വേർപിരിയുവാൻ തീരുമാനിക്കുന്നതിന് മുൻപ് ദമ്പതികൾ ചിന്തിക്കേണ്ട നാലു കാര്യങ്ങൾ
പുതുവർഷത്തിന്റെ തുടക്കത്തിൽ പല ദമ്പതികളും തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കാറുണ്ട്. ക്രിസ്തുമസ് തിരക്കുകളും അവധിക്കാലത്തെ തർക്കങ്ങളും കഴിഞ്ഞ് ‘ഇനി ഇത് മുൻപോട്ട് കൊണ്ടുപോകാൻ വയ്യ’ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. വേർപിരിയുവാൻ തീരുമാനിക്കുന്നതിന് മുൻപ് ദമ്പതികൾ ചിന്തിക്കേണ്ട നാലു കാര്യങ്ങൾ ഇതാ.
1. അപ്പുറത്തെ പുൽപ്പുറത്തിന് പച്ചപ്പ് കുറവായിരിക്കും
വിവാഹമോചനം നേടിയാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് പലരും കരുതുന്നു. എന്നാൽ യാഥാർത്ഥ്യം അതല്ല. ഒരു ബന്ധത്തിൽ നിന്ന് മാറിയാലും നിങ്ങളുടെ സ്വഭാവവും മാനസികാവസ്ഥയും മാറാത്തിടത്തോളം കാലം പുതിയ ജീവിതത്തിലും പഴയ പ്രശ്നങ്ങൾ ആവർത്തിക്കാം.
2. തകരുന്നത് ഒരു വീടാണ്
വിവാഹമോചനം വെറുമൊരു നിയമപരമായ വേർപിരിയലല്ല. അത് കുട്ടികളുടെ ലോകത്തെ കീഴ്മേൽ മറിക്കുന്നു. അവധിക്കാലങ്ങളും ആഘോഷങ്ങളും പിന്നീട് വെറും അഡ്ജസ്റ്റ്‌മെന്റുകൾ മാത്രമായി മാറും. മാതാപിതാക്കൾ ഒന്നിച്ചുനിൽക്കുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വം പിന്നീട് അവർക്ക് ലഭിക്കില്ല.
3. സ്നേഹം എന്നത് ഒരു വികാരമല്ല അതൊരു തീരുമാനമാണ്
എല്ലാ ദിവസവും പങ്കാളിയോട് അടങ്ങാത്ത അനുരാഗം തോന്നണമെന്നില്ല. മടുപ്പും ദേഷ്യവും തോന്നുന്ന ദിവസങ്ങളിലും ‘ഞാൻ ഈ വ്യക്തിയെ സ്നേഹിക്കാൻ തീരുമാനിക്കുന്നു’ എന്ന് ഉറപ്പിക്കുമ്പോഴാണ് ദാമ്പത്യം ദൃഢമാകുന്നത്. വികാരങ്ങൾ മാറിയേക്കാം, പക്ഷേ നിങ്ങൾ എടുത്ത തീരുമാനം മാറരുത്.
4. മാറ്റങ്ങൾ സംഭവിക്കാം
ഇന്ന് നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദനയോ നിരാശയോ ശാശ്വതമായിരിക്കില്ല. ഒരു വക്കീലിനെ കാണുന്നതിന് മുൻപ് ഒരു കൗൺസിലറെയോ വിശ്വാസയോഗ്യനായ ഒരു സുഹൃത്തിനെയോ കാണുക. പരസ്പരം വിട്ടുവീഴ്ച ചെയ്യാനും മാപ്പുചോദിക്കാനും തയ്യാറായാൽ ഏത് തകർന്ന ബന്ധവും വീണ്ടെടുക്കാം.
ദാമ്പത്യം എന്നത് പൂമെത്തയല്ല അതൊരു പോരാട്ടമാണ്. പരാജയപ്പെട്ട് പിന്മാറുന്നതിനേക്കാൾ വലിയ സന്തോഷം ആ പോരാട്ടത്തിൽ വിജയിക്കുന്നതിലാണ്.
സീനിയ എൽസ ഇഗ്‌നേഷ്യസ്
കടപ്പാട് ലൈഫ് ഡേ