വൈകാരിക ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം? മികച്ച ജീവിതത്തിലേക്കുള്ള വഴികാട്ടി

 
emotional health

വൈകാരിക ആരോഗ്യം ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ്. ഒരാളുടെ വികാരങ്ങൾ മനസ്സിലാക്കാനും, ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാനും, പോസിറ്റീവ് ബന്ധങ്ങൾ കെട്ടിപ്പടുക്കാനും, ലക്ഷ്യബോധം ഉണ്ടാകാനും സംതൃപ്തി അനുഭവിക്കാനും ഉള്ള കഴിവിനെയാണ് വൈകാരിക ആരോ​ഗ്യം അല്ലെങ്കിൽ വൈകാരിക ക്ഷേമം (Emotional Wellness) എന്ന് പറയുന്നത്. എന്നാൽ ഇന്ന് പലരിലും ഇല്ലാത്തത് ഈ വൈകാരിക ആരോ​ഗ്യം ആണ്. ജീവിതത്തിൽ ഉണ്ടാകുന്ന പോസിറ്റീവ്, നെഗറ്റീവ് വികാരങ്ങളെ തിരിച്ചറിയാനും പ്രകടിപ്പിക്കാനും കൈകാര്യം ചെയ്യാനും ഉള്ള കഴിവ് പലരിലും ഇല്ല.

വൈകാരിക ആരോ​ഗ്യം ശാരീരിക ആരോ​ഗ്യം പോലെ പ്രധാനമാണെന്ന് പറയാൻ ഒരു കാരണമുണ്ട്. വൈകാരിക ക്ലേശങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ജലദോഷം പോലുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും എന്നാണ് ആരോ​ഗ്യവിദ​ഗ്ദർ പറയുന്നത്. തലവേദന, ലൈംഗിക ശേഷിയില്ലായ്മ, ഉറക്കമില്ലായ്മ, വേദന തുടങ്ങിയ ശാരീരിക ആരോഗ്യ ലക്ഷണങ്ങളുടെ സാധ്യതയും ഇത് വർധിപ്പിക്കുന്നു. അതിനാൽ തന്നെ നിങ്ങളുടെ വൈകാരിക ക്ഷേമത്തിന് മുൻഗണന നൽകുന്നതിലൂടെ നിങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല.

വൈകാരിക ക്ഷേമത്തിന്റെ പ്രധാന സവിശേഷതകൾ

നിങ്ങളുടെ വികാരങ്ങളിൽ പ്രകടമായ മാറ്റം സംഭവിക്കുമ്പോൾ അവയെക്കുറിച്ച് ബോധവാന്മാരാകുകയും അവയെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ഫലപ്രദമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നിടത്താണ് നിങ്ങളുടെ വിജയം. നിങ്ങളുടെ വികാരങ്ങളും അവയുടെ മാറ്റങ്ങളും മനസ്സിലാക്കി കഴിഞ്ഞാൽ, വൈകാരിക ക്ഷേമത്തിലൂടെ അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിങ്ങൾ സാധിക്കും. ചില വഴികളിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഉള്ളിലെ സമ്മർദങ്ങളെ നേരിടാം, ചില വഴികൾ ഇതാ:

ആരോഗ്യകരമായ രീതിയിൽ വികാരങ്ങൾ കൈകാര്യം ചെയ്യുകയും പ്രകടിപ്പിക്കുകയും ചെയ്യുക, ഉദാഹരണത്തിന് കല, നൃത്തം അല്ലെങ്കിൽ പ്രവർത്തനങ്ങളിലൂടെ നിങ്ങളുടെ ഊർജ്ജം വഴിതിരിച്ചുവിടുക. നിങ്ങൾക്ക് വിശ്വാസമുള്ള ഒരാളോട് സംസാരിക്കുക, വ്യായാമം ചെയ്യുക, ഹോബികളിലോ ശ്വസന വ്യായാമം പോലുള്ള വിശ്രമ വിദ്യകളിലോ ഏർപ്പെടുക തുടങ്ങിയ രീതികളിലൂടെ സമ്മർദത്തെ നേരിടുക. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പരിഹാരങ്ങളെ കുറിച്ച് ചിന്തിക്കുക, തെറ്റുകളിൽ നിന്ന് പഠിക്കുക, തിരിച്ചടികളോ മാറ്റങ്ങളോ നേരിടാൻ പൊരുത്തപ്പെടുക. ചിന്തകളെയും വികാരങ്ങളെയും ശാന്തമായി, ചിന്തിച്ച് സത്യസന്ധമായി ആശയവിനിമയം നടത്തുക. തുറന്ന ആശയവിനിമയം, ശ്രദ്ധ, കരുതൽ, സഹാനുഭൂതി എന്നിവയിലൂടെ ശക്തവും ആദരണീയവുമായ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും കെട്ടിപ്പടുക്കുകയും നിലനിർത്തുകയും ചെയ്യുക. സമ്മർദങ്ങളോ വെല്ലുവിളികളോ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റൊരാളുടെ സഹായം ആശ്രയിക്കുക.

മോശം വൈകാരിക ക്ഷേമത്തിന്റെ അനന്തരഫലങ്ങൾ

വൈകാരികമായ ആരോഗ്യക്കുറവ് ജീവിതത്തെ നിങ്ങൾ പല രീതിൽ ബാധിച്ചേക്കാം. വൈകാരിക ക്ഷേമം മോശമാകുന്നത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി നിങ്ങൾ എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെയും ബാധിച്ചേക്കാം. ഇത് ജോലിസ്ഥലത്തും സ്കൂളിലും നിങ്ങളുടെ പ്രകടനത്തെയും നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും വരെ ബാധിച്ചേക്കാം. ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, വ്യക്തിബന്ധങ്ങൾ, ജോലിയും സ്കൂളും ഇവയെയെല്ലാം ബാധിക്കാൻ കാരണമാകുന്ന ഒന്നാണ് നിങ്ങളുടെ മോശമായ വൈകാരിക ക്ഷേമം എന്ന കാര്യം ഓർക്കുക. നിങ്ങൾ നിങ്ങളെ തന്നെ മനസ്സിലാക്കി നിങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവ കൃത്യമായി ബാലൻസ് ചെയ്യുമ്പോൾ മാത്രമേ വൈകാരിക വിജയം ഉണ്ടാകൂ എന്ന് മനസ്സിലാക്കുക.

കടപ്പാട് ലൈഫ് ഡേ

Tags

Share this story

From Around the Web