ശന്റെ രൂപമാണ് അദ്ദേഹം വരച്ചുകാട്ടിയത്. കുട്ടികളോട് സ്നേഹമുള്ള, തടിച്ച ശരീരമുള്ള, ചിരിക്കുന്ന ഈ സാന്താക്ലോസ് പെട്ടെന്ന് തന്നെ ജനങ്ങളുടെ പ്രിയങ്കരനായി മാറി. കൊക്കക്കോളയുടെ ലോഗോയിലെ ചുവപ്പ് നിറം സാന്തയുടെ വസ്ത്രത്തിന് നൽകിയതോടെ അത് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു.

ചിത്രങ്ങൾക്ക് പിന്നിലെ രസകരമായ കഥകൾ

സൺബ്ലോം ഈ സാന്താക്ലോസിന്റെ ചിത്രങ്ങൾ വരയ്ക്കാൻ തന്റെ സുഹൃത്തായ ലൂ പ്രെന്റിസ് എന്ന സെയിൽസ്മാനെയാണ് മാതൃകയാക്കിയത്. എന്നാൽ ചിത്രം പൂർണ്ണമാകുന്നതിന് മുൻപ് ലൂ പ്രെന്റിസ് മരണപ്പെട്ടു. പിന്നീട് ചിത്രം പൂർത്തീകരിക്കാൻ സൺബ്ലോം കണ്ണാടിയിൽ നോക്കി സ്വന്തം മുഖം തന്നെ സാന്തയുടേതായി വരച്ചു ചേർക്കുകയായിരുന്നു. സാന്തയ്‌ക്കൊപ്പമുള്ള കുട്ടികളെ വരയ്ക്കാൻ അദ്ദേഹം തന്റെ അയൽപക്കത്തെ കുട്ടികളെയാണ് മാതൃകയാക്കിയയതായും കഥകളുണ്ട്. ഇതിനിടയിൽ 1942-ൽ ‘സ്പ്രിൈറ്റ് ബോയ്’ എന്നൊരു ചെറിയ കുട്ടി സഹായിയെയും സാന്തയ്‌ക്കൊപ്പം പരസ്യങ്ങളിൽ പരിചയപ്പെടുത്തിയിരുന്നു. സൺബ്ലോമിന്റെ ചിത്രങ്ങൾ ആളുകളുടെ മനസ്സിൽ ഇടം പിടിച്ചതിന് ശേഷം പിന്നീട് എന്തെങ്കിലും ചെറിയ മാറ്റം രൂപത്തിന് വരുത്തിയാൽ പോലും ആളുകൾ അതേ കുറിച്ച് അന്വേഷിച്ച് കമ്പനിയിലേക്ക് കത്തുകൾ അയക്കുമായിരുന്നു. കാരണം സാന്തയുടെ ആ ‘ചുവന്ന കുപ്പായ രൂപം’ അത്രയ്ക്കും ആളുകളുടെ മനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു.

ലോകം മുഴുവൻ പടർന്ന സാന്താക്ലോസ് മാജിക്

കൊക്കക്കോളയുടെ പരസ്യങ്ങൾ വരാൻ തുടങ്ങിയതോടെ സാന്താക്ലോസ് എന്നാൽ ചുവന്ന വസ്ത്രമിട്ട ആളാണെന്ന ധാരണ എല്ലാവരിലും ഉറച്ചുപോയി. പണ്ട് പച്ച വസ്ത്രമിട്ടിരുന്ന സാന്തയെ പിന്നീട് ലോകം മുഴുവൻ ചുവപ്പ് വസ്ത്രത്തിൽ കണ്ടുതുടങ്ങി. മനോഹരമായ ലൈറ്റുകൾ വെച്ച ട്രക്കുകളും ‘ഹോളിഡേയ്സ് ആർ കമിംഗ്’ എന്ന മനോഹരമായ പാട്ടും ഇന്നും ക്രിസ്തുമസ് കാലത്തെ വലിയൊരു ആവേശമാണ്. അങ്ങനെ കൊക്കക്കോള എന്ന ബ്രാൻഡ് സാന്താക്ലോസിന്റെ രൂപത്തിലൂടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമായി മാറി.

കടപ്പാട്- ലൈഫ് ഡേ

Tags

Share this story

From Around the Web